പഴമയുടെ ആരോഗ്യഗുണങ്ങളുമായി കുവി ഫുഡ്സ്
കുഞ്ഞിന്റെ ആരോഗ്യം, അവരുടെ വളര്‍ച്ച, ഭാവി ഇതിനപ്പുറം ഒരു ചിന്ത മാതാപിതാക്കള്‍ക്ക് ഉണ്ടാകില്ല. കുഞ്ഞിന് മുലപ്പാലും അതോടൊപ്പം നല്കുന്ന ഭക്ഷണം അവന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ബുദ്ധിവളര്‍ച്ചയെയും സ്വാധീനിക്കുന്നു. കായ ഉണക്കിപ്പൊടിച്ചത്, റാഗി – കഞ്ഞിപ്പുല്ല് കുറുക്ക് എന്നിവയൊക്കെ പരമ്പരാഗതമായ രീതിയില്‍ നമ്മുടെ നാട്ടില്‍ ഉപയോഗിച്ചു വരുന്നവയാണ്.
കായ ഉണക്കിപ്പൊടിക്കാനുള്ള മടിയും സമയമില്ലായ്മയും ഒക്കെ പലരെയും ടിന്‍ഫുഡും ഗുണമേന്മയില്ലാത്ത കടയില്‍ നിന്ന് ലഭിക്കുന്ന പൊടികളും വാങ്ങുവാന്‍ പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍ ഇനി അത് മറന്നേക്കൂ… കണ്ണും പൂട്ടി നിങ്ങള്‍ക്ക് വാങ്ങാം ‘കുവി ഫുഡ്സി’ന്റെ ”കുന്നന് കായപ്പൊടി”.
കൃത്രിമമായ യാതൊരു ചേരുവയും ഉള്‍പ്പെടുത്താതെ ജൈവപരമായ രീതിയില്‍ വളര്‍ത്തിയെടുക്കുന്ന കുന്നന് കായ മൂന്നുമാസം മുതല്‍ കുട്ടികള്‍ക്ക് നല്‍കാം. ഇതിന് പിന്നാലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപാട് ആരോഗ്യം പ്രദാനം ചെയ്യുന്ന കൂടുതല്‍ ഉത്പന്നങ്ങളും കുവി ഫുഡ്സിന്റെ പേരില്‍ ഇന്ന് വിപണിയില്‍ സുലഭമാണ്.
കുട്ടികള്‍ക്കുള്ള കായപ്പൊടി മുതല്‍ വെന്ത വെളിച്ചെണ്ണ വരെ വിപണിയില്‍ എത്തിക്കുന്ന കുവി ഫുഡ്സിന്റെ പിന്നില്‍ നിറസാന്നിധ്യമായി മനോജ് നില്ക്കുന്നു. പറമ്പില്‍ ചീത്തയായി പോകുന്ന ചക്കയില്‍ നിന്നാണ് സ്വന്തമായി ഒരു സംരംഭം എന്ന ആശയം ഇദ്ദേഹത്തിന് ഉണ്ടായത്. ലോണെടുത്ത് ചക്ക ഉത്പന്നങ്ങള്‍ നിര്‍മിച്ചു വിറ്റു തുടങ്ങിയെങ്കിലും തുടക്കകാലത്ത് അത് പരാജയമായിരുന്നു. പിന്നീടുണ്ടായ ആലോചനയില്‍ നിന്നാണ് മനോജിന് കുന്നന് കായപ്പൊടി വിപണിയില്‍ എത്തിക്കാം എന്ന ചിന്ത ഉടലെടുത്തത്.
ഇന്ന് മാസം 3000 കിലോ കുന്നന് കായപ്പൊടി കുവി ഫുഡ്സ് വിപണിയില്‍ എത്തിക്കുന്നുണ്ട്. ‘ഗ്രീന്‍ എന്‍ ഫ്രഷ്’ എന്ന പേരിലാണ് മനോജ് തന്റെ സംരംഭം ആദ്യം ആരംഭിച്ചതെങ്കിലും ഇന്നത് ‘കുവി ഫുഡ്സ്’ ആണ്.
സാങ്കേതികവിദ്യ വളര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ നവ മാധ്യമങ്ങളിലൂടെയും കൊറിയര്‍ വഴിയുള്ള ഹോം ഡെലിവറി നടത്തുവാനും മനോജ് ശ്രമിക്കുന്നു. മാത്രവുമല്ല, പല പ്രമുഖ കമ്പനികളും അവരുടെ ബ്രാന്റിന്റെ പേരില്‍ വിപണിയില്‍ എത്തിക്കുന്ന കുന്നന് കായപ്പൊടി തയ്യാറാക്കുന്നതും കുവി ഫുഡ്സ് ആണ്.
മഞ്ഞള്‍ ഉണക്കിപ്പൊടിച്ചത്, കൂവപ്പൊടി, വെന്ത വെളിച്ചെണ്ണ, ചക്ക വരട്ടിയത്, ചക്കപ്പൊടി, ചക്ക ഉണക്കിയത്, ഏത്തക്ക പൊടി, ഏത്തക്ക ഹെല്‍ത്ത് മിക്സ്, പൈനാപ്പിള്‍ സ്ക്വാഷ്, ചക്ക പാസ്ത, ചക്ക സ്ക്വാഷ് എന്നിവയാണ് കുന്നന് കായപ്പൊടിക്ക് പുറമേ കുവി ഫുഡ്സിന്റെ പേരില്‍ വിപണിയില്‍ എത്തുന്ന ഉല്‍പ്പന്നങ്ങള്‍.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും കുട്ടികള്‍ക്ക് വയറിലെ അസുഖങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതുമായ കുന്നന് കായപ്പൊടിയാണ് തനിക്ക് ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്ന ഉത്പന്നമെന്ന് മനോജ് പറയുന്നു.
അസംസ്കൃത വസ്തുവിന്റെ അഭാവം പല ഘട്ടങ്ങളും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതിനെയൊക്കെ തരണം ചെയ്ത് കുവി ഫുഡ്സ് ഇന്ന് കേരളത്തില്‍ എന്നതുപോലെ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലും വിപണിയില്‍ സുലഭമായി ലഭിക്കുന്നു.