പോരാട്ടത്തിന്റെ പെണ്‍കരുത്ത്
ബൗദ്ധിക തലത്തിലും കായിക മേഖലയിലുമെല്ലാം സ്ത്രീകള്‍ വളരെയേറെ മുന്നിട്ടു നില്ക്കുന്ന ഒരു കാലഘട്ടത്തിന്റെ ഭാഗമാണ് നാമെല്ലാവരും. എന്നിരുന്നാലും ഉന്നതമായ പദവികളിലെത്തുന്ന സ്ത്രീകള്‍ വളരെ വിരളമാണ്. അതിന്റെ കാരണങ്ങള്‍ക്ക് പല ന്യായീകരണങ്ങളുണ്ടെങ്കിലും ഇന്നും ചര്‍ച്ചകളില്‍ മാത്രം ഒരുങ്ങുന്ന ഒരു വിഷയമായി മാത്രം അത് അവശേഷിക്കുന്നു.
ജീവിതത്തിലും കാഴ്ചപ്പാടുകളിലുമെല്ലാം ഉയര്‍ന്ന ചിന്താഗതിയും മൂല്യവും ആത്മവിശ്വാസവും കാത്തുസൂക്ഷിക്കുന്ന ഏതൊരു വനിതയ്ക്കും ജീവിതത്തില്‍ പിന് വാങ്ങേണ്ട സന്ദര്‍ഭം ഉണ്ടാകുന്നില്ല. അതിനു വേണ്ടത് പ്രതിസന്ധികളെ തരണം ചെയ്യുവാനുള്ള മനസ്സും വിജയത്തിനായുള്ള നിരന്തരമായ പരിശ്രമവുമാണ്. അത്തരത്തില്‍, തന്റെ ജീവിതത്തിലും പ്രൊഫഷനിലും നേട്ടം കൈവരിച്ച മലബാറിന്റെ സ്വന്തം പുത്രി നുസ്രത്ത് ജഹാന്റെ ജീവിതത്തിലൂടെ….
വിദ്യാര്‍ത്ഥി രാഷ്ട്രീയമോ പൊതുപ്രവര്‍ത്തന രംഗത്തു മുന്പരിചയമോയില്ലാതെ, വ്യക്തമായ കാഴ്ചപ്പാടും ദൃഢനിശ്ചയവുമായി, സാമൂഹ്യ പ്രവര്‍ത്തന രംഗത്തേക്ക് യാദൃശ്ചികമായി കടന്നുവരുകയും കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍കൊണ്ട് തന്റെ പ്രവര്‍ത്തനമേഖലയില്‍ സ്വന്തമായൊരു പ്രതിച്ഛായ സൃഷ്ടിച്ചു വ്യക്തി മുദ്ര പതിപ്പിച്ച വനിതയാണ് നുസ്രത്ത് ജഹാന്. ‘കോഴിക്കോടിന്റെ മകള്‍’ എന്നറിയപ്പെടാനാണ് പ്രതികരണ ബോധത്തിന്റെ ഈ പെണ്‍കരുത്തിന് താത്പര്യം.
മലബാറിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിലായിരുന്നു ജനനം. ആധുനിക ചിന്താധാര കാത്തുസൂക്ഷിക്കുന്ന മാതാപിതാക്കളുടെ പുത്രിയായി ജനിക്കുവാനുള്ള ഭാഗ്യം… പ്രവാസിയായ എടക്കുന്നിമ്മല് മുഹമ്മദിന്റെയും നബീസുമ്മയുടെയും നാലു മക്കളില്‍ മൂത്തവള്‍. മാതാപിതാക്കളുടെ ജീവിത രീതി കണ്ടു വളര്‍ന്നത് കൊണ്ടാകാം, കുഞ്ഞായിരുന്നപ്പോള്‍തന്നെ ധൈര്യശാലിയും സാഹചര്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാത്ത മനോഭാവമുള്ളവളുമായി നുസ്രത്ത് മാറിയത്.
തന്റെ മക്കള്‍ക്ക് ഉയര്‍ന്ന ജീവിത സൗകര്യങ്ങളും നിലവാരമുളള വിദ്യാഭ്യാസവും നല്‍കുന്നതിനൊപ്പം കുഞ്ഞുനാള് മുതലേ അവരെ സ്വയം പ്രാപ്തരാക്കി വളര്‍ത്താനായിരുന്നു പിതാവ് എടക്കുന്നിമ്മല് മുഹമ്മദ് ശ്രമിച്ചിരുന്നത്. പെണ്ണാണ്, അതുകൊണ്ട് മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കാതെ സ്വന്തം കാലില്‍ നിന്നും തലകുനിക്കാതെ ജീവിക്കാനുള്ള ആത്മധൈര്യം നുസ്രത്ത് ജഹാനു കൈമുതലായി കിട്ടിയത് അച്ഛന്റെ വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നുമായിരുന്നു.
