വാട്ട്‌സണ്‍ എനര്‍ജി : സൂര്യ തേജസ്സോടെ ഒരു സംരംഭം
10 വര്‍ഷങ്ങള്‍ക്കപ്പുറം യുകെയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു എംബിഎക്കാരന്‍ കേരളത്തിലേക്ക് വിമാനം കയറുന്നു. ജന്മനാടായ തിരുവനന്തപുരത്ത് ഒരു സോളാര്‍ പാനല്‍ ഇന്‍സ്റ്റാളേഷന്‍ ബിസിനസിന് തുടക്കമിടുന്നു. സംരംഭം തുടങ്ങുമ്പോള്‍, യുകെയിലെ തൊഴില്‍ പരിചയവും, ബിസിനസിനോടുള്ള അഭിനിവേശവും മാത്രം കൈമുതല്‍. പറഞ്ഞു വരുന്നത് ഇന്ന് സൗരോര്‍ജ പാനല്‍ രംഗത്ത് കേരളത്തിലെ മുന്‍നിര കമ്പനികളില്‍ ഒന്നായി മാറിയ വാട്ട്‌സണ്‍ എനര്‍ജിയുടെ സാരഥി ടെറന്‍സ് അലക്‌സിനെക്കുറിച്ചാണ്. 2012ല്‍ 10 ജീവനക്കാരുമായി ടെറന്‍സ് തുടക്കമിട്ട വാട്ട്‌സണ്‍ എനര്‍ജി ഇന്ന് 4,500ലധികം ഉപഭോക്താക്കളുള്ള ഒരു വലിയ ശൃംഖലയാണ്.
അനിശ്ചിതത്വത്തിന്റെ പകലുകള്‍
തിരുവനന്തപുരത്തെ തീരദേശ മേഖലയായ പൊഴിയൂരിലാണ് ടെറന്‍സ് ജനിച്ചതും, വളര്‍ന്നതും. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി എംബിഎയ്ക്കായി യുകെയിലേക്ക് പറന്നു. എംബിഎ കഴിഞ്ഞ്, അഞ്ച് വര്‍ഷക്കാലത്തോളം യുകെയില്‍ ജോലി ചെയ്തു. സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹം അപ്പോഴാണ് മുളപൊട്ടിയത്.
നാട്ടില്‍ തിരിച്ചെത്തി 2012ല്‍ ബിസിനസ് തുടങ്ങി. കുറഞ്ഞ മൂലധനത്തിലായിരുന്നു തുടക്കം. സോളാര്‍ റൂഫ് ടോപ്പുകളുടെ ഇന്‍സ്റ്റാളേഷനാണ് തുടക്കത്തില്‍ ചെയ്തിരുന്നത്. ആദ്യ ഒന്‍പതു മാസം കടന്നുപോയിട്ടും വര്‍ക്കുകളൊന്നും ലഭിച്ചില്ല. പത്താം മാസമായപ്പോള്‍ ബിസിനസ് ഇനി തുടരണോയെന്ന് വീട്ടുകാരടക്കം ചോദിച്ചുതുടങ്ങി. 11-ാം മാസവും അവസ്ഥയ്ക്ക് മാറ്റമില്ല. ജീവനക്കാര്‍ ഒറ്റക്കെട്ടായി വന്ന് ഇത് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും, അവസാനിപ്പിക്കാമെന്നും പറഞ്ഞു. പക്ഷേ, ജോലികളൊന്നുമില്ലാതിരുന്ന സമയത്തും ജീവനക്കാര്‍ക്ക് ടെറന്‍സ് കൃത്യമായി ശമ്പളം നല്‍കി. ഒടുവില്‍ ഒരൊറ്റ വര്‍ക്ക് പോലും കിട്ടാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, അക്കൗണ്ട്‌സ് ഷീറ്റില്‍ 50 ലക്ഷത്തിലധികം രൂപ നഷ്ടം. ഒരു വര്‍ഷത്തിനു ശേഷം കന്യാകുമാരിയിലെ സ്വാമി വിവേകാനന്ദാശ്രമത്തില്‍ ആദ്യ വര്‍ക്ക് ലഭിച്ചു, അത് വിജയകരമായി പൂര്‍ത്തിയാക്കി.
തിരിച്ചടിയുടെ തുടര്‍ക്കഥ
ആദ്യ പ്രൊജക്ടിന് ശേഷം, ചെറിയ രീതിയില്‍ ബിസിനസ് കിട്ടിത്തുടങ്ങി. പക്ഷേ, ആ സമയത്ത് കൂടെയുണ്ടായിരുന്ന ജീവനക്കാര്‍ സമീപിച്ച് ശമ്പള വര്‍ധന ആവശ്യപ്പെട്ടു. കമ്പനിയുടെ പ്രവര്‍ത്തനം വീണ്ടും അനിശ്ചിതത്വത്തിലായി. കമ്പനി വിട്ട് ജീവനക്കാരെല്ലാം പടിയിറങ്ങി. തുടരെത്തുടരെ വെല്ലുവിളികളുണ്ടായപ്പോഴും, നിര്‍ണായക സമയത്ത് ഒറ്റയ്ക്കായപ്പോഴും ടെറന്‍സ് തളര്‍ന്നില്ല. വീണ്ടും ഒന്നില്‍ നിന്ന് ഓടിത്തുടങ്ങി. പുതിയ ജീവനക്കാരെ കമ്പനിയിലേക്കെടുത്തു. പിന്നീടങ്ങോട്ടുള്ള കമ്പനിയുടെ വളര്‍ച്ച അത്ഭുതകരമായിരുന്നു. തകര്‍ച്ചയുടെ അറ്റത്ത് നില്‍ക്കുമ്പോഴും ഗുണമേന്മയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ വാട്ട്‌സണ്‍ എനര്‍ജി എന്ന കമ്പനി ഇന്നുണ്ടാവില്ല, ഭാവിയില്‍ സര്‍വ്വീസ് സംബന്ധമായ പ്രശ്‌നങ്ങളും നേരിടുമായിരുന്നു.
ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അന്നത്തെ തീരുമാനങ്ങളെല്ലാം ശരിയായിരുന്നു എന്നാണ് വിലയിരുത്തുന്നത്… ടെറന്‍സ് പറയുന്നു. നിലവില്‍ ഫെഡറല്‍ ബാങ്ക്, പിഎംഎസ് ഡെന്റല്‍ കോളേജ്, മറൈന്‍ എഞ്ചിനീയറിംഗ് കോളേജ്, ജൂബിലി ഹോസ്പിറ്റല്‍, ശിവഗിരി ഹോസ്പിറ്റല്‍, ഇന്ത്യന്‍ ഡയബെറ്റിക്ക് സെന്റര്‍, കേരള വാട്ടര്‍ അതോറിറ്റി, അനേര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം വാട്ട്‌സണ്‍ എനര്‍ജിയുടെ ഉപഭോക്താക്കളില്‍പ്പെടുന്നു. സോളാര്‍ റൂഫ്‌ടോപ്പില്‍ തുടങ്ങിയ യാത്ര ഇന്ന് ഇവി ചാര്‍ജ്ജിംഗ് സ്റ്റേഷന്‍, സോളാര്‍ പവര്‍ കോള്‍ഡ് സ്റ്റോറേജ് സിസ്റ്റം, ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം, ഗ്രീന്‍ ഹൈഡ്രജന്‍ പ്രൊഡക്ടുകള്‍ തുടങ്ങി വിപുലമായ ഉത്പന്ന പോര്‍ട്ട്‌ഫോളിയോയില്‍ എത്തി നില്‍ക്കുന്നു. റിന്യൂവബിള്‍ എനര്‍ജി വകുപ്പ്, കെഎസ്ഇബി, അനേര്‍ട്ട് എന്നീ സ്ഥാപനങ്ങളിലെല്ലാം എംപാനല്‍ഡ് ആണ് നിലവില്‍ വാട്ട്‌സണ്‍ സോളാര്‍സ്.
‘ത്രീ പീ'(3P)-ല്‍ വളര്‍ന്ന സംരംഭം
People, Planet, Profit എന്നീ ആശയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സോളാര്‍ റൂഫ്‌ടോപ്പ് ബിസിനസിലേക്ക് ടെറന്‍സ് ചുവടു വെക്കുന്നത്. ഒരേസമയം മനുഷ്യരുടേയും, ഭൂമിയുടേയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന, അതോടൊപ്പം സുസ്ഥിരമായ ലാഭം നല്‍കുന്ന ഒരു സംരംഭം ആരംഭിക്കുകയായിരുന്നു ലക്ഷ്യം.
ബിസിനസ് തുടങ്ങുമ്പോള്‍ അത് സമൂഹ നന്മയ്ക്കുതകുന്നതാകണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു ടെറന്‍സിന്. സോളാറിനെ കുറിച്ച് സംസാരിക്കുന്ന, അതേസമയം സോളാര്‍ എന്ന ആശയത്തെ ലളിതവല്‍ക്കരിക്കാത്ത ഒരു പേര് വേണം കമ്പനിയ്ക്ക് നല്‍കാനെന്ന ചിന്തയില്‍ നിന്നാണ്, സൗരോര്‍ജമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബിസിനസിന് ഊര്‍ജത്തിന്റെ യൂണിറ്റായ വാട്ടും, സൂര്യന്റെ സണ്‍ എന്നതും യോജിപ്പിച്ച് വാട്ട്‌സണ്‍ എന്ന പേരു നല്‍കിയത്.
ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം, ഗ്രീന്‍ ഹൈഡ്രജന്‍ പ്രൊജക്ടുകള്‍ എന്നിവയില്‍ കൂടുതല്‍ മുന്നേറണമെന്നതാണ് ഭാവി പദ്ധതി. മികച്ച ടീമിനെ സൃഷ്ടിക്കുക തന്നെയായിരുന്നു ആദ്യം മുതല്‍ നേരിട്ട വെല്ലുവിളി. അതുകൊണ്ടു തന്നെ സോളാര്‍ പാനല്‍ ഇന്‍സ്റ്റാളേഷനിലടക്കം പ്രായോഗിക പരിശീലനം നല്‍കുന്ന വാട്ട്‌സണ്‍ അക്കാദമി ആന്റ് റിസര്‍ച്ച് സെന്ററിന് കൂടി തുടക്കമിട്ടിട്ടുണ്ട്. അക്കാദമിയില്‍ സോളാര്‍ എനര്‍ജി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവരെയാണ് ജീവനക്കാരായി തെരഞ്ഞെടുക്കുന്നത്. നിലവില്‍ കൊല്ലത്തും വാട്ട്‌സണ്‍ എനര്‍ജിയുടെ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലുടനീളവും കമ്പനിയ്ക്ക് സാന്നിധ്യമുണ്ട്.