പ്രചോദിപ്പിച്ചും സാന്ത്വനമേകിയും വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍
ചുറ്റും എന്തൊക്കെ സംഭവിക്കുന്നുവെന്ന് പറഞ്ഞാലും അതിലേക്കൊന്നും മനസിനെ എത്തിക്കാന്‍ കഴിയാത്ത ഒരവസ്ഥയുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് നല്ലൊരു സൈക്കോളജിസ്റ്റിന്റെ ആവശ്യം വരുന്നത്. മനസിനെ അറിഞ്ഞ്, അസ്വസ്ഥമായ മാനസികാവസ്ഥയില്‍ നിന്ന് ഒരാളെ മാറ്റിയെടുക്കുന്നതിന് ഒരു സൈക്കോളജിസ്റ്റിന് സാധിക്കും. തിരുവന്തപുരത്തെ ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍ ചെയ്യുന്നത് ഇത്തരത്തില്‍ മനസിനെ പഠിക്കുകയും ഒരു വ്യക്തിയുടെ യഥാര്‍ത്ഥ മാനസികാവസ്ഥയിലേക്ക് അയാളെ തിരിച്ചുകൊണ്ടുവരികയുമാണ്. ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍ സി.ഇ.ഒ അഞ്ജലി പ്രസാദ് കേരളത്തിലെ അറിയപ്പെടുന്ന സൈക്കോളജിസ്റ്റും ക്ലിനിക്കല്‍ ഹിപ്നോതെറാപ്പിസ്റ്റുമാണ്. കടന്നു വന്ന വഴികളെ കുറിച്ചും ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍ എന്ന തന്റെ സ്ഥാപനത്തെക്കുറിച്ചും അഞ്ജലി മനസ് തുറക്കുന്നു…
ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍ എന്നത് ഒരു പ്രചോദനത്തില്‍ ഉള്‍ക്കൊണ്ടുള്ള മുന്നേറ്റമായിരുന്നു. എങ്ങനെയായിരുന്നു ഏഞ്ചല്‍സ് മൈന്‍ഡ് കെയറിലേക്കുള്ള യാത്ര?
എന്റെ വിവാഹം കഴിഞ്ഞ സമയത്താണ് ഞാന്‍ ഉഗാണ്ടയിലേക്ക് താമസം മാറിയത്. നമ്മുടെ നാടുമായി താരതമ്യം ചെയ്യുമ്പോള്‍ അവിടെ ഒരുപാട് വ്യതാസങ്ങളുണ്ട്. ആ സമയത്താണ് മുയലുകളെ വളര്‍ത്തണമെന്നുള്ള എന്റെ പഴയ ആഗ്രഹം ഞാന്‍ പൊടിതട്ടിയെടുക്കുന്നത്.
ആദ്യം ഭര്‍ത്താവിനോടാണ് ഇതിനെകുറിച്ച് പറഞ്ഞത്. അദ്ദേഹം മുയലിനെ വാങ്ങിത്തന്നു. മുയലിനെ വളര്‍ത്തുമ്പോള്‍ സ്വാഭാവികമായും അതിന് തീറ്റ കൊടുക്കണമല്ലോ. അങ്ങനെ മുയലിനുള്ള തീറ്റ കണ്ടുപിടിച്ചുള്ള എന്റെ യാത്ര ചെന്നെത്തിയത് അഞ്ചുവയസുകാരിയായ റഹിമയിലാണ്.
ഒരു ദിവസം വീട്ടിലേക്ക് കയറിവന്ന അവള് പിന്നീട് എന്റെ മനസിലേക്ക് തന്നെയാണ് കയറിപ്പറ്റിയത്. അവളെക്കണ്ടപ്പോള്‍ എനിക്ക് ശരിക്കും സഹതാപം തോന്നി എന്നതാണ് സത്യം. തീര്‍ത്തും ഒരു ദരിദ്ര കുടുംബത്തിലെ അംഗമെന്ന് ഒറ്റക്കാഴ്ചയില്‍ തന്നെ മനസിലാകും. കുറച്ച് നേരം ഞാന്‍ അവളെത്തന്നെ നോക്കി നിന്നു.