1980ല്‍ പിതാവ് വിദേശത്ത് വച്ച് അന്തരിച്ചു. പിതാവിന്റെ മരണശേഷം നുസ്രത്തിനു കരുത്തു പകര്‍ന്നത്, ഉരുക്ക് വനിതയായ ഇന്ദിരാഗാന്ധിയെ ഏറെ ഇഷ്ടപ്പെടുകയും മാതൃകയാക്കുകയും ചെയ്തിരുന്ന അവരുടെ ഉമ്മ നബീസുമ്മയായിരുന്നു.
പഠനം…
സ്വഭാവത്തിലും വസ്ത്രധാരണത്തിലുമെല്ലാം വ്യത്യസ്ഥതയും പുതുമയും കാത്തു സൂക്ഷിച്ച ആ മാതാപിതാക്കള്‍ മക്കള്‍ക്കു നിലവാരമുള്ള വിദ്യാഭ്യാസം നല്കാന് ശ്രദ്ധിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ് മീഡിയം കോണ്‍വെന്റ് സ്കൂളിലായിരുന്നു നുസ്രത്തിന്റെ സ്കൂള്‍ പഠനം. ശേഷം, ഡിഗ്രി കറസ്പോണ്ടന്‍സ് കോഴ്സായി പഠിയ്ക്കാന്‍ തീരുമാനിച്ചു.
അങ്ങനെയിരിക്കവെയാണ് യാദൃശ്ചികമായി എയര്‍ലൈന്‍സിന്റെ ഒരു വാക്ക്-ഇന്‍-ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. സംഭാഷണത്തിലും വസ്ത്രധാരണത്തിലുമുള്ള മികവും ഇന്റര്‍വ്യൂവിലെ പെര്‍ഫോമന്‍സും ഒത്തു ചേര്‍ന്നപ്പോള്‍ നുസ്രത്ത്് ജഹാന്റെ മുന്നില്‍ എയര്‍ലൈന്‍സ് മേഖലയിലേക്കുള്ള വാതായനം തുറക്കപ്പെട്ടു.
ജോലിയോടൊപ്പം ഡിഗ്രിയും പൂര്‍ത്തീകരിച്ചു. പിന്നീട് ഏവിയേഷന്‍ സെക്യൂരിറ്റി എന്ന വിഷയത്തില്‍ ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ബി.എ. കൂടുതലായും വിദേശികള്‍ മാത്രം തിരഞ്ഞെടുത്ത് പഠിക്കുന്ന ആ കോഴ്സ് ചെയ്യാനായത് തന്റെ കരിയറിലെ മികച്ച നേട്ടമായിത്തന്നെ അവര്‍ വിശ്വസിക്കുന്നു. പിന്നീടൊരിക്കലും പ്രൊഫഷനിലോ ജീവിതത്തിലോ നുസ്രത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വ്യോമയാന രംഗത്ത് മേഖലയില്‍ ഉന്നതമായ വിവിധ പദവികള്‍ അലങ്കരിച്ചു ശോഭിക്കാന്‍ അവര്‍ക്ക് സാധ്യമായി. ഒമ്പതോളം വരുന്ന വിവിധ എയര്‍ലൈനുകളില്‍ ജോലി ചെയ്തു. ആ മേഖലയിലെ ഏറ്റവും ഉന്നത പദവിയായ കണ്ട്രി മാനേജര്‍ തസ്തിക വരെ എത്താന്‍ ആ മലബാറുകാരിക്ക് കൂട്ടായത് ആത്മവിശ്വാസം മാത്രമാണ്.
സാമൂഹ്യ പ്രവര്‍ത്തന രംഗത്തേക്ക്…
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ കണ്ട്രി മാനേജറായി ജോലി ചെയ്യുന്ന വേളയിലാണ് കിംഗ്ഫിഷര്‍ അടച്ചുപൂട്ടലില്‍ എത്തുന്നത്. അതിനെത്തുടര്‍ന്ന്, ജോലിയില്‍ നിന്നും വിട്ടുമാറി. വീണ്ടും മറ്റൊരു എയര്‍ലൈന്‍സില്‍ ജോലി ചെയ്യാന്‍ അവര്‍ തയ്യാറായില്ല.
