പ്രതിസന്ധി ഘട്ടങ്ങളെ ചങ്കുറപ്പോടെ നേരിട്ട്, വനിതകള്‍ക്ക് മുന്നില്‍ മാതൃകയായി പ്രീതി
”നിരവധി പ്രതിസന്ധി ഘട്ടങ്ങള്‍ ജീവിതത്തിലുണ്ടായി. എന്നാല്‍ അവയെല്ലാം സധൈര്യം നേരിട്ടു. കോവിഡ് കാലത്തെ നേര്‍ക്കുനേര്‍ നിന്ന് പോരാടി തോല്‍പ്പിച്ചു. വിജയം മാത്രമായിരുന്നു മനസിലുണ്ടായിരുന്ന ഏക ലക്ഷ്യം…!” അതെ, കൂടെനില്‍ക്കുന്നവര്‍ക്ക് ധൈര്യം പകര്‍ന്ന്, അവരെ ചേര്‍ത്തുനിര്‍ത്തി, ബിസിനസിന്റെ ഉയരങ്ങള്‍ കീഴടക്കിയ വ്യക്തിയാണ് ‘Panache Salon’ ഉടമയും കൊച്ചിക്കാരിയുമായ പ്രീതി അബ്രാഹം.
ഉയര്‍ന്ന പദവിയും ശമ്പളവുമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് പ്രീതി സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുന്നത്. എം.ബി.എ പൂര്‍ത്തിയാക്കിയ പ്രീതി മികച്ച ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവിടങ്ങളില്‍ സതേണ്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായാണ് ജോലി ചെയ്തിരുന്നത്. ടെലികോം മേഖലയില്‍ 20 വര്‍ഷത്തെ പ്രവൃത്തിപരിചയവും അതോടൊപ്പം ആകര്‍ഷകമായ വരുമാനവും ഉണ്ടായിരിക്കെ എപ്പോഴോ സ്വന്തമായൊരു ബിസിനസ് എന്ന ചിന്ത പ്രീതിയുടെ മനസില്‍ ഇടം നേടി. ഓഫീസില്‍ നിന്ന് ലഭിച്ച പ്രൊമോഷന് ട്രാന്‍സ്ഫര്‍ ആ ചിന്ത വേഗത്തിലാക്കുകയും ചെയ്തു.
കമ്പനിയുടെ ജനറല്‍ മാനേജരായി ഡല്‍ഹിക്ക് പ്രൊമോഷന് ട്രാന്‍സ്ഫര്‍ ലഭിച്ചതോടെ അവിടേക്ക് പോകാന്‍ താത്പര്യമില്ലാതിരുന്ന പ്രീതി തന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ കുതിക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ കമ്പനിയില്‍ നിന്നും ‘വൊളണ്ടറി റിട്ടയര്‍മെന്റ്’ വാങ്ങിയശേഷം പുതിയൊരു ജീവിതത്തിന് തുടക്കം കുറിച്ചു. സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് ബിസിനസ് തിരഞ്ഞെടുക്കുന്നത് വലിയൊരു വെല്ലുവിളിയായിരുന്നെങ്കിലും തന്റെ തീരുമാനത്തില്‍ ഉറച്ചുനില്ക്കാന് തന്നെ പ്രീതി തീരുമാനിച്ചു.
ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് കൂടുതലായൊന്നും ആലോചിക്കേണ്ടി വന്നില്ല പ്രീതിക്ക്. കാരണം തന്റെ ഇഷ്ട മേഖലയായ കോസ്മെറ്റിക് ഇന്‍ഡസ്ട്രി തന്നെ തിരഞ്ഞെടുക്കാന്‍ മനസിനെ പാകപ്പെടുത്തിയിരുന്നു ഈ സംരംഭക. അങ്ങനെ 2014-ല്‍ മരടില്‍ തന്റെ സ്വപ്ന സാമ്രാജ്യമായ Panache Salon പ്രീതി ആരംഭിച്ചു.
മറ്റ് സലൂണുകളില്‍ നിന്നും വ്യത്യസ്തമായി ഒരുപാട് പ്രത്യേകതകളുള്ള സ്ഥാപനമാണിത്. സ്ത്രീകള്‍ക്ക് മാത്രമായി ഒരുക്കിയ സംരംഭം എന്ന് വേണമെങ്കില്‍ Panache Salon-നെ വിളിക്കാം. വെറും സലൂണ്‍ എന്നതിനപ്പുറം സ്ത്രീകള്‍ക്ക് തങ്ങളുടെ തിരക്കുകളില്‍ നിന്നും മാറി സ്വസ്ഥമായും സമാധാനത്തോടെയും സമയം ചിലവഴിക്കാനുള്ള ഒരിടം ആയിരിക്കണം തന്റെ സലൂണെന്ന് പ്രീതിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അത് നൂറ് ശതമാനം പ്രാവര്‍ത്തികമാക്കുകയും ചെയ്തു.
ഉയര്‍ന്ന നിലവാരമുള്ള സര്‍വീസുകളും ട്രീറ്റ്മെന്റുകളുമാണ് Panache Salon ഉപഭോക്താക്കള്‍ക്കായി നല്‍കിവരുന്നത്. ഹെയറും സ്കിന്നുമായി ബന്ധപ്പെട്ട എല്ലാ നൂതന ട്രീറ്റ്മെന്റുകള്‍ക്കും പുറമെ പെര്‍മനന്റ് ഹെയര്‍ എക്സ്റ്റെന്ഷന്, മൈക്രോ ബ്ലേഡിങ്, ലിപ് ബ്ലഷ്, മൈക്രോ നീഡ്ലിങ് തുടങ്ങിയവയും ബ്രൈഡല്‍ മേക്കപ്പ് ഉള്‍പ്പെടെയുള്ള എല്ലാത്തരം മേക്കപ്പുകള്‍, ഹെയര്‍ സ്റ്റൈലിങ് എന്നിവയും Panache Salon ല്‍ പ്രൊഫഷണലായ രീതിയില്‍ ചെയ്തുവരുന്നുണ്ട്.