ഇംഗ്ലീഷ് അറിയാമായിരുന്ന അവള്‍ക്ക് എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. വിശക്കുന്നുണ്ടോ എന്ന എന്റെ പെട്ടെന്നുള്ള ചോദ്യത്തിന് ‘എനിക്ക് നന്നായി വിശക്കുന്നു’ എന്ന പൊടുന്നനെയുള്ള അവളുടെ ആ ഉത്തരം ഇന്നും മനസ്സില്‍ തങ്ങിനില്ക്കുകയാണ്. ബ്രെഡും കട്ടന്‍ ചായയും അവള്‍ക്ക് കൊടുക്കുന്ന സമയത്ത് അവളുടെ മുഖത്തെ ആ സന്തോഷം എന്നെ ഏറെ അമ്പരപ്പിച്ചു.
അന്നത്തെ ദിവസം അവള് ആകെ കഴിച്ചത് കുറച്ച് കപ്പലണ്ടി മാത്രമാണ് എന്ന് ഏറെ വേദനയോടെ അവള് പറഞ്ഞപ്പോള്‍ ഞാന്‍ എന്നിലേക്ക് തന്നെ ഒന്ന് തിരിഞ്ഞുനോക്കി. അവളുടെ അച്ഛന് എയ്ഡ്സ് വന്ന് മരിച്ചുവത്രേ. അമ്മയ്ക്ക് കുറച്ച് തയ്യലൊക്കെ അറിയാം. പക്ഷെ ജോലിക്കൊന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. അവളുടെ എട്ടുവയസുള്ള ചേട്ടനൊപ്പം കുന്നിന്മുകളില് നിന്ന് വെള്ളം ശേഖരിച്ച് അത് ഓരോ വീടുകളില്‍ കൊടുത്തിട്ടാണ് അവര്‍ ജീവിക്കുന്നത്. അവളോട് കുറച്ച് സംസാരിച്ചപ്പോള്‍ തന്നെ എന്തെന്നില്ലാത്ത ഒരടുപ്പം തോന്നി.
അങ്ങനെയാണ് അവളെ പഠിപ്പിക്കണമെന്ന എന്റെ ആഗ്രഹത്തിന് തുടക്കം. ബാഗും യൂണിഫോമുമൊക്കെ വാങ്ങിക്കൊടുത്ത് പഠിക്കാനായി സ്കൂളിലേക്ക് അയച്ചു. പഠിക്കാന്‍ തുടങ്ങിയതോടെ അവളുടെ അന്നുവരെയുണ്ടായിരുന്ന ജീവിതത്തിനു മാറ്റമുണ്ടായി. ആ മാറ്റം അവളുടെ മുഖത്ത് തിളങ്ങിനിന്നിരുന്നു. അന്ന് അവളുടെ മുഖത്ത് കണ്ട സന്തോഷത്തിന്റെ തിളക്കമാണ് മറ്റുള്ളവരെ തിരിച്ചറിയണമെന്നും അവരെ സഹായിക്കണമെന്നുമുള്ള എന്റെ ഏറെ ആഴമേറിയ ആഗ്രഹത്തിന്റെ കാതല്‍.
ആ യാത്രയാണ് ഇന്ന് ഏഞ്ചല്‍സ് മൈന്‍ഡ് കെയറിലേക്ക് എന്നെ കൊണ്ടെത്തിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ റഹിമ എന്ന ആ അഞ്ചുവയസുകാരി പെണ്‍കുട്ടി തന്നെയാണ് അനുഭവങ്ങള്‍ കൊണ്ട് എന്റെ ഗുരു, എനിക്കുള്ള പ്രചോദനവും.
ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍. നല്ല പേരാണല്ലോ?
അന്ന് റഹിമയെ ഞാന്‍ പഠിപ്പിച്ചു തുടങ്ങിയപ്പോള്‍, അവളുടെ കാര്യങ്ങള്‍ ഏറ്റെടുത്തപ്പോള്‍ അവളെക്കാളേറെ സന്തോഷിച്ചത് അവളുടെ അമ്മയാണ്. ആ സ്ത്രീ എന്നെ കാണാന്‍ വരുമ്പോള്‍ ഏറെ സന്തോഷവതിയായിരുന്നു. ഓരോ കാഴ്ചയിലും എന്റെ മുന്പില് അവരുടെ കണ്ണുകള്‍ നിറയുമായിരുന്നു.
