സ്വന്തം ഇഷ്ടത്തെയും ആഗ്രഹങ്ങളെയും നെഞ്ചോട് ചേര്‍ത്തു പിടിച്ച സംരംഭക; 65-ാമത്തെ വയസ്സിലും നേട്ടങ്ങള്‍ കൈവരിച്ച് പര്വ്വീന് സിദ്ദീഖ്
”അത്രമേല്‍ തീവ്രമായി ആഗ്രഹിച്ചീടുകില്‍ കാലം നിനക്കായി കരുതി വെച്ചീടുമാ വസന്തകാലവും ഇന്നേറെ വിദൂരമല്ല…! ”
സത്യമാണ്. 1988 ജൂലൈയില്‍ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനടുത്ത് രണ്ടു മുറി കടയില്‍ ഒരു തൊഴിലാളിയെ മാത്രം വെച്ച് ആരംഭിച്ച ഹേ ബ്യൂട്ടി പാര്‍ലര്‍ എന്ന സ്ഥാപനം ഇന്ന് 11 തൊഴിലാളികളോടുകൂടി 5 ഷട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് വളര്‍ന്നതിന് പിന്നില്‍ കാരണമായത് പര്വ്വീന് സിദ്ദിഖ് എന്ന സംരംഭകയുടെ തീവ്രമായ ആഗ്രഹം മാത്രമാണ്.
ചെറുപ്പം മുതലുള്ള പര്‍വ്വിന്റെ ആഗ്രഹത്തിന് ചിറക് മുളച്ചത് വിവാഹത്തോടെയാണ്. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള സ്ത്രീകള്‍ സംരംഭകരാകാനോ, ജോലി ചെയ്യുവാനോ, സമൂഹത്തിന്റെ മുന്‍നിരയിലേക്ക് വരാന്‍ മടിച്ചുനിന്ന സമയത്താണ് ഈ സംരംഭക തന്റെ ഇഷ്ടവുമായി യാത്ര ആരംഭിക്കുന്നത്.
വിവാഹശേഷം ഭര്‍ത്താവിനൊപ്പം മുംബൈയില്‍ താമസിക്കുമ്പോഴാണ് മേക്കപ്പ് പഠിക്കണം എന്ന തന്റെ ആഗ്രഹം ആദ്യമായി പര്വ്വീന് ഭര്‍ത്താവിനോട് പറയുന്നത്. ‘നമുക്കറിയാത്ത ഒരിടം, ഇഷ്ടമുള്ള ഒരു തൊഴില്‍ പഠിക്കുന്നത് കൊണ്ട് തെറ്റില്ലെന്ന’ ഭര്‍ത്താവിന്റെ അഭിപ്രായത്തിന് പുറത്ത് സൗന്ദര്യമേഖലയില്‍ ഹരിശ്രീ കുറിക്കുവാന്‍ അവര്‍ തീരുമാനിച്ചു.
അപ്പോഴും ഭര്‍ത്താവ് പറഞ്ഞ ഒരു കാര്യം അവരുടെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു… ”നിനക്ക് ഇഷ്ടമുള്ളതുകൊണ്ട് നീ പഠിച്ചോളു. പക്ഷേ, നാട്ടില്‍ ചെന്നാല്‍ ജോലി ചെയ്യാന്‍ കഴിയുന്ന സാഹചര്യം ലഭിക്കുമോ എന്ന് അറിയില്ല…” അപ്പോഴും ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും മാത്രമായിരുന്നു ഈ തുടക്കക്കാരിക്ക് മുതല്‍ക്കൂട്ടായി നിന്നത്.
രണ്ടു വര്‍ഷത്തിനുശേഷം നാട്ടിലെത്തിയപ്പോള്‍ സ്വന്തമായി ഒരു സംരംഭം എന്ന തന്റെ ആഗ്രഹം ഭര്‍ത്താവിന്റെ വീട്ടുകാരെ അറിയിച്ചപ്പോള്‍ ആദ്യം സമ്മതം മൂളിയത് അദ്ദേഹത്തിന്റെ പിതാവായിരുന്നു. പിന്നീട് രണ്ടുവര്‍ഷത്തെ വിടവ് നികത്താന്‍ മൂന്നുമാസത്തെ ബ്യൂട്ടീഷന് കോഴ്സിന് കാന്തി ബ്യൂട്ടിപാര്‍ലറില്‍ ചേര്‍ന്നു. അതിനുശേഷം ഹെയര്‍ കട്ടിംഗ് പഠിക്കുന്നതിന് വേണ്ടി ഒരിക്കല്‍ കൂടി ബ്യൂട്ടീഷന് ഫുള്‍ കോഴ്സ് പഠിച്ചു. അവിടെ നിന്ന് ഇങ്ങോട്ട് എല്ലാവര്‍ഷവും പര്വ്വീന് ബാംഗ്ലൂര്‍, മദ്രാസ്, മുംബൈ എന്നിവിടങ്ങളില്‍ പോയി തന്നിലെ സംരംഭകയെ പുതിയ അറിവുകള്‍ നല്കി വളര്‍ത്തിക്കൊണ്ടിരിക്കുന്നു.
