ഹൃദയതാളം ചിലങ്കയോട് ചേര്‍ത്ത നര്‍ത്തകി
മനസിലെ ആശയങ്ങള്‍ ചടുലമായ ചലനങ്ങളിലൂടെയും മുദ്രകളിലൂടെയും കാണികളില്‍ എത്തിക്കുന്ന വിസ്മയമാണ് നൃത്തം. മുഖത്ത് മിന്നിമായുന്ന ഭാവഭേദങ്ങള്‍ അതേ നിറപ്പകിട്ടോടെ ആസ്വാദകരില്‍ എത്തിച്ച് തന്റെ പാഷനെ ചേര്‍ത്തുപിടിച്ചിരിക്കുകയാണ് ശ്യാമ ശശി എന്ന നര്‍ത്തകി.
കോഴിക്കോട് ന്യൂഇന്‍ഡ്യ എക്‌സ്പ്രസ് ഓഫീസിന് പിന്‍വശത്തെ ബില്‍ഡിങില്‍ രുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സ് നടത്തുകയാണ് ഒരു സൈക്കോളജിസ്റ്റ് കൂടിയായി ശ്യാമ. കേവലം ആശയാവിഷ്‌കാരത്തിന് വേണ്ടിയുള്ള മാധ്യമമല്ല ശ്യാമയ്ക്ക് നൃത്തം. മറിച്ച്, ജീവിതം തന്നെയാണ്. ചെറുപ്പം മുതല്‍ ഡാന്‍സില്‍ തത്പരയായിരുന്ന ശ്യാമ നാല് വയസ് മുതല്‍ നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയതാണ്. അമ്മയില്‍ നിന്ന് ലഭിച്ച ജന്മസിദ്ധമായ കഴിവാണ് ശ്യാമയിലെ കലാകാരിയെ ഉണര്‍ത്തിയത്.
തഞ്ചാവൂര്‍ കൃഷ്ണകുമാറിന്റെയും കലാമണ്ഡലം ലത സുരേഷിന്റെയും കീഴിലാണ് ശ്യാമ നൃത്തം അഭ്യസിച്ചത്. പഠനശേഷം സ്വന്തമായി ഒരു സംരംഭം ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിച്ചപ്പോഴാണ് തന്റെ പാഷനായ ഡാന്‍സിനെത്തന്നെ ഒരു പ്രൊഫഷന്‍ കൂടിയാക്കി മാറ്റിയാല്‍ എന്തെന്ന് ആലോചിച്ചുതുടങ്ങിയത്. അങ്ങനെ അഞ്ചുവര്‍ഷം മുമ്പാണ് രുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സ് ആരംഭിച്ചത്.
ക്ലാസിക്കല്‍ നൃത്തരൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവയ്ക്ക് പുറമെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട സുംബ, ആരോബിക്‌സ് എന്നിവയും ഇവിടെ അഭ്യസിപ്പിക്കുന്നുണ്ട്. 65-ഓളം കുട്ടികളാണ് ശ്യാമയുടെ കീഴില്‍ ഡാന്‍സ് പഠിക്കുന്നത്. ഇവിടെ നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ ആയും ക്ലാസുകള്‍ നടത്താറുണ്ട്.
കോഴിക്കോട് നിരവധി ഡാന്‍സ് സ്‌കൂളുകള്‍ ഉണ്ടെങ്കിലും രുദ്ര അവയില്‍ നിന്നും വ്യത്യസ്തമാണ്. മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കും ഇവിടെ നൃത്തം പഠിപ്പിക്കാറുണ്ട് എന്നതാണ് പ്രത്യേകത. നൃത്തം എന്നതിനപ്പുറം ഡാന്‍സിനെയും സൈക്കോളജിയെയും തമ്മില്‍ കൂട്ടിയിണക്കി ഒരു ഡാന്‍സ് തെറാപ്പിയാണ് ശ്യാമ നല്‍കുന്നുണ്ട്.
ഇത് കുട്ടികളുടെ മാനസിക ഉല്ലാസം വര്‍ധിപ്പിക്കാനും സാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പത്തോളം കുട്ടികള്‍ക്കാണ് നിലവില്‍ രുദ്രയില്‍ ട്രെയിനിങ് നല്‍കുന്നത്. ഇതുകൂടാതെ സ്ത്രീകളുടെ സുരക്ഷ ലക്ഷ്യം വച്ച് വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമാണ് ഇവിടെ ക്ലാസ് നല്‍കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്, അതും അവരുടെ സമയക്രമത്തിന് അനുസരിച്ച്.
തന്റെ പാഷനോടൊപ്പം പ്രൊഫഷനേയും കൊണ്ടുപോകുന്ന ശ്യാമ ആഴ്ചയില്‍ മൂന്ന് ദിവസം സൈക്കോളജിസ്റ്റായും സേവനം ചെയ്യുന്നുണ്ട്. ഇതിനൊക്കെ പുറമെ നിരവധി സ്റ്റേജ് പരിപാടികളും നടത്താറുണ്ട് ഈ കലാകാരി. മനസിലെ ഒരാഗ്രഹം മാത്രമായിരുന്ന നൃത്തത്തെ ജീവിതത്തോട് ഇത്രയും ചേര്‍ത്ത് നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഈ കലാകാരി.
ഇതിനൊക്കെയുള്ള കരുത്തും പിന്തുണയും നല്‍കി അച്ഛന്‍ ശശിധരനും അമ്മ സുമയും സഹോദരിയായ ആര്‍ക്കിടെക്റ്റ് പാര്‍വതി ശശിയും എപ്പോഴും കൂടെത്തന്നെയുണ്ട്. കൂടാതെ നല്ലൊരു സൗഹൃദവലയമുള്ള ശ്യാമക്ക് കൈത്താങ്ങായി ഒരുകൂട്ടം സുഹൃത്തുക്കളും ഒപ്പമുണ്ട്. വിദ്യാര്‍ത്ഥികളായ സുരഭി, സാത്വിക് എന്നിവരാണ് ശ്യാമയുടെ മക്കള്‍.