Success Story

തുടക്കം കൂലിപ്പണിയില്‍; ഇന്ന് 500 പേര്‍ക്ക് തൊഴില്‍ നല്കുന്ന സംരംഭകന്‍

ലക്ഷ്യത്തിലേക്കുള്ള ഓരോ ചെറുപടിയും ആത്മാര്‍ത്ഥതയോടെ കയറിയാല്‍ വിജയം സുനിശ്ചിതമെന്ന് തെളിയിക്കുന്നതാണ് രഞ്ജിത് കാനാവില്‍ എന്ന യുവസംരംഭകന്റെ ജീവിതം. ഒന്നുമില്ലായ്മയില്‍ നിന്നു തുടങ്ങി, മൂന്ന് സ്ഥാപനങ്ങളുടെ ഉടമസ്ഥനായി, ചുരുങ്ങിയ കാലയളവിനുള്ളില്‍ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയ അദ്ദേഹത്തിന്റെ വിജയഗാഥ ഏതൊരു സംരംഭകനെയും പ്രചോദിപ്പിക്കുന്നതാണ്.

എല്ലാ തൊഴില്‍മേഖലകളിലും ഒരുപാട് ചെറുപടികള്‍ ഉണ്ടാകും. ഉന്നതപടികളിലേക്ക് നൂലുകെട്ടി ഇറക്കാന്‍ ആളുള്ളവര്‍ മാത്രമാകും ഈ ചെറുപടികളിലെ ബുദ്ധിമുട്ടുകള്‍ അറിയാതെ പോകുന്നത്. അങ്ങനെയുള്ളവര്‍ പിന്നീട് കമിഴ്ന്നടിച്ച് വീഴുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ, അതിനര്‍ത്ഥം ചെറുപടികളില്‍ കൂടാരംകെട്ടി പാര്‍ത്തുകൊള്ളണം എന്നല്ല. ഓരോ ചെറുപടിയിലും ആത്മാര്‍ത്ഥതയും തൊഴില്‍ വൈദഗ്ധ്യവും തെളിയിച്ചുകൊണ്ട് മുന്നേറണം. അങ്ങനെയുള്ളവര്‍ക്കു മാത്രമേ ഭാവിയില്‍ ആത്മാഭിമാനത്തോടെ വിജയം നിലനിര്‍ത്താന്‍ കഴിയൂ. അത്തരത്തില്‍ വിജയം കൊയ്ത രഞ്ജിത് കാനാവില്ലിന്റെ പച്ചയായ ജീവിതമാണ് ഇവിടെ നിങ്ങള്‍ വായിക്കാന്‍ പോകുന്നതും…

തിരുവനന്തപുരം ജില്ലയില്‍ മലയിന്‍കീഴിനടുത്ത് മലയത്ത് സദാശിവന്റെയും ശാന്തയുടെയും മകനായി ജനിച്ച രഞ്ജിത് കൂലിപ്പണിയെയാണ് ആദ്യം ഉപജീവനമാര്‍ഗമായി തിരഞ്ഞെടുത്തത്. മുകളില്‍ പ്രതിപാദിച്ച ആത്മാര്‍ത്ഥത അന്നു മുതല്‍ രഞ്ജിതിനെ തുണച്ചു തുടങ്ങി. നിര്‍മാണ ജോലികള്‍ ഏറ്റെടുത്തു, സ്വന്തം നിലയില്‍ ജോലി ചെയ്തു തുടങ്ങിയ രഞ്ജിത്്, ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ എല്ലാ നിര്‍മാണ സംബന്ധിത ജോലികളും 30 ദിവസം കൊണ്ട് വിജയകരമായി പൂര്‍ത്തിയാക്കി വാര്‍ത്തകളില്‍ ഇടംപിടിച്ചു. അത് രഞ്ജിതിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവ് സൃഷ്ടിക്കുകയായിരുന്നു.

കോണ്‍ട്രാക്ടര്‍മാരായ മാതൃസഹോദരനായ ദേവദാസ്, പിതൃസഹോദരനായ ആനന്ദന്‍ എന്നിവരുടെയും എന്‍ജിനീയറായ ശ്യംലാലിയുടെയും പിന്തുണയാണ് ആ ആദ്യ ചുവടുവെയ്പുകളില്‍, 15-ാം വയസ്സില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട രഞ്ജിത്തിന് ബലം പകര്‍ന്നത്.

