കടലമിഠായിയുടെ രുചിയും പുതുമയും: ഫോര്‍മ ഫുഡ്സിന്റെ വിജയകഥ

പുതുമയും പ്രതിബദ്ധതയും ചേരുമ്പോള്‍ എങ്ങനെ ഒരു ചെറിയ സംരംഭം വലിയ വിജയമാകും എന്നതിന് ഉജ്വല ഉദാഹരണമാണ് കോട്ടയം സ്വദേശി മനേഷ് മാത്യു ആരംഭിച്ച ‘ഫോര്‍മ ഫുഡ്സ്’. 2022ല്‍ തുടങ്ങിയ ഈ ബ്രാന്‍ഡ് ഇന്ന് കേരളത്തിന്റെ വിശ്വസ്തതയും സ്വാദും ഒരുമിച്ച് സ്വന്തമാക്കിയ പ്രമുഖ ഭക്ഷ്യ ഉത്പാദന കമ്പനികളിലൊന്നായി മാറിയിരിക്കുന്നു. സ്വന്തം ഉത്പന്നങ്ങള്‍ നേരിട്ട് കേരളത്തിലുടനീളം വിതരണം ചെയ്യുകയും 60 ശതമാനം ഉത്പാദനം പ്രശസ്ത ബ്രാന്‍ഡുകള്‍ക്കായി ‘ഔട്ട്സോഴ്സ്’ ചെയ്യുകയും ചെയ്യന്ന സ്ഥാപനമാണ് ഇന്ന് ഫോര്‍മ ഫുഡ്സ് !

ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ ഉറച്ച ദൗത്യവും പ്രഗത്ഭതയും നിറഞ്ഞ ഒരു യാത്രയുണ്ട്. തമിഴ്നാട്ടിലെ ഹെര്‍ബല്‍ പ്ലാന്റേഷനിലൂടെ സംരംഭകത്വത്തിന് തുടക്കം കുറിച്ച മനേഷ്, കേരള തമിഴ്നാട് യാത്ര ചെലവ് ലഘൂകരിക്കുന്നതിനായി തമിഴ്നാട്ടിലെ ഫാക്ടറികളില്‍ നിന്നും കടല മിഠായി ശേഖരിച്ചു കേരളത്തില്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചു. കോവിഡ് പ്രതിസന്ധിയില്‍ കൃഷി നിര്‍ത്തേണ്ടി വന്നതോടെ, മനേഷ് ആ പ്രവര്‍ത്തനം പ്രതിസന്ധി മറികടക്കാനുള്ള പ്രധാന അവസരമാക്കി മാറ്റി. പിന്നീട്, തിരുവനന്തപുരം ആസ്ഥാനമായ ഒരു ഹോംമെയ്ഡ് ഫുഡ് യൂണിറ്റിന്റെ വിതരണക്കാരനായി പ്രവര്‍ത്തിച്ചപ്പോള്‍ ഉത്പാദന മേഖലയുടെ സാധ്യത അദ്ദേഹം തിരിച്ചറിഞ്ഞു. തുടര്‍ന്ന് സ്വന്തം ബ്രാന്‍ഡ് ആരംഭിക്കാന്‍ തീരുമാനിച്ചു.
തൃശൂരിലെ ഒരു പ്രമുഖ ഫുഡ് പ്രൊഡക്ഷന്റെ ‘ഔട്ട്സോഴ്സിംഗ്’ പങ്കാളിയായി പ്രവര്‍ത്തിച്ചെങ്കിലും അതിന് ദീര്‍ഘകാലം നിലനില്‍പ്പ് ഉണ്ടായില്ല. ഒടുവില്‍ 2023ല്‍ സ്വന്തം ഉത്പാദന യൂണിറ്റ് തുടങ്ങുകയും മാര്‍ക്കറ്റിംഗ് ശക്തിപ്പെടുത്തി ബിസിനസ് മെച്ചപ്പെടുത്തുകയും ചെയ്തു. കോവില്‍പട്ടിയില്‍ നിന്നുള്ള പരമ്പരാഗത വിദഗ്ധരെ എത്തിച്ചതോടെ, ‘ഫോര്‍മ ഫുഡ്സി’ന്റെ പ്രധാന ഉത്പന്നമായ കടലമിഠായിക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചു. ഫോര്‍മ ഫുഡ്സിന്റെ പ്രധാന ആകര്‍ഷണം, പരമ്പരാഗത വിദഗ്ധരുടെ സാങ്കേതികതയും രുചി വ്യത്യാസങ്ങളുമാണ്.

