businessBusiness ArticlesEntreprenuershipSpecial StorySuccess Story

ആയുര്‍വേദത്തിന്റെ മലയാളി മുഖമായി പങ്കജകസ്തൂരി 35-ാം വര്‍ഷത്തിലേക്ക്

- അജയ് ബാബു

പങ്കജകസ്തൂരി എന്ന പേര് മലയാളിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം, വര്‍ഷങ്ങളായി മലയാളിയുടെ ആരോഗ്യ പരിപാലനത്തില്‍ പങ്കജകസ്തൂരി കേരളത്തിലെ ഓരോ വീടുകളിലേയും ശീലമായി മാറിയിട്ടുണ്ട്. മലയാളികളുടെയിടയില്‍ ആയുര്‍വേദം എന്ന സംസ്‌കാരം, ജനകീയമാക്കിയത് പങ്കജകസ്തൂരിയാണെന്ന് നിസംശയം പറയാനാകും. മനുഷ്യന്‍ തീര്‍ച്ചയായും പിന്തുടരേണ്ട ഒരു സംസ്‌കാരം തന്നെയാണ് ആയുര്‍വേദം.

1988ലാണ് ഡോ: ജെ ഹരീന്ദ്രന്‍ നായര്‍ ശ്രീ ധന്വന്തരി ആയുര്‍വേദിക്‌സ് എന്ന പേരില്‍ ആസ്ത്മ രോഗത്തിന് ശാശ്വത പരിഹാരമായി ‘ബ്രീത് ഈസി’ എന്ന ഉത്പന്നം വിപണിയില്‍ പരിചയപ്പെടുത്തുന്നത്. ‘ഇനി ശ്വസിക്കാം, ഈസിയായി’ എന്ന പരസ്യ വാചകം മലയാളി മനസുകളില്‍ മായാതെ നില്‍ക്കുന്ന ഒന്നാണ്. പങ്കജകസ്തൂരി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ: ജെ ഹരീന്ദ്രന്‍ നായര്‍, ആരോഗ്യ മേഖലയില്‍ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളിലേക്കൊരു തിരിഞ്ഞു നോട്ടം.

ലോകോത്തര ബ്രാന്‍ഡുകള്‍ മാത്രം തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് പരസ്യം നല്‍കി വന്നിരുന്ന കാലഘട്ടത്തിലാണ് പങ്കജകസ്തൂരി മലയാള സിനിമ താരം മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസിഡറാക്കുകയും ആ പരസ്യം മലയാളികളുടെ മനസിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്തത്. മൊബൈല്‍ ഫോണോ, ഇന്റെര്‍നെറ്റോ, സമൂഹമാധ്യമങ്ങളോ നിലവില്‍ വന്നിട്ടില്ലാത്ത ആ കാലഘട്ടത്തില്‍ പങ്കജകസ്തൂരിയുടെ പ്രൊമോഷനു വേണ്ടി പാന്‍ ഇന്‍ഡ്യന്‍ ലെവലില്‍ തന്നെ പരസ്യം നല്‍കുകയും ചെയ്തു. ആദ്യമായി പങ്കജകസ്തൂരി എന്ന പേര് ജനങ്ങളിലേക്ക് എത്തിച്ച ആ വിപ്ലവകരമായ തീരുമാനത്തെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

ഒരു ഉത്പന്നം പരസ്യം ചെയ്യുമ്പോള്‍, അല്ലെങ്കില്‍ ഒരു ഉത്പന്നത്തിന്റെയോ, സര്‍വീസിന്റേയോ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് അതിന്റേതായ മാനദണ്ഡങ്ങളുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉത്പന്നത്തിന്റെ/സര്‍വീസിന്റെ സത്യസന്ധമായ വിവരങ്ങള്‍ ജനങ്ങളിക്ക് എത്തിക്കുക…അവ എന്ത് തന്നെ ആയാലും അതില്‍ അതിന്റെ ഉത്പാദകര്‍ക്ക് നൂറു ശതമാനം വിശ്വാസവും ഉണ്ടായിരിക്കണം. ഉത്പന്നത്തിന് ന്യായമായ വിലയാണ് ഈടാക്കുന്നത് എന്ന ഉറപ്പ്, ഗുണമേന്മയില്‍ ഉത്പാദകര്‍ക്കുള്ള ഉറപ്പ്, നിയമം അനുശാസിക്കുന്ന രീതിയില്‍ പരസ്യം നല്‍കി ഒരു പ്രൊഡക്ടിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുക മുതലായവയാണ് ഒരു പരസ്യം നല്‍കുമ്പോള്‍ ഒരു സംരംഭകനെന്ന നിലയില്‍, അല്ലെങ്കില്‍ ഒരു ഉത്പാദകനെന്ന നിലയില്‍ പാലിക്കപ്പെടേണ്ടതായ മാനദണ്ഡങ്ങളായി ഞങ്ങള്‍ കണക്കാക്കുന്നത്.

