മുത്തൂറ്റ് ആല്‍വിന്‍സ് ബാഡ്മിന്റണ്‍ അക്കാദമിയുമായി സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പുവെച്ച് യോണെക്സ്
കൊച്ചി: പ്രമുഖ സ്പോര്‍ട്സ് ഉപകരണ നിര്‍മാതാവായ യോണെക്സുമായി മുത്തൂറ്റ് ആല്‍വിന്‍സ് ബാഡ്മിന്റണ്‍ അക്കാദമി സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം അക്കാദമിയിലെ തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ജപ്പാന് കമ്പനി സൗജന്യ സ്പോര്‍ട്സ് കിറ്റുകള്‍ നല്‍കും. കൂടാതെ യോണെക്സിന്റെ പ്രോ സ്റ്റോര്‍ അക്കാദമിയില്‍ ആരംഭിക്കുകയും ചെയ്യും. മൂന്ന് വര്‍ഷത്തേക്കാണ് സ്പോണ്‍സര്‍ഷിപ്പ് കരാര്‍.
ജപ്പാനില്‍ നിന്നുള്ള യോണെക്സ് സംഘവും യോണെക്സ് ഇന്ത്യ മേധാവി വിക്രം ധറും കൊച്ചി സന്ദര്‍ശനവേളയിലാണ് കരാര്‍ ഒപ്പുവെച്ചത്. കമ്പനി രൂപകല്പന ചെയ്ത പുതിയ മൂന്ന് നൈലോണ്‍ ഷട്ടില്‍ മാതൃകകളുടെ പരീക്ഷാര്ഥമാണ് സംഘം കൊച്ചിയില്‍ എത്തിയത്. ഇന്ത്യയില്‍ നിന്നും മുത്തൂറ്റ് ആല്‍വിന്‍സ് ബാഡ്മിന്റണ്‍ അക്കാദമിയും ഗോപിചന്ദ് അക്കാദമിയും മാത്രമാണ് പരീക്ഷണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.
അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട നാഴികക്കല്ലാണ് യോണെക്സുമായുള്ള സഹകരണമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എക്സിക്യുട്ടിവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് പറഞ്ഞു. കഴിവുറ്റ കളിക്കാരെ വാര്‍ത്തെടുക്കാനുള്ള അക്കാദമിയുടെ ലക്ഷ്യത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നതിനാല്‍ യോണെക്സുമായി സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഏര്‍പ്പെടാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് അക്കാദമിയുടെ മെന്ററും മുന്‍ രാജ്യാന്തര ബാഡ്മിന്റണ്‍ താരവുമായ ആല്വിന് ഫ്രാന്‍സിസ് വ്യക്തമാക്കി.