ജോലി ചെയ്ത് തീര്‍ക്കാനുളളതല്ല ജീവിതമെന്ന് തോന്നിത്തുടങ്ങിയ നിമിഷങ്ങളായിരുന്നു അത്. തന്റെ നിലവിലെ കരിയറില്‍ നുസ്രത്തിനു അത്രത്തോളം അസംതൃപ്തി തോന്നിയിരുന്നു. താന്‍ ഇവിടെ ജീവിച്ചു എന്നതിന് ഒരു കയ്യൊപ്പ് നല്‍കിയിട്ട് പോകണമെന്ന ഉറച്ച തീരുമാനമാണ് നുസ്രത്തിനെ സാമൂഹ്യ പ്രവര്‍ത്തന മേഖലയിലേക്ക് എത്തിച്ചത്.
പ്രവാസികളെയും പ്രവാസ ജീവിതത്തെയും തന്റെ ജീവിതത്തിന്റെ ഭാഗമായി കണ്ടിരുന്ന നുസ്രത്തിനു വ്യോമയാന രംഗത്തെ ജോലിയിലൂടെ അവരുടെ ദുരിതങ്ങളെയും പ്രശ്നങ്ങളെയും കുറിച്ചു നല്ല ബോധ്യമുണ്ടായിരുന്നു. അങ്ങനെ, പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചു.
പ്രവാസികളുടെ വിഷയത്തില്‍ മാത്രമല്ല, പൊതുജനങ്ങളെ ബാധിക്കുന്ന ഏതൊരു പ്രശ്നത്തിനും പരിഹാരം കാണാനും നാട്ടിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍നിരയില്‍ ഇന്ന് നുസ്രത്ത് ജഹാനുണ്ട്. കോഴിക്കോട് എയര്‍പോര്‍ട്ട് അടച്ചിട്ടപ്പോള്‍ അതിനെതിരെ സമരം ചെയ്യാനും അതിലൂടെ സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കാനും ഈ കോഴിക്കോട്ടുകാരിക്കു കഴിഞ്ഞു.
പ്രവാസികള്‍ വിദേശത്തു വച്ചു മരിച്ചാല്‍, മൃതദേഹം തൂക്കി നോക്കി, വില കല്പ്പിച്ചു ഇന്ത്യയിലേക്ക് കൊണ്ടു വന്നിരുന്ന അവസ്ഥയാണ് കാലാകാലങ്ങളായി നിലനിന്നിരുന്നത്. അതിഭീമമായ തുകയാവും അതിനു ആവശ്യമായി വരിക. പലര്‍ക്കും ഈ തുക നല്‍കുക സാധ്യമാകില്ല. അതു കൊണ്ടു തന്നെ മൃതദേഹങ്ങള്‍ വിദേശത്തു സംസ്കരിക്കേണ്ടി വരുന്നു. പ്രവാസികളുടെ കുടുംബങ്ങള്‍ക്കും ഇതൊരു തീരാത്ത വേദന തന്നെയായിരുന്നു.
അതിന്റെ പശ്ചാത്തലത്തില്‍, മൃതദേഹങ്ങള്‍ എത്തിക്കുന്നത് സൗജന്യമാക്കാന്‍ വേണ്ടി 2018-ല്‍ ഡല്‍ഹിയിലെ ജന്ദര്‍മന്ദിറില്‍ നുസ്രത്ത് ജഹാന് നിരഹാര സമരം നടത്തി. സമരത്തിന്റെ ഏഴാം ദിവസം, മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള തുക 1500 ദിര്‍ഹമാക്കി കുറയ്ക്കാന്‍ അന്നത്തെ സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. അത് നുസ്രത്ത് ജഹാന്റെ പൊതുപ്രവര്‍ത്തനത്തിനു ലഭിച്ച വലിയൊരു അംഗീകാരം തന്നെയായിരുന്നു.
അതിനുശേഷം, 2019ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിക്കാന്‍ നുസ്രത്ത് തയ്യാറായി. ആരെയും ആശ്രയിക്കാതെ, തന്നെ വിശ്വസിക്കുന്ന കുറച്ചുപേരുടെ പിന്താങ്ങലോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്റില്‍ മത്സരിച്ചു.
ആ അവസരത്തില്‍, തന്റെ ആത്മവിശ്വാസം നശിപ്പിക്കുവാനും പിന്തിരിപ്പിക്കാനും ശ്രമിച്ച ഓരോരുത്തരോടും നുസ്രത്തിനു പറയാനുണ്ടായിരുന്നത് ഒരേ ഒരു കാര്യമായിരുന്നു. ‘ആര് പിന്തുണച്ചില്ലെങ്കിലും വോട്ട് തന്നില്ലെങ്കിലും ഇന്ത്യന്‍ പൗരന് എന്ന നിലയില്‍ തന്റെ അവകാശമായ വോട്ട് തനിക്ക് തന്നെ വിനിയോഗിക്കാം’ എന്നായിരുന്നു. ഉറച്ചതും പതറാത്തതുമായ ആ ശബ്ദം ചിലരുടെയെങ്കിലും മനസ്സില്‍ തട്ടി. പ്രചാരണ സമയത്ത് നിരവധിപേര്‍ അവര്‍ക്ക് പിന്തുണയുമായെത്തി. വിമര്‍ശിച്ചവര്‍ പോലും ഇന്ന് ഈ സ്ത്രീ സാന്നിധ്യത്തെ മാനിക്കുന്നുണ്ട്.
