അരുണ്‍ ഗോപാലിനു മുന്നില്‍ ഇനി വിജയത്തിലേക്കുള്ള പടവുകള്‍ മാത്രം
പാഷനോ സുഹൃത്തുക്കളുടെ പ്രചോദനമോ വീട്ടുകാരുടെ നിര്‍ബന്ധമോ ഒക്കെ പലരെയും സംരംഭകത്വത്തിലേക്ക് നയിക്കുന്നതിനുള്ള കാരണമാകാറുണ്ട്. എന്നാല്‍ ആലപ്പുഴ പുന്നപ്ര സ്വദേശിയായ അരുണ്‍ ഗോപാലിന്റെ മനസ്സില്‍ ബിസിനസിന്റെ ‘വിത്ത്’ വീഴുന്നത് അതിമാരകമായ ഒരു ആക്സിഡന്റില്‍ നിന്നാണ്.
കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗ്രാജുവേഷന് പൂര്‍ത്തിയാക്കിയ അരുണ്‍ ഗോപാല്‍ ഇന്‍ഫോപാര്‍ക്കിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അവിടെനിന്നും പിന്നീട് കേരള ഹൈക്കോടതിയില്‍ സിസ്റ്റം അഡ്മിനായി പ്രൊഫഷണല്‍ പ്രൊഫൈല്‍ വിപുലീകരിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. തുടര്‍ന്ന് ഒരു ഹോം ഓട്ടോമേഷന്‍ കമ്പനിയില്‍ പ്രോഗ്രാമറായി പ്രവേശിച്ച് കരിയറില്‍ കളം മാറ്റി ചവിട്ടിയ അരുണിന് ഹോം ഓട്ടോമേഷനിലെ നവീന പ്രവണതകള്‍ എല്ലാം സ്വയം സ്വായത്തമാക്കാന്‍ കഴിഞ്ഞു. ഇങ്ങനെ തിളക്കമുള്ള ഒരു കരിയറിന്റെ പടിവാതില്ക്കല് നില്‍ക്കുമ്പോഴാണ് 2014ല്‍ അശനിപാതം പോലെ ആ ആക്സിഡന്റ് സംഭവിക്കുന്നത്. തലയ്ക്കു മാരകമായ പരിക്കേറ്റ് ഒന്നരവര്‍ഷത്തോളം അദ്ദേഹം കിടപ്പിലായിപ്പോയി.
ആരോഗ്യം വീണ്ടെടുത്ത ശേഷം ആശുപത്രി ചെലവുകൊണ്ട് ഉണ്ടായ കടം വീട്ടാന്‍ അദ്ദേഹത്തിന് സൗദിയില്‍ ജോലിക്ക് പോകേണ്ടിവന്നു. ഉറ്റവരുടെ കയ്യയച്ചുള്ള സഹായം കൊണ്ട് ജീവിതത്തിന്റെ താളം തിരിച്ചുപിടിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പഴയ കരിയര്‍ വേഗം തിരിച്ചു പിടിക്കുവാന്‍ അരുണ്‍ ശ്രമിച്ചെങ്കിലും പ്രൊഫൈലിലെ വര്‍ഷങ്ങളുടെ വിടവ് വിനയായിത്തീര്‍ന്നു.
2018ല്‍ നാട്ടിലേക്ക് തിരിച്ചുവന്നതിനു ശേഷം ഇനിയെന്തെന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടാതായപ്പോള്‍ അരുണിന് തുണയായത് ജീവന് അപഹരിക്കുമായിരുന്ന അപകടത്തില്‍ നിന്ന് രക്ഷിച്ച ലേക്ക്ഷോര്‍ ഹോസ്പിറ്റലിലെ ന്യൂറോസര്ജന് ഡോ: അരുണ്‍ ഉമ്മനായിരുന്നു. സ്വന്തമായി സംരംഭം തുടങ്ങാനുള്ള ആശയവും പിന്തുണയും അരുണ്‍ ഗോപാലിന് ലഭിച്ചത് ഡോക്ടറില്‍ നിന്നാണ്. ഡോക്ടര്‍ തന്നെയാണ് അരുണ്‍ ഗോപാലിന്റെ ടെഹോ സൊല്യൂഷന്‍സ് ഉദ്ഘാടനം ചെയ്തതും.
