Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ മധ്യത്തായി ജലസമൃദ്ധമായ ഒരു കുളം. കുളത്തില്‍ നിറയെ മത്സ്യങ്ങള്‍. അതിന്റെ ഒരു ഭാഗത്തായി ഒരു ചെറു വനം അഥവാ കാവ്. കുളക്കരയിലായി ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ചെറിയ മുളം കുടിലുകള്‍. ഇതെല്ലാം ഒരു കാല്പനികമായ  സ്വപ്‌നം മാത്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി. കേരളത്തിന്റെ, ഒരുപക്ഷേ ലോകത്തിന്റെ തന്നെ കാര്‍ഷിക മേഖലയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഒരു പുതിയ ഇന്റഗ്രേറ്റഡ് ഫാര്‍മിംഗ് സിസ്റ്റത്തിന്റെ  വാങ്മയചിത്രമാണ് അത്.

കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളം. വളരെ വിശേഷപ്പെട്ടതാണ് നമ്മുടെ ഭൂപ്രകൃതി. കൃഷിക്ക് അനുകൂലമായ കാലാവസ്ഥ, മണ്ണ്, മറ്റു ഘടകങ്ങള്‍ എന്നിവ ഉണ്ടായിട്ടും ഏറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ നേരിടുന്നത് കാര്‍ഷിക മേഖല തന്നെയാണ്. കേരളത്തില്‍ മൊത്തം ഭൂമിയുടെ 15,00,000 ഏക്കറോളം റബ്ബര്‍ കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ട് റബ്ബര്‍ കൃഷിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ സാമ്പത്തിക നേട്ടമുണ്ടാക്കാനോ അവര്‍ക്ക് കഴിയുന്നില്ല. കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാനകാരണം അശാസ്ത്രീയമായ കൃഷി രീതിയാണ്. പ്രകൃതിക്ക് ഇണങ്ങാത്തതും രാസവളങ്ങളുടെയും  കീടനാശിനികളുടെയും അമിത ഉപയോഗവും കാലാവസ്ഥാ വ്യതിയാനങ്ങളുമെല്ലാം നമ്മുടെ കാര്‍ഷികമേഖലയെയും കര്‍ഷകനെയും നിരന്തരം ദുരിതത്തിലാഴ്ത്തുന്ന കാര്യങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിനായി കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലകളും പരിശ്രമിക്കുന്നുണ്ട്.

അത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു ഉത്തമ പരിഹാരമായി ‘യോഗീശ്വര ഫാമിംഗ് സിസ്റ്റം’ എന്ന ലോകത്തെ തന്നെ ഏറ്റവും മികച്ച സംയോജിത കൃഷി സമ്പ്രദായം മുന്നോട്ടു വയ്ക്കുകയാണ് വ്യവസായ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായ ഗൗതം യോഗീശ്വര്‍.

റബ്ബറിന് പകരം എന്ത്?
റബ്ബറിന് വിലയിടിഞ്ഞതോടെ കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകര്‍ ആശങ്കയിലാണ്. ഒരേക്കര്‍ റബ്ബര്‍ കൃഷിയില്‍ നിന്ന് വാര്‍ഷിക നേട്ടം 50,000 രൂപയിലും കുറവാണ് കര്‍ഷകര്‍ക്ക് നിലവില്‍ ലഭിക്കുന്നത്. ജോലിക്കൂലി കൂടി കണക്കിലെടുത്താല്‍ പലര്‍ക്കും അല്‍പംപോലും മിച്ചം ഉണ്ടാകാറില്ല. റബ്ബറിന് പകരം എന്ത് എന്ന് കര്‍ഷകര്‍ ചിന്തിക്കുന്നുണ്ടെങ്കിലും സുസ്ഥിരമായ പകരം സംവിധാനം ഇല്ലാത്ത സാഹചര്യത്തിലാണ് നിലവിലെ കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുന്ന യോഗീശ്വര ഫാമിങ്ങിന്റെ  പ്രസക്തി. ഒരേ ഇനം വൃക്ഷങ്ങള്‍ക്ക് പകരം വ്യത്യസ്ത ഇനങ്ങളുടെ കൂട്ടങ്ങള്‍ ആയി കൃഷി ചെയ്യുക എന്നതാണ് ഈ രീതിയുടെ ഏറ്റവും വലിയ പ്രത്യേകത.

