‘ജോലികള്‍’ കണ്ടുപിടിച്ച ജോലി; ജോഷിലയുടെ വിജയകഥ
ലയ രാജന്‍
ജോലിയും കുടുംബത്തിനുള്ളിലെ തിരക്കുകളും ഒരുമിച്ചു കൊണ്ടുപോകാനുള്ള പ്രായോഗിക ബുദ്ധിമുട്ട് നിമിത്തം ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഉപേക്ഷിക്കുന്നു… പക്ഷേ കരിയര്‍ അവിടം കൊണ്ട് അവസാനിപ്പിക്കാന്‍ കോഴിക്കോട് സ്വദേശിയായ ആ പെണ്‍കുട്ടി ഒരുക്കമായിരുന്നില്ല. പൊതുവെ തിരക്കും മത്സരവും ഒരുപാടുണ്ടെങ്കിലും പുറമേ ആദ്യകാലങ്ങളില്‍ അത്രകണ്ടു ജനകീയമല്ലാതിരുന്ന, അതേസമയം ശ്രദ്ധയും അധ്വാനവും പരിശ്രമവും ആവോളം ആവശ്യമായി വരുന്ന മറ്റൊരു മേഖലയിലേക്ക് സംരംഭകയായി കടന്നു ചെല്ലാന്‍ പതിനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ പെണ്‍കുട്ടി എടുത്ത തീരുമാനത്തിന്റെ ഇന്നത്തെ രൂപമാണ് ആസ്പയര്‍ജോ എച്ച്. ആര്‍. സൊല്യൂഷന്‍സ് LLP എന്ന സംരംഭം. ആ പെണ്‍കുട്ടിയുടെ പേര് ജോഷില രമേഷ്…!
എച്ച്. ആര്‍ കണ്‍സള്‍ട്ടന്‍സി എന്ന ആശയം അത്ര വ്യാപകമല്ലാതിരുന്ന കാലഘട്ടത്തിന്റെ ഒടുവിലാണ് ജോഷില തന്റെ സ്ഥാപനം ആരംഭിക്കുന്നത്. കൊച്ചിയിലെ തൃപ്പൂണിത്തുറ ആസ്ഥാനമാക്കി ആദ്യം ആരംഭിച്ച സ്ഥാപനത്തില്‍ തുടക്കകാലത്ത് റിക്രൂട്ട്‌മെന്റുകള്‍, ജോബ്‌ഫെയര്‍, ഇന്റര്‍വ്യൂ പ്രിപ്പറേഷന്‍ & കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ എന്നിവയാണ് പ്രധാനമായും സംഘപ്പിച്ചിരുന്നത്. ക്ലെയ്ന്റ് ആവശ്യപ്പെടുന്നതിനനുസരിച്ച് ഒട്ടുമിക്ക എല്ലാ വിഭാഗങ്ങളിലേക്കുമുള്ള ആദ്യഘട്ട റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു ആദ്യ കാലത്ത്. പിന്നീട് ഓഫീസ് ഓപ്പറേഷനുകളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു.
ഇപ്പോള്‍ എല്ലാവിധ എഞ്ചിനീയറിംഗ് & മാനേജ്‌മെന്റ് വിഭാഗങ്ങള്‍ക്കു വേണ്ടി ആസ്പയര്‍ജോ ഇന്ത്യ ഒട്ടാകെ ഉദേ്യാഗാര്‍ഥികളെ കണ്ടെത്തുന്നു. ഇന്ത്യക്കു പുറത്തുള്ള കമ്പനികള്‍ക്ക് മികവുറ്റ ടാലന്റ്‌സിനെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ അവരുടെ ഓഫീസിലേക്ക് കണ്ടെത്തികൊടുക്കുന്നു. ഒഴിവുകളുടെ അടിസ്ഥാനത്തില്‍, അനുയോജ്യമായ ആളുകളെ കണ്ടെത്തി പ്രൊഫൈല്‍ പരിശോധനയ്ക്ക് ശേഷമുള്ള ഒന്നാം ഘട്ട ഇന്റര്‍വ്യൂ നടത്തിയതിനു ശേഷം മാത്രമാണ് നേരിട്ട് ക്ലെയ്ന്റ് ആയ കമ്പനിയിലേക്ക് ഉദേ്യാഗാര്‍ഥികളെ റഫര്‍ ചെയ്യുന്നത്. ആയതിനാല്‍, തൊഴില്‍ ദാതാക്കളായ കമ്പനികള്‍ക്ക് സമയലാഭവും പണലാഭവും ഉണ്ടാകും എന്നത് തന്നെയാണ് ഇതിലെ ഏറ്റവും വലിയ സാധ്യത എന്ന് ജോഷില പറയുന്നു.
