കലയാണീ മനസ് നിറയെ
”നിനക്ക് നടനാകാന്‍ തലവരയുണ്ടെങ്കില്‍ നീ നല്ല ഒരു നടനായി തീരും”, ബെസ്റ്റ് ആക്ടര്‍ സിനിമയിലൂടെ മലയാളികള്‍ ഈ ഡയലോഗ് കേട്ട് പരിചയിക്കും മുന്‍പേ, അതുല്യ കലാകാരനായ കൊച്ചിന്‍ ഹനിഫയില്‍ നിന്നും ഇത് കേട്ടു തുടങ്ങിയ ഒരാളുണ്ട്; ഹനീഫയുടെ സന്തത സഹചാരിയും സഹോദര തുല്യനുമായ പാലക്കാട്ടുകാരന്‍ ശ്രീജിത്ത് മാരിയല്‍.
തിരക്കഥാക്യത്ത്, ഡാന്‍സ് കൊറിയോഗ്രാഫര്‍, നര്‍ത്തകന്‍, അധ്യാപകന്‍, ഫിലിം ഡയറക്ടര്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നി നിലകളില്‍ സമൂഹത്തിന് സുപരിചിതനാണ് ശ്രീജിത്ത്. ഇഷ്ടപ്പെട്ട വഴി തിരഞ്ഞെടുക്കുമ്പോള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളും അതിനോടുള്ള സമീപനവുമാണ് ഈ കലാകാരനെ ശ്രദ്ധേയനാക്കുന്നത്.
ചെറുപ്പത്തില്‍ നടി ശോഭന, നടന്‍ വീനിത്, റഹ്മാന്‍ എന്നിവരുടെ നൃത്തം ടിവിയില്‍ കണ്ടിട്ടാണ് നൃത്തത്തോടുള്ള ഇഷ്ടം ശ്രീജിത്തില്‍ കയറി കൂടുന്നത്. 6-ാം ക്ലാസ് വരെ വീട്ടുകാരുടെ പിന്തുണയോടെ നൃത്തം പഠിച്ചു. പക്ഷേ വളരുന്തോറും പിന്തുണ കുറഞ്ഞു കൊണ്ടിരുന്നു. മകനിലെ നര്‍ത്തകനെ പ്രോത്സാഹിപ്പിക്കാന്‍ അവര്‍ തീരെ താല്‍പ്പര്യം കാണിച്ചില്ല. ഒരു ആണ്‍കുട്ടി നൃത്തം കളിച്ച് നടക്കുന്നത് അച്ഛനെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു. ശ്രീജിത്തിനങ്ങനെ നൃത്തമെന്ന സ്വപ്‌നം വന്‍ കടമ്പയായി മാറി. വൈകാതെ സിനിമാറ്റിക് ഡാന്‍സിലും സെമി ക്ലാസിക്കലിലുടെയും ക്ലാസിക്കല്‍ ഡാന്‍സിലേക്ക് അദ്ദേഹമെത്തി. എല്ലാത്തിനും കൂട്ടായി കൊച്ചിന്‍ ഹനീഫ എന്ന മനുഷ്യനുമുണ്ടായിരുന്നു.
നൃത്തത്തിനൊപ്പം അഭിനയമായിരുന്നു എക്കാലത്തെയും ശ്രീജിത്തിന്റെ വലിയ മോഹം. ഇത് നന്നായി അറിയാവുന്ന വ്യക്തിയായിരുന്നു ഹനീഫ. ഇന്ന് നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ മുന്നോട്ട് വരുമ്പോള്‍ ഹനീഫ എന്ന ചിരിച്ച മുഖം നല്‍കിയ ആത്മവിശ്വാസം ശ്രീജിത്തിന്റെ വാക്കുകളില്‍ പ്രകടമാണ്. ഹയര്‍ സെക്കന്‍ഡറി അധ്യാപികയായിരുന്ന ശ്രീലത ശ്രീജിത്തിന്റെ സ്വപ്‌നത്തിന് വെളിച്ചം കാട്ടാന്‍ കൂടെ നിന്നിരുന്നു.
22 -ാം വയസില്‍ പ്രവാസ ജീവിതം തിരഞ്ഞെടുത്ത ശ്രീജിത്തിന് കലാജീവിതത്തോട് അകലം പാലിക്കേണ്ടി വരുമെന്ന് കരുതിയെങ്കിലും കാലമദ്ദേഹത്തിന് കാത്തുവച്ചിരുന്നത് മറ്റൊരു സന്തോഷമായിരുന്നു. അതിന് കാരണമായതാകട്ടെ വീട്ടിലെത്തിയ വലിയമ്മയും നാട്യപ്രവീണ്‍ പുരസ്‌കാരത്തിന് അര്‍ഹനാകാന്‍ കാരണമായ ശ്യാമള ടീച്ചറും. ശ്യാമള ടീച്ചറാണ് പുരസ്‌കാരത്തിനു ശ്രീജിത്തിനെ നിര്‍ദേശിക്കുന്നത്.