പത്താം സ്റ്റാന്റേര്‍ഡില്‍ പഠിക്കുമ്പോഴാണ് മാതാപിതാക്കളുടെ വിയോഗം. പിന്നീട്, 2010-ല്‍ രഞ്ജിത് എസ്.എസ്.എല്‍.സി പരീക്ഷ എഴുതി വിജയിച്ചു. തുടര്‍ന്ന്, പ്ലസ് ടു. അതിനു പിന്നാലെ സിവില്‍ ഡ്രാഫ്റ്റ്മാന്‍ കോഴ്‌സ്. കേരള യൂണിവേഴ്‌സിറ്റിയ്ക്കു കീഴില്‍ കോമേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍.
‘കാനാവില്‍’ എന്ന ബ്രാന്‍ഡ് നാമത്തില്‍ 500-ഓളം തൊഴിലാളികളുമായി, നിര്‍മ്മാണ സംബന്ധിയായ മൂന്ന് സ്ഥാപനങ്ങളാണ് രഞ്ജിത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ പുളിയറക്കോണം പറമ്പുമുക്കില്‍ കാനാവില്‍ ടൈല്‍സ് എന്ന ടൈല്‍സ് ആന്‍ഡ് പ്ലംബിങ് ഷോപ്പ്, വെള്ളനാട്ടില്‍ കാനാവില്‍ ഇന്റര്‍ലോക്ക് കമ്പനി, ചുരുങ്ങിയ ചെലവില്‍ മനോഹരങ്ങളായ ലക്ഷണമൊത്ത വീടുകളും വില്ലകളും നിര്‍മിച്ചു കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ശോഭിച്ചു നില്ക്കുന്ന കാനാവില്‍ ബില്‍ഡേഴ്‌സ് എന്നിവയാണ് അവ. ജീവരക്തത്തെ വിയര്‍പ്പുതുള്ളികളാക്കി പൊഴിച്ച, രഞ്ജിത് കാനാവില്‍ എന്ന യുവസംരംഭകന്റെ നല്ല ഉറപ്പുള്ള 14 വര്‍ഷങ്ങളിലെ അദ്ധ്വാനമാണ് ഈ ഓരോ സ്ഥാപനത്തിന്റെയും അടിത്തറ.

രഞ്ജിത്തിന്റെ ബിസിനസ് സാമ്രാജ്യത്തെ മുന്നോട്ടു നയിക്കുന്നതില്‍ അദ്ദേഹത്തിന്റെ ഭാര്യ മായയുടെ കഴിവും അര്‍പ്പണബോധവും എടുത്തുപറയേണ്ടതാണ്. ടൈല്‍സ് ഷോപ്പിന്റെ ചുമതല വഹിക്കുന്നത് മായയാണ്. മാറി വരുന്ന ട്രെന്‍ഡുകള്‍ക്കു അനുസരിച്ചു സ്ഥാപനത്തെ മെച്ചപ്പെടുത്താന്‍ അവര്‍ക്കു കഴിയുന്നു.

അനുജന്‍ രജിത്തും രഞ്ജിത്തിനൊപ്പം ബിസിനസ് പങ്കാളിയായി കൂടെയുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്കു താങ്ങും കരുത്തുമായി സിന്ധു സക്കറിയ, നിക്‌സണ്‍ ജോര്‍ജ് എന്നിവരുടെ സാന്നിധ്യം കാനാവില്‍ ഗ്രൂപ്പിനെ അനുദിനം പുരോഗതിയിലേയ്ക്ക് ഉയര്‍ത്തുന്നു.

ദൈവികമൂല്യങ്ങള്‍ പിന്തുടരുന്നതാണ് തന്റെ വിജയത്തിന്റെ പ്രധാന കാരണമെന്നും രഞ്ജിത് ഉറച്ചു വിശ്വസിക്കുന്നു. വീടിനു കല്ലിടുമ്പോഴും കുറ്റിയടിക്കുമ്പോഴുമെല്ലാം ഉടമസ്ഥരില്‍ നിന്നു ദക്ഷിണയായി ലഭിക്കുന്ന തുക കൊണ്ട് നിര്‍ധനരായ ആള്‍ക്കാരുടെ പട്ടിണി മാറ്റിയിട്ടുണ്ട്. ആ പതിവ് തുടങ്ങിയതിനു ശേഷമാണ് കൂടുതല്‍ വര്‍ക്കുകള്‍ ലഭിച്ചു തുടങ്ങിയതെന്ന് രഞ്ജിത് നന്ദിയോടെ ഓര്‍ക്കുന്നു.

ഭവനരഹിതര്‍ക്കായുള്ള ലൈഫ് പദ്ധതിയില്‍ നിന്ന് അനുവദിക്കപ്പെടുന്ന പണംകൊണ്ടുതന്നെ വീടുവെച്ച് നല്‍കിയും, ആഘോഷനാളുകളില്‍ നിര്‍ധനര്‍ക്ക് വസ്ത്ര – ആഹാര കിറ്റുകള്‍ വിതരണം ചെയ്തും രഞ്ജിത് സഹജീവികളോടുള്ള കര്‍ത്തവ്യം നിറവേറ്റുന്നു.

