ഇന്ത്യയിലെ വിദേശ നിക്ഷേപം വലിയ തോതിൽ പിൻവലിക്കപ്പെടുമെന്ന് റിസർവ് ബാങ്ക്
മുംബൈ: ആഗോള സാഹചര്യങ്ങൾ മോശമായാൽ ഇന്ത്യൻ ഓഹരി വിപണയിൽ നിന്ന് വലിയ തോതിൽ വിദേശ നിക്ഷേപം പിൻവലിക്കപ്പെടാമെന്ന് റിസർവ് ബാങ്ക്. 10,000 കോടി ഡോളർ (7.8 ലക്ഷം കോടി രൂപ) വരെ വിദേശ നിക്ഷേപമാണ് ഇത്തരത്തിൽ ഇന്ത്യൻ വിപണിയിൽ നിന്ന് പോകാൻ സാധ്യത. മൊത്തം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ 3.2% വരും ഈ തുകയെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിനിൽ പറയുന്നു.
.
ആഗോള സാമ്പത്തിക ചലനങ്ങളോട് ഏറ്റവും തീവ്രമായി പ്രതികരിക്കുന്ന ഇന്ത്യൻ സാമ്പത്തിക ഘടകമാണ് ഓഹരിവിപണിയിലെ വിദേശനിക്ഷേപം. യുഎസിലെ പലിശ നിരക്കു വർധന, ആഗോളതലത്തിൽത്തന്നെ പ്രകടമാകുന്ന വിലക്കയറ്റം, ഓഹരികളുടെ ഉയർന്ന വിലനിലവാരം തുടങ്ങിയ ഘടകങ്ങൾ ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശനിക്ഷേപകരുടെ പിൻമാറ്റത്തിനു കാരണമാകുകയാണ്. ഇക്കൊല്ലം ഇതുവരെ 2 ലക്ഷം കോടിയോളം രൂപ ഇങ്ങനെ പിൻവലിക്കപ്പെട്ടു. ഈ മാസം ഇതുവരെ 31540 കോടി രൂപ വിദേശനിക്ഷേപകർ പിൻവലിച്ചു.