പങ്കജകസ്തൂരി ബ്രീത് ഈസി ആയാലും ഓര്‍ത്തോഹെര്‍ബ് ആയാലും മറ്റു ഞങ്ങളുടെ ഉത്പന്നങ്ങള്‍ ആയാലും പരസ്യം ചെയ്യുമ്പോള്‍ മേല്‍ പറഞ്ഞ എല്ലാ മാനദണ്ഡങ്ങളും പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ജനങ്ങളിലേക്ക് എത്തിക്കുന്നതും, പ്രചരിപ്പിക്കുന്നതും എന്ന പൂര്‍ണമായ ആത്മവിശ്വാസം പങ്കജകസ്തൂരിയ്ക്ക് ഉണ്ടായിരുന്നു. നമ്മള്‍ എന്താണോ ജനങ്ങള്‍ക്ക് നല്‍കുന്നത്, ആ കാര്യങ്ങള്‍ മാത്രമേ പരസ്യത്തില്‍ സൂചിപ്പിക്കാവൂ.
നവ, സമൂഹ മാധ്യമങ്ങളോ, ഇന്റര്‍നെറ്റ് ലഭ്യതയോ ഇല്ലാതിരുന്ന കാലത്ത്, അന്നത്തെ പ്രധാന ആശയ വിനിമയ മാധ്യമങ്ങളായ ടെലിവിഷന്‍, റേഡിയോ, പത്രം തുടങ്ങിയവയിലൂടെ ഞങ്ങള്‍ നടത്തിയ പ്രചരണം അങ്ങേയറ്റം ഫലം കണ്ടെന്നു തന്നെ പറയാം. അത് പരസ്യത്തിലൂടെയും അതിലുപരിയായി, ആ ഉത്പന്നത്തോട് ഞങ്ങള്‍ പുലര്‍ത്തിയ നീതിയും, ആത്മവിശ്വാസവും ജനങ്ങള്‍ ഏറ്റെടുത്തു എന്നതിലാണ് ഒരു സംരംഭം എന്ന നിലയില്‍ പങ്കജകസ്തൂരിയുടെ ആത്മസംതൃപ്തി.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് അവസരങ്ങളില്‍ ഒന്നാണ് മനുഷ്യന്റെ ആരോഗ്യം അല്ലെങ്കില്‍ അവന്റെ രോഗം എന്നത്. അലോപ്പതി മരുന്ന് കമ്പനികള്‍ അടക്കി വാഴുന്ന ഈ മേഖലയില്‍ ഏതാണ്ട് അര നൂറ്റാണ്ട് കാലത്തോളം ജനങ്ങളുടെ വിശ്വാസം നേടി പങ്കജകസ്തൂരി ഒരു നമ്പര്‍ വണ്‍ ബ്രാന്‍ഡ് ആയി മാറിയിരിക്കുകയാണ്. ന്യൂജെന്‍ ആരോഗ്യ രീതികളില്‍ പങ്കജകസ്തൂരിയുടെ പ്രാധാന്യത്തെക്കുറിച്ച് ഒന്ന് വിശദമാക്കാമോ?

ആരോഗ്യ രംഗത്ത് ആയുര്‍വേദം എന്ന ശീലത്തിന് മികച്ച പ്രാധാന്യം ഉണ്ടെങ്കില്‍ കൂടിയും, അലോപ്പതി, അല്ലെങ്കില്‍ ആധുനിക ചികിത്സ സമ്പ്രദായത്തെ നമുക്ക് ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല. ചികിത്സ ശാസ്ത്രങ്ങളില്‍ ഒരു അത്യഹിത സാഹചര്യം, ആധുനിക ശാസ്ത്രം കൈകാര്യം ചെയ്യും പോലെ മറ്റൊരു ചികിത്സ രീതികള്‍ക്കും സാധിക്കില്ല. ഒരു ആക്‌സിഡന്റ്, അല്ലെങ്കില്‍ മറ്റെന്തിങ്കിലും തരത്തിലുള്ള കാഷ്വാലിറ്റി കേസുകള്‍, പെട്ടെന്നു തന്നെ രോഗ നിര്‍ണയം നടത്തിയുള്ള ഫലപ്രദമായ ചികിത്സ രീതി അലോപ്പതി മരുന്നുകളിലൂടെയും ആധുനിക ശാസ്ത്രത്തിലൂടെയും മാത്രമേ സാധ്യമാകൂ. ആരോഗ്യ മേഖലയില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ, യുനാനി, നാട്ടു വൈദ്യം തുടങ്ങി എല്ലാ ചികിത്സ സമ്പ്രദായങ്ങള്‍ക്കും രീതികള്‍ക്കും അതിന്റേതായ സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെയും നമുക്ക് ഒരു ശാസ്ത്രത്തെയും കുറ്റപ്പെടുത്താനോ, തള്ളിപ്പറയാനോ, മാറ്റി നിര്‍ത്തുവാനോ സാധിക്കില്ല.

