കാര്യവട്ടം യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജ് IIC &EDC സെല്‍ രൂപകല്‍പ്പന ചെയ്ത് പ്രവര്‍ത്തന സജ്ജമാക്കിയ ആട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പെന്സര് കേരള യൂണിവേഴ്സിറ്റിക്ക് കൈമാറി. വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന് പിള്ള ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. അജയകുമാര്‍ പി.പി, രജിസ്ട്രാര്‍ ഡോ. സി.ആര്. പ്രസാദ്, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിഷാരത്ത് ബീവി, യു.ജി.ഡീന്‍ സൈന എ. ആര്, പി.ടി.എ വൈസ് പ്രസിഡന്റ് എം.ബി.രഘുനാഥന് എന്നിവര്‍ പങ്കെടുത്തു.
പ്രിന്‍സിപ്പല്‍ ഡോ. ബിഷാരത്ത് ബീവിയുടെ നിര്‍ദേശപ്രകാരം ലോക്ക് ഡൗണ്‍ കാലയളവില്‍ വിദ്യാര്‍ത്ഥികളിലെ നൂതനമായ ആശയങ്ങളെ വികസിപ്പിക്കുന്നതിനും സ്വയം പ്രാപ്തരാക്കുന്നതിനുമായി അദ്ധ്യാപകരായ മനു. വി. കുമാര്‍, ഡയാന മാത്യു, മെഹറുനിസ നാസിം, കണ്ണന് എസ് എന്നിവര്‍ ചേര്‍ന്നാണ് IIC &EDC രൂപീകരിച്ചത്. വിദ്യാര്‍ത്ഥികളായ കലേഷ് എസ്, അനന്ത പത്മനാഭന്, അഭിഷേക്, കെമിസ്ട്രി അദ്ധ്യാപികയായ സൗമ്യ എസ് രാജന് എന്നിവരും കൂടി ഉള്‍പ്പെട്ട ഒരു ടീം ആണ് 5 ലിറ്റര്‍ സംഭരണശേഷിയുള്ള ഡിസ്പെന്സര് നിര്‍മ്മിച്ചത്. അഡ്രിനോ ബോര്‍ഡും അള്‍ട്രാ സോണിക് സെന്‍സറും ഉപയോഗിച്ച് ഉണ്ടാക്കിയ ഈ മെഷീന് കൈ തൊടാതെ തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. 2000 പേര്‍ക്ക് വരെ ഉപയോഗിക്കാന്‍ കഴിയുന്ന ഈ മെഷീന് 2000 രൂപയാണ് നിര്‍മ്മാണച്ചെലവ്.
IIC &EDC യുടെ ആഭിമുഖ്യത്തില്‍ കോവിഡ് അനന്തര സമൂഹത്തിനായി രണ്ടു പുതിയ പ്രോജക്ടുകള്‍ കൂടി ഡിസൈന്‍ കഴിഞ്ഞ് നിര്‍മാണത്തിന് ഒരുങ്ങുകയാണ്. ഹാന്‍ഡ് സാനിറ്റൈസര്‍ മെഷീന് വേണ്ടി യൂണിവേഴ്സിറ്റിയുടെ പല ഡിപ്പാര്‍ട്ട്മെന്റുകളും ഗവണ്മെന്റ് ഓഫീസുകളും ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ IIC &EDC യുടെ സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ബിഷാരത്ത് ബീവി അറിയിച്ചു.