CareerSuccess Story

സംരംഭകത്വത്തിന്റെ പോരാട്ട വീര്യം; അസീന പി കുഞ്ഞുമോന്‍

ഉള്ളിലെ ആഗ്രഹങ്ങള്‍ തീവ്രമാണെങ്കില്‍ ഈ ലോകം തന്നെ എതിര്‍പ്പുമായി മുന്‍പില്‍ വന്നു നിന്നാലും മുന്നോട്ടുപോകാനുള്ള വഴികള്‍ തുറന്നു കിട്ടും എന്നതിന് തെളിവാണ് യുവ സംരംഭകയായ അസീന പി കുഞ്ഞുമോന്റെ ജീവിതം. ഫോട്ടോഗ്രാഫിയും ഫാഷന്‍ ഡിസൈനിങ്ങും ഒരുപോലെ ഇഷ്ടമായിരുന്ന അസീന തന്റെ ആഗ്രഹങ്ങള്‍ക്ക് പിന്നാലെ ഇറങ്ങിയപ്പോള്‍ നാട്ടുകാരും വീട്ടുകാരും സുഹൃത്തുക്കളും ഒക്കെ ഒറ്റക്കെട്ടായി എതിര്‍ശബ്ദമുയര്‍ത്തി. പക്ഷേ അസീന ഭയന്നില്ല, തോറ്റു പിന്മാറിയതുമില്ല.

തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര അവള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ആ യാത്ര ഇന്ന് എത്തിനില്‍ക്കുന്നത് അസീന പി കുഞ്ഞിമോന്‍ എന്ന വനിതാ സംരംഭകയിലാണ്. തൃശ്ശൂര്‍ സ്വദേശിയായ അസീന ഇപ്പോള്‍ ഗുരുവായൂരില്‍ ഒരു ഡിസൈനര്‍ കൗചറും ഫോട്ടോഗ്രാഫി സ്റ്റുഡിയോയും നടത്തിവരികയാണ്.

പൊരുതി നേടിയതാണ് അസീനയുടെ ഈ വിജയം. ഒരു സംരംഭകയിലേക്കുള്ള തന്റെ വളര്‍ച്ചയെക്കുറിച്ച് അസീനയുടെ തന്നെ വാക്കുകള്‍ ഇങ്ങനെ; ”ഒരു സംരംഭക ആകുകയായിരുന്നു ലക്ഷ്യം. വീട്ടുകാരോ ബന്ധുക്കളോ പ്രോത്സാഹിപ്പിച്ചില്ല. ഓരോ ചുവടിലും ഒറ്റയ്ക്കായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ന് അഭിമാനം ഉണ്ട്”.

പ്രീ ഡിഗ്രി പഠനകാലത്തായിരുന്നു അസീനയുടെ വിവാഹം. വിവാഹം കഴിഞ്ഞയുടന്‍ തന്നെ ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്ക് പോയി. അവിടെയെത്തി അധികം വൈകാതെ കുഞ്ഞുണ്ടായി. പിന്നീട് നാട്ടിലേക്ക് തിരികെ പോന്നു. മോളെ സ്‌കൂളില്‍ വിടാന്‍ പ്രായമായപ്പോള്‍ അസീനയും ഒരു തീരുമാനമെടുത്തു, തന്റെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി കൂടി ജീവിക്കാന്‍ അല്‍പ സമയം കണ്ടെത്തണം. അങ്ങനെ മോള്‍ എല്‍കെജിയില്‍ പോയിത്തുടങ്ങിയ അതേ ദിവസം തന്നെ അസീനയും വീണ്ടും വിദ്യാര്‍ത്ഥിയായി.

ഒരു ഫാഷന്‍ ഡിസൈനര്‍ ആകുക എന്ന ആഗ്രഹത്തോടെ ഫാഷന്‍ ഡിസൈനിങ് കോഴ്‌സ് പഠിക്കാന്‍ തുടങ്ങി. അതോടൊപ്പം തന്നെ തന്റെ പാഷനായ ഫോട്ടോഗ്രാഫിയിലും ശ്രദ്ധിച്ചു തുടങ്ങി. അപ്പോഴൊക്കെയും ചുറ്റിലും ഉണ്ടായിരുന്നവരില്‍ നിന്നും നിരുത്സാഹപ്പെടുത്തലുകള്‍ മാത്രമായിരുന്നു അസീനക്ക് നേരിടേണ്ടി വന്നത്. ഭര്‍ത്താവിന് നല്ല ജോലിയുണ്ടല്ലോ പിന്നെ എന്തിനാണ് ഇപ്പോള്‍ ഇങ്ങനെയൊരു ഇറങ്ങിപ്പുറപ്പാട് എന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്.

