അന്ധമായി ഇറങ്ങേണ്ട ഒരു മേഖല അല്ല യൂട്യൂബ്
5 ലക്ഷത്തോടടുത്ത് സബ്‌സ്‌ക്രൈബേഴ്‌സുമായി ഡോക്ടര്‍ ഇന്റീരിയര്‍ ജൈത്രയാത്ര തുടരുന്നു; ഇന്റീരിയര്‍ കണ്‍സള്‍ട്ടന്റ് എസ് അജയ് ശങ്കര്‍ മനസ്സ് തുറക്കുന്നു
നാം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ സ്വപ്‌നഭവനം മാറണമെങ്കില്‍ നിരവധി കാര്യങ്ങള്‍ തുടക്കം മുതല്‍തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്ലാനിങ്, കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ എന്നിങ്ങനെ നിരവധി മേഖലകള്‍ ഒരു ശ്രേണി പോലെ പ്രവര്‍ത്തിക്കുന്നു. ശ്രേണിയിലെ ഒരു അക്കം മാറിയാല്‍ കണക്ക് ആകെ തെറ്റും എന്നതുപോലെ തന്നെയാണ് ഒരു വീടിന്റെ നിര്‍മിതിയും. അതിനാല്‍ ഏറ്റവും മികച്ച തീരുമാനങ്ങളോടുകൂടി വേണം ഒരു വീട് നിര്‍മിക്കേണ്ടത്.
എന്നാല്‍ ഭവന നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നിരവധി ആശയക്കുഴപ്പങ്ങള്‍ നാമോരോരുത്തര്‍ക്കും ഉണ്ടാകും. എന്നാല്‍ ഈ മേഖലയിലെ പ്രഗത്ഭനായ ഒരു വ്യക്തിയുടെ അഭിപ്രായങ്ങള്‍ കൂടി നാം തേടുമ്പോള്‍ നമ്മള്‍ വിചാരിച്ചതെന്തോ അതില്‍നിന്ന് ഒരുപടി മികച്ചത് നമുക്ക് ലഭിക്കുന്നു. അത്തരത്തില്‍ ഭവന നിര്‍മാണ രംഗത്ത് നമ്മെ സഹായിക്കാന്‍ പ്രാപ്തനായ ഒരു വ്യക്തിയാണ് ഇന്റീരിയര്‍ കണ്‍സള്‍ട്ടന്റായ എസ്.അജയ് ശങ്കര്‍.
നിരവധി വര്‍ഷങ്ങളായി ഭവന നിര്‍മാണ രംഗത്ത് സജീവമായ വ്യക്തിയാണ് അജയ്. 2010 ല്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി സ്റ്റാഫായി തന്റെ കരിയര്‍ ആരംഭിക്കുകയും ആ മേഖലയില്‍ നിന്നുകൊണ്ടുതന്നെ കണ്‍സള്‍ട്ടിങ് രംഗത്തേക്ക് ചുവട് വയ്ക്കുകയും ചെയ്യുകയായിരുന്നു ഇദ്ദേഹം. ഒരു വീടിന്റെ നിര്‍മിതിക്ക് ആവശ്യമായ എല്ലാ മെറ്റീരിയലുകളെ കുറിച്ചും വിശദമായ പഠനം നടത്തിയതിനുശേഷമാണ് ഈ രംഗത്തേക്ക് അജയ് കടന്നുവരുന്നത്.
ഇന്റീരിയര്‍ ഡിസൈനിങ്ങോ, കണ്‍സ്ട്രക്ഷനോ ഇപ്പോള്‍ അജയ് ചെയ്യുന്നില്ല. പൂര്‍ണമായും ഇന്റീരിയര്‍ കണ്‍സള്‍ട്ടന്റ് എന്ന നിലയിലാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. കോട്ടയം ജില്ലയിലെ തിരുവഞ്ചൂര്‍ കേന്ദ്രമാക്കിയാണ് ഇദ്ദേഹത്തിന്റെ ഓഫീസായ ഡോക്ടര്‍ ഇന്റീരിയര്‍ പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍ ഇന്റീരിയര്‍ എന്ന സംരംഭത്തോട് അനുബന്ധിച്ചു തന്നെ തന്റെ യൂട്യൂബ് ചാനലും ഇദ്ദേഹം മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്.
വന്‍ ജന പിന്തുണയാണ് ഈ ചാനല്‍ ഇപ്പോള്‍ നേടിക്കൊണ്ടിരിക്കുന്നത്. വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ അഞ്ച് ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സാണ് ഡോക്ടര്‍ ഇന്റീരിയര്‍ എന്ന ഇദ്ദേഹത്തിന്റെ ചാനലിന് ലഭിച്ചിട്ടുള്ളത്. ഈ ചാനലില്‍ പ്രധാനമായും ഓരോ വീടിനെയും അതിലുപയോഗിച്ചിട്ടുള്ള മെറ്റീരിയലുകളെ കുറിച്ചും മറ്റും വിശദമായി പറഞ്ഞുതരുന്നു.