മണ്ണിനും പ്രകൃതിക്കും ഭാരമാകാതെ കൃഷിയെ മാറ്റുകയും അതോടൊപ്പം കര്‍ഷകന് പരമാവധി വരുമാനം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ  പ്രധാന ലക്ഷ്യം. തോട്ടത്തില്‍ വച്ചുതന്നെ മൂല്യവര്‍ധനവ്  നടത്തുകയും അതിനെ ഫാം ടൂറിസവുമായി ഇണക്കിച്ചേര്‍ത്ത് വരുമാനം ഉയര്‍ത്തുവാനുള്ള സാധ്യതകളും യോഗീശ്വര ഫാമിംഗ് സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

1977 തിരുവനന്തപുരം ജില്ലയിലെ ഭരതന്നൂര്‍ എന്ന കാര്‍ഷിക ഗ്രാമത്തിലാണ് ഗൗതം യോഗീശ്വര്‍ ജനിച്ചത്. കുട്ടിക്കാലം മുതല്‍ തന്നെ പ്രകൃതിയോടും കാര്‍ഷിക രീതികളോടും അദ്ദേഹത്തിന് പ്രത്യേക ആഭിമുഖ്യം ഉണ്ടായിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവു പുലര്‍ത്തിയിരുന്ന യോഗീശ്വറിന് ചിത്രകലയിലും താല്‍പര്യമുണ്ടായിരുന്നു. ഇലക്ട്രോണിക് എന്‍ജിനീയറിങ്ങില്‍ എം.ടെക് നേടിയതിനുശേഷം ഇപ്പോള്‍ ങആഅ യ്ക്ക് പഠിക്കുന്നു. വ്യവസായ വകുപ്പിലെ ജോലിയോടൊപ്പം യുവാക്കളില്‍ സംരംഭ താല്‍പര്യം വളര്‍ത്തുന്നതിന് ക്ലാസുകളും കൈകാര്യം ചെയ്യുന്നു. വ്യത്യസ്ഥ മേഖലകളിലെ നൂതന സംരംഭ ആശയങ്ങള്‍ തന്മയത്വമായി പകര്‍ന്നു നല്‍കുവാന്‍ എന്‍ജിനീയറിങ് കോളേജ് അധ്യാപകനായിരുന്ന മുന്‍പരിചയവും സഹായകരമാകുന്നുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു.

ജൈവ വൈവിധ്യത്തോടുള്ള അഭിനിവേശം, സംരംഭക മേഖലയിലെ വര്‍ഷങ്ങളുടെ അനുഭവജ്ഞാനം, ചിത്രകലയിലെ പ്രാവീണ്യം, ഗവേഷണ തല്‍പരത എന്നീ ഘടകങ്ങളാണ് യോഗീശ്വര ഫാമിംഗ് എന്ന സമ്പൂര്‍ണ്ണ കാര്‍ഷിക സമ്പ്രദായത്തിന്റെ രൂപകല്‍പനയിലേക്ക് അദ്ദേഹത്തെ നയിച്ചതെന്ന് മനസിലാക്കാം. യോഗീശ്വര ഫാമിംഗ് സിസ്റ്റം പ്ലാന്റേഷന്‍ മേഖലയ്ക്കാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്. ഇതിനായി കുറഞ്ഞത് ഒരു ഏക്കര്‍ സ്ഥലമെങ്കിലും ആവശ്യമാണ്.

ഒരു പ്രദേശത്തിന്റെ ഭൂപ്രകൃതി, ഭൂവിസ്തൃതി, കാലാവസ്ഥ, മണ്ണിന്റെ ഘടന, ജലലഭ്യത, സൂര്യപ്രകാശം, പ്രാദേശിക സസ്യജാലങ്ങള്‍, ഉല്പന്നങ്ങളുടെ വിപണന സാധ്യത എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു യോഗീശ്വര ഫാം രൂപകല്പന ചെയ്യേണ്ടത്. എന്തൊക്കെ വൃക്ഷങ്ങളാണ് നടേണ്ടതെന്നും അവ എവിടെ എങ്ങനെ നട്ടാല്‍ പരമാവധി നേട്ടമുണ്ടാക്കാനാകുമെന്നതും രൂപകല്പനയുടെ ഭാഗമാണ്.

