നമ്മള്‍ ഉദ്ദേശിച്ച ആളല്ല ഈ ‘ബില്ലിഗോട്ട് ബിരിയാണി’
കൊല്‍ക്കത്ത ബിരിയാണി, ഹൈദരാബാദി ബിരിയാണി, മലബാര്‍ ബിരിയാണി, തലശ്ശേരി ബിരിയാണി, അമ്പൂര്‍ ബിരിയാണി ഇങ്ങനെ ബിരിയാണി എന്ന ഒറ്റ വിഭവത്തിനു തന്നെ എന്തെല്ലാം സ്‌പെഷ്യാലിറ്റിയാണുള്ളത്. അത്തരത്തില്‍ ഇനി മട്ടന്‍ ബിരിയാണിയില്‍ പുതിയൊരു ബ്രാന്‍ഡ് ആകാനുള്ള തയ്യാറെടുപ്പിലാണ് ബില്ലിഗോട്ട് ബിരിയാണി.
ബിരിയാണിയുടെ വൈവിധ്യം സമാനതകളില്ലാത്തതാണ്. ക്ലാസിക് ചിക്കന്‍ ബിരിയാണി മുതല്‍ റിച്ച് ലാംബ് പതിപ്പ്, ഭാരം കുറഞ്ഞ വെജിറ്റേറിയന്‍ ഓപ്ഷന്‍, അല്ലെങ്കില്‍ സീഫുഡ് വൈവിധ്യം വരെ എല്ലാവര്‍ക്കും ഇഷ്ടമനുസരിച്ച് തിരഞ്ഞെടുക്കാന്‍ ധാരാളം ബിരിയാണിയുണ്ട്. ഈ വെറൈറ്റി തന്നെയാണ് ബിരിയാണിയെ ജനകീയമാക്കുന്നതും. അങ്ങനെ ഒരു വെറൈറ്റിയാണ് ബില്ലിഗോട്ട് ബിരിയാണി.
ബില്ലിഗോട്ട് എന്ന പേരില്‍ തന്നെയുണ്ട് ഈ ബിരിയാണിയുടെ ഹൈലൈറ്റ്. ആറു മാസത്തിനും എട്ടു മാസത്തിനും ഇടയില്‍ പ്രായമുള്ള ആണ്‍ ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുത്ത് തയ്യാറാക്കുന്നതാണ് ബില്ലിഗോട്ട് ബിരിയാണി. ചെറുപ്പം മുതല്‍ ബിരിയാണിയെന്ന വിഭവത്തോടുള്ള ഇഷ്ടമാണ് ബോബിലാല്‍ സതികുമാറിനെ ബിരിയാണിയിലെ വെറൈറ്റികളെ തേടാന്‍ പ്രേരിപ്പിച്ചത്.
ഏറെ നാളത്തെ നിരന്തര പരിശ്രമത്തിനൊടുവിലാണ് തനതായ ശൈലിയില്‍ ഇന്നത്തെ ബില്ലിഗോട്ട് ബിരിയാണിക്കൂട്ടില്‍ എത്തിച്ചേരുന്നത്. ഇന്ന് ബോബിലാലിന്റെ കൂടെ ഭാര്യ ശ്രുതിയും പാര്‍ട്ടണറായ അനീഷ് സംസുധീനും ഭാര്യ നൗറിന്‍ ഷബാനയും കട്ടയ്ക്ക് കൂടെ കൂടിയപ്പോള്‍ ബില്ലിഗോട്ട് ആകെ ഉഷാറായി.
രുചിക്കൂട്ടില്‍ കേമനായ ബില്ലിഗോട്ട് ബിരിയാണി സുമാറ്റോ ആപ്പിലൂടെ ഭക്ഷണപ്രിയരുടെ ചോയ്‌സായി മാറിയപ്പോള്‍ അന്വേഷിച്ചറിഞ്ഞ് ആളുകള്‍ കഴക്കൂട്ടം കുളത്തൂര്‍ ബില്ലിഗോട്ട് റെസ്‌റ്റോറന്റില്‍ എത്തി തുടങ്ങുകയായിരുന്നു. നല്ലതു മാത്രം വിളമ്പുക എന്ന നിര്‍ബന്ധമുള്ളതു കൊണ്ടു തന്നെ വളരെ ലിമിറ്റഡ് ഐറ്റം ബിരിയാണികള്‍ മാത്രമാണ് ഇവിടെ തയ്യാറാക്കുന്നത്. ഇതിനാവശ്യമായ ആട്ടിന്‍ കുട്ടികളെ നേരിട്ട് ഒരു ഡീലറില്‍ നിന്നും ദിവസവും വാങ്ങുകയാണ് പതിവ്. അതുകൊണ്ടു തന്നെ നല്ല ‘ഫ്രഷ് മട്ടന്‍’… അതാണ് ഇവിടുത്തെ ബിരിയാണിയെ സ്വാദിഷ്ടമാക്കുന്നത്.
ബില്ലിഗോട്ട് ബിരിയാണി ചെമ്പ് കാലിയായാല്‍ പിന്നെ താരങ്ങള്‍ ചിക്കന്‍ ബിരിയാണിയും, കോകോ എന്ന് കുഞ്ഞു കോഴികളെ ഉപയോഗിച്ച് തയ്യാറാക്കുന്ന സ്പ്രിങ് ചിക്കന്‍ ഫ്രൈയുമാണ്. ഉരലില്‍ അരച്ച് തയ്യാറാക്കുന്ന തനതായ മസാലക്കൂട്ടില്‍ ഫ്രൈ ചെയ്യുന്ന ഈ സ്പ്രിങ് ചിക്കന്‍ ബിരിയാണിക്കൊപ്പം ഒരു അടിപൊളി കോമ്പിനേഷന്‍ തന്നെയാണ്. റെസ്‌റ്റോറന്റായി ആരംഭിക്കുന്നതിനു മുന്‍പും ഇപ്പോഴും IFFK തുടങ്ങി പല പ്രധാന പരിപാടികളിലും തങ്ങളുടെ വിഭവങ്ങളുടെ രുചിക്കൂട്ട് ഒരു വെന്റര്‍ സ്റ്റാള്‍ വഴി കൂടുതല്‍ പേരിലേക്ക് എത്തിക്കുകയാണ് ഈ റെസ്‌റ്റോറന്റ്.
ബിരിയാണിയുടെ പേരില്‍നിന്ന് അവ ഏതുദേശത്ത് നിന്നുള്ളതാണെന്ന് വേഗത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്നതുപോലെ, തലസ്ഥാന നഗരിയുടെ സ്വന്തം ബിരിയാണിയായി, ജനമനസ്സുകള്‍ കീഴടക്കി, ഒരു തരംഗമായി മാറുകയാണ് ബില്ലിഗോട്ട് ബിരിയാണി.