അലോപ്പതി ചികിത്സ സമ്പ്രദായം പണ്ടു മുതല്‍ തന്നെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ, അല്ലെങ്കില്‍ അവയുടെ പ്രയോജനം പരമാവധി പ്രയോജനപ്പെടുത്തിയുള്ള ചികിത്സ രീതികളിലൂടെയാണ് കടന്നു പോകുന്നത്. എന്നാല്‍ ആയുര്‍വേദ ചികിത്സ രീതിയില്‍ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ട് ഏകദേശം 30,40 വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കുമായി, ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങള്‍ ആയുര്‍വേദ ചികിത്സ രംഗത്ത് വളരെ കാര്യക്ഷമമായിത്തന്നെ ഉപയോഗിക്കുന്നുണ്ട്.

പഴയ കാലങ്ങളെ അപേക്ഷിച്ച് ഇന്ന് ഒരു ആയുര്‍വേദ ഉത്പന്നത്തിനോ മരുന്നിനോ ബന്ധപ്പെട്ട അനുമതി ലഭിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. അതേസമയത്ത് പങ്കജ കസ്തൂരി നിരവധി ആയുര്‍വേദ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുകയും, അവയെല്ലാം ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടുകയും ചെയ്തിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ തന്നെ ഇന്ന് നിരവധി പരീക്ഷണങ്ങള്‍ ആയുര്‍വേദ ഔഷധ നിര്‍മാണ രംഗത്ത് പങ്കജകസ്തൂരി നടത്തി വരുന്നുണ്ട്. കൂടാതെ, അതേ മോഡേണ്‍ പരാമീറ്റേഴ്‌സ് ഉപയോഗിച്ചുകൊണ്ട് ആയുര്‍വേദ ഔഷധ നിര്‍മാണ രംഗത്ത് നടത്തുന്ന ‘എവിഡന്‍സ് ബേസ്ഡ് ആയുര്‍വേദ’ എന്ന കണ്‍സെപ്റ്റ് ഉപയോഗപ്പെടുത്തി പങ്കജകസ്തൂരി വ്യക്തമായ പ്രാധിനിത്യത്തോടുകൂടി തന്നെ ഔഷധ നിര്‍മാണം നടത്തി വരുകയും, ആയുര്‍വേദത്തെ പ്രമോട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്.

പ്രാചീന ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന പോലെയുള്ള ഔഷധങ്ങള്‍, ഉദാഹരണത്തിന് ച്യവനപ്രാശം പോലെയുള്ള ക്ലാസിക്കല്‍ പ്രിപ്പറേഷന്‍സ് ഗണത്തില്‍പ്പെടുന്ന മരുന്നുകളൊഴിച്ച് മറ്റെല്ലാ മരുന്നുകളും ഇന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് വിപണിയില്‍ ഇറക്കുന്നത്. മോഡേണ്‍ മെഡിസിന്‍ അവലംബിക്കുന്ന എല്ലാത്തരം പരിശോധനകളും, ഉദാഹരണത്തിന് ടോക്‌സിക്കോളജി, ഫാര്‍മക്കോളജി ഇവാല്യുവേഷന്‍സ്, ആനിമല്‍ ട്രയല്‍, ഹ്യൂമന്‍ ട്രയല്‍ തുടങ്ങി എല്ലാവിധ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് ബന്ധപ്പെട്ട അതോറിറ്റികളില്‍ നിന്നും അനുമതി വാങ്ങി, പങ്കജകസ്തൂരിയുടെ ഓരോ പുതിയ ഉത്പന്നവും വിപണിയില്‍ എത്തിക്കുന്നത്. മേല്‍പ്പറഞ്ഞ എല്ലാ ക്ലിനിക്കല്‍ ഇവാല്യുവേഷനുകള്‍ക്കായുള്ള എല്ലാ സംവിധാനങ്ങളോടും കൂടിയ ക്ലിനിക്കല്‍ ലാബ് പങ്കജകസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ദിനംപ്രതി ആരോഗ്യ മേഖലയില്‍ പുതിയ മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നതിനോടൊപ്പം തന്നെ, പുതിയ രോഗങ്ങളും ഉടലെടുക്കുന്നതായി കാണാം. ആരോഗ്യ മേഖലയിലെ പുതിയ മാറ്റങ്ങളില്‍ പങ്കജകസ്തൂരി എന്ന ആയുര്‍വേദ ബ്രാന്‍ഡിന്റെ പ്രാധാന്യം എന്ത്?