രൂപകല്‍പ്പന :
ഒരു കൃഷിയിടത്തില്‍ ഒരേയിനം വിള കൃഷി ചെയ്യുന്നതിനു പകരം കൃഷിയിടത്തെ പല കഷണങ്ങളാക്കുന്നു. ഓരോ കഷണത്തിലും ഓരോ തരം വിള മാത്രം നടന്നു. അങ്ങനെ ഓരോ കഷ്ണവും ഒരേ ഇനം വിളകളുടെ കൂട്ടം (Cluster) ആയി മാറുന്നു. ഇത്തരത്തിലുള്ള വിവിധയിനം വിളകളുടെ പല ക്ലസ്റ്ററുകള്‍ കാണും യോഗീശ്വര ഫാമിങ്ങിലെ കൃഷിയിടത്തില്‍. ഇതെല്ലാം ശാസ്ത്രീയമായ അടിത്തറയോടുകൂടി ചെയ്യണമെന്ന് മാത്രം.

ഉദാഹരണം: ഒരു ഏക്കര്‍ ഭൂമിയില്‍ റബ്ബര്‍ മാത്രം കൃഷി ചെയ്യുന്നതിനു പകരം അതിനെ 10 സെന്റിന്റെ  10 കഷണങ്ങള്‍ ആക്കി മാറ്റുക. അനുയോജ്യമായ സ്ഥലത്തെ രണ്ടു കഷണങ്ങളില്‍ ഒന്ന് ‘കാതല്‍ കുളം’ ആയും മറ്റൊന്ന് ‘കാതല്‍ വനമായും’  മാറ്റുക. ബാക്കിയുള്ള എട്ട് കഷണത്തില്‍ ഒന്നില്‍ മാവ് നടുമ്പോള്‍, മറ്റൊരു കഷണത്തില്‍ പ്ലാവ്, വേറൊന്നില്‍ തെങ്ങ്, അടുത്തതില്‍ മുള്ളാത്ത  എന്നിവയും ബാക്കിയുള്ളതില്‍  തേക്ക്, കാപ്പി, കൊക്കോ, പപ്പായ എന്നിവയും നടന്നു. ഓരോ കഷണത്തിലും ഓരോ ഇനം സസ്യങ്ങളുടെ കൂട്ടം (Cluster). ഇത്തരം പല കൂട്ടങ്ങളായി കൃഷി ചെയ്യുന്നത് കൊണ്ടാണ് ഈ സമ്പ്രദായത്തെ Multi Cluster എന്ന് വിശേഷിപ്പിക്കുന്നത്.

ഇങ്ങനെ ചെറു കൂട്ടങ്ങളായി കൃഷി ചെയ്യുന്നതിനാല്‍ വിളപരിപാലനം, വളപ്രയോഗം, വിളവെടുപ്പ് എന്നിവ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഫലപ്രദമായി ചെയ്യുവാന്‍ സാധിക്കും. അതോടൊപ്പം തന്നെ ജൈവവൈവിധ്യം നിലനിര്‍ത്തി പാരിസ്ഥിതിക സന്തുലനവും (Ecological Balance) സാധ്യമാക്കുന്നു. ഈ വിളകള്‍ക്ക് ഇടയിലും വ്യത്യസ്ത ഇനം ഇടവിളകള്‍ കൃഷി ചെയ്യാവുന്നതാണ്. അങ്ങനെ വരുമാനം വര്‍ദ്ധിപ്പിക്കാവുന്നതാണ്. ഒരു വിളയെ മാത്രം ആശ്രയിക്കാത്തതിനാല്‍ വിലയിടിവ് പോലുള്ള പ്രശ്‌നങ്ങള്‍ കര്‍ഷകനെ  അധികം ബാധിക്കുന്നുമില്ല. കൂടാതെ ഏതെങ്കിലും വിള നശിച്ചാലും അത് കര്‍ഷകനെ അത്രത്തോളം ബാധിക്കുന്നുമില്ല. മറ്റു വിളകളുടെ വില്‍പ്പനയിലൂടെ അയാള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ കഴിയുന്നു. കടക്കെണിയും കര്‍ഷക ആത്മഹത്യയും നമ്മുടെ ഓര്‍മയില്‍പോലും ഉണ്ടാവുകയില്ല. വര്‍ഷം മുഴുവനും വരുമാനം കിട്ടുന്ന രീതിയില്‍ ആണ് ഇതില്‍ കൃഷിയിറക്കുക.

