EntreprenuershipSuccess Story

തോല്‍ക്കാന്‍ മനസ്സില്ലാത്ത ‘സൂപ്പര്‍ വുമണ്‍’; സബിത ജാസ്മിന്‍ എന്ന വിസ്മയ യാത്ര

നാല്‍പ്പതുകളില്‍ ജീവിതം മടുക്കുന്നവരോട് സബിത ജാസ്മിന്‍ പറയും, ‘എന്റെ റേസ് തുടങ്ങുന്നതേയുള്ളൂ!’ എന്ന്. മലപ്പുറം തിരൂരിന്റെ മണ്ണില്‍ നിന്ന് ഒരു സ്ത്രീക്ക് എത്രത്തോളം ഉയരത്തില്‍ പറക്കാന്‍ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഈ വനിത. വെറുമൊരു വീട്ടമ്മയോ, ഹോം ബേക്കറോ അല്ല സബിത; അവര്‍ ഒരു പടയാളിയാണ്. ആരെയും ആശ്രയിക്കാതെ, ആര്‍ക്കും മുന്നില്‍ തല കുനിക്കാതെ, സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുന്ന ഒരു അപൂര്‍വ വ്യക്തിത്വം…

ഖത്തര്‍ എയര്‍വേയ്‌സിലെ തിളക്കമാര്‍ന്ന കരിയര്‍ ഉപേക്ഷിച്ച് നാട്ടിലെത്തുമ്പോള്‍ സബിതയുടെ കൈമുതല്‍ ആത്മവിശ്വാസം മാത്രമായിരുന്നു. തനിക്ക് വഴങ്ങാത്തതായി ഒന്നുമില്ലെന്ന് ആശങ്കകള്‍ മൂടിയ നിമിഷത്തില്‍ അവര്‍ ഉറക്കെ പ്രഖ്യാപിച്ചു : ”എനിക്ക് സാധിക്കാത്തതായി ഈ ലോകത്ത് ഒന്നുമില്ല”.

കോവിഡ് കാലം ലോകത്തെ തളര്‍ത്തിയപ്പോള്‍ സബിത തന്റെ ഉള്ളിലെ പ്രതിഭയെ ഉണര്‍ത്തി. ഹോം ബേക്കറെന്ന തലക്കെട്ടോടെയായിരുന്നു സബിതയുടെ തുടക്കം. രുചിയുള്ള വെറൈറ്റി കേക്കുകള്‍ നല്‍കിയ മധുരം സബിതയുടെ മെനു ലിസ്റ്റിന്റെ നീളവും കൂട്ടി. കുനാഫ, പിസ്റ്റാഷേ്യാ ചോക്ലേറ്റ് തുടങ്ങി രുചിയുടെ കലവറ ‘Sanz Pastries’ എന്ന സംരംഭത്തിലൂടെ സബിതയുടെ മുന്നില്‍ പുതിയ വഴികള്‍ തുറന്നിട്ടു. തുറന്നിട്ട വാതിലുകളിലോരോന്നിലും സാന്‍സ് പരീക്ഷണങ്ങള്‍ നടത്തി.

ഒരു ലേബലിലും ഒതുങ്ങാന്‍ സാന്‍സ് തയ്യാറല്ല. രാവിലെ ഫാഷന്‍ ഡിസൈനറാണെങ്കില്‍ ഉച്ചയ്ക്ക് മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. വൈകുന്നേരം കുക്കറി ഷോകളിലെ ജഡ്ജായും രാത്രി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയായും അവര്‍ മാറും. അവിടേയും കഴിഞ്ഞില്ല; സാന്‍സിന്റെ പഠനവും ജോലിയും. യൂട്യൂബറായും അക്കൗണ്ടന്റായും ട്രാവല്‍ മേഖലയിലും തുടങ്ങി സബിത ജാസ്മിന്‍ എന്ന സ്ത്രീ എത്തിപ്പിടിക്കാത്ത മേഖലകള്‍ വിരളമായിരിക്കും. സ്ത്രീകള്‍ പലപ്പോഴും തങ്ങളുടെ കരിയറിനും സ്വപ്‌നങ്ങള്‍ക്കും വിലങ്ങിട്ടു തുടങ്ങുന്ന പ്രസവകാലത്തെ ശാരീരിക ബുദ്ധിമുട്ടുകള്‍ പോലും പക്ഷേ പഠിക്കാനുള്ള ഇവരുടെ ആവേശത്തിന് തടസ്സമായില്ല.