ആദ്യമൊക്കെ തന്റെ സ്വപ്‌നത്തെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും അസീന എല്ലാവരെയും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ ആരും തയ്യാറല്ല എന്ന് മനസ്സിലായതോടെ കുറ്റപ്പെടുത്തലുകളെ അതിന്റെ വഴിക്ക് വിട്ടു. ഒരു വസ്ത്രം ഡിസൈന്‍ ചെയ്യുമ്പോഴും ഒരു ഫോട്ടോ എടുക്കുമ്പോഴും തന്റെ മനസ്സിനെ കിട്ടുന്ന സന്തോഷം എത്രമാത്രം വലുതാണ് എന്ന് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ് എന്നാണ് അസീന പറയുന്നത്. സാമ്പത്തികമായ ലാഭനഷ്ടങ്ങളെക്കാള്‍ താന്‍ പ്രാധാന്യം കൊടുക്കുന്നതും ആ സന്തോഷത്തിനാണെന്ന് അവര്‍ പറയുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയതോടൊപ്പം തന്നെ ഫോട്ടോഗ്രാഫിയിലും പഠനം നടത്തി. വെഡിങ് ഫോട്ടോഗ്രാഫിയില്‍ പ്രാവീണ്യം നേടുകയും ഒപ്പം ചെറിയൊരു വരുമാനം ലക്ഷ്യമിട്ട് നാട്ടിലെ സ്റ്റുഡിയോകളില്‍ ജോലിക്കു പോയിത്തുടങ്ങി. അവിടെ നിന്നും കിട്ടിയ എക്‌സ്പീരിയന്‍സിന്റെ പിന്‍ബലത്തോടെ സ്വന്തമായി വെഡിങ് ഫോട്ടോഗ്രാഫികള്‍ ചെയ്തു തുടങ്ങി. വെഡിങ് ഫോട്ടോഗ്രാഫിയിലും ഫംഗ്ഷന്‍ ഫോട്ടോഗ്രാഫിയിലും തന്റേതായ ഒരു ഇടം വെട്ടി തുറക്കാന്‍ അസീനക്ക് ഇന്ന്‌സാധിച്ചിട്ടുണ്ട്. 2019 ല്‍ ഗുരുവായൂരില്‍ സ്വന്തമായി ഒരു സ്റ്റുഡിയോയും അസീന ആരംഭിച്ചു.

പക്ഷേ അപ്പോഴും അസീനയുടെ ഉള്ളില്‍ ഉണ്ടായിരുന്നത് ഒരു ഡിസൈനിങ് കൗച്ചറും സ്റ്റുഡിയോയും കൂടിച്ചേര്‍ന്ന സംരംഭമായിരുന്നു. ആ സ്വപ്‌നത്തിലേക്ക് അസീനക്ക് വഴികാട്ടി ആയത് വ്യവസായ വകുപ്പിന്റെ ‘സംരംഭക വര്‍ഷം’ പദ്ധതിയായിരുന്നു. അങ്ങനെ പദ്ധതിയുടെ ഭാഗമായി അസീനയുടെ വലിയ സ്വപ്‌നമായിരുന്ന അന്നൂസ് ഡിസൈനിങ് കൗചര്‍ കം സ്റ്റുഡിയോ ഗുരുവായൂരില്‍ ആരംഭിച്ചു. ബ്രൈഡല്‍ വസ്ത്രങ്ങളുടെ ഡിസൈനിങ്ങും കയറ്റുമതിയുമാണ് പ്രധാനമായും ഇവിടെ നടക്കുന്നത്.

കനല്‍ വഴികള്‍ താണ്ടി അസീന നേടിയെടുത്തതാണ് ഒരു സംരംഭക എന്ന മേല്‍വിലാസം. ജീവിതത്തില്‍ സ്വപ്‌നങ്ങള്‍ ഉള്ളവരാണ് നിങ്ങളെങ്കില്‍ അതിനെ ഏത് പ്രതിസന്ധിയിലും വിടാതെ മുറുകെ പിടിക്കണം എന്നാണ് അസീനയ്ക്ക് പറയാനുള്ളത്. എതിര്‍ക്കാന്‍ ആയിരം പേരുണ്ടായാലും നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്‍പില്‍ അവയെല്ലാം തോറ്റു പിന്‍മടങ്ങും എന്നാണ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ അസീന പറഞ്ഞുവയ്ക്കുന്നത്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button