അഞ്ചാം വയസ്സില്‍ കണ്ട സ്വപ്നം; ആയുര്‍വേദ ചികിത്സയിലൂടെ ആതുരസേവനത്തിന്റെ വഴികാട്ടിയായി ഡോക്ടര്‍ രശ്മി കെ പിള്ള
ഡോക്ടര്‍ രശ്മി കെ പിള്ള. പത്തനംതിട്ടക്കാര്‍ക്ക് ഇതൊരു പേര് മാത്രമല്ല, ആയുര്‍വേദ ചികിത്സയുടെയും ആതുരസേവനത്തിന്റെയും എന്തിനേറെ സംരംഭകത്വത്തിന്റെയും അവസാന വാക്കു കൂടിയാണ്. ആയുര്‍വേദ ചികിത്സയിലെ സാധ്യതകളും പുത്തന്‍ ആശയങ്ങളും ആളുകള്‍ക്ക് ഫലപ്രദമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് പത്തനംതിട്ട അടൂര്‍ സ്വദേശിനി ഡോക്ടര്‍ രശ്മി കെ പിള്ള.
പിതാവിന്റെ ചികിത്സയ്ക്കായി അദ്ദേഹത്തിനൊപ്പം അടൂരിലെ ഔഷധി ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ എത്തുന്നതുവരെ രശ്മിയും അവരുടെ മാതാപിതാക്കളും അറിഞ്ഞില്ല അത് ആ പെണ്‍കുട്ടിയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറുമെന്ന്. ചെറുപ്പത്തില്‍ നമ്മുടെ മനസ്സില്‍ കയറിക്കൂടുന്ന കാഴ്ചകളും വ്യക്തികളും സംഭവങ്ങളും ഒക്കെ പിന്നീടുള്ള യാത്രയില്‍ പ്രതിഫലിക്കുമെന്ന് പറയുന്നത് രശ്മിയുടെ കാര്യത്തില്‍ സത്യമാവുകയായിരുന്നു. സാധാരണ ആശുപത്രികളില്‍ കാണുന്ന തിരക്കുകളില്‍ നിന്നും ബഹളത്തില്‍ നിന്നും മാറി ശാന്തവും പ്രകൃതിയോടിണങ്ങിയതുമായ ഔഷധി ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന്റെ ചുറ്റുപാട് അഞ്ചുവയസ്സുകാരിയായ രശ്മിയെ വല്ലാതെ സ്വാധീനിച്ചു. അവിടുത്തെ ചികിത്സയില്‍ തന്റെ പിതാവ് രോഗമുക്തനായപ്പോള് ആയുര്‍വേദ ചികിത്സയോടും ആയുര്‍വേദ ഡോക്ടര്‍മാരോടും ആരാധനയും ബഹുമാനവുമായി.
ഒടുവില്‍ അവിടെ നിന്ന് തിരികെ പോരുമ്പോള്‍ ആ കൊച്ചു പെണ്‍കുട്ടി തന്റെ മനസ്സിലുറപ്പിച്ചു ‘ഞാനും ഒരു ആയുര്‍വേദ ഡോക്ടര്‍ ആകുമെന്ന്’. ആ തീരുമാനമാണ് ഡോക്ടര്‍ രശ്മി കെ പിള്ളയെ ജില്ലയിലെ തന്നെ മുന്‍നിര ആയുര്‍വേദ ഡോക്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിച്ചത്.
ആയുര്‍വേദ ചികിത്സയെ സാമൂഹ്യ സേവനത്തിനുള്ള വഴിയായി മകള്‍ തിരഞ്ഞെടുത്തപ്പോള്‍ രശ്മിയുടെ ആഗ്രഹങ്ങളുടെ പാതയില്‍ അവള്‍ക്കൊപ്പം സഞ്ചരിക്കുവാന്‍ മാതാപിതാക്കള്‍ക്കും സഹോദരനും സന്തോഷം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെയാണ് ഉയര്‍ന്ന മാര്‍ക്കോടെ എന്‍ട്രന്‍സ് വിജയിച്ച രശ്മി ശ്രീനാരായണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് പുത്തൂരില്‍ നിന്ന് എംഡി പൂര്‍ത്തിയാക്കിയത്.
തന്റെ അരികിലെത്തുന്ന രോഗികളെ പരിചരിക്കുവാന്‍ പ്രത്യേക ചികിത്സാരീതികള്‍ തിരഞ്ഞെടുത്തിരുന്ന ഡോക്ടര്‍ ജേ്യാതി ശാലിനിയുടെ അറിവും പരിചയസമ്പത്തും രശ്മിയിലെ ആയുര്‍വേദ ഡോക്ടറെ കൂടുതല്‍ പരുവപ്പെടുത്തി. പിന്നീട് തന്റെ ജീവിതത്തിലേക്ക് ആയുര്‍വേദ മേഖലയിലെ ഓരോ ഗുരുക്കന്മാരെയും സഹയാത്രികരെയും നിറഞ്ഞ സ്നേഹത്തോടെയും കടപ്പാടോടെയും അല്ലാതെ രശ്മിക്ക് ഓര്‍ക്കാന്‍ കഴിയില്ല.
ആയുര്‍വേദത്തിലൂടെ പ്രകൃതിയിലേക്ക് മടങ്ങുകയെന്ന ലക്ഷ്യത്തില്‍ ഡോക്ടര്‍ രശ്മി ആരംഭിച്ച മൂന്ന് ക്ലിനിക്കുകള്‍ രോഗപീഡകള്‍ മൂലം വിഷമിക്കുന്നവര്‍ക്കുള്ള കരുതലിടം കൂടിയാണ്. തന്റെ അറിവും ചികിത്സാരീതിയും കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനമാകണമെന്ന ആഗ്രഹത്തില്‍ ജന്മനാടായ അടൂരില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു ആയുര്‍വേദ ആശുപത്രി പണികഴിപ്പിക്കാനുള്ള തിരക്കിലാണ് ഡോക്ടര്‍ രശ്മി കെ പിള്ള.