കണ്‍സള്‍ട്ടന്‍സിയുടെ അഭിമുഖത്തിന് പുറമെ, കമ്പനിയുടെ അഭിമുഖത്തില്‍ വിജയിക്കാതെ ജോലിയില്‍ പ്രവേശനമുണ്ടാവില്ല എന്നതും അതില്‍ പ്രധാനമാണ്. എന്നാല്‍ അതേ സമയം ഈ സാധ്യത തന്നെ മറ്റൊരു തരത്തില്‍ വെല്ലുവിളിയാണെന്ന് കൂടി പറയുകയാണ് ജോഷില. ഒരേ സമയം ഒന്നിലേറെ കണ്‍സള്‍ട്ടന്‍സികളെ ഒരേ ആവശ്യത്തിനായി കമ്പനികള്‍ സമീപിക്കാറുണ്ട്. ഏറ്റവും വേഗത്തില്‍ ഏറ്റവും കൃത്യമായി ആവശ്യങ്ങള്‍ നിറവേറ്റുക എന്നത് അതിനാല്‍ത്തന്നെ നിലനില്‍പ്പിന്റെ കാര്യത്തില്‍ വളരെ പ്രധാനമാണ്.
കൊച്ചിയിലെ തൃപ്പൂണിത്തുറയില്‍ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഹൈദരാബാദിലാണ്. റിക്രൂട്ട്‌മെന്റ് ഡിജിറ്റല്‍ ആയി, ഉദ്യോഗാര്‍ത്ഥികള്‍ക്കും ക്ലെയ്ന്റുകള്‍ക്കും രാജ്യത്തുള്ള ചെറുകിട കണ്‍സള്‍ട്ടന്‍സികള്‍ക്കും കുറേക്കൂടി എളുപ്പത്തില്‍ നിറവേറ്റുന്നതിനു വേണ്ടി ഒരു അപ്ലിക്കേഷന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ ആസ്പയര്‍ജോ. 2026ല്‍ പുറത്തിറക്കാവുന്ന തരത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.
തുടക്കക്കാരിയെന്ന നിലയില്‍ ആദ്യകാലത്ത് സാമ്പത്തികമടക്കം ഒട്ടേറെ ബുദ്ധിമുട്ടുകള്‍ താന്‍ നേരിട്ടിട്ടുണ്ടെന്ന് ജോഷില ഓര്‍മിക്കുന്നു. കോര്‍പ്പറേറ്റ് മേഖലയിലെ സമ്മര്‍ദ്ദങ്ങളെക്കുറിച്ച് ധാരണയുള്ള കുടുംബത്തിന്റെ പിന്തുണയില്‍ താന്‍ അതൊക്കെയും കടന്നുവന്നു എന്ന് പറയുമ്പോള്‍ ജോഷിലയുടെ കണ്ണുകളില്‍ അഭിമാനത്തിളക്കം. മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഉയര്‍ന്ന ഉദേ്യാഗസ്ഥനായ ഭര്‍ത്താവിനും വിദ്യാര്‍ത്ഥികളായ രണ്ടുമക്കള്‍ക്കുമൊപ്പം ഹൈദരാബാദിലാണ് ജോഷില ഇപ്പോള്‍ താമസം.
Contact: +91 9633875472
Email: info@aspiregroup.in
Website: www.aspiregroup.in