മൈലാഞ്ചി മൊഞ്ചിന് മാറ്റി കൂട്ടുവാന്‍ ‘നാസ് ഹെന്ന’
“Henna is not just a design, it’s an art”
ജാതിഭേദമെന്യേ എല്ലാവരും ഉപയോഗിക്കുന്ന ഉത്പന്നമായി ഇപ്പോള്‍ ഹെന്ന അല്ലെങ്കില്‍ മൈലാഞ്ചി മാറിക്കഴിഞ്ഞു. കയ്യിലും കാലിലും മൈലാഞ്ചി അണിയുന്നത് ട്രെന്‍ഡ് ആയി മാറിയ ഈ കാലത്ത് മൈലാഞ്ചി ഇടുന്നവരെ പോലെ അത് വിപണിയില്‍ എത്തിക്കുന്നവരും ശ്രദ്ധ നേടാറുണ്ട്. ശരീരഭാഗങ്ങളില്‍ നേരിട്ട് ഉപയോഗിക്കുന്ന വസ്തുവെന്ന നിലയില്‍ ഹെന്നയുടെ ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താന്‍ കഴിയില്ല. ഏറ്റവും മികച്ചതും ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ കൊണ്ട് നിര്‍മിക്കുന്നതുമായ ഹെന്ന കഴിഞ്ഞ നാലു വര്‍ഷമായി ആളുകളിലേക്ക് എത്തിച്ച് ശ്രദ്ധ നേടുകയാണ് കോഴിക്കോട് സ്വദേശിനി നൗറിന്‍…. അറിയാം നൗറിന്റെ കൂടുതല്‍ വിശേഷങ്ങള്‍…
കോഴിക്കോട് പന്നിയൂര്‍ സ്വദേശിനിയായ നൗറിന് ഹെന്ന ഒരു ബിസിനസ് മാത്രമല്ല, ഒരു പാഷന്‍ കൂടിയാണ്. ചെറുപ്പം മുതല്‍ തന്നെ ഹെന്നയിടാനും മറ്റുള്ളവര്‍ക്ക് ഹെന്നയിടാനുമുള്ള താത്പര്യമാണ് നൗറിനെ മൈലാഞ്ചി ബിസിനസിലേക്ക് കൊണ്ടെത്തിച്ചത്. തികച്ചും ഓര്‍ഗാനിക് പൊടികളും ‘എസെന്‍ഷ്യല്‍’ ഓയിലും ഉപയോഗിച്ചാണ് നൗറിന്‍ ഹെന്ന കോണ്‍സ് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ നാല് ദിവസത്തില്‍ കൂടുതല്‍ ഇവ പുറത്ത് സൂക്ഷിക്കാന്‍ കഴിയില്ല. അധിക ദിവസം ഇത് ഉപയോഗിക്കണമെങ്കില്‍ ഫ്രീസറില്‍ സൂക്ഷിക്കേണ്ടി വരുമെന്നും ഈ സംരംഭക പറയുന്നു.
ഹെന്ന അനുബന്ധ ഉത്പന്നങ്ങള്‍ എല്ലാം നൗറിന്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഹെന്ന കോണ്‍സ്, ജാക്ക്‌വ, ഹെയര്‍ ഹെന്ന, ഹെന്ന പൗഡര്‍, നെയില്‍ കോണ്‍സ് എന്നിവ അവയില്‍ ചിലത് മാത്രം. വീട്ടില്‍ തന്നെ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ കൊറിയര്‍ സംവിധാനത്തിലൂടെയാണ് നൗറിന്‍ ആളുകളിലേക്ക് എത്തിക്കുന്നത്. ഹെന്ന പൗഡര്‍ ഉള്‍പ്പെടെയുള്ളവ കേടുകൂടാതെ ഇരിക്കുമെന്നതുകൊണ്ട് അത്തരം സാധനങ്ങള്‍ ലോകത്താകമാനവും ഹെന്ന കോണ്‍സ് പോലെയുള്ളവ നാല് ദിവസത്തില്‍ കൈപ്പറ്റാന്‍ കഴിയുന്നിടത്തേക്കുമാണ് കൊറിയര്‍ ചെയ്യുന്നത്.
കോഴിക്കോട് കേന്ദ്രീകരിച്ച് ബ്രൈഡല്‍ ഹെന്ന ചെയ്യുന്ന നൗറിന്‍ ഏറ്റവും കൂടുതല്‍ വില്പന നടത്തുന്നത് ഹെന്ന കോണ്‍സ്, നെയില്‍ കോണ്‍സ്, ഹെയര്‍ ഹെന്ന, ബ്രൈഡല്‍ ബോക്‌സ് എന്നിവയാണ്. ഒരു ഹോബിയായി തന്റെ പതിനേഴാം വയസ്സില്‍ ഹെന്നയുടെ ലോകത്തേക്ക് ഇറങ്ങിയ നൗറിന് ഇന്ന് 500ലധികം കസ്റ്റമേഴ്‌സാണ് കേരളത്തിലും സൗത്ത് ഇന്ത്യയിലും വിദേശത്തുമായുള്ളത്. തന്റെ പാഷനും പ്രൊഫഷനുമെല്ലാം ഹെന്ന ബിസിനസ് ആണെന്ന് മനസ്സിലാക്കിയ ഈ സംരംഭക, ഹെന്നയുടെ കൂടുതല്‍ ഉത്പന്നങ്ങള്‍ ആളുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.