വളരെ ഉയര്‍ന്ന രാഷ്ട്രീയ വീക്ഷണമുള്ള ഈ വനിത സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടിയും നിരന്തരം ശബ്ദമുയര്‍ത്തുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി കുട്ടികളുടെ വിദ്യാഭ്യാസത്തെ സഹായിക്കുന്നതിനും പ്രേത്സാഹിപ്പിക്കുന്നതിനുമായി ‘ഹാപ്പി വോയിസ്’ എന്ന പേരില്‍ ഒരു എന്‍.ജി.ഒ നടത്തുകയാണ് ഇവര്‍. ആരും കാണാതെ പോകുന്നതും പ്രാധാന്യം നല്‍കാത്തതുമായ മേഖലകളില്‍ ചെന്നെത്തുവാനും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാനും നുസ്രത്ത്് ഏത് സാഹചര്യത്തിലും വിമുഖത കാട്ടാറില്ല.
ആരോരും ആശ്രയമില്ലാതെ, വിദേശ നാടുകളില്‍ കഷ്ടപ്പെടുന്ന പ്രവാസികളുടെയും തടവുപുള്ളികളുടെയും ശബ്ദിക്കുന്ന നാവായി മാറാനും അവരുടെ പ്രശ്നങ്ങള്‍ സമൂഹത്തിനും അധികാരികള്‍ക്കും മുന്നില്‍ അവതരിപ്പിച്ചു ശാശ്വതമായ പരിഹാരം കണ്ടെത്തുവാനും നുസ്രത്തിനു കഴിയുന്നു.
വെല്ലുവിളികള്‍….
2019ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ.് മലബാറിലെ ഒരു മുസ്ലിം സ്ത്രീ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന്റെ തുടക്കമായിരുന്നു അത്.
ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഈ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഇരുമ്പ് പോലെ ഉറച്ചതായിരുന്നു അവരുടെ തീരുമാനം. മറ്റൊരാള്‍ക്ക് നന്മ ചെയ്യുന്നതിലൂടെ ലഭിക്കുന്ന പ്രാര്‍ത്ഥനയാണ് ഏറ്റവും വലിയ അംഗീകാരവും പുണ്യവുമെന്നാണ് നുസ്രത്തിന്റെ വീക്ഷണം.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നാഷണല്‍ വൈസ് പ്രസിഡന്റാണ് നുസ്രത്ത് ഇപ്പോള്‍. തന്റെ സഹായം ആവശ്യമുള്ള ഏത് വ്യക്തിയെയും രാഷ്ട്രീയവും മതവും നോക്കാതെ ലക്ഷ്യം കാണുന്നതുവരെ സഹായിക്കുന്നതില്‍ ശ്രദ്ധാലുവാണ് നുസ്രത്ത്.
പെണ്ണ് രാഷ്ട്രീയത്തെ തൊടുമ്പോള്‍
തന്റെ രാഷ്ട്രീയ അനുഭവങ്ങളെ ക്രോഡീകരിച്ച് നുസ്രത്ത് രചിച്ച പുസ്തകമാണ് ‘പെണ്ണ് രാഷ്ട്രീയത്തെ തൊടുമ്പോള്‍’. നിരവധി വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്. സ്ത്രീയുടെ സ്വാതന്ത്ര്യബോധത്തെ ചങ്ങലയ്ക്കിടുന്ന മേധാവിത്വത്തിനെതിരെയുള്ള ശക്തമായ താക്കീത് കൂടിയാണ് നുസ്രത്തിന്റെ പുസ്തകം.
സ്ത്രീയെ അബലയായി ചിത്രീകരിക്കുന്ന സമൂഹത്തിനുമുന്നില്‍ വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും തന്റേടവും സമന്വയിപ്പിച്ചു പ്രതിബദ്ധങ്ങളെ അതിജീവിച്ച വനിതയാണ് നുസ്രത്ത്. സ്വന്തം നാടിനും നാട്ടുകാര്‍ക്കും വേണ്ടി ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. അനീതിയ്ക്കും അവകാശ ലംഘനങ്ങള്‍ക്കുമെതിരെയുള്ള ഉറച്ച ശബ്ദമായി, സാധാരണക്കാര്‍ക്കു വേണ്ടി ശക്തമായി പോരാടാന്‍ ഈ പെണ്‍കരുത്തിനു കഴിയട്ടെ…