അര്‍ബുദത്തോടു പോരാടി നേടിയ വിജയം; ‘വാണി കോക്കനട്ട് ഓയില്‍’ എന്ന സംരംഭവുമായി വര്‍ഗീസ് തോമസ്
മീഷേല്‍ ഒബാമ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്; ”വിജയം എന്നത് നിങ്ങള്‍ ഉണ്ടാക്കുന്ന പണമല്ല. അത് മറ്റുള്ളവരുടെ ജീവിതത്തില്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന മാറ്റമാണ്…!”
താന്‍ മാത്രമല്ല, തന്നെപ്പോലെ തന്നെ ചുറ്റുമുള്ളവരും ആരോഗ്യത്തോടെയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സംരംഭകനാണ് ഇടുക്കി കൊച്ചറക്കര സ്വദേശിയായ വര്‍ഗീസ് തോമസ്. വര്‍ഷങ്ങളായി ഒരു കര്‍ഷകന്റെ മേല്‍ക്കുപ്പായം അണിഞ്ഞിരിക്കുന്ന വര്‍ഗീസ്, ‘വാണി കോക്കനട്ട് ഓയില്‍’ എന്ന സംരംഭം ആരംഭിച്ചത് തന്നെ ആളുകളിലേക്ക് മായം കലരാത്ത വെളിച്ചെണ്ണ എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്.
തേങ്ങയില്ലാത്ത നാട്ടില്‍ നല്ല എണ്ണ ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ഗീസ് തന്റെ സംരംഭത്തിന് അടിത്തറ പാകിയത്. എന്നാല്‍ ചില ആഗ്രഹങ്ങള്‍ സഫലീകരിക്കണമെങ്കില്‍ കുറച്ചധികം ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കേണ്ടി വരും എന്നത് ഈ സംരംഭകന്റെ കാര്യത്തില്‍ സത്യമാവുകയായിരുന്നു.
സ്വപ്ന സാക്ഷാത്കാരത്തിന്റെ ആദ്യപടി എന്ന നിലയില്‍ 2017ല്‍ വര്‍ഗീസ് ഒരു മില്ല് പണിത് ലൈസന്‍സ് എടുത്തിരുന്നു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ കവിളില്‍ ഒരു മുഴ വരികയും തുടര്‍ന്നുള്ള പരിശോധനയില്‍ അത് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുകയും ചെയ്തു.
അപ്പോഴും പ്രതീക്ഷ കൈവിടാതിരുന്ന വര്‍ഗീസ് തന്നെ തോല്‍പ്പിക്കാന്‍ വന്ന അര്‍ബുദത്തോട് പോരാടി. ചികിത്സയ്ക്കുശേഷം രോഗമുക്തനായ ഈ സംരംഭകന് തന്റെ പദ്ധതിയുമായി വീണ്ടും മുന്നോട്ടു പോകാന്‍ തയ്യാറായി. ചുറ്റുമുള്ളവരെല്ലാം എതിര്‍ത്തപ്പോഴും ഭാര്യയും തന്റെ ആത്മവിശ്വാസവും മാത്രമാണ് മുന്നോട്ടുള്ള യാത്രയില്‍ തുണയായതെന്ന് വര്‍ഗീസ് പറയുന്നു.
കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് തേങ്ങ എത്തിച്ച് വലിയ ട്രേയില്‍ അത് ഉണക്കി, നല്ല മിഷനറി ഉപയോഗിച്ച് ശുദ്ധമായ വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കുകയാണ് ഈ സംരംഭകന് ചെയ്യുന്നത്. വീടിനോട് ചേര്‍ന്നുള്ള തന്റെ മില്ലില്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ വര്‍ഗീസ് തന്നെയാണ് കടകളില്‍ എത്തിക്കുന്നത്.
ബ്രാന്‍ഡഡ് കമ്പനികളുടെ വെളിച്ചെണ്ണ വിപണിയില്‍ ലഭ്യമാകുന്നത് പലപ്പോഴും തന്റെ ബിസിനസിന് തിരിച്ചടിയാകാറുണ്ടെന്ന് വര്‍ഗീസ് പറയുന്നു. എന്നാല്‍ തുടക്കക്കാരന് എന്ന നിലയ്ക്ക് തോല്ക്കാന് വര്‍ഗീസ് തയാറല്ല. ആളുകള്‍ ഗുണമേന്മയെക്കാള് മുന്‍തൂക്കം നല്‍കുന്നത് വിലയ്ക്കാണെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.
മറ്റുള്ളവരുടെ ആരോഗ്യത്തെ മാനിച്ച് മായം ഇല്ലാത്ത വസ്തു വിപണിയില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ പോലും നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും പലര്‍ക്കും ഗുണമേന്മയുള്ള സാധനങ്ങള്‍ അംഗീകരിക്കാന്‍ അല്പം ബുദ്ധിമുട്ടാണെന്നുമാണ് ഈ സംരംഭകന് പറയുന്നത്.
ബിസിനസ് ആരംഭിച്ചിട്ട് വെറും രണ്ടുമാസം പിന്നിടുമ്പോള്‍ തന്നെ വ്യവസായിക വകുപ്പിന്റെ താലൂക്ക് അടിസ്ഥാനത്തിലുള്ള പുരസ്കാരം കരസ്ഥമാക്കുവാനും ഈ സംരംഭകന് സാധിച്ചിട്ടുണ്ട്.