ജീവിത പ്രതിസന്ധികളില്‍ പതറാതെ ഡോ. രമണി നായര്‍
കുട്ടികളും ചെറുപ്പക്കാരും അവജ്ഞയോടെ നോക്കിക്കാണുന്ന ഒരു വിഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ് വൃദ്ധജനങ്ങള്‍. സ്വന്തം വീടുകളില്‍ പോലും സ്ഥാനമില്ലാതായി മാറുന്ന ഇവര്‍ക്ക് താങ്ങാകാനും ഒരു കൂട് ഒരുക്കാനും ഡോ രമണി നായരുടെ സ്വപ്നക്കൂടിലൂടെ സാധിക്കുന്നു.
ഡോ രമണി നായര്‍ പിന്നിട്ട വഴികളിലൂടെ… അവരുടെ ചിന്തകളിലൂടെ… മുന്നോട്ടു നയിക്കുന്ന ലക്ഷ്യങ്ങളിലൂടെ…
എങ്ങനെയാണ് സ്വപ്നക്കൂട് എന്ന ആശയം മനസ്സില്‍ വന്നത്?
ഇരുപത്തിയൊന്നാം വയസ്സില്‍ ഒരു റോഡ് അപകടത്തില്‍പ്പെട്ടാണ് മകന് മരിക്കുന്നത്. ആ ഓര്‍മകള്‍ നല്കിയ കരുത്തില്‍ നിന്നാണ് സ്വപ്നക്കൂട് എന്ന സ്ഥാപനത്തിന് രൂപം നല്‍കുന്നത്. അതിലൂടെ അശരണര്‍ക്ക് താങ്ങും തണലുമായി മാറുവാന്‍ സാധിച്ചു. ദുഃഖം കരിനിഴല്‍ വീഴ്ത്തിയ ഒരുപാട് ജീവിതങ്ങളില്‍ കാരുണ്യത്തിന്റെ വെളിച്ചം പകര്‍ന്ന അതിജീവനത്തിന്റെ സ്മാരകമാണ് സ്വപ്നക്കൂടെന്ന അഗതി മന്ദിരം.
സാമൂഹിക പ്രവര്ത്തകന് പി ബി ഹാരിസിന്റെ സഹായത്തോടെ മനസ്സിനെ സ്വസ്ഥമാക്കുവാനും ജീവിതത്തിലേക്ക് തിരിച്ചുവരാനും കണ്ടെത്തിയ വഴിയായിരുന്നു സ്വപ്നക്കൂട്. വയോധികരെ സംരക്ഷിക്കുവാനായി ഒരു ആതുരാലയം എന്നതായിരുന്നു ലക്ഷ്യം. ഒരു വര്‍ഷം കൊണ്ട് പന്ത്രണ്ട് അമ്മമാര്‍ അന്തേവാസികളായെത്തി. ഇന്ന് പതിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം സ്വപ്നക്കൂടില്‍ എഴുപത് അന്തേവാസികളുണ്ട്.
സ്വപ്നക്കൂടിന് മുന്‍പുള്ള ജീവിതം?
ഒരു െ്രെടബല്‍ മേഖലയില്‍ സ്കൂളില്‍ ടീച്ചറായി ജോലി ചെയ്ത് വരികയായിരുന്നു. ജോലി ചെയ്തിരുന്ന സ്ഥലത്ത് അശരണരായ ഒരുപാടു പേര്‍ക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ കഴിയുന്നവിധം പരിശ്രമിച്ചിരുന്നു.
സ്വപ്നക്കൂട് എന്ന സ്ഥാപനത്തിന്റെ തുടക്കം എങ്ങനെയായിരുന്നു?
പതിനഞ്ചു വര്‍ഷത്തെ സര്‍വീസ് അവസാനിപ്പിച്ചപ്പോള്‍ കിട്ടിയ തുകയും പിന്നെ കുറച്ച് ആഭരണങ്ങളും മാത്രമായിരുന്നു സ്വപ്നക്കൂട് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കയ്യിലുണ്ടായിരുന്ന മൂലധനം. അതുപയോഗിച്ച് തിരുവനന്തപുരത്ത് ഒരു കെട്ടിടം വാടകയ്ക്കെടുത്ത് ആതുരാലയം ആരംഭിച്ചു. തിരുവിതാംകൂര്‍ രാജവംശത്തിലെ അശ്വതി തമ്പുരാട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
സ്വപ്നക്കൂട് എന്ന സ്ഥാപനം മുന്നോട്ടു കൊണ്ടു പോകാനുള്ള സാമ്പത്തിക സഹായം?
