പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി വര്‍ഷ്യ
ജീവിതത്തില്‍ ഉപയോഗിച്ചുവരുന്ന സാധനങ്ങള്‍ക്ക് പകരം മറ്റൊന്ന് ഉപയോഗിക്കുക നമുക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രകൃതിക്കും നമുക്കും ഒരുപോലെ നാശമാണെന്ന് തിരിച്ചറിഞ്ഞാല്‍ പോലും അതിനെ ഉപേക്ഷിക്കാന്‍ നമുക്ക് സാധിക്കില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് എത്ര ദോഷമാണെന്ന് അറിയാമെങ്കിലും അതിന്റെ പ്രയോജനങ്ങള്‍ മനുഷ്യ ജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതിനു പകരം വരുന്ന ഉത്പന്നങ്ങള്‍ പലപ്പോഴും പ്ലാസ്റ്റിക്കിനോട് പൊരുതി തോറ്റു പോകാറുണ്ട്. എന്നാല്‍ പ്ലാസ്റ്റിക്കിനോടൊപ്പം പിടിച്ചു നില്‍ക്കുന്ന, പ്രകൃതിക്കും മനുഷ്യനും ദോഷം വരാത്ത ഉത്പന്നങ്ങളാണ് വര്‍ഷ്യ എന്ന സംരംഭം പരിചയപ്പെടുത്തുന്നത്.
വര്‍ഷ്യ
100% പരിസ്ഥിതി സൗഹൃദ ജീവിതശൈലിയുമായി പൊരുത്തപ്പെടാന്‍ സമൂഹത്തെ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന സ്വപ്‌നത്തോടെയാണ് വര്‍ഷ്യ സ്ഥാപിച്ചത്. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ എന്ന ആശയം വഴി സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് വര്‍ഷ്യ. സുസ്ഥിരമായ ഒരു സമൂഹത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സംഭാവന നല്‍കാനുള്ള മാര്‍ഗങ്ങളാണ് നിതീഷ് സുന്ദരേശനും അനു നിതീഷും അന്വേഷിക്കുന്നത്.
നമ്മുടെ ഭൂമിക്ക് ശുദ്ധമായ ഭാവിയും വരും തലമുറകള്‍ക്ക് സുരക്ഷിതമായ ജീവിതവും വര്‍ഷ്യ വിഭാവനം ചെയ്യുന്നു. ഈ ദര്‍ശനം പൂര്‍ണ യാഥാര്‍ത്ഥ്യത്തില്‍ എത്തിക്കാനാണ് ഈ ദമ്പതികള്‍ പരിശ്രമിക്കുന്നത്. സ്റ്റേഷനറികള്‍ മുതല്‍ പാത്രങ്ങളും പാക്കേജിംഗും വരെ, ദൈനംദിന ജീവിതത്തിന്റെ എല്ലാ വശങ്ങളിലേക്കും ബയോഡീഗ്രേഡബിള്‍ ഉത്പന്നങ്ങളെ കുറിച്ചുള്ള ആശയം ഇവര്‍ എത്തിക്കുന്നു. ആളുകള്‍ക്ക് സുസ്ഥിരമായ ജീവിതശൈലിയിലേക്കുള്ള മാറ്റം അനായാസമാക്കുന്നതിന്, ദൈനംദിന ഉപയോഗത്തിനുള്ള എല്ലാ ഇനങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദ ബദലുകള്‍ വര്‍ഷ്യ നിര്‍മിക്കുന്നു.
2020 ജൂണില്‍ തുടങ്ങിയ ഈ സംരംഭം വഴി പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദപരമായ ബുക്കുകള്‍, പെന്‍സിലുകള്‍, പേനകള്‍, കണ്ടെയ്‌നറുകള്‍കള്‍, ക്യാരി ബാഗുകള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റസ് തുടങ്ങി ഒരുപാട് ഉത്പന്നങ്ങള്‍ വര്‍ഷ്യ പരിചയപ്പെടുത്തുന്നു.
വില അല്പം കൂടുതലാണെങ്കിലും നൂറ് ശതമാനം പരിസ്ഥിതിക്കും മനുഷ്യനും ആരോഗ്യപ്രദമാണ് ഈ ഉത്പന്നങ്ങള്‍. ദോഷകരമായ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ആരോഗ്യം നശിപ്പിച്ചതിന് ശേഷം അത് വീണ്ടെടുക്കാനായി ആശുപത്രിയില്‍ ചെലവാക്കുന്ന തുകയുടെ പകുതി പോലും ഈ ഉത്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ചെലവാകില്ല എന്ന് സ്ഥാപകരായ ഈ ദമ്പതികള്‍ ഉറപ്പു നല്‍കുന്നു. വര്‍ഷ്യയുടെ വെബ് സൈറ്റ് വഴി ഉത്പന്നങ്ങള്‍ നേടാന്‍ സാധിക്കും.
പൂര്‍ണമായും പരിസ്ഥിതി സൗഹൃദ സൗഹൃദപരമായ ഉത്പന്നങ്ങളാണ് വര്‍ഷ്യയുടേത്. ഇപ്പോള്‍ നാം സാധാരണ ഉപയോഗിക്കുന്ന പേപ്പര്‍ കപ്പുകളിലും പ്ലേറ്റുകളിലും ഒരു പ്ലാസ്റ്റിക് കോട്ടിങ് ഉണ്ട്. ഇത് പൂര്‍ണമായി മണ്ണില്‍ അലിഞ്ഞുചേരുകയോ പ്രകൃതിക്ക് ദോഷം വരാത്ത രീതിയില്‍ നശിപ്പിക്കാനോ സാധ്യമല്ല. എന്നാല്‍, വര്‍ഷ്യ ആവിഷ്‌കരിക്കുന്ന പുതിയ കോട്ടിങ്, പച്ചക്കറികളുടെ എണ്ണയില്‍ നിന്നും നിര്‍മാര്‍ജനം ചെയ്ത് ശേഖരിക്കുന്ന ഒരു ലയറാണ്.
മഴ എന്നര്‍ത്ഥം വരുന്ന സംസ്‌കൃത പദമായ ‘വര്‍ഷ’യില്‍ നിന്നാണ് വര്‍ഷ്യ എന്ന പദത്തിന്റെ ഉത്ഭവം. വരണ്ട ഭൂമിയില്‍ മഴ പെയ്ത് കഴിയുമ്പോള്‍ പുതിയ നാമ്പുകള്‍ ഉടലെടുക്കുന്നത് പോലെ വര്‍ഷ്യ എന്ന സംരംഭത്തിന്റെ ആശയങ്ങള്‍ ആളുകളില്‍ വേര് പിടിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് നിസംശയം പറയാന്‍ സാധിക്കും. വര്‍ഷ്യയുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ പ്രകൃതി സംരക്ഷണത്തില്‍ നമുക്കും ഭാഗമാകാം.
E-mail: hello@varsya.com