ഇവയ്ക്ക് പുറമെ വെഡിങ് ഫോട്ടോഷൂട്ട്, ഫാഷന്‍ ഷോകള്‍, മാഗസിന് ഫോട്ടോഷൂട്ട് തുടങ്ങിയവയിലെ സ്ഥിരം സാന്നിധ്യമാണ് Panache Salon. സ്ഥാപനം ആരംഭിച്ച് അധികം വൈകാതെതന്നെ ഈ മേഖലയില്‍ വ്യക്തമായ സ്ഥാനം നേടിയെടുക്കാന്‍ Panache Salonന് സാധിച്ചു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. അതുകൊണ്ടുതന്നെയാണ് ആദ്യ സലൂണ്‍ ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ പാടിവട്ടം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും പ്രീതിക്ക് തന്റെ ബ്രാഞ്ച് ആരംഭിക്കാന്‍ സാധിച്ചത്. ഇതിന് പുറമെ കൊച്ചിന് നേവല്‍ അക്കാദമിയില്‍ രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലും പ്രീതി തന്റെ സലൂണ്‍ നടത്തിവന്നിരുന്നു.
ബിസിനസ് മികച്ച രീതിയില്‍ മുന്നോട്ടുപോയ സമയത്താണ് അവിചാരിതമായി കോവിഡ് കാലം വന്നെത്തുന്നത്. മറ്റെല്ലാവരെയും പോലെതന്നെ ഡോക്ഡൗണ്‍ പ്രഖ്യാപനം Panache Salon നെയും സാരമായി ബാധിച്ചു. ബിസിനസ് താത്കാലികമായി നിര്‍ത്തിവെയ്ക്കേണ്ടി വന്നത് പ്രീതിയേക്കാള്‍ വലിയ ആഘാതം സൃഷ്ടിച്ചത് സലൂണിലെ ജീവനക്കാരെയായിരുന്നു. തന്റെ ജീവനക്കാരുടെ നിസഹായാവസ്ഥ പ്രീതിയെ വല്ലാതെ ഉലച്ചു.
ബിസിനസ് ചിന്താഗതി ഉള്ളതുകൊണ്ടുതന്നെ അവരുടെ ദുരവസ്ഥക്ക് പരിഹാരം കാണുകായിരുന്നു പ്രീതിയുടെ അടുത്ത ലക്ഷ്യം. അങ്ങനെ ‘ഫുല്‍ക്ക ബാസ്ക്കറ്റ്’ എന്ന ബ്രാന്റില്‍ പ്രീതിയുടെ നേതൃത്വത്തില്‍ ഹോംമെയ്ഡായി ഭക്ഷണമുണ്ടാക്കി ഡെലിവറി ചെയ്യാന്‍ ആരംഭിച്ചു. കോവിഡ് കാലത്തോടെ വരുമാന മാര്‍ഗം നിലച്ച ഒരു കൂട്ടം സ്ത്രീകളുടെ പോരാട്ടം അവിടെ ആരംഭിക്കുകയായിരുന്നു. കഠിനാധ്വാനത്തിലൂടെ അവര്‍ ഒത്തൊരുമിച്ച് കോവിഡിനെ അതിജീവിക്കുകയും ചെയ്തു.
ഒരു വലിയ തകര്‍ച്ചയെ മുന്നില്‍ കണ്ടെങ്കിലും പ്രീതിയുടെ ഇച്ഛാശക്തിയും പ്രവര്‍ത്തന മികവും നിരവധി കുടുംബങ്ങളെയാണ് തകര്‍ച്ചയില്‍ നിന്നും കര കയറ്റിയത്. ജീവിതത്തിലെ വലിയ പ്രതിസന്ധിയെ നിസാരമായി മറികടന്ന പ്രീതിയും ജീവനക്കാരും കോവിഡ് കാലം കഴിഞ്ഞതോടെ വീണ്ടും സലൂണ്‍ തിരക്കുകളിലേക്ക് പൂര്‍വ്വാധികം ശക്തിയോടെ മടങ്ങിയെത്തുകയും ചെയ്തു. ജീവിതത്തില്‍ എത്ര വലിയ പ്രതിസന്ധി ഘട്ടം വന്നാലും തരണം ചെയ്യാന്‍ ശ്രമിച്ചാല്‍ അത് സാധ്യമാകും എന്ന് തെളിയിച്ചിരിക്കുകയാണ് ഈ സംരംഭക.
ബിസിനസ് ജീവവായു തന്നെയാണ് പ്രീതിക്ക്. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് പ്രീതി നേടിയെടുത്തത് നിസാര വിജയവുമല്ല. തന്റെ ബിസിനസിന്റെ വളര്‍ച്ചയാണ് ലക്ഷ്യമെങ്കിലും കസ്റ്റമേഴ്സിന്റെ സന്തോഷത്തിനാണ് പ്രീതി ഏറ്റവും പ്രാധാന്യം നല്‍കുന്നത്. കസ്റ്റമേഴ്സ് സംതൃപ്തരാണെങ്കില്‍ പണവും പ്രശസ്തിയും തനിയെ നമ്മെ തേടിവരുമെന്നാണ് പ്രീതി പറയുന്നത്. പ്രീതിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്കി കുടുംബം കൂടെത്തന്നെയുണ്ട്.