‘കഷ്ടപ്പെട്ടാല്‍ മാത്രമേ ഇഷ്ടപ്പെട്ടത് നേടാനാകൂ” ഫിറ്റ്‌നസ് ലോകത്ത് വിജയകിരീടം ചൂടി ജെയ്‌സണ്‍ ജേക്കബ്
ഫിറ്റ്‌നസ് ഇഷ്ടപ്പെടാത്ത ആരാണുള്ളത് ? കഷ്ടപ്പെടാതെ ഫിറ്റ്‌നസ് നേടാനാണെങ്കില്‍ ഈ മേഖലയിലേക്ക് ഇറങ്ങി വരാന്‍ ഏതൊരു വ്യക്തിയും തയ്യാറാകും. എന്നാല്‍ ‘കഷ്ടപ്പെട്ടാല്‍ മാത്രമേ ഇഷ്ടപ്പെട്ടത് നേടാനാകൂ’ എന്നതാണ് ഫിറ്റ്‌നസ് മേഖലയിലെ പ്രധാന തത്വം. വര്‍ഷങ്ങളായി ഫിറ്റ്‌നസ് മേഖലയില്‍ തുടരുകയും നിരവധി ആളുകളെ ഫിറ്റ്‌നസിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്ത വ്യക്തിയാണ് ജയ്‌സണ്‍ ജേക്കബ്.
‘ഡ്രീം ജിം’ എന്ന ഫിറ്റ്‌നസ് ലോകത്തിന്റെ അധിപനാണ് ജെയ്‌സണ്‍. എറണാകുളം കടവന്ത്ര കേന്ദ്രമാക്കിയാണ് ഈ സംരംഭം ഇന്ന് പ്രവര്‍ത്തിക്കുന്നത്. തന്റെ പതിനാറാമത്തെ വയസ്സു മുതല്‍ ഫിറ്റ്‌നസ് മേഖലയില്‍ ജെയ്‌സണ്‍ സജീവ സാന്നിധ്യമാണ്. ചെറുപ്പത്തില്‍ ഈ മേഖലയില്‍ നിന്നും ലഭിച്ച അംഗീകാരവും സമ്മാനവുമായിരുന്നു ജയ്‌സണെ ഈ മേഖലയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത്.
നിരന്തരമായ കഠിനപ്രയത്‌നം കൊണ്ട് നിരവധി സെലിബ്രിറ്റീസിനെ വരെ ട്രെയിന്‍ ചെയ്യിക്കുന്ന ഒരു കോച്ചായി മാറാന്‍ ജയ്‌സണ് സാധിച്ചു. 2000 – ലാണ് ജെയ്‌സണ്‍ ആദ്യമായി തന്റെ ജിംനേഷ്യം എന്ന സ്വപ്‌നത്തിന് തുടക്കം കുറിക്കുന്നത്. തുടക്കത്തില്‍ സ്ഥാപനത്തിന്റെ പേര് ‘മസില്‍ സ്‌റ്റൈല്‍’ എന്നായിരുന്നു. ഈ ജിമ്മിന് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ആദ്യത്തെ മള്‍ട്ടി പര്‍പ്പസ് ജിം ആയിരുന്നു ഇത്. അതായത് പശ്ചിമ കൊച്ചിയിലെ ആദ്യമായി വെയിറ്റ് ലോഡഡ് മിഷ്യന്‍സ് ഉപയോഗിച്ചുകൊണ്ട് തുടങ്ങിയ ഒരു ആധുനിക ജിംനേഷ്യം. അതിനുശേഷം 2019 ലാണ് ഡ്രീം ജിം എന്ന പേരില്‍ കൂടുതല്‍ വിപുലീകരിച്ച ഒരു ജിമ്മായി ഇത് മാറുന്നത്.
ഈ മേഖലയില്‍ എത്തിയതിനുശേഷം നിരവധി വ്യക്തികള്‍ക്ക് പ്രചോദനമാകാന്‍ കഴിഞ്ഞു എന്നത് ജെയ്‌സണെ സംബന്ധിച്ചിടത്തോളം വലിയ ഒരു നേട്ടമാണ്. അതോടൊപ്പം തന്നെ ഫിറ്റ്‌നസ് മേഖലയില്‍ നേടിയ മറ്റു നേട്ടങ്ങള്‍ എടുത്തു പറയേണ്ടതാണ്. ഈ കാലയളവിനുള്ളില്‍ ഏകദേശം നൂറിലധികം ആളുകളെയാണ് ജെയ്‌സണ്‍ ട്രെയിന്‍ ചെയ്യിക്കുകയും നാഷണല്‍ ലെവല്‍ ജേതാക്കളാക്കി മാറ്റുകയും ചെയ്തത്.
ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ഡിസ്ട്രിക്ട് സെക്രട്ടറി സ്ഥാനം വചിച്ച വ്യക്തി കൂടിയാണ് ജെയ്‌സണ്‍. അതോടൊപ്പം, 2022 ല്‍ മധുരയില്‍ വച്ചു നടന്ന നാഷണല്‍ മാസ്റ്റേഴ്‌സ് ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ ജേതാവ്, എറണാകുളം ജില്ല ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ എന്നീ ബഹുമതികളും അദ്ദേഹത്തിനുണ്ട്. നിരവധി ട്രെയിനേഴ്‌സ് ഈ മേഖലയില്‍ പ്രവൃത്തി പരിചയം നേടുന്നതിനായി ജെയ്‌സണിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാറുണ്ട്.
അദ്ദേഹത്തിന്റെ ഈ നേട്ടങ്ങളെല്ലാം തന്നെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലം മാത്രമായിരുന്നു. ജെയ്‌സണിന്റെ രണ്ട് അനിയന്മാരും ഭാര്യയുടെ സഹോദരനും ഇന്ന് ഫിറ്റ്‌നസ് മേഖലയില്‍ സജീവമായിരിക്കുകയും അതോടൊപ്പം തന്നെ മറ്റുള്ളവര്‍ക്ക് ജെയ്‌സണെ പോലെ തന്നെ, വഴികാട്ടികളാകുകയും ചെയ്യുന്ന വ്യക്തികളാണ്.
ഈ മേഖലയിലേക്ക് കടന്നു വരുന്നവരോട് ജയ്‌സണ് പറയാനുള്ളത് ഇതാണ് : ”കേവലം കുറച്ചു ദിവസങ്ങള്‍ മാത്രം എന്നുകരുതി ആരും ഫിറ്റ്‌നസ് ലോകത്തേക്ക് വരാതിരിക്കുക. ‘കണ്‍സിസ്റ്റന്‍സി’യാണ് ഈ മേഖലയില്‍ ആദ്യം വേണ്ടത്. കൊറോണ വന്നപ്പോള്‍ ഈ മേഖല വളരെയധികം പിന്തള്ളപ്പെട്ട് പോയിരുന്നു. ആരോഗ്യം എന്ന് പറയുന്നത് വളരെയധികം ശ്രദ്ധ കൊടുക്കേണ്ട കാര്യമാണ്. ജിമ്മുകളെ കുറിച്ചുള്ള മിഥ്യാധാരണ സമൂഹത്തില്‍ നിന്നും മാറേണ്ടതുണ്ട്. കൃത്യമായ വര്‍ക്ക് ഔട്ടുകളും ‘പ്രോപ്പര്‍ ഡയറ്റു’ം നിങ്ങളെ ആരോഗ്യമുള്ള മനുഷ്യനാക്കി മാറ്റും എന്നതില്‍ സംശയമില്ല”.