EntreprenuershipSuccess Story

സര്‍പ്രൈസ് എന്ന ആശയം, വിജയമായ ബിസിനസ്

കണ്ണൂരിലെ പയ്യന്നൂരില്‍ ജനിച്ചു വളര്‍ന്ന റൂബിക്ക്, ഗിഫ്റ്റുകള്‍ വ്യത്യസ്തമായി പാക്ക് ചെയ്ത് ഭര്‍ത്താവിനെ സര്‍പ്രൈസ് ചെയ്യുന്നത് ഏറെ ഇഷ്ടമായിരുന്നു. കൗതുകത്തിനും സന്തോഷത്തിനുമായി ആരംഭിച്ച ഈ ചെറിയ ശ്രമം, ഇന്ന് അവരുടെ സ്വന്തം ബിസിനസായി വളര്‍ന്നു.

നാട്ടില്‍ താമസിച്ചിരുന്ന സമയത്ത്, ദുബൈയില്‍ താമസിച്ചിരുന്ന ഭര്‍ത്താവ് കാദറിന് സര്‍പ്രൈസ് നല്‍കാന്‍ റൂബി സ്വയം തയ്യാറാക്കിയ ഭംഗിയുള്ള ഗിഫ്റ്റുകള്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൈവശം കൊടുത്തു ദുബൈയിലേക്ക് അയക്കുമായിരുന്നു. അതൊരു ഹോബിയായിരുന്നു, അവര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു ഇടവേള.

വിവാഹത്തിനു ശേഷം ദുബൈയിലെത്തിയിട്ടും ഈ താല്‍പര്യം തുടര്‍ന്നു. താന്‍ തയ്യാറാക്കുന്ന ഗിഫ്റ്റുകളും സര്‍പ്രൈസ് നിമിഷങ്ങളും റൂബി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ തുടങ്ങി. ഇത് കണ്ട പലരും ഗിഫ്റ്റുകളുടെ വിശദാംശങ്ങള്‍ ചോദിച്ചെത്തി. അങ്ങനെ, ദുബൈയില്‍ താമസിക്കുന്ന തന്റെ ഭര്‍ത്താവിന് സര്‍പ്രൈസായി ഒരു ഗിഫ്റ്റ് ഹാംപര്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട ഒരു സുഹൃത്ത് റൂബിയുടെ ആദ്യത്തെ കസ്റ്റമറായി.

ഗിഫ്റ്റ് നല്‍കുന്നതില്‍ മാത്രം ഒതുങ്ങാതെ, അത് സ്വീകരിക്കുന്ന വ്യക്തിയുടെ വികാര നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് കസ്റ്റമര്‍ക്കു കൈമാറുന്ന രീതി, റൂബിയുടെ ബിസിനസിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കി. ”ആ സന്തോഷവും തൃപ്തിയും തന്നെയാണ് എനിക്ക് പോസിറ്റീവ് എനര്‍ജി നല്‍കുന്നത്”, റൂബി പറയുന്നു. ”വീണ്ടും വീണ്ടും വ്യത്യസ്തമായ ഗിഫ്റ്റുകള്‍ ഒരുക്കാന്‍ അതാണ് എന്റെ പ്രചോദനം”.

ഇന്ന് ഗിഫ്റ്റ് ബിസിനസിലേക്കിറങ്ങുന്നവര്‍ ഏറെയുണ്ടെങ്കിലും, പലര്‍ക്കും പ്രാധാന്യം പബ്ലിസിറ്റിയ്ക്കും റീച്ചിനും മാത്രമാണെന്ന് റൂബി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ക്വാളിറ്റിയിലും കസ്റ്റമര്‍ സംതൃപ്തിയിലുമാണ് അവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. അതിനാലാണ് അവരുടെ മിക്ക കസ്റ്റമേഴ്‌സും റെഗുലര്‍ ക്ലെയ്ന്റുകളാകുന്നത്. ഓരോരുത്തരുടെയും ഇഷ്ടത്തിനും ബഡ്ജറ്റിനും അനുയോജ്യമായ കസ്റ്റമൈസ്ഡ് ഗിഫ്റ്റുകളാണ് അവര്‍ തയ്യാറാക്കുന്നത്. ‘അവര്‍ ഹാപ്പിയായാല്‍, ഞാനും ഹാപ്പിയാണ്”, അവര്‍ ചിരിച്ചുകൊണ്ട് പറയുന്നു.

ഈ ഹോബിയെ ഒരു പ്രൊഫഷനായി മാറ്റുന്നതില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയിരിക്കുന്നത് ഭര്‍ത്താവ് കാദറാണെന്ന് റൂബി അഭിമാനത്തോടെ പറയുന്നു. ഷോപ്പിംഗ് മുതല്‍ ലോജിസ്റ്റിക്‌സ് വരെ എല്ലാ കാര്യങ്ങളിലും ഒപ്പം നില്‍ക്കുന്ന കാദര്‍, അവരുടെ ശക്തമായ ‘ബാക്ക്‌ബോണാ’ണ്.

ഇന്ന് റൂബി ഭര്‍ത്താവിനും രണ്ട് കുട്ടികളുമൊപ്പം ദുബൈയില്‍ സ്ഥിരതാമസമാക്കി, സ്വന്തം ഐഡന്റിറ്റിയുള്ള ഒരു ചെറു ബിസിനസ് വിജയകരമായി മുന്നോട്ടു കൊണ്ടുപോകുകയാണ് ഒരു സര്‍പ്രൈസിലൂടെ ആരംഭിച്ച സ്വപ്‌നയാത്ര…

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button