യൂസഫലിയുടെ വിജയഗാഥ
1973 ഡിസംബര്‍ 31.
അന്നാണ് 18 വയസ്സുകാരനായ ആ മലയാളി യുവാവ് ദുബായ് എന്ന സ്വപ്ന നഗരത്തില്‍ കാലുകുത്തിയത്. റാഷിദ് തുറമുഖത്ത്, ‘ദുംറ’ എന്ന കപ്പലില്‍ മനസ്സ് നിറയെ സ്വപ്നങ്ങളുമായി, വിജയിക്കണമെന്ന വാശിയുമായി എത്തിയ ആ യുവാവിനെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ ബന്ധു അബ്ദുള്ള എത്തിയിരുന്നു. ആ ദിനം ആ യുവാവിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവാകുകയായിരുന്നു.
ഇന്ന്, അതായത് 46 വര്‍ഷം പിന്നിടുമ്പോള്‍, 35,306 കോടി രൂപയാണ് ആ വ്യക്തിയുടെ സ്വത്ത്. ഏറ്റവും സമ്പന്നനായ മലയാളി. സമ്പന്നരായ ഇന്ത്യക്കാരില്‍ 24-ാം സ്ഥാനക്കാരന്. ലോകത്ത് 270-ാം സ്ഥാനക്കാരന്. ആ വ്യക്തി മറ്റാരുമല്ല, വെറും വട്ടപൂജ്യത്തില് നിന്നും വന്‍വ്യാപാര ശൃംഖലയുടെ അധിപനായി മാറിയ, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലിയാണ്.
തൃശൂര്‍ ജില്ലയിലെ നാട്ടിക എന്ന കൊച്ചുഗ്രാമത്തില്‍ 1955 നവംബര്‍ 15 ന്, ഒരു സാധാരണ കുടുംബത്തിലാണ് യൂസഫലിയുടെ ജനനം. നാട്ടികയില്ത്തന്നെയായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. അതിനുശേഷം ഗുജറാത്തില്‍ നിന്നും ബിസിനസ് മാനേജ്മെന്റ് & അഡ്മിനിസ്ട്രേഷനില്‍ ഡിപ്ലോമ. ശേഷം, മുന്നില്‍ തെളിഞ്ഞ വഴി; ഗള്‍ഫ്!
തന്റെ ബന്ധുവായ അബ്ദുള്ളയോടൊപ്പം ചേര്‍ന്നാണ് യൂസഫലി, ബിസിനസ്സിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. ക്ലാസ് മുറിയില്‍ നിന്നല്ല ബിസിനസ് പഠിക്കേണ്ടതെന്ന് യൂസഫലി മനസ്സിലാക്കുകയായിരുന്നു. കഷ്ടപ്പാടുകള്‍ക്ക് യൂസഫലിയെ തളര്‍ത്താനായില്ല. വിജയിക്കണമെന്ന വാശി ഓരോ നിമിഷവും ആ ചെറുപ്പക്കാരനെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു.
യൂസഫലിയുടെ ആശയങ്ങളാണ് ലുലു ഗ്രൂപ്പിനെ പടിപടിയായി ഉയര്‍ത്തിയത്. കയറ്റുമതി-ഇറക്കുമതി, ഹോള്‍സെയില്‍ വ്യാപാരങ്ങള്‍ ആരംഭിച്ചതോടെ, ലുലു ഗ്രൂപ്പ് വളരാന്‍ തുടങ്ങി. 1990 കാലഘട്ടത്തില്‍ യുഎഇയിലെ റീട്ടെയില്‍ വ്യാപാര രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിച്ചു. പരമ്പരാഗത റീട്ടെയില്‍ ഷോപ്പുകള്‍ വലിയ ഷോപ്പുകളായും ഹൈപ്പര്‍ മാര്‍ക്കറ്റുകളായും മാറി. ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റ് അവതരിപ്പിക്കാന്‍ യോജിച്ച സമയവും ഇതാണെന്ന് യൂസഫലി ചിന്തിച്ചു.