1980-90 കാലഘട്ടങ്ങളില്‍ ലോകത്തെ മുഴുവന്‍ ഭീതിപ്പെടുത്തിയ എയ്ഡ്‌സ് എന്ന രോഗത്തെക്കുറിച്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ആയുര്‍വേദത്തില്‍ ഓജഃക്ഷയം എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ആധുനിക സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റം അലോപ്പതി ചികിത്സ രീതികളെ പോലെ തന്നെ ആയുര്‍വേദവും നടത്തി വരുന്നുണ്ട്. കഴിഞ്ഞ ചുരുങ്ങിയ കാലയളവില്‍ തന്നെ നിരവധി വൈറസ് ജന്യ രോഗങ്ങളെ നാം കണ്ടു. ചിക്കുന്‍ഗുനിയ, നിപ്പ, സാര്‍സ്, മാര്‍സ്, കൊവിഡ്, അവസാനമായി കുരങ്ങു പനി, തുടങ്ങി നമ്മെ ഭീതിപ്പെടുത്തിയ രോഗങ്ങള്‍ നിരവധിയാണ്. ഈ രോഗങ്ങള്‍ക്കെല്ലാം, അലോപ്പതിയിലെന്ന പോലെ തന്നെ ആയുര്‍വേദത്തിലും ഒരു പരിധി വരെ പരിഹാരമുണ്ട്. അത് ശാസ്ത്രീയ അടിത്തറയോടെ ആധുനിക തലമുറയെ പരിചയപ്പെടുത്തി പ്രയോജനപ്പെടുത്തണമെന്ന് മാത്രം.

ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ നില്‍ക്കുന്ന സമയത്ത്, കൊവിഡ് ചികിത്സയ്ക്കായുള്ള ആയുര്‍വേദ മരുന്നിന്റെ ലോകത്തിലെ തന്നെ ആദ്യത്തെ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത് പങ്കജകസ്തൂരിയാണ്. അതുപോലെ തന്നെ ആധുനിക രോഗങ്ങള്‍ക്കുള്ള മറ്റു മരുന്നുകളും എവിഡന്‍സ് ബേസ്ഡ് ആയുര്‍വേദ എന്ന കണ്‍സെപ്റ്റില്‍ പങ്കജകസ്തൂരി ശാസ്ത്രീയ പരിശോധന നടത്തുകയും, അനുമതിയോടെ വിപണിയിലിറക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ ഘട്ടങ്ങളില്‍ കൊവിഡ് ബാധിച്ചവര്‍ക്ക് സൗജന്യ ചികിത്സ നല്‍കി പങ്കജകസ്തൂരിക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കാന്‍ സാധിച്ചത് അഭിമാനമായി ഞാന്‍ കണക്കാക്കുന്നു.

ആയുര്‍വേദം എന്നത് ഒരു കാലഹരണപ്പെട്ട ഒന്നാണ് എന്ന രീതിയിലുള്ള പല കുപ്രചരണങ്ങളും കാലാകാലങ്ങളായി നമ്മുടെ നാട്ടില്‍ കണ്ട് വരുന്നുണ്ട്. എന്താകാം ഇതു പോലുള്ള സ്മീര്‍ ക്യാമ്പയിനുകള്‍ക്ക് കാരണം?