യോഗീശ്വര ഫാമിംഗിന്റെ പ്രത്യേകതകള്‍

1. ജൈവവൈവിധ്യത്തില്‍ അധിഷ്ഠിതം:
വ്യത്യസ്ത ഇനങ്ങള്‍ കൃഷി ചെയ്തു കൊണ്ടും കാതല്‍ വനത്തിലൂടെ തദ്ദേശീയമായ സസ്യ ജന്തു പ്രാണി  ജാലങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള രീതി ആയതിനാല്‍ യോഗീശ്വര ഫാമിംഗ് സമ്പ്രദായത്തില്‍ ജൈവ വൈവിധ്യം നഷ്ടമാവുന്നില്ല. എന്നാല്‍ പരമ്പരാഗത കൃഷിയില്‍ ഒരേ ഇനം  സസ്യങ്ങള്‍ മണ്ണില്‍ നിന്നും ഒരേ തരം പോഷകങ്ങള്‍ വലിച്ചെടുക്കുന്നു. ആ വിളകളില്‍ നിന്നും മണ്ണില്‍ വീഴുന്ന ഒരേ ഇനം ഇലകളും മണ്ണിന്റെ ഘടനയെ ബാധിക്കുന്നു.

2. ക്ലസ്റ്റര്‍ അധിഷ്ഠിതം:
ഒരു ക്ലസ്റ്ററില്‍ ഒരു വിള എന്ന രീതിയിലാണ് ഇവിടെ കൃഷി ചെയ്യുന്നത്. അപ്പോള്‍ ഒരേക്കര്‍ ഭൂമിയില്‍ 5 മുതല്‍ 6 വരെ ക്ലസ്റ്ററുകള്‍ കാണാം ഓരോന്നില്‍  ഓരോ വിളകള്‍ ആയിരിക്കും കൃഷിചെയ്യുക. കൂടാതെ ഇവയ്ക്ക് ഓരോന്നിനും വ്യത്യസ്തമായ രീതിയിലായിരിക്കും വളപ്രയോഗം, കീടനാശിനി പ്രയോഗം എന്നിവ. വിളവെടുപ്പിനു ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല. ഒരുപരിധി വരെ ഉണ്ടാകുന്ന ജലലഭ്യത പ്രശ്‌നവും പരിഹരിച്ച് പോകാം.  ജലാംശം കുറവുള്ള ഭാഗങ്ങളില്‍ വരള്‍ച്ച പ്രതിരോധിക്കുന്ന തരത്തിലുള്ള ചെടികള്‍ കൃഷി ചെയ്യുന്നതാണ്  അനുയോജ്യം. ഉദാഹരണമായി കശുമാവ്, മുരിങ്ങ തുടങ്ങിയവ.

3. കോര്‍ ഫോറസ്റ്റ് അധിഷ്ഠിതം (കാതല്‍ വനം):
മൊത്തം ഭൂമിയുടെ 1/10 ഭാഗം വനമായി തന്നെ സംരക്ഷിക്കുക. മരങ്ങള്‍ നട്ടുപിടിപ്പിച്ചു വനം രൂപീകരിക്കുന്നതിന് പകരം അവിടെ വളരുന്ന സസ്യങ്ങളെയും ജീവജാലങ്ങളെയും നശിപ്പിക്കാതിരിക്കുക, ആ ഭാഗത്തെ മനുഷ്യസ്പര്‍ശം കുറയ്ക്കുക. പിന്നീട് അതൊരു ആവാസവ്യവസ്ഥയായി  മാറുകയും ചെയ്യും. ഇത്തരം ചെറുവനങ്ങളില്‍ അപൂര്‍വമായി കാണുന്ന ഹെര്‍ബുകള്‍, ജന്തുജാലങ്ങള്‍ എന്നിവയെ നമുക്ക് സംരക്ഷിക്കുകയും ചെയ്യാം. മണ്ണിലെ  ഓക്‌സിജന്‍ ലഭ്യതയും, ജലാംശത്തിന്റെ  വര്‍ദ്ധനവും നമുക്ക് ഇതില്‍ നിന്നും വ്യക്തമായി അനുഭവിച്ചു അറിയുവാനും കഴിയുന്നു. നശിച്ചുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥകളെ നമുക്ക് ഈ രീതിയിലൂടെ പുനരാവിഷ്‌കരിക്കാന്‍ കഴിയും.

