ഇനി വിശ്വസിച്ച് ഉപയോഗിച്ച് തുടങ്ങാം, മായം കലരാത്ത രുചിക്കൂട്ടുകള്‍
മാര്‍ക്കറ്റുകളില്‍ ഇന്ന് ലഭ്യമല്ലാത്തതായി ഒന്നുമില്ല. എന്നാല്‍ അവയെല്ലാം ഗുണനിലവാരം ഉറപ്പുവരുത്തുന്നവയാണോ എന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാകില്ല. ഉല്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാതെ പലപ്പോഴും ബ്രാന്റിന്റെ മികവ് നോക്കി മാത്രമാണ് നാം സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഭാവിയിലേക്ക് അവ വരുത്തിവയ്ക്കാന്‍ സാധ്യതയുള്ള പാര്‍ശ്വഫലങ്ങളേക്കുറിച്ച് പലരും ചിന്തിക്കാറേയില്ല. എന്നാല്‍ ചിലരാകട്ടെ ക്വാളിറ്റിയുള്ള ഉത്പന്നങ്ങള്‍ തിരഞ്ഞ് നടക്കാറുണ്ടെങ്കിലും പലപ്പോഴും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഇനി തിരച്ചിലുകള്‍ അവസാനിപ്പിക്കാം. ഗുണനിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു കൂട്ടം അവശ്യവസ്തുക്കളുമായി എത്തിയിരിക്കുകയാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഖദീജ കല്ലുങ്ങല്‍.
ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിലാണ് ഖദീജ ജനിച്ചത്. വിവാഹശേഷം കുടുംബിനിയായി ജീവിച്ചുവരവെ അപ്രതീക്ഷിതമായായിരുന്നു ഭര്‍ത്താവിന്റെ മരണം. അതോടെ സാമ്പത്തികമായി ഞെരുക്കത്തിലായ ഖദീജ മറ്റുള്ളവരെ ആശ്രയിക്കാതെ എങ്ങനെ സ്വന്തം കാലില്‍ നില്‍ക്കാമെന്ന് ചിന്തിച്ചുതുടങ്ങി. അങ്ങനെ ബിസിനസ് ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയും നിരവധി ക്ലാസുകളില്‍ പങ്കെടുത്തതിന്റെ അടിസ്ഥാനത്തില്‍ അടുക്കളയിലേക്കുള്ള അവശ്യ വസ്തുക്കളുടെ ഉത്പാദനം ആരംഭിക്കുകയുമായിരുന്നു.
10 വര്‍ഷം മുമ്പാണ് ഖദീജ ബിസിനസിലേക്ക് ഇറങ്ങുന്നത്. തുടക്കത്തില്‍ ചെറിയ രീതിയിലാണ് സംരംഭം ആരംഭിച്ചതെങ്കിലും ഇന്ന് ഒരു വീട്ടിലേക്ക് വേണ്ട എല്ലാ ഉത്പന്നങ്ങളും ഖദീജ നിര്‍മിക്കുന്നുണ്ട്. വിവിധതരം പൊടികള്‍, വിവിധതരം അച്ചാറുകള്‍, കറി പൗഡറുകള്‍, ജാം, സര്‍ബത്ത്, ചമ്മന്തിപ്പൊടി തുടങ്ങിയവയ്ക്ക് പുറമെ മുളയരി പായസം, ഈന്ത് പായസം, ബദാം പായസം, ചക്ക-ചക്കക്കുരു പായസം, നേന്ത്രപ്പഴം പായസം, കൂവപ്പൊടി പായസം തുടങ്ങി 58 തരം പായസങ്ങളും ഖദീജ വിപണിയിലെത്തിക്കുന്നുണ്ട്. ഹോം മെയ്ഡ് ആയാണ് ഓരോ ഉത്പന്നത്തിന്റെയും നിര്‍മാണം.
ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല ഈ വീട്ടമ്മ. നിറത്തിനോ മണത്തിനോ ഇട് നില്‍ക്കുന്നതിനോ വേണ്ടി യാതൊരുവിധ മായവും ഈ സംരംഭക തന്റെ ഉത്പന്നങ്ങളില്‍ ചേര്‍ക്കാറില്ല. വളരെ ശുദ്ധമായാണ് ഓരോന്നും നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ തന്റെ വീട്ടില്‍ ഉപയോഗിക്കാത്ത ഒരു ഉത്പന്നങ്ങളും പുറത്ത് വില്‍ക്കാറില്ല എന്ന് ഖദീജക്ക് ഉറപ്പോടെ പറയാന്‍ സാധിക്കുന്നുമുണ്ട്. ഒരിക്കല്‍ വാങ്ങിയവര്‍ തന്നെയാണ് അധികവും പിന്നീട് ഉത്പന്നത്തിനായി ഖദീജയെ സമീപിക്കാറുള്ളത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്.
നേരിട്ടും ഓണ്‍ലൈന്‍ വഴിയും ഖദീജ ഓര്‍ഡറുകള്‍ സ്വീകരിച്ചാണ് ഉത്പന്നങ്ങള്‍ എത്തിച്ചുകൊടുക്കുന്നത്. ഇതിന് പുറമെ വിവിധ എക്‌സിബിഷനുകളില്‍ പങ്കെടുക്കുവാന്‍ ഈ സംരംഭക ശ്രമിക്കാറുണ്ട്. ബിസിനസിന് പുറമെ പൊതുരംഗത്തും സജീവമാണ് ഖദീജ. തന്റെ ബിസിനസ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും ഉയരങ്ങള്‍ കീഴടക്കണമെന്നുമുള്ള ആഗ്രഹവുമായാണ് ഈ വീട്ടമ്മ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ഖദീജക്ക് എല്ലാ പിന്തുണയും നല്‍കി കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട്.