കുപ്രചരണങ്ങള്‍ ഉണ്ടായിട്ടുള്ളത് ആയുര്‍വേദത്തിനെതിരായി മാത്രമല്ല. എല്ലാ ചികിത്സ രീതികള്‍ക്കുമെതിരെ ഇതുപോലുള്ള സ്മീര്‍ ക്യാമ്പയിനുകള്‍ ഉണ്ടായിട്ടുണ്ട്. 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ട ആയുര്‍വേദം, ഇന്നും ജനങ്ങള്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍, ആയുഷ് എന്ന പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അതിനെ പ്രൊമോട്ട് ചെയ്യുന്നെങ്കില്‍ മറ്റെല്ലാ ചികിത്സ രീതികളെ പോലെ തന്നെ ആയുര്‍വേദത്തിനും അതിന്റേതായ മഹത്വമുണ്ട്, പ്രാധാന്യമുണ്ട്.

മനുഷ്യ ജീവനും, ആരോഗ്യത്തിനും ഗുണകരമല്ലാത്ത ഒരു ശാസ്ത്രമോ, ചികിത്സ രീതിയോ ലോകത്ത് നിലനില്‍ക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഒരു ഡോക്ടറായി സേവനം ആരംഭിക്കുന്നത് 1983 കാലഘട്ടത്തിലാണ്. ആ കാലയളവിലുള്ള ചികിത്സ രീതികളോ, മരുന്നുകളോ അല്ല ഇന്ന് നിലവിലുള്ളത്. കയ്‌പേറിയ കഷായങ്ങളും, മരുന്നുകളും ബുദ്ധിമുട്ടി കഴിക്കേണ്ടിയിരുന്ന സാഹചര്യത്തില്‍ നിന്നും, ക്യാപ്‌സ്യൂള്‍, സിറഫ്, ചൂര്‍ണം എന്നീ നിലയിലേക്ക് ആയുര്‍വേദം മാറിയിരിക്കുന്നു.

ആയുര്‍വേദം ജനങ്ങള്‍ക്ക് ഉപകാരപ്രദമല്ലായിരുന്നു എങ്കില്‍ ഇത്തരത്തിലൊരു മാറ്റത്തിലേക്ക് ഈ ചികിത്സ രീതി മാറുമെന്ന് ഞാന്‍ കരുതുന്നില്ല. പങ്കജകസ്തൂരി റിസര്‍ച്ച് ഫൗണ്ടേഷനു കീഴില്‍ വികസിപ്പിച്ച പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള മോളിക്യൂള്‍സിന് പേറ്റന്റിന് അപേക്ഷിച്ചു കഴിഞ്ഞു. കൂടാതെ ആയുര്‍വേദിക് ബ്രോഡ് സ്‌പെക്ട്രം ആന്റി ബയോട്ടിക്കുകളും പങ്കജകസ്തൂരി ഡെവലപ് ചെയ്തു കഴിഞ്ഞു. കൂടാതെ 56 രോഗങ്ങള്‍ക്ക് സര്‍ജറി ചെയ്യാന്‍ ആയുര്‍വേദത്തില്‍ ബിരുദാന്തര ബിരുദമുള്ള ഡോക്ടര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി കഴിഞ്ഞു. എന്നാല്‍ മരവിപ്പിക്കല്‍ ഇന്നും മോഡേണ്‍ മരുന്നുകള്‍ ഉപയോഗിച്ചാണ് നടക്കുന്നത്. അതിന് പരിഹാരമായി ആയുര്‍വേദ മരുന്നുകള്‍ മാത്രം കൊണ്ടുള്ള അനസ്തീഷ്യ ഇന്‍ജെക്ഷനും, ജല്ലിനും ഞങ്ങള്‍ രൂപം കൊടുക്കുകയും അതിന്റെ Phase 1, Clinical Trial പൂര്‍ത്തിയാകുകയും, Phase 2 & 3 Trial നടന്നുവരുകയും ചെയ്യുന്നു.

ലോകത്തെ ആദ്യത്തെ ആയുര്‍വേദ അനസ്തീഷ്യ മരുന്നായി അധികം വൈകാതെ അത് പുറത്തുവരും. ഈ നിലവാരത്തിലേക്ക് ആയുര്‍വേദ ചികിത്സ രീതി വളര്‍ന്നിട്ടുണ്ട് എങ്കില്‍ ആയുര്‍വേദത്തിന് എതിരായി നടക്കുന്ന സ്മീര്‍ ക്യാമ്പയിനുകള്‍ ഫലം കണ്ടിട്ടില്ല എന്നതാണ് മനസിലാക്കേണ്ടത്. കൂടാതെ ഇനി വരാനിരിക്കുന്നത് ആയുര്‍വേദത്തിന്റെ കാലഘട്ടമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button