ആദ്യവരുമാനം അന്‍പത് പൈസ; ഇന്ന് രണ്ടുലക്ഷം രൂപ
ജീവിതപ്രാരാബ്ധങ്ങളോട് പൊരുതി ജയിക്കാനാണ് ആ യുവതി കച്ചവടത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. ചെന്നൈയിലെ മറീന ബീച്ചിന്റെ കോര്‍ണറില്‍ ഒരു ചെറിയ കട. ജ്യൂസും കട്‌ലെറ്റും സമൂസയും. പ്രതീക്ഷകള്‍ അസ്ഥാനത്താക്കി, ആദ്യ ദിവസത്തെ വരുമാനം അന്‍പത് പൈസ മാത്രമായിരുന്നു. പക്ഷേ, തോറ്റുപിന്മാറാന്‍ ആ യുവതി തയ്യാറായില്ല. തന്റെ ലക്ഷ്യത്തിനുവേണ്ടി അഹോരാത്രം പരിശ്രമിച്ചു. പൂജ്യത്തില്‍ നിന്നു പടിപടിയായി ഉയര്‍ന്നു. ചെന്നൈയിലെ അറിയപ്പെടുന്ന റെസ്റ്റോറന്റ് ശൃംഖലയാക്കി തന്റെ സ്ഥാപനത്തെ മാറ്റാന്‍ ആ യുവതിയ്ക്ക് കഴിഞ്ഞു.
ഇത് സിനിമാക്കഥയല്ല. ചെന്നൈയിലെ അറിയപ്പെടുന്ന സന്ദീപാ റെസ്റ്റോറന്റ് ശൃംഖലയുടെ സാരഥി പെട്രീഷ്യ നാരായന്റെ ജീവിതകഥയാണിത്.
ആദ്യ ദിനത്തിലെ അന്‍പത് പൈസ ലാഭത്തില്‍ മനസ്സ് തളര്‍ന്നുപോയെങ്കിലും ബിസിനസ് തുടരാന്‍ പെട്രീഷ്യ കാണിച്ച ധൈര്യം മാത്രമാണ് അവരെ ഇന്ന് ഈ അവസ്ഥയില്‍ എത്തിച്ചത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്ന സ്നാക്സുകള്‍ ആളുകള്‍ക്ക് സെര്‍വ്വ് ചെയ്യാന്‍ പറ്റിയ ഇടമാണതെന്ന് പെട്രീഷ്യയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അധികം വൈകാതെ ദിവസവും 600 മുതല്‍ 700 രൂപയുടെ വരെ കച്ചവടമുണ്ടായി. ഇതോടെ പെട്രീഷ്യ ജീവിതത്തിലും പതുക്കെ ചുവടുറപ്പിച്ചു തുടങ്ങുകയായിരുന്നു. ഐസ്‌ക്രീമും സാന്‍ഡ്വിച്ചുമൊക്കെ കൂട്ടിച്ചേര്‍ത്ത് കച്ചവടം വിപുലമാക്കി. തോല്‍ക്കാതിരിക്കാനുളള മനസ് മാത്രമാണ് തന്നെ തുണച്ചതെന്ന് പെട്രീഷ്യ പറയുന്നു. അതു തന്നെയാണ് അന്‍പത് പൈസയില്‍ നിന്നും ലക്ഷങ്ങളുടെ ബാലന്‍സ് ഷീറ്റിലേക്ക് പെട്രീഷ്യയുടെ ജീവിതം എത്തിച്ചതും.