ഉഗാണ്ടയിലുള്ള ഒരാളെ സംബന്ധിച്ചിടത്തോളം എന്റെ അഞ്ജലി എന്ന പേര് വളരെ വിചിത്രമായിരുന്നു.
റഹിമയുടെ അമ്മ അഞ്ജലി എന്ന എന്റെ പേര് പറയാന്‍ ശ്രമിക്കുമ്പോള്‍ ഏഞ്ചല്‍ എന്നാണ് പുറത്തേക്ക് വരാറുള്ളത്. അങ്ങെനയാണ് ഏഞ്ചല്‍ എന്ന പേരില്‍ എന്റെ ശ്രദ്ധ ഉടക്കുന്നത്. സ്വന്തമായി ഒരു സ്ഥാപനം തുടങ്ങിയപ്പോള്‍ അന്ന് റഹിമയുടെ അമ്മ വിളിച്ച ഏഞ്ചല്‍ എന്ന പേര് തന്നെയായിരുന്നു എന്റെ ആദ്യത്തെയും അവസാനത്തെയും ചോയിസ്.
മികച്ച രീതിയിലുള്ള കൗണ്‍സിലിംഗാണ് ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍-ന്റെ പ്രത്യേകത ?
ഒരിക്കല്‍ ഒരു യാത്രയില്‍ കണ്ടുമുട്ടിയ ഒരു ഫാദറാണ് കൗണ്‍സിലിംഗ് എന്ന ചിന്ത എനിക്കു മുന്പിലിട്ടുതന്നത്. ഒരു ഓര്‍ഫനേജില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അവിടുത്തെ അന്തേവാസികളോട് ഞാന്‍ സംസാരിക്കുന്നതും ഇടപഴകുന്നതും കണ്ടപ്പോള്‍ ആ ഫാദര്‍ എന്നോട് പറഞ്ഞത് എനിക്ക് നല്ലൊരു കൗണ്‍സിലറാകാന്‍ കഴിയുമെന്നാണ്. അങ്ങനെ പിന്നീട് സൈക്കോളജിയിലും ഹിപ്നോതെറാപ്പിയിലും പഠനങ്ങള്‍, ട്രെയിനിങ്ങുകള്‍. അവിടെ നിന്നാണ് ഇന്നത്തെ എന്നിലേക്കുള്ള യാത്ര.
ആദ്യം ഫ്രീലാന്‍സര്‍ ആയിട്ടായിരുന്നു വര്‍ക്ക് ചെയ്തത്. പിന്നീട് 2017 ലാണ് ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍ തുടങ്ങുന്നത്. പ്രധാനമായും കൗണ്‍സിലിംഗാണ് ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍ ചെയ്യുന്നത്. മനസിനെ പഠിക്കുകയും മനസിന്റെ പ്രശ്നങ്ങള്‍ അപഗ്രഥിച്ച് കൃത്യമായ ഒരു സൊലൂഷന് കണ്ടുപിടിക്കുകയുമാണ് ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍-ല്‍ ചെയ്യുന്നത്.
ഏഞ്ചല്‍സില്‍ മരുന്നുകള്‍ ഇല്ല…?
അതെ, ക്ലിനിക്കലായുള്ള ട്രീട്ട്മെന്റല്ല നമ്മള് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഒരു തരത്തിലുള്ള മരുന്നുകളും നമ്മള് ഇവിടെ വരുന്നവര്‍ക്ക് നല്‍കുന്നില്ല. മനസിനെ തിരിച്ചറിയലാണ് നമ്മുടെ പ്രാഥമിക ദൗത്യം. ഓഫ് ലൈന്‍ കൗണ്‍സിലിംഗും ഓണ്‍ലൈന്‍ കൗണ്‍സിലിംഗും ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍ ചെയ്യുന്നുണ്ട്.