വീടു നിര്‍മിക്കാന്‍ തീരുമാനമെടുത്തിട്ടുള്ള ആളുകള്‍ മാത്രമാണ് ഇത്തരത്തില്‍ ഒരു ചാനല്‍ കാണുകയും അതിനെ പിന്തുണക്കുകയും ചെയ്യുക. അത്തരത്തിലുള്ള ആളുകള്‍ക്ക് ഈ ചാനല്‍ വളരെ ഉപയോഗപ്രദമാണ്. ഇതിന് തെളിവാണ് ചുരുങ്ങിയ കാലയളവ് കൊണ്ട് ഇദ്ദേഹം നേടിയ ഫോളോവേഴ്‌സിന്റെ എണ്ണം.
കൃത്യമായി ഉപയോഗപ്രദമായ വീഡിയോകള്‍ പബ്ലിഷ് ചെയ്യാനുള്ള ആര്‍ജവമാണ് ഓരോ യൂട്യൂബ് ചാനലിന്റെയും വിജയം. തന്റെ ഡോക്ടര്‍ ഇന്റീരിയര്‍ എന്ന ചാനലിന് ഇദ്ദേഹം തുടക്കമിടുന്നത് 2020 നവംബര്‍ 12 നാണ്. അതിനുശേഷം ഇതുവരെ 270 വീഡിയോകള്‍ വരെ ചാനലില്‍ പോസ്റ്റ് ചെയ്തു.
മുടക്കമില്ലാതെ ചൊവ്വ, ശനി ദിവസങ്ങളില്‍ സ്ഥിരമായി വീഡിയോകള്‍ പബ്ലിഷ് ചെയ്തു വരുന്ന രീതിയാണ് ഈ ചാനലിന്റെ വിജയമായി മാറിയത് എന്നും അജയ് ശങ്കര്‍ പറയുന്നു.
ഈ ചാനല്‍ കൂടാതെ മറ്റൊരു ചാനല്‍ കൂടി അദ്ദേഹം ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. രണ്ടുമാസം മുന്‍പ് തുടങ്ങിയ ഹോം ഡീറ്റെയില്‍ഡ് എന്ന ഈ ചാനലിന് ഇപ്പോള്‍ ഏകദേശം 33,000ത്തിലധികം ഫോളോവേഴ്‌സ് ആയിട്ടുണ്ട്. ഈ ചാനലില്‍ ഹോം ടൂറുകളാണ് പോസ്റ്റ് ചെയ്യാറുള്ളത്. ഇദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജും ഫേസ്ബുക്ക് പേജും ഇപ്പോള്‍ വളരെയധികം ജനസ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്നത്. അതിനുള്ള തെളിവാണ് 130K ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സും 55K ഫേസ്ബുക്ക് ഫോളോവേഴ്‌സും.
ഏറ്റവും കൂടുതല്‍ ‘ഫ്രീഡ’മുള്ള ഒരു മേഖലയാണ് ഇന്റീരിയര്‍ കണ്‍സള്‍ട്ടിംഗ് എന്നതാണ് അജയ് ശങ്കര്‍ ഈ മേഖല തിരഞ്ഞെടുക്കാനുള്ള കാരണമായി പറയുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയായ പാര്‍വതി എം പണിക്കരും മകള്‍ ശിവനന്ദയും എല്ലാ പിന്തുണയുമായി കൂടെ തന്നെയുണ്ട്.
കേരളത്തിനകത്തും പുറത്തുമായി ഇന്റീരിയര്‍ കണ്‍സള്‍ട്ടിംഗ് ചെയ്തുവരികയാണ് ഇപ്പോള്‍ ഇദ്ദേഹം. യൂട്യൂബ് എന്ന മേഖലയിലേക്ക് പ്രവേശിക്കുന്ന വ്യക്തികളോട് അജയ് ശങ്കറിന് പറയാനുള്ളത് ഇതാണ് :
”പലരും യാതൊരുവിധ പ്രാവീണ്യവും ഇല്ലാതെ, പെട്ടെന്ന് ഒരു ദിവസം തുടങ്ങുന്നതാണ് യൂട്യൂബ്. ഇതിലെ വരുമാന സാധ്യതകള്‍ അറിഞ്ഞുതന്നെയാണ് അവര്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നത്. എന്നാല്‍ കൃത്യമായും വ്യത്യസ്തമായതുമായ കണ്ടന്റുകളാണ് ഒരു ചാനലിനെ മികവുറ്റതാക്കുന്നത്. തീരെ അന്ധമായി ഇറങ്ങേണ്ട ഒരു മേഖലയല്ല ഇത്. കൃത്യമായ കാഴ്ചപ്പാട് ഇവിടെ ആവശ്യമാണ്”.