കോഫി, പെപ്പര്‍ തുടങ്ങിയ യുണീക് ഫ്ളേവറുകളില്‍ ‘ഫോര്‍മ ഫുഡ്സ്’ കടല മിഠായി അവതരിപ്പിച്ചു. ജാഗിരി ഉപയോഗിച്ച്, കെമിക്കല്‍ ഫ്രീ, എസ്സന്‍സ് ഇല്ലാത്ത രീതിയില്‍ തയ്യാറാക്കുന്ന ഫോര്‍മയുടെ ഈ ഉത്പന്നങ്ങള്‍ ആരോഗ്യ ബോധമുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. മത്തന്‍ കുരു, എള്ള്, ചെറുപയര്‍ അടങ്ങിയ പോഷകസമൃദ്ധമായ ചേരുവകള്‍ ഉപയോഗിച്ചുള്ള എനര്‍ജി ബാര്‍, എള്ള് മിഠായി, മിക്സ്ച്ചര്‍ മിഠായി തുടങ്ങിയ ‘ഫോര്‍മ ഫുഡ്സ്’ന്റെ പ്രധാന ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ വന്‍തോതിലുള്ള ഡിമാന്‍ഡ് ഉണ്ടായിട്ടുണ്ട്.
തന്റെ സംരംഭത്തിന്റെ പ്രാരംഭ പരീക്ഷണ കാലം മുതല്‍ ഒപ്പമുള്ള അനീഷ് കെ ആര്, ഷൈബു തോമസ്, ജോബി ആന്റണി എന്നിവരുള്‍പ്പെടെയുള്ള തന്റെ ടീമിന് മനേഷ് തന്റെ വിജയത്തിന്റെ ‘ക്രെഡിറ്റ്’ നല്കുന്നു. പിന്നീട് ചേര്‍ന്ന ആല്ബിന് ആന്റണി ഇന്ന് കമ്പനിയുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ശക്തിയാണ്. ഓഫീസ് മാനേജ്മെന്റും അക്കൗണ്ട്സും എംബിഎ ബിരുദധാരിയായ ജോര്‍ജ് തോമസിന്റെ കൈകളില്‍ സുരക്ഷിതമാണ്.

അനൂപ്, മനു നായര്‍, പ്രിന്‍സ്, അഗസ്റ്റിന്, ഒരു കൂട്ടം വനിത സ്റ്റാഫുകള്‍ ഉള്‍പ്പെടുന്ന പ്രൊഡക്ഷന്‍ യൂണിറ്റ് എന്നിവര്‍ അടങ്ങുന്ന ടീം ആവശ്യങ്ങള്‍ക്കനുസരിച്ച് ഏത് റോളും ഏറ്റെടുക്കാന്‍ സന്നദ്ധരാണ്. ‘എന്റെ അഭാവത്തിലും കമ്പനി മുന്നോട്ടു കൊണ്ടുപോകാന്‍ ശേഷിയുള്ള ഒരു ടീം കൂടെ എന്നോടൊപ്പം ഉണ്ടാകുന്നതാണ് എന്റെ വിജയത്തിന് പിന്നിലുള്ള പ്രധാന കാരണം,’ എന്ന് മനേഷ് വിശ്വസിക്കുന്നു.
2026 – ഓടെ ‘ഫോര്‍മ ഫുഡ്സി’നെ ഒരു പ്രൈവറ്റ് ലിമിറ്റഡ് എക്സ്പോര്‍ട്ടിങ് കമ്പനിയാക്കി വികസിപ്പിക്കുക എന്നതാണ് മനേഷിന്റെ ലക്ഷ്യം. വ്യത്യസ്തമായ രുചിയും, പ്രതിബദ്ധതയുള്ള ഗുണനിലവാരവുമാണ് ‘ഫോര്‍മ ഫുഡ്സി’ന്റെ വിജയമന്ത്രം !