മേഖലയിലേക്ക് കടന്നുവരുവാന്‍ പ്രചോദനമായ കാമിയോ ഓട്ടോമേഷന്റെ ഉടമ റെജി സാറിനോടും അരുണ്‍ ഗോപാല്‍ കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ ലൈറ്റ് ഓട്ടോമേഷന്‍ പ്രോഗ്രാമറായി ജോലിയില്‍ പ്രവേശിച്ചതുകൊണ്ടാണ് തനിക്ക് ഈ മേഖലയിലേക്ക് പ്രവേശിക്കുവാന്‍ സാധിച്ചതെന്ന് അരുണ്‍ ഗോപാല്‍ പറയുന്നു.
2018 ല്‍ ആരംഭിച്ച അരുണ്‍ ഗോപാലിന്റെ ടെഹോ സൊല്യൂഷന്‍സ് വീടിന്റെയും സ്ഥാപനങ്ങളുടെയും സുരക്ഷ നിങ്ങളുടെ വിരല്‍ത്തുമ്പിലേക്ക് ഒതുക്കുന്നു. ഓട്ടോമാറ്റിക് ഗേറ്റ്, ഓട്ടോമാറ്റിക് ഷട്ടര്‍, റൂഫ് ഓപ്പണിങ്, സിസിടിവി ക്യാമറ, ലൈറ്റ് ഓട്ടോമേഷന്‍, ഓഫീസ് നെറ്റ്വര്‍ക്കിങ് എന്നിങ്ങനെയുള്ള സേവനങ്ങള്‍ ടെഹോ പ്രദാനം ചെയ്യുന്നു.
പഠിച്ച മേഖലയില്‍ നിന്നും വളരെ ദൂരം പിന്നിട്ട അരുണ്‍ ഗോപാല്‍ ഹോം ഓട്ടോമേഷന്റെ നൂതന സാങ്കേതികവിദ്യകളെല്ലാം സ്വായത്തമാക്കിയത് സ്വപ്രയത്നം കൊണ്ടാണ്. അതുകൊണ്ടുതന്നെ മേഖലയിലേക്ക് കടന്നുവരുന്ന അനേകം പേര്‍ക്ക് മാര്‍ഗദീപമാകുവാനും ഈ സംരംഭകന് സാധിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ സംതൃപ്തരായ ഉപഭോക്താക്കളുടെ ഒരു വന്‍ ശൃംഖലയും ടെഹോ സൊല്യൂഷന്‍സിന് അവകാശപ്പെടുവാനുണ്ട്. ഇവരുടെയെല്ലാം പിന്തുണയോടെ ഹോം ഓട്ടോമേഷന്റെ എല്ലാ സര്‍വീസുകളും നല്കുവാന് കഴിയുന്ന വളര്‍ച്ചയിലേക്ക് അടുക്കുകയാണ്. ഇതിലൂടെ തന്റെ സ്ഥാപനത്തിലൂടെ കൂടുതല്‍ യുവാക്കള്‍ക്ക് കരിയര്‍ ആരംഭിക്കുവാന്‍ കഴിയണമെന്നും അരുണ്‍ ഗോപാല്‍ ആഗ്രഹിക്കുന്നു.
ഹോം ഓട്ടോമേഷന്‍ മേഖലയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ നിരന്തരമായി രംഗപ്രവേശനം ചെയ്തുകൊണ്ടിരിക്കുകയാണ്. ആഡംബരം എന്നതില്‍ നിന്ന് വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരു ആവശ്യകത എന്നതിലേക്ക് ഓട്ടോമേഷന്‍ സിസ്റ്റങ്ങള്‍ സര്‍വ്വസാധാരണമായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ടെഹോ സൊല്യൂഷന്‍സിനു മുന്നില്‍ വളര്‍ച്ചയിലേക്ക് നയിക്കുന്ന പടവുകള്‍ മാത്രമാനുള്ളതെന്ന് അരുണ്‍ ഗോപാല്‍ വിശ്വസിക്കുന്നു.
https://www.facebook.com/TehoSolutions