”എനിക്ക് സാധിക്കും, ഞാന്‍ വിജയിക്കും” എന്ന പര്‍വ്വീന്റെ ചിന്ത തന്നെയാണ് ബ്യൂട്ടി പാര്‍ലറിന്റെ അടിത്തറ. അതുകൊണ്ടുതന്നെ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ പോലും പ്രതിസന്ധി തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് പര്വ്വീന് പറയുന്നു. ‘ഒരു ‘പുരികം’ എങ്കിലും കിട്ടിയാല്‍ മതി എന്ന് ആഗ്രഹിച്ചാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്. അതുകൊണ്ടുതന്നെ എത്ര തിരക്കായാലും പുരികം എടുക്കാന്‍ ആരെങ്കിലും വന്നാലും അവരോട് നോ പറയാന്‍ പാടില്ല’ എന്നാണ് പര്‍വ്വീന്റെ നിലപാട്.
ഒരേസമയം നാലുതലമുറയില് ഉള്‍പ്പെട്ടവരെ അണിയിച്ചെടുക്കാന് കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയും ഈ സംരംഭകക്ക് മനസ്സ് നിറയെ ഉണ്ട്. അപ്പോഴും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാതെ, കോണ്ടസ്റ്റുകളില് നിന്ന് വിട്ടു നില്ക്കുന്ന പര്‍വ്വീന്റെ സന്തോഷം പുരസ്കാരങ്ങളും അവാര്‍ഡുകളും ഏറ്റുവാങ്ങുന്നതല്ല. പകരം, തനിക്ക് മുന്നില്‍ വരുന്നവരെ അണിയിച്ചൊരുക്കുമ്പോള്‍ അവരുടെ മുഖത്ത് ഉണ്ടാകുന്ന ചെറുപുഞ്ചിരിയിലാണ്. ഇന്ന് പര്‍വ്വീനെ പോലെ തന്നെ അമ്മയുടെ പാത പിന്തുടര്ന്ന് ഇവരുടെ മകളും ഈ മേഖലയില്‍ ചുവടുറപ്പിച്ച് കഴിഞ്ഞു.
ഇസ്ലാമിക് ബാങ്ക് ഓഫ് ദുബായില്‍ ജോലി ചെയ്തിരുന്ന മകള്‍ ഈ മേഖലയിലേക്ക് ഭര്‍ത്താവിന്റെ സമ്മതത്തോടെ എത്തിയത് മക്കളെ പഠിപ്പിക്കുന്നതോടൊപ്പം തന്നെ തനിക്കും ഒരു ജോലി എന്ന ആഗ്രഹത്തിന്റെ പുറത്താണെന്ന് പര്വ്വീന് പറയുന്നു. ഭര്‍ത്താവിന്റെ സമ്മതത്തോടെയാണ് താന്‍ ഈ മേഖലയിലേക്ക് കടന്നു വന്നതെങ്കിലും അദ്ദേഹം ‘നോ’ പറഞ്ഞിരുന്നെങ്കില്‍ പോലും താന്‍ സ്വന്തം താല്പര്യത്തില് ഈ ഇഷ്ടത്തിന് പിന്നാലെ സഞ്ചരിക്കുമായിരുന്നു എന്ന് പറയാന്‍ പര്‍വ്വീനെ പ്രാപ്തയാക്കുന്നത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആകണമെന്ന അടങ്ങാത്ത ആഗ്രഹം ഒന്ന് മാത്രമാണ്.
65-ാമത്തെ വയസ്സിലും മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിളങ്ങി നില്ക്കുന്ന പര്വ്വീന് പുതുതായി ഈ മേഖലയിലേക്ക് കടന്നുവരുന്ന തുടക്കക്കാരോട് പറയാനുള്ളത് ഇത്രമാത്രം; ‘നിങ്ങള്‍ ക്ഷമയോടെ ജോലിയെടുക്കുക. കൈകള്‍ക്ക് എപ്പോഴും പ്രാക്ടീസ് നല്‍കുക, അത് നിങ്ങളെ വിജയത്തിലെത്തിക്കും…!”
Contact No : 97440 75170
https://www.instagram.com/heylady_beauty_salon/?igshid=YmMyMTA2M2Y%3D
https://www.facebook.com/heyladybeautyparlour?mibextid=ZbWKwL