ഭയം, അമിതമായ സങ്കടം, ദേഷ്യം, വിഷാദം, അഡിക്ഷന് അങ്ങനെ മാനസികമായ എല്ലാ പ്രശ്നങ്ങളെയും വളരെ വ്യക്തവും കൃത്യവുമായ രീതിയില്‍ സമീപിച്ചുകൊണ്ടാണ് ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍-ന്റെ സംവിധാനം മുന്നോട്ടുപോകുന്നത്. വിവാഹത്തിന് മുന്‍പ്, വിവാഹത്തിന് ശേഷം, ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് അങ്ങനെ ഒരു വ്യക്തിയുടെ തന്നെ പല അവസ്ഥകളില്‍ അവര്‍ കടന്നുപോകുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ എങ്ങനെയെല്ലാം അഭിമുഖീകരിക്കാം എന്നതിന് ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍-ന് കൃത്യമായ ചികിത്സാസംവിധാനങ്ങള്‍ ഉണ്ട്.
ഒരു ഉദാഹരണത്തിന്, വിവാഹമോചിതരായി കൗണ്‍സിലിംഗ് തേടി വരുന്ന കുറെ ആള്‍ക്കാരുണ്ട്. അവരുടെ ജീവിതത്തില്‍ ഒരുപക്ഷേ സംഭവിച്ച ഒരു അപാകത, അവര്‍ അവരുടെ പങ്കാളിയെ വിവാഹത്തിന് മുന്‍പ് കൃത്യമായി മനസിലാക്കിയില്ല എന്നതാണ്. നമ്മുടെ ജീവിതത്തില്‍ നമ്മള് തന്നെയാണ് പലപ്പോഴും നമ്മുടെ മനസിനെ പല അവസ്ഥകളെ അഭിമുഖീകരിക്കാനായി ക്രമീകരിച്ച് വയ്ക്കുന്നത്.ആ ക്രമീകരണത്തിലെ പാളിച്ചകളാണ് പലപ്പോഴും മനസിന്റെ താളം തെറ്റിക്കുന്നതും പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുന്നതും.
എന്തൊക്കെയാണ് ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍-ന്റെ പ്രത്യേകതകള്‍?
നേരത്തെ പറഞ്ഞത് പോലെതന്നെ പലവിധത്തിലുള്ള കൗണ്‍സിലിംഗ് പ്രോഗ്രാമുകളാണ് ഏഞ്ചല്‍സിനുള്ളത്. കരിയര്‍ സംബന്ധിതമായ കൗണ്‍സിലിംഗ്, ദമ്പതികള്‍ക്കുള്ള കൗണ്‍സിലിംഗ്, വിദ്യാര്‍ത്ഥികള്‍ക്കുള്ള കൗണ്‍സിലിംഗ്, പിന്നെ പ്രീ മാര്യേജ് കൗണ്‍സിലിംഗ്, മികച്ച പാരന്റിംഗിനുള്ള കൗണ്‍സിലിംഗ് അങ്ങനെ പല വിധത്തിലാണ് നമ്മുടെ ട്രെയിനിങ് പ്രോഗ്രാമുകള്‍ വരുന്നത്.
ഒരാളുടെ മനസ് വായിക്കാന്‍ അയാളോട് അത്രത്തന്നെ ആഴത്തില്‍ സംസാരിക്കാം എന്നതിരിക്കെ തന്നെ ഫിംഗര്‍ പ്രിന്റ് വഴിയുള്ള മാനസിക അവലോകനവും ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍ നടത്തുന്നുണ്ട്.
സംസാരിക്കുന്ന സമയത്ത് ഒരുപക്ഷേ ആ സമയത്തെ ഒരു മാനസികാവസ്ഥയ്ക്ക് വിധേയപ്പെട്ട് സംസാരിക്കുന്നതാണെങ്കിലും ഫിംഗര്‍ പ്രിന്റ് വഴിയുള്ള അവലോകനം പൂര്‍ണമായും മനസിനെ നമുക്ക് കൃത്യമായി അടയാളപ്പെടുത്തിത്തരും. ഫിംഗര്‍ പ്രിന്റ് വഴിയുള്ള അവലോകനം പല പരിശോധനകളില്‍ ഒന്ന് മാത്രമാണ്. അത്തരത്തിലുള്ള മറ്റുരീതികളും ഏഞ്ചല്‍സ് മൈന്‍ഡ് കെയറില്‍ ഒരുക്കിയിട്ടുണ്ട്.
ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍-ലെത്തുന്നവര്‍ക്ക് രണ്ടാം വരവില്‍ പറയാനുള്ളത് എന്താണ് ?
ഒരു തവണ വന്ന് കൗണ്‍സിലിംഗ് എടുത്ത് പോകുന്നവരെല്ലാം പിന്നീട് അവര്‍ക്ക് ഒരു പ്രശ്നം വരുമ്പോള്‍ ഉടനടി വിളിക്കുന്നത് എന്നെയാണ്. ആ ഒരു വിശ്വാസ്യതയും മികച്ച പ്രതികരണങ്ങളും തന്നെയാണ് ഏഞ്ചല്‍സ് മൈന്‍ഡ് കെയറിന്റെ ശക്തി. നമുക്കരികിലെത്തി മനസിനെ ധൈര്യപ്പെടുത്തി തിരിച്ചുപോകുന്നവര്‍ തന്നെയാണ് ഏഞ്ചല്‍സ് മൈന്‍ഡ് കെയറിന്റെ മാര്‍ക്കറ്റിംഗും ചെയ്യുന്നത്. അവരുടെ റെഫറന്‍സിലാണ് ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍-ലേക്ക് പലപ്പോഴും മറ്റ് ആളുകള്‍ വരുന്നത്. പലരും കത്തുകള്‍ അയക്കാറുണ്ട്, മറ്റു ചിലര്‍ സ്ഥിരമായി വിളിക്കാറുണ്ട്. പലരും അവരുടെ ജീവിതത്തിലെ ഓരോ നല്ല അവസരങ്ങളും വരുമ്പോള്‍ ഏഞ്ചല്‍സ് മൈന്‍ഡ് കെയര്‍-നെ ഓര്‍ക്കുന്നു എന്നത് തന്നെയാണ് നമുക്ക് കിട്ടുന്ന അംഗീകാരം.
എന്തൊക്കെയാണ് പുതിയ പ്രതീക്ഷകള്‍?
ഇത് എന്റെ പാഷനാണ്, എന്റെ പ്രൊഫഷനും. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്തോ അതില്‍ ഞാന്‍ പൂര്‍ണമായും സംതൃപ്തയാണ്. വിശന്നിരിക്കുന്ന ഒരാളെ കൗണ്‍സിലിംഗ് ചെയ്യാന്‍ ശ്രമിച്ചാല്‍ പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടാകില്ല. അപ്പോള്‍ പലവിധ മനസികാവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും പലര്‍ക്കും പലതരത്തിലുള്ള പ്രശ്നങ്ങള്‍ വേറെയുമുണ്ടാകും എന്ന് സാരം.
മനസ് സുഖമായിരിക്കാന്‍ മറ്റു പലകാര്യങ്ങളും സുസജ്ജമാകേണ്ടതുണ്ട്. മറ്റുള്ളവരെ സഹായിക്കുക എന്നതിലാണ് എപ്പോഴും എന്റെ ശ്രദ്ധ. അതിനുവേണ്ടിയാണ് എപ്പോഴും ശ്രമിക്കാറുള്ളതും. ഇരുട്ടില്‍ ഒരു റാന്തല്‍ വെളിച്ചവുമായി നില്ക്കാന് കഴിയുമ്പോഴാണ് ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കെത്തുന്നവരുടെ മുഖത്തെ യഥാര്‍ത്ഥ സന്തോഷം നമുക്ക് കണ്ടെത്താന്‍ കഴിയുക. ഒട്ടേറെ പ്രോജക്ടുകള്‍ മനസിലുണ്ട്. ഏഞ്ചല്‍സ് മൈന്‍ഡ് കെയറിന്റെ ഓരോ ചുവടുവെപ്പിലും ചുറ്റുമുള്ളവരെ സഹായിക്കാനുള്ള ഒരു മനസാന്നിധ്യം എന്നില്‍ പ്രകടമായിരിക്കും.