സര്‍ക്കാരില്‍ നിന്നോ മറ്റു പ്രമുഖ വ്യക്തികളില്‍ നിന്നോ ഈ സ്ഥാപനത്തിന് സാമ്പത്തിക സഹായമൊന്നും ലഭിക്കുന്നില്ല. ഇപ്പോഴും എച്ച്.ഡി.എഫ്.സിയിലെ ജോലിയില്‍ നിന്ന് കിട്ടുന്ന ശമ്പളവും കാരുണ്യനിധികള്‍ നല്കുന്ന അന്നദാനവും പിന്നെ സര്‍വ്വേശ്വരന്റെ അനുഗ്രഹവും കൊണ്ടാണ് സ്വപ്നക്കൂട് അല്ലലില്ലാതെ മുന്നോട്ടുപോകുന്നത്.
മറ്റുള്ള ആതുര സേവനങ്ങള്‍ എന്തൊക്കെയാണ്? ആതുര സേവനത്തിന്റെ പേരില്‍ ലഭിച്ച പുരസ്കാരങ്ങള്‍?
ആദിവാസി കുടുംബങ്ങള്‍ക്ക് നല്കുവാനായി വസ്ത്രങ്ങളും പഠനോപകരണങ്ങളും ശേഖരിക്കുന്ന ‘ഗോത്രസഞ്ചലനം’ അടക്കമുള്ള പദ്ധതികള്‍ക്കും ഇതിനൊപ്പം നേതൃത്വം നല്‍കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടു രണ്ടു പ്രാവശ്യം ട്രൈബല്‍ യൂത്ത് ക്രിക്കറ്റ് ലീഗ് മത്സരങ്ങളും നടത്താന്‍ സാധിച്ചിട്ടുണ്ട്. ഡോക്ടറേറ്റ്, അയണ്‍ ലേഡി പുരസ്കാരം എന്നിവയുള്‍പ്പടെ മുപ്പതോളം ബഹുമതികള്‍ ഏറ്റുവാങ്ങാന്‍ സാധിച്ചു.
മുന്നോട്ടുള്ള ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്?
വഴിയരികില്‍ ഉപേക്ഷിക്കപ്പെടുന്ന വാര്‍ദ്ധക്യം ഇന്ന് വാര്‍ത്ത പോലുമല്ല. പോലീസുകാര്‍ കൊണ്ടെത്തിക്കുന്നതും മക്കള്‍ തന്നെ ഏല്‍പ്പിക്കുന്നവരുമായ വയോധികരെയെല്ലാം പുനരധിവസിപ്പിക്കുന്നതിനായി പുതിയൊരു മന്ദിരം കൂടി പണികഴിപ്പിക്കുവാനുള്ള പരിശ്രമത്തിലാണ്.
തലസ്ഥാനനഗരത്തില്‍ തന്നെ അതിനുള്ള സ്ഥലം വാങ്ങിയെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷമായി നിലച്ചിരിക്കുകയാണ്. പക്ഷേ ആശ്രയമറ്റ വയോജനങ്ങള്‍ക്കെല്ലാം തലചായ്ക്കാരിടമൊരുക്കുവാന്‍ സ്വപ്നക്കൂടിന് കഴിയുന്ന കാലം വിദൂരമല്ല.
സ്വപ്നക്കൂടിന്റെ മാനേജര്‍, പിആര്‍ഒ, സൂപ്പര്‍വൈസര്‍, വാര്ഡന് എന്നിങ്ങനെയുള്ള ജീവനക്കാരുടെ കഠിനപ്രയത്നത്തിലൂടെയാണ് സംഘടന മുന്നോട്ടു പോകുന്നത്.