പേഴ്സണല്‍ കെയര്‍ രംഗത്തേക്ക് ചുവട് വച്ച് ഉജാല രാമചന്ദ്രന്
വീണ്ടും സംരംഭകക്കുപ്പായമണിഞ്ഞ് ജ്യോതി ലബോറട്ടറീസി’ന്റെ സ്ഥാപകനായ എം.പി. രാമചന്ദ്രന് . സഹ്യാദ്രി ബയോ ലാബ്സ് എന്ന പുതിയ കമ്പനിയിലൂടെ ‘അമൃത് വേണി ഹെയര്‍ എലിക്സര്‍’ എന്ന പുതിയ ഉല്‍പ്പന്നനിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നു. മൂന്നു വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ബയോടെക്നോളജിയിലൂടെ വികസിപ്പിച്ചെടുത്ത കേശ പരിപാലനത്തിനുള്ള പുതിയ ഉത്പന്നത്തിന്റെ നിര്‍മാണം കേരളത്തില്‍ ഉടന്‍ ആരംഭിക്കും.
ബയോടെക്നോളജി സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്തു എന്നതാണ് ‘മുടിക്കുള്ള അമൃത്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘അമൃത് വേണി’യുടെ സവിശേഷത. മുടിയെ പരിപോഷിപ്പിക്കുന്ന സസ്യഘടകങ്ങളെക്കുറിച്ച് ലോകം മുഴുവന്‍ നടന്ന ഗവേഷണങ്ങള്‍ ക്രോഡീകരിച്ച് അതില്‍നിന്നാണ് തീര്‍ത്തും വ്യത്യസ്തമായ പുതിയ ഉത്പന്നം അവതരിപ്പിക്കുന്നതെന്ന് എം.പി. രാമചന്ദ്രന് ‘ പറഞ്ഞു.
മുപ്പതിലധികം ചെടികളില്‍ നിന്ന്, മുടിക്കാവശ്യമായ ഘടകങ്ങള്‍ കണ്ടെത്തി, വിവിധ മേഖലകളിലെ ഡോക്ടര്‍മാരുടെയും ബയോടെക്നോളജിസ്റ്റുകളുടെയും സഹായത്തോടെയാണ് ഇത് വികസിപ്പിച്ചത്. ഗുണമേന്മയും വിശുദ്ധിയും ഉറപ്പാക്കിക്കൊണ്ടാണ് ഇത് വിപണിയിലെത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അമൃത് വേണി ഹെയര്‍ എലിക്സറിന്റെ ആവശ്യം കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ഉണ്ട്.
സ്വന്തം വെള്ളവസ്ത്രങ്ങള്‍ക്ക് മികച്ച വെണ്മ കിട്ടാന്‍ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളില്‍ നിന്നാണ് രാമചന്ദ്രന് ഉജാല എന്ന തുള്ളിനീലം വികസിപ്പിച്ചെടുത്തത്. 1983ല്‍ എളിയ നിലയില്‍ ആരംഭിച്ച സംരംഭം ഇന്ന് 1800 കോടി വിറ്റുവരവുള്ള, രാജ്യത്തെ പ്രമുഖ എഫ് എം സി ജി കമ്പനിയാണ്. മകള്‍ എം ആര് ജ്യോതിയെ മാനേജിംഗ് ഡയറക്റ്ററാക്കി ജ്യോതി ലബോറട്ടറീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വാങ്ങിയ രാമചന്ദ്രന് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിലൂടെ പേഴ്സണല്‍ കെയറില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹ്യാദ്രി ബയോ ലാബ്സിന് തുടക്കമിട്ടിരിക്കുന്നത്