അംബാനിയുടെ സ്വത്തില്‍ വര്‍ദ്ധന 1.20 ലക്ഷം കോടി
മുംബയ്: ഏഷ്യയിലെ ഏറ്റവും സമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ സ്വത്തില്‍ 2019ല്‍ ഡിസംബര്‍ 23വരെയുണ്ടായ വര്‍ദ്ധന 1,700 കോടി ഡോളര്‍ (ഏകദേശം 1.20 ലക്ഷം കോടി രൂപ). മൊത്തം 6,100 കോടി ഡോളറിന്റെ (4.34 ലക്ഷം കോടി രൂപ) ആസ്തി അദ്ദേഹത്തിനുണ്ട്.
ഈ വര്‍ഷം ഏഷ്യയില്‍ തന്നെ ഏറ്റവുമധികം സ്വത്ത് വര്‍ദ്ധന കുറിച്ചതും മുകേഷ് അംബാനി എന്ന 62കാരനാണെന്ന് ബ്ളൂംബെര്‍ഗിന്റെ ശതകോടീശ്വര സൂചിക വ്യക്തമാക്കുന്നു. ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മായുടെ സ്വത്തില്‍ കൂടിയത് 1,130 കോടി ഡോളറാണ്. ലോകത്തെ ഏറ്രവും സമ്പന്നനായ ജെഫ് ബെസോസിന്റെ (ആമസോണ്‍ സ്ഥാപകന്‍) ആസ്തിയില്‍ ഈ വര്‍ഷം 1,320 കോടി ഡോളറിന്റെ നഷ്ടമുണ്ടായി എന്ന കൗതുകവുമുണ്ട്.റിലയന്‍സ് ഇന്ഡസ്ട്രീസില് മുകേഷിന്റെ ഓഹരികളുടെ മൂല്യം ഈ വര്‍ഷം 40 ശതമാനം മുന്നേറിയതാണ് സ്വത്ത് കുതിച്ചുയരാന്‍ കാരണം.
പെട്രോകെമിക്കല്‍ ബിസിനസിനേക്കാള്‍ റീട്ടെയില്‍ വിഭാഗത്തിലും റിലയന്‍സ് ജിയോയിലും കൂടുതല്‍ നിക്ഷേപം നടത്തി വരുമാനവും ലാഭവും കൂട്ടാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളാണ് നേട്ടമാകുന്നത്. നിക്ഷേപകര്‍ റിലയന്‍സ് ഇന്ഡസ്ട്രീസില് പണമൊഴുക്കാന്‍ മത്സരിക്കുന്നവെന്നാണ് ഓഹരി വിപണി വ്യക്തമാക്കുന്നത്.2021ഓടെ റിലയന്‍സിനെ കടരഹിത കമ്പനിയാക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. നിലവില്‍ 1.54 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ കടബാദ്ധ്യത.