തൊട്ടതെല്ലാം വിജയങ്ങളാക്കി ഒരു യുവ സംരംഭക
വസ്ത്രങ്ങളോട് ഏറെ കമ്പം ഉള്ളവരാണ് സ്ത്രീകള്‍. അതുകൊണ്ട് തന്നെ വസ്ത്രധാരണത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കാറുമുണ്ട്. ഇത്തരം ചിന്താഗതി ഉള്ളവര്‍ക്ക് വ്യത്യസ്തമായ ഒരു വസ്ത്രാനുഭവം സമ്മാനിച്ചുകൊണ്ടിരിക്കുകയാണ് ദക്ഷാസ് എന്ന ഓണ്‍ലൈന്‍ സംരംഭം. കൈത്തറി സാരികള്‍ക്കും ആന്റി സില്വറിക് ജ്വല്ലറിക്കും വിപണിയൊരുക്കുന്ന ഈ സ്ഥാപനത്തിന്റെ നട്ടെല്ല് അമ്മു നാരായണ്‍ എന്ന യുവ സംരഭകയാണ്.
ബാംഗ്ലൂരിലെ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ഓപ്പറേഷന് ഹെഡായി ജോലി ചെയ്തുകൊണ്ടിരുന്ന അമ്മു ഈ മേഖലയിലേക്ക് എത്തുന്നത് വളരെ അപ്രീതീക്ഷമായാണ്. ബാംഗ്ലൂരിലെ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തിയ ശേഷം ‘ബോറടി’ മാറ്റാനായി എന്തെങ്കിലും ബിസ്സിനസ്സ് ചെയ്യണം എന്ന് ചിന്തിച്ച സമയത്താണ് ഭര്‍ത്താവ് കിഷോറില്‍ നിന്നും ഇത്തരം ഒരു ആശയം ഉടലെടുത്തത്.
സിനിമോട്ടോഗ്രാഫര്‍ കൂടിയായ കിഷോറിന്റെ ഒരു പരസ്യ ഷൂട്ടിങ്ങില്‍ അഭിനയിക്കുന്ന മോഡലിന് കോസ്റ്റ്യും സെറ്റ് ചെയ്തത് അമ്മുവായിരുന്നു. ഇത് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. ആ ഒരു നിമിഷത്തിലാണ് ദക്ഷാസ് എന്ന സംരഭത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ ഒരു ബോട്ടിക്ക് എന്നതിലുപരി എന്തെങ്കിലും വ്യത്യസ്തത തന്റെ സംരംഭത്തില്‍ കൊണ്ടുവരണം എന്ന നിര്‍ബന്ധം അമ്മുവിന് ഉണ്ടായിരുന്നു. ആ നിര്‍ബന്ധം തന്നെയാണ് ദക്ഷാസ് എന്ന സ്ഥാപനത്തെ ജനപ്രിയമാക്കിയതും.
ബാംഗ്ലൂരില്‍ ഓപ്പറേഷണല്‍ മാനേജരായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ നെയ്ത്തുകാരുമായി കൂടുതല്‍ ആത്മബന്ധം പുലര്‍ത്താനും കൈത്തറി കോട്ടണ്‍ വസ്ത്രങ്ങളെ കുറിച്ചു കൂടുതല്‍ അറിവ് നേടാനും അമ്മുവിന് കഴിഞ്ഞിരുന്നു. ഈയൊരു അറിവിനെ കൈമുതലാക്കി കൊണ്ട് 2016 ല്‍ ദക്ഷാസ് ആരംഭിച്ചു.
കനം കുറഞ്ഞതും എന്നാല്‍ എളുപ്പം ധരിക്കാന്‍ കഴിയുന്നതുമായ നിരവധി കൈത്തറി സാരികള്‍ ദക്ഷാസിലുണ്ട്. ഗുജറാത്തിലെ പാട്ടോല സാരികള്‍, മധുരയിലെ സുന്‍ഗുഡി സാരികള്‍, ബംഗാള്‍ സാരികള്‍, ഒറീസ സാരികള്‍ തുടങ്ങി വ്യത്യസ്ത തരം കോട്ടണ്‍ സാരികള്‍ ഇവിടെ ലഭ്യമാണ്. കൈത്തറി വസ്ത്രങ്ങള്‍ മാത്രമാണ് ഇവിടെ ലഭ്യമാകുന്നത്. ഇതിനു പുറമെ സ്ത്രീകള്‍ക്കുള്ള ദുപ്പട്ടകളും ദക്ഷാസ് വിപണനം ചെയ്യുന്നുണ്ട്.