സംരംഭക ജീവിതത്തിലെ ആദ്യദിവസത്തെ വരുമാനം 50 പൈസയായിരുന്നെങ്കില്‍, ഇന്നത് രണ്ടു ലക്ഷത്തിനേക്കാള്‍ മുകളിലാണ്. മറീന ബീച്ചിലെ കച്ചവടത്തില്‍ നിന്നും കാന്റീന്‍ നടത്തിപ്പിലേക്ക് തിരിഞ്ഞതാണ് പെട്രീഷ്യയുടെ സംരംഭക ജീവിതത്തില്‍ വഴിത്തിരിവായത്. സ്ലം ക്ലിയറന്‍സ് ബോര്‍ഡിന്റെ കാന്റീന്‍ ഏറ്റെടുത്തായിരുന്നു തുടക്കം. ആ സമയത്തും പുലര്‍ച്ചെ 5 മണിക്ക് എഴുന്നേറ്റ് ഇഡ്ഡലിയും പലഹാരങ്ങളും ഉണ്ടാക്കി മറീന ബീച്ചില്‍ പ്രഭാത സവാരിക്കിറങ്ങുന്നവരെ ലക്ഷ്യമിട്ട് കച്ചവടത്തിനെത്തുമായിരുന്നു പെട്രീഷ്യ. കലര്‍പ്പില്ലാത്ത ബിസിനസ് നടത്തിപ്പിലൂടെ പേരെടുത്തു തുടങ്ങിയതോടെ ബാങ്കുകള്‍ ഉള്‍പ്പെടെ മറ്റ് പല സ്ഥാപനങ്ങളും കാന്റീന്‍ നടത്തിപ്പിനായി പെട്രീഷ്യയെ സമീപിച്ചു. ഇതിനൊടുവിലായിരുന്നു സംഗീത റെസ്റ്റോറന്റ് ഗ്രൂപ്പില്‍ പാര്‍ട്ണര്‍ഷിപ്പ് ഏറ്റെടുക്കുന്നത്. ഇവിടെ നിന്നുളള അനുഭവത്തിന്റെ ബലത്തിലായിരുന്നു സ്വന്തം സംരംഭമായ സന്ദീപാ റെസ്റ്റോറന്റ് ഗ്രൂപ്പിലേക്കുളള ചുവടുവെയ്പ്.
തിരിച്ചടികളില്‍ തകരാത്ത മനോബലമാണ് പെട്രീഷ്യയെ മികച്ച സംരംഭകയാക്കി മാറ്റിയത്. ജീവിതനൗക സുഗമമായി ഒഴുകിത്തുടങ്ങിയപ്പോഴാണ് താങ്ങും തണലുമായിരുന്ന ഭര്‍ത്താവിന്റെ മരണം. അതിനുപിന്നാലെ, മകളും മരുമകനും കാര്‍ അപകടത്തില്‍ മരണപ്പെട്ടു. അതിലും തളരാതെ, മരണമടഞ്ഞ മകളുടെ പേരിട്ട്, മകനുമൊത്ത് ‘സന്ദീപാ റസ്റ്റോറന്റി’ന് തുടക്കം കുറിച്ചു.
ഇന്ന് ഇരുന്നൂറിലധികം ജീവനക്കാര്‍ സന്ദീപാ ചെയിന്‍ ഓഫ് റെസ്റ്റോറന്റ്‌സില്‍ ജോലി ചെയ്യുന്നുണ്ട്. മിതമായ നിരക്കില്‍ നല്ല ഭക്ഷണമെന്നതാണ് പെട്രീഷ്യ മുന്നോട്ടുവെയ്ക്കുന്നത്. ഫിക്കിയുടെ എന്‍ട്രപ്രണര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരമടക്കം ഈ വനിതാ സംരംഭകയെ തേടിയെത്തി. മറീന ബീച്ചിലെ ചെറിയ കടയില്‍ നിന്ന് ലഭിച്ച ബിസിനസ് മാനേജ്മെന്റിലെ പ്രാക്ടിക്കല്‍ അറിവുകളാണ് തന്റെ ബിസിനസ് ജീവിതത്തില്‍ അടിസ്ഥാനമായതെന്ന് പെട്രീഷ്യ തുറന്നുസമ്മതിക്കുന്നു.