4. കോര്‍ വാട്ടര്‍ ബോഡി അധിഷ്ഠിതം (കാതല്‍ കുളം):
മൊത്തം ഭൂമിയിലെ പത്തിലൊന്ന് ഭാഗം ജലസംരക്ഷണത്തിനായി ഉപയോഗിക്കുന്നു. ജലാശയം നിര്‍മിച്ചു അതിനെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രാധാന്യം. ആ പ്രദേശത്ത് കുളം ഉണ്ടെങ്കില്‍ അതിനെ തന്നെ ജലസ്രോതസ് ആക്കിമാറ്റാം. കൂടാതെ ധാരാളം മത്സ്യങ്ങള്‍ വളര്‍ത്തുകയും ചെയ്യാം.

5. മനോഹാരിത:
കൃഷിയില്‍ ഭംഗിക്ക് എന്ത് കാര്യം എന്ന് നമുക്ക് തോന്നിയേക്കാം എന്നാല്‍ ഈ കൃഷിരീതിയില്‍ ഓരോ ക്ലാസ്റ്ററുകളും ഭംഗിയായി തന്നെ നമുക്ക് നിര്‍മിക്കാം. ആ പ്രദേശത്ത് വളരുന്ന ചെടികളെ വെട്ടി ഭംഗിയുള്ള പുല്‍ത്തകിടികള്‍ രൂപീകരിക്കാം, കൂടാതെ  ലാന്‍ഡ്‌സ്‌കേപ്പ് ഡിസൈന്‍ ചെയ്യാം. ഇത് ഫാം ടൂറിസത്തിന് സഹായകമായി മാറുകയും ചെയ്യുന്നു.

6.ഫാം ടൂറിസം:
ഭംഗിയായി അണിഞ്ഞൊരുങ്ങിയ ഫലവൃക്ഷങ്ങള്‍, അവ വിളവെടുക്കാനും മൂല്യ വര്‍ധനവ് നടത്താനുള്ള അവസരം. ഭംഗിയുള്ള ചെറുവനം, ജലസമൃദ്ധമായ കുളം, പച്ചപ്പരവതാനി വിരിച്ച പുല്‍ത്തകിടി എന്നിവ അനുഭവിക്കാനും, ജൈവവൈവിധ്യങ്ങളുടെ അടുത്തറിയുവാനും ആസ്വദിക്കാനുമുള്ള അവസരങ്ങള്‍, വ്യത്യസ്തമായ പ്രാദേശിക ഭക്ഷ്യ വിഭവങ്ങള്‍ കഴിക്കുവാനുള്ള അവസരങ്ങള്‍, മുളം കുടിലുകളില്‍ അന്തിയുറങ്ങി പ്രകൃതിയെ അടുത്തറിയാനുള്ള അവസരം, ഇവയെല്ലാം  ടൂറിസ്റ്റുകള്‍ക്ക് നവ്യമായ അനുഭവം പകരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

7. ഉല്‍പന്നങ്ങളുടെ മൂല്യ വര്‍ദ്ധനവ് :
വിളവെടുപ്പില്‍ നിന്ന് ലഭ്യമാകുന്നവയെ  മറ്റു  ഉല്‍പ്പന്നങ്ങള്‍ ആക്കിമാറ്റി സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനായി മൈക്രോ മിഷനറികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം.  ഉദാഹരണം: വിളവെടുക്കുന്നത്  കൊക്കോ ആണെങ്കില്‍ അതിനെ fermentation, drying, frying, pealing, powdering/pulverization തുടങ്ങിയ നിരവധി പ്രക്രിയകള്‍ക്ക് വിധേയമാക്കി ശുദ്ധമായ കൊക്കോപൗഡര്‍/ചോക്ലേറ്റ് പൗഡര്‍  നമുക്ക് വിപണിയിലെത്തിക്കാം. കൊക്കോ നേരിട്ട് വില്‍ക്കുന്നതിനേക്കാള്‍ ചോക്ലേറ്റ് പൗഡര്‍ വില്‍ക്കുന്നതിലൂടെ ഇരട്ടി സാമ്പത്തികനേട്ടം ഉണ്ടാക്കുകയും ചെയ്യാം.