ക്രിസ്തീയ വിശ്വാസിയായ രഞ്ജിത്, താന്‍ വിശ്വസിക്കുന്ന സഭകള്‍ക്ക് വേണ്ടി, സ്വന്തം കാര്യം മറന്ന് നിരവധി സഹായങ്ങള്‍ ചെയ്യാറുണ്ട്. അതിന്റെ പ്രതിഫലനമാണ് തന്റെ വളര്‍ച്ചയെന്നും അദ്ദേഹം വിശ്വസിക്കുന്നു. ദൈവവിശ്വാസം, ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാര്‍ത്ഥത, അര്‍പ്പണബോധം എന്നീ മൂന്ന് ഘടകങ്ങളാണ് തന്നെ ഈ തലത്തിലേക്ക് ഉയര്‍ത്തിയതെന്ന് രഞ്ജിത് കാനാവില്‍ അഭിമാനപൂര്‍വം വിശ്വസിക്കുന്നു.

വെള്ളനാടില്‍ ഒരു പുതിയ ടൈല്‍സ് ഷോപ്പ് ആരംഭിക്കുക എന്നതാണ് എന്നതാണ് രഞ്ജിത്തിന്റെ അടുത്ത ദൗത്യം. അതിനായുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. പുളിയറക്കോണത്ത് സ്ഥിതി ചെയ്യുന്ന ടൈല്‍സ് ഷോപ്പിനോടു ചേര്‍ന്ന് പെയിന്റ് ഷോപ്പ് കൂടി ആരംഭിക്കാനും പദ്ധതിയുണ്ട്. അദ്ദേഹത്തിന്റെ സംരംഭക ജീവിതത്തില്‍ പൊന്‍തൂവലുകളായി ഈ സ്ഥാപനങ്ങളും മാറുമെന്നതില്‍ സംശയമില്ല.

പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടിയാണ് രഞ്ജിത് കാനാവില്‍ ഇവിടം വരെയെത്തിയത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ആവശ്യമായ പിന്തുണ ലഭിക്കാറില്ലെന്നാണ് സംരംഭകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പരാതി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സമയമാത്ര പ്രസക്തമായി അപേക്ഷകള്‍ പരിഗണിക്കാത്തതും ഉദ്യോഗസ്ഥരുടെ കൈക്കൂലി മോഹവും പലരുടേതുംപോലെ തന്റെ ബിസിനസ്സിനെയും ബാധിക്കാറുണ്ടെന്ന് രഞ്ജിത് പറയുന്നു.

ഒട്ടേറെ ബുദ്ധിമുട്ടുകളിലൂടെയാണ് രഞ്ജിത്തും സഹോദരങ്ങളായ രമ്യ, രജിത്ത് എന്നിവരും വളര്‍ന്നത്. അതുകൊണ്ടുതന്നെ, പാവപ്പെട്ടവരുടെ പ്രയാസങ്ങളും വിഷമതകളും ഹൃദയം കൊണ്ടറിയാന്‍ രഞ്ജിത്തിനു കഴിയുന്നു. തന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും അത്തരക്കാര്‍ക്കു വേണ്ടി ചെലവിടാന്‍ മടിക്കാത്തതിനു കാരണവും അതുതന്നെ.

മക്കളുടെ ജനനത്തോടെയാണ് തന്റെ ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വന്നു ചേര്‍ന്നതെന്ന് രഞ്ജിത്ത് വിലയിരുത്തുന്നു. ഒന്നുമില്ലായ്മയില്‍ നിന്നു പുതിയ സാധ്യതകള്‍ കണ്ടെത്തി, അവ പരമാവധി ഉപയോഗപ്പെടുത്തിയതാണ് ആ സംരംഭകന്റെ വിജയം. ഇനിയും ഒരുപാട് ദൂരം മുന്നേറാനുണ്ട്. ആ വഴികളില്‍ തണല്‍ വിരിച്ചു ആത്മധൈര്യമേകാന്‍, അദ്ദേഹത്തിനു കൂട്ടായി കുടുംബവും അദ്ദേഹം കണ്ണീരൊപ്പിയ നിരവധി പേരുടെ പ്രാര്‍ത്ഥനകളും മതിയാകും.

കുടുംബം: ഭാര്യ മായ.
മക്കള്‍: രഖിന്‍ രഞ്ജിത്, രകിനാ രഞ്ജിത്‌

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button