വയസ് 40 കഴിഞ്ഞു എന്ന് പറയാന്‍ മടിയുള്ള മനുഷ്യര്‍ക്കിടയിലേക്ക്, ‘നാല്‍പതുകളിലൂടെ സഞ്ചരിക്കുന്ന ഞാനിത്രയൊക്കെ ചെയ്യുന്നുണ്ട്, ഇനിയും ചെയ്യാനൊരുപാട് ബാക്കിയുണ്ടെ’ന്ന് ഉറക്കെ ഉറച്ച ശബ്ദത്തില്‍ സാന്‍സ് പറഞ്ഞുവെക്കുന്നുണ്ട്. ‘ഒരിടത്ത് തളച്ചിടപ്പെടാന്‍ എനിക്ക് കഴിയില്ല, എനിക്ക് ഇനിയും ഉയരങ്ങളില്‍ എത്തണം’, അവരുടെ വാക്കുകളില്‍ ആത്മവിശ്വാസത്തിന്റെ കനലും വ്യക്തമാണ്.

മക്കള്‍ക്കും കുടുംബത്തിനും വേണ്ടി സ്വയം ഉരുകിത്തീരുന്ന പഴയകാല സ്ത്രീരൂപമല്ല സബിത ജാസ്മിന്‍. മക്കള്‍ക്ക് കരുത്തായി നില്‍ക്കുമ്പോള്‍ തന്നെ തന്റേതായ സമയങ്ങളേയും സ്വാതന്ത്ര്യത്തേയും ആഗ്രഹങ്ങളേയും അവര്‍ വിട്ടുവീഴ്ചയില്ലാതെ കാത്തുസൂക്ഷിക്കുന്നുണ്ട്. സാമ്പത്തികമായി ആരെയും ആശ്രയിക്കാതെ, സ്വന്തം അധ്വാനത്തില്‍ ജീവിക്കണമെന്നത് വാക്കുകളിലൂടെ പറഞ്ഞല്ല, മറിച്ച് തന്റെ പ്രവൃത്തി കൊണ്ട് ചുറ്റുമുള്ള സ്ത്രീകളോട് ഉറക്കെ പ്രഖ്യാപിക്കുകയാണ് സബിത.

മേയ് 10ന് അവരെ തേടിയെത്തുന്ന വനിതാ പുരസ്‌കാരം ഒരു തുടക്കം മാത്രമാണ്. ഇനിയും എഴുതപ്പെടാത്ത പുസ്തകമായും, തുടങ്ങാനിരിക്കുന്ന റെസ്‌റ്റോറന്റായും സാന്‍സ് തന്റെ ജൈത്രയാത്ര തുടരുകയാണ്.

‘സ്ത്രീകള്‍ ബലഹീനരല്ല, അവര്‍ ലോകം കീഴടക്കാന്‍ ജനിച്ചവരാണ്’ എന്ന് സാന്‍സ് ഓരോ ദിവസവും തെളിയിക്കുന്നു. പരിഹാസങ്ങളെയും തടസ്സങ്ങളെയും പുഞ്ചിരിയോടെ നേരിട്ട്, ഒരിടത്തും ‘സെറ്റില്‍’ ആകാതെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്ന സബിത ജാസ്മിന്‍ ഓരോ സ്ത്രീക്കും ഒരു പാഠമാണ്. തോല്‍ക്കാന്‍ വിസമ്മതിക്കുന്ന ഒരു മനസ്സുണ്ടെങ്കില്‍ ആകാശവും നിങ്ങള്‍ക്ക് കീഴടങ്ങും…!!

https://www.instagram.com/sanz__pursuit?igsh=a3Z6a2dteWZzZWE5

https://www.facebook.com/share/1GwZiDzySa

https://www.youtube.com/@sanzpursuit

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button