ഇതേരീതിയില്‍ കാപ്പി, കശുവണ്ടി, റബ്ബര്‍ തുടങ്ങിയവയുടെ  ഉല്‍പന്നങ്ങള്‍ നമുക്ക് വിപണിയിലെത്തിക്കാം. ഇതിലൂടെ തൊഴിലവസരങ്ങള്‍  വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഫാം  ടൂറിസത്തിനെ കുറിച്ച് അറിയാനായി എത്തുന്ന ആള്‍ക്കാര്‍ക്ക് ഇതെല്ലാം നേരിട്ട് കാണുകയും മനസ്സിലാക്കുകയും ചെയ്യാം. കൂടാതെ, ഇതിന്റെ പഠന സാധ്യതയും നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ. വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികള്‍ക്ക് ഈ രീതികള്‍ നേരിട്ട് കണ്ടു  മനസ്സിലാക്കാനും ഇതിന്റെ സാധ്യതകള്‍ മനസ്സിലാക്കി ഒരു പഠന കോഴ്‌സ് രൂപീകരിക്കാനും അവസരമുണ്ട്.

8. Aquaponics/ Intensive Fish Cultivation ::
സാധാരണയായി 1000 ലിറ്റര്‍ വെള്ളത്തില്‍ നമുക്ക് നാല് മുതല്‍ ആറ് മീനുകളാണ് വളര്‍ത്താന്‍ സാധിക്കുക  എന്നാല്‍ അക്വാപോണിക്‌സ് രീതിയിലൂടെ 75 മീനുകളെ വളര്‍ത്താന്‍ സാധിക്കും. ഇതും വരുമാനം ലഭിക്കുന്ന കൃഷി രീതിയാണ്.  കൃത്യമായ ഫില്‍റ്ററിങ് സിസ്റ്റം ഇവിടെ അനിവാര്യമാണ് എന്നു  മാത്രം.

9. കാര്‍ഷിക അനുബന്ധ പ്രവര്‍ത്തികള്‍ (Agri. – Allied Farming): :
ഈ കൃഷിരീതിക്കൊപ്പം നമുക്ക് ചെയ്യാവുന്ന മറ്റു ജോലികളാണ് മണ്ണിര കമ്പോസ്റ്റ് നിര്‍മാണം &  ഗോശാല: ആട്, പശു എന്നിവ വളര്‍ത്തല്‍ ഇവയുടെ ചാണകം വളമായി ഉപയോഗിക്കുകയും പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും വിപണനത്തിലൂടെ സമ്പാദിക്കുകയും ചെയ്യാം.

10. Climate Resilient Farming :
അപ്രതീക്ഷിതമായ കൊടുങ്കാറ്റും പ്രളയവും ഉരുള്‍പൊട്ടലും വരള്‍ച്ചയും കൃഷിനാശത്തിനും കര്‍ഷക ആത്മഹത്യക്കും കാരണമാകുന്നു. കാലാവസ്ഥാവ്യതിയാനം ഏകവിള കൃഷിയെ വളരെയധികം ബാധിക്കുമ്പോള്‍ പരിഹാരം വ്യത്യസ്ത ഇനങ്ങളെ  ഉള്‍പ്പെടുത്തിയിട്ടുള്ള യോഗീശ്വര ഫാര്‍മിംഗ്  സിസ്റ്റം തന്നെ.