പുരുഷന്മാര്ക്കും കുട്ടികള്‍ക്കും അണിയാവുന്ന കുര്‍ത്തികള്‍ക്കും ഷര്ട്ടുകള്ക്കുമായി ‘ശിവോം’ എന്ന ഒരു ബ്രാന്‍ഡ് തന്നെ അമ്മു നാരായണ്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഏറെ പ്രചാരത്തിലുള്ള അഫ്ഗാന് ജ്വല്ലറികളും സില്‍വര്‍ ലുക്ക് നല്കുന്ന ജ്വല്ലറി ഐറ്റംസും ഇവിടെ ലഭിക്കും. ഇവയെല്ലാം കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളിലെ വിപണക്കാരില്‍ നിന്നും വാങ്ങുന്നവയാണ്.
സ്വന്തം സുഹൃത്തുക്കള്‍ക്കിടയില്‍ മാത്രമായിരുന്നു അമ്മു തന്റെ ആദ്യ പരീക്ഷണം തുടങ്ങിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മികച്ച നേട്ടം കൈവരിക്കാന്‍ സംരഭത്തിന് സാധിച്ചു. ഈ ചങ്കുറപ്പോടെയാണ് അമ്മു നാരായണ്‍ എന്ന യുവ സംരംഭക തന്റെ വിജയയാത്ര തുടങ്ങിയത്.
ഇന്ന് സെലിബ്രിറ്റികള്‍ അടക്കമുള്ള ഒരു കൂട്ടം വിശ്വസ്തരായ കസ്റ്റമേഴ്സ് ദക്ഷാസിനുണ്ട്. തന്റെ ഈ വിജയത്തിന് ഏറെ പിന്തുണ നല്കിയതും തളര്‍ച്ചകളില്‍ ഉയര്ത്തെഴുനേല്പിച്ചതും തന്റെ അമ്മയാണെന്ന് അമ്മു നാരായണ്‍ പറയുന്നു.
ദക്ഷാസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സെലിബ്രിറ്റികളോ സിനിമ താരങ്ങളോ ഒന്നുമല്ല ദക്ഷാസിന്റെ പരസ്യ മോഡലുകള്‍. സ്വന്തം സുഹൃത്തുകളെ തന്നെയാണ് അമ്മു മോഡലുകളായി തിരഞ്ഞെടുക്കുന്നത്. ഇതില്‍ പല ശരീര പ്രാകൃതമുള്ളവരും പല നിറത്തില്‍ ഉള്ളവരും ഉള്‍പ്പെടുന്നുണ്ട്. അത് കൊണ്ട് തന്നെ സാധരണക്കാരിലേക് തന്റെ സംരഭം വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഈ ആശയം സഹായിക്കും എന്ന് അമ്മു അഭിപ്രായപ്പെടുന്നു.
വസ്ത്രങ്ങളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പങ്ക് വച്ചാണ് അമ്മു വിപണനം നടത്തുന്നത്. ലഭിക്കുന്ന ഓര്‍ഡറുകള്‍ അനുസരിച്ച് ആവശ്യക്കാര്‍ക്ക് ജ്വല്ലറികളും സാരികളും എത്തിച്ച് കൊടുക്കും. ദക്ഷാസിന്റെ സേവനം വിദേശത്തേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അമ്മു നാരായണ്‍.
സ്ത്രീകള്‍ക്കിടയില്‍ ഇപ്പോള്‍ മൂക്കുത്തി വളരെ ട്രെന്‍ഡിങ് ആയി കൊണ്ടിരിക്കുകയാണ്. ഇവര്‍ക്കായി സില്‍വര്‍ ടൈപ് മുക്കുത്തികള്‍ മാത്രം ലഭ്യമാകുന്ന ‘മൂക്കുത്തി’ എന്ന സംരംഭവും ഈയിടെ അമ്മു ആരംഭിച്ചിരുന്നു. വളരെ വലിയ സ്വീകാര്യതയാണ് രണ്ട് ബ്രാന്‍ഡുകള്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈ സംരംഭങ്ങള്‍ക്ക് പുറമെ ‘ഏ.കെ ഗ്രൂപ്പ്’ എന്ന സ്ഥാപനവും അമ്മു നാരായണ്‍ നടത്തി വരുന്നുണ്ട്. റെഡ് വുഡ് ഷീറ്റ് മനുഫാക്ചറിങ്, ഗാസ്കറ്റ്സ് മനുഫാക്ച്ചറിങ്, യൂസ്ഡ് ടയേഴ്സ് മനുഫാക്ചറിങ് തുടങ്ങിയ ബിസിനസ്സുകളാണ് ഈ സ്ഥാപനത്തിനു കീഴില്‍ നടക്കുന്നത്.