ആദ്യത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അബുദാബിയില്‍ 1990-ല്‍ ആരംഭിച്ചു. യൂസഫലി എന്ന ബിസിനസ്സുകാരന്റെ ജൈത്രയാത്ര അവിടെ ആരംഭിക്കുകയായിരുന്നു. പതിയെ പതിയെ ലുലു ഗ്രൂപ്പ് വളര്‍ന്നു പന്തലിച്ചു. ലോകത്തിന്റെ പല കോണുകളിലും ശക്തമായ സാന്നിധ്യമായി ലുലു ഗ്രൂപ്പ് മാറി.
ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കു പുറമെ സൂപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും ലുലു ഗ്രൂപ്പിന് കീഴിലുണ്ട്. സ്വന്തം നാടിനുവേണ്ടിയുള്ള യൂസഫലിയുടെ അര്‍പ്പണമാണ് കൊച്ചിയിലെ ലുലു ഇന്റര്‍നാഷണല്‍ മാള്‍. അതിനു പിന്നാലെ, തിരുവനന്തപുരത്തും ലുലു മാള്‍ സാന്നിധ്യമുറപ്പിക്കുന്നു. കാത്തലിക് സിറിയന്‍ ബാങ്കിലും ഫെഡറില്‍ ബാങ്കിലും എം.എ യൂസഫലിയ്ക്ക് നിക്ഷേപമുണ്ട്.
37 രാജ്യങ്ങളില്‍ നിന്നായി 40000 തൊഴിലാളികള്‍ ഇന്ന് ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്നുണ്ട്. അതില്‍ 25000 പേര് ഇന്ത്യാക്കാരും. 25000-ല്‍ 24000-ത്തോളം മലയാളികള്‍.
പരിശ്രമശാലിയായ വ്യവസായി എന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹിയാണ് യൂസഫലി. ഗുജറാത്ത് ഭൂകമ്പത്തിലും സുനാമി ദുരന്തത്തിലും ഏറ്റവുമൊടുവില്‍ കേരളത്തില്‍ ഉണ്ടായ വെള്ളപ്പൊക്കസമയത്തുമൊക്കെ സഹായഹസ്തമായി യൂസഫലി എത്തിയിട്ടുണ്ട്. കേരളത്തിലെ ചാരിറ്റി സംഘടനകളെയും അവശത അനുഭവിക്കുന്ന രോഗികളെയും ഈ മനുഷ്യസ്നേഹി അകമഴിഞ്ഞ് സഹായിക്കുന്നുണ്ട്. ഗാസയിലെയും നേപ്പാളിലെയും സ്കൂളുകള്‍ ഏറ്റെടുത്ത്, ചെലവ് നടത്തിവരുന്നതു ഉള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നിര്‍വഹിക്കുന്നത്.
തുല്യം വയ്ക്കാനില്ലാത്ത, ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ എം.എ യൂസഫലിയെ രാജ്യം 2008-ല്‍ പത്മശ്രീ നല്കി ആദരിച്ചു. 2005-ല്‍ ഇന്ത്യാ ഗവണ്മെന്റിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരത്തിനു അര്‍ഹനായതും അദ്ദേഹമാണ്.
അധികാരസ്ഥാനങ്ങള്‍ക്കു വേണ്ടി വ്യഗ്രതയില്ലാത്ത, താന്‍ വെറും കച്ചവടക്കാരനാണെന്ന് പറയാന്‍ മടിയില്ലാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ‘ഇന്ന് ബിസിനസ്സുകാരനാണ്, നാളെയും ബിസിനസ്സുകാരനായിരിക്കും’ എന്ന് പറയാനുള്ള ചങ്കൂറ്റം മറ്റൊരു ബിസിനസ്സുകാരനും ഉണ്ടാകില്ല. രാഷ്ട്രീയ മോഹമോ, പാര്‍ലമെന്ററി മോഹങ്ങളോ നാളിതുവരെയും അദ്ദേഹത്തെ അലട്ടിയിട്ടില്ല. ഉയരങ്ങള്‍ കീഴടക്കിയിട്ടും അഹങ്കാരമില്ലാത്ത മനസ്സാണ് യൂസഫലി എന്ന ബിസിനസ് പ്രതിഭയുടെ മുഖമുദ്ര. ഇതു തന്നെയാണ് അദ്ദേഹത്തിന്റെ വിജയരഹസ്യവും.