EntreprenuershipSuccess Story

തലമുടിക്ക് ആയുര്‍വേദത്തിന്റെ സുരക്ഷയേകി യവാനി

ആയുര്‍വേദപാരമ്പര്യം അവകാശപ്പെടുന്ന ഉത്പന്നങ്ങള്‍ ഇന്ന് കോസ്‌മെറ്റിക്‌സ് മേഖല കീഴടക്കിയിരിക്കുകയാണ്. ഔഷധസസ്യങ്ങളുടെ പേരില്‍ കെമിക്കലുകള്‍ കുപ്പിയിലടച്ചു വിറ്റ് ആഗോള കോര്‍പ്പറേറ്റുകള്‍ നമ്മുടെ സൗന്ദര്യബോധത്തിനു മേല്‍ അധീശത്വമുറപ്പിച്ചു കഴിഞ്ഞു. ആയുര്‍വേദ മരുന്നുകള്‍ സ്വയം തയ്യാറാക്കി ഉപയോഗിക്കാനുള്ള സമയമോ സൗകര്യമോ ആര്‍ക്കുമില്ലാത്തതാണ് ഇതിനു കാരണം. മോഹന വാഗ്ദാനങ്ങളുടെ മേമ്പൊടിയില്ലാത്ത, നൂറു ശതമാനവും പ്രകൃതിദത്തമായ ആയുര്‍വേദ ഉത്പന്നങ്ങള്‍ക്ക് വിപണിയിലുള്ള ആവശ്യം കാരണമാണ് യവാനി ഹെര്‍ബല്‍സിലൂടെ ഫോര്‍ട്ട് കൊച്ചിക്കാരി സുമിതയെ വിജയം തേടിയെത്തിയത്.

ഇവിടെ, തേടിയെത്തിയ വിജയമെന്നത് അടിവരയിട്ടു തന്നെ പറയണം. കാരണം എച്ച് ആര്‍ കണ്‍സള്‍ട്ടന്റായ സുമിതയ്ക്ക് സംരംഭകത്വമെന്നത് ഒരു ലക്ഷ്യമേ ആയിരുന്നില്ല. ചെറുപ്പകാലം മുതല്‍ താന്‍ ഉപയോഗിച്ചുവന്ന ഔഷധക്കൂട്ടുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടു കൂടിയാണ് യവാനി ഹെര്‍ബല്‍സ് എന്ന ബ്രാന്‍ഡില്‍ സുമിത ആയുര്‍വേദ ഉത്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയത്.

വളരെ തുച്ഛമായ മൂലധനവും ഓഫീസില്‍ പോയി വന്നതിനുശേഷമുള്ള സമയവും ഭര്‍ത്താവ് മധുവിന്റെയും അമ്മ ഐഷയുടെയും സഹായവും മാത്രം പിന്‍ബലമാക്കി ആരംഭിച്ച യവാനി ഒരു വര്‍ഷംകൊണ്ട് സ്ഥിരവരുമാനം നല്‍കുന്ന സംരംഭമായി മാറി.

കേശ സംരക്ഷണത്തിനുള്ള ഹെന്ന പേസ്റ്റായിരുന്നു യവാനി ഹെര്‍ബല്‍സിന്റെ ലേബലില്‍ ആദ്യമായി പുറത്തുവന്ന ഉത്പന്നം. ഇതിനാണ് ആവശ്യക്കാര്‍ കൂടുതലുള്ളതും. ഹെന്ന ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറില്‍ നല്‍കുന്ന പണത്തിന്റെ പകുതി മാത്രം കൊണ്ട് രണ്ടു തവണ ഉപയോഗിക്കാനുള്ള ഹെന്നാ പേസ്റ്റ് ‘യവാനി’യില്‍ നിന്ന് ലഭിക്കും.

തലയിലെ താരന്‍ പോകുന്നതിനൊപ്പം മുടിക്ക് സ്പാ ചെയ്തതു പോലുള്ള മിനുസവും നല്ല വളര്‍ച്ചയും യവാനിയുടെ ഹെന്ന പേസ്റ്റിലൂടെ ഉണ്ടാകുമെന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ഹെന്ന പേസ്റ്റിന്റെ വിജയത്തിനു ശേഷമാണ് തലയിലെ ഈരും പേനും നീക്കം ചെയ്യാനുള്ള ആന്റിലൈസ് ഹെയര്‍ ഓയില്‍ യവാനി അവതരിപ്പിക്കുന്നത്. കുട്ടികള്‍ക്കാണ് ഇതു കൂടുതല്‍ ആവശ്യമെന്നുള്ളതിനാല്‍ ആയുര്‍വേദത്തിന്റെ സുരക്ഷിതത്വവും വിശ്വാസ്യതയും ഒത്തുചേരുന്ന ആന്റിലൈസ് ഹെയര്‍ ഓയിലിനും ആവശ്യക്കാര്‍ ഏറെയാണ്.

കേശസംരക്ഷണ ഉത്പന്നങ്ങളുടെ വിജയത്തിനുശേഷം ബയോട്ടിന്‍ പൗഡറിലൂടെ പോഷകാഹാര മേഖലയില്‍ പ്രവേശിച്ചിരിക്കുകയാണ് യവാനി. ഔഷധഗുണമുള്ള വിത്തുകളും ഉണങ്ങിയ ഫലങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ ബയോട്ടിന്‍ പൗഡറില്‍ തലമുടിക്കും ത്വക്കിനും നഖസംരക്ഷണത്തിനും വേണ്ട പ്രകൃതിദത്തമായ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. ബയോട്ടിന്‍ പൗഡര്‍ കഴിച്ചാല്‍ പത്തു ദിവസം കൊണ്ട് മുടികൊഴിച്ചില്‍ മാറുമെന്ന് സുമിത ഉറപ്പുല്‍കുന്നു.

യവാനി ഹെര്‍ബല്‍സിന്റെ ഉത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. ഉപഭോക്താക്കളുടെ നല്ല വാക്കുകള്‍ മാത്രമാണ് യവാനിയുടെ പരസ്യം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button