11. Organic System (ജൈവ പരിപാലനം ):
ജൈവവളം, ജൈവകീട നിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവ മാത്രം ഉപയോഗിക്കുന്നതിനാല്‍ പൂര്‍ണമായും ജൈവ സംരക്ഷണത്തിലായിരിക്കും. ഉല്‍പന്നങ്ങള്‍  സുരക്ഷിതവും കൂടുതല്‍ വില ലഭിക്കുന്നതുമായിരിക്കും.

12. Different Themes:
ഓരോ തോട്ടവും ഓരോ തീമില്‍ (Theme) രൂപകല്‍പ്പന ചെയ്യാന്‍ സാധിക്കും. ഒരു തോട്ടം ഫ്രൂട്ട് അധിഷ്ഠിതം എങ്കില്‍ മറ്റൊന്ന് സ്പൈസ്  അധിഷ്ഠിതമാക്കാനാവും. ഔഷധം, ബിവറേജ് എന്നി വ്യത്യസ്തമായ ആശയങ്ങളില്‍ തോട്ടങ്ങള്‍ രൂപകല്പന ചെയ്യുന്നത് വഴി മാര്‍ക്കറ്റിംഗ് സാധ്യത വര്‍ദ്ധിപ്പിക്കാനാവും.
പ്രകൃതിക്കനുയോജ്യമായ രീതിയില്‍ നിര്‍മിക്കുന്ന മുളം കുടിലുകള്‍, ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനായി ഉള്ള റിസോര്‍ട്ടുകള്‍, ഫാം ടൂറിസം പഠിക്കാനുള്ള സൗകര്യം ഇവയെല്ലാം ഇതിനോട് അനുബന്ധിച്ച് വരുന്ന ഘടകങ്ങളാണ്. കൂടാതെ ആയുര്‍വേദ ചികിത്സാ രീതികളും, പ്രകൃതി ചികിത്സാ രീതികളും ഇവിടെ വന്‍ സാധ്യതകള്‍ സൃഷ്ടിക്കുന്നു. സാമ്പത്തിക ഭദ്രത 100% ഉറപ്പ് നല്‍കുന്ന കൃഷിരീതിയാണ് ഇത്. സ്ഥിരമായ വരുമാനം ഇതിലൂടെ ലഭ്യമാകുകയും ചെയ്യും.

റബ്ബര്‍ കൃഷിയെ കൂടുതലായി ആശ്രയിച്ചു നഷ്ടകണക്കുകള്‍ പറയുന്ന കര്‍ഷക സമൂഹം ചിന്തിക്കേണ്ടത് റബ്ബര്‍ നമ്മുടെ മണ്ണില്‍ ജലാംശം കുറയ്ക്കുകയും, അസിഡിറ്റി കൂട്ടുകയും,  ജലജീവികളെ  നശിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. ഒരു കിലോ റബ്ബറില്‍ നിന്നും 113 രൂപ മാത്രമാണ് ലഭ്യമാകുക എന്നാല്‍ ഇത്തരം കൃഷിയിലൂടെ വര്‍ഷം മുഴുവനും കര്‍ഷകന് സമ്പാദിക്കാം. മാറ്റം അത് ഏതു മേഖലയിലാണെങ്കിലും അനിവാര്യമാണ്. ഇനിയെങ്കിലും കേരളത്തിലെ കര്‍ഷകര്‍ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. റബ്ബറിനോടുള്ള  താല്പര്യം കുറച്ച് പുതിയ കൃഷിരീതികള്‍ അംഗീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്താല്‍ സാമ്പത്തികനേട്ടത്തിന് പുറമേ നമ്മുടെ പ്രകൃതിയും ജീവജാലങ്ങളും സുരക്ഷിതരായിരിക്കും ചെയ്യും.

‘ഡോണ്ട് കീപ് ആള്‍ എഗ്ഗ്സ് ഇന്‍ എ സിംഗിള്‍ ബാസ്‌ക്കറ്റ്’ എന്ന ആശയം തന്നെയാണ് യോഗീശ്വര ഫാമിങ് ചൂണ്ടിക്കാണിക്കുന്നത്. തന്റെ ആശയം കര്‍ഷകന് എങ്ങനെ കൂടുതല്‍ പ്രയോജനപ്പെടുത്താം എന്ന ചിന്തയുമായി പ്രവര്‍ത്തന നിരതന്‍  ആവുകയാണ് ഗൗതം യോഗീശ്വര്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button