ഒരു സിനിമ ജനിക്കുന്നു
നൃത്തം കളിക്കുന്ന ആണ്‍കുട്ടികള്‍ പലപ്പോഴും പരിഹസിക്കപ്പെടാറുണ്ട്. അംഗീകരിക്കപ്പെടാനും പ്രയാസമാണ്. സ്ത്രീ വേഷം കെട്ടിയ ഓച്ചിറ വേലുക്കുട്ടി ആശാന് പോലും അംഗീകാരം ലഭിക്കാത്ത നാട്ടില്‍ ഒരു പുരുഷന്‍ മോഹന നൃത്തവുമായി എത്തുമ്പോള്‍ വേറിട്ട അഭിപ്രായങ്ങളാകും കേള്‍ക്കേണ്ടി വരിക. സമൂഹത്തിന്റെ ഇത്തരം തെറ്റായ വിചാരങ്ങളെ അരങ്ങിന് മുന്നില്‍ എത്തിക്കണമെന്ന ചിന്ത ശ്രീജിത്തിനെ എത്തിച്ചത് ഒരു സിനിമയുടെ പണിപ്പുരയിലേക്കാണ്.
നൃത്തവും നാട്യജീവിതവും പ്രമേയമാക്കി, സ്വന്തം ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയൊരു ചിത്രം. തന്റെ ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങളെ അണിയറയിലൊരുക്കി കൊണ്ടുള്ള ബയോപിക്. സാഹചര്യങ്ങളാണ് ശ്രീജിത്തിനെ അങ്ങനെയൊരു ആശയത്തില്‍ കൊണ്ടെത്തിച്ചത്. തോറ്റു കൊടുക്കാന്‍ മനസില്ലാതെ പൊരുതുന്ന കലാകാരന്റെ ജീവിതവും ജീവിത സംഘര്‍ഷങ്ങളും വരച്ചുകാട്ടുന്ന സിനിമയാണ് ‘തഥാ ഗത’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം.
തഥാ ഗതയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി കൂടെ നിന്നത് മാധ്യമ പ്രവര്‍ത്തകനായ ലിജിന്‍ കെ ഈപ്പനാണ്. അദ്ദേഹമാണ് തിരക്കഥയും സഹസംവിധാനവും നിര്‍വഹിക്കുന്നത്.
‘അഘോരം’ എന്ന സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായിരുന്നു ആദ്യം മനസില്‍ കണ്ടതെങ്കിലും പിന്നിടത് തഥാ ഗതയിലേക്കെത്തുകയായിരുന്നു. ഇതിനിടെ ശ്രീജിത്തിന്റെ വിദ്യാര്‍ഥിയായിരുന്ന പ്രവീണ്‍ കുമാര്‍ ക്യാമറ ചലിപ്പിച്ച് ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലൊരുങ്ങിയ ‘യഥോ ഹസ്ത തഥോ മന’ എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ‘മഹാകാല’നും ശ്രദ്ധേയമായിരുന്നു.
നാട്യപ്രവീണ്‍ പുരസ്‌കാരം, പ്രേം നസീര്‍ യുവകലാപ്രതിഭ പുരസ്‌കാരം. സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍ എക്‌സലന്‍സ് അവാര്‍ഡ്, ധ്രുവ് രത്‌ന അവാര്‍ഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ വ്യക്തി കൂടിയാണ് ശ്രീജിത്ത്. അതിനു പുറമെ, നിരവധി ഫെസ്റ്റിവലുകളില്‍ പങ്കെടുത്തു വിജയിയായിട്ടുമുണ്ട്.
കലയെ ശ്വാസമായി കണ്ട ഈ കലാകാരന് ഇനിയുമെറെ മുന്നോട്ട് പോകാനുണ്ട്. ജീവിതത്തില്‍ മുതല്‍ക്കൂട്ടായി കൂടെയുള്ളതാകട്ടെ മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണനെപ്പോലെയുള്ളവരുടെ സ്‌നേഹവും. ഒപ്പം തുണയായി ഗുരുക്കന്മാരുടെ അനുഗ്രഹവും കലയോടുള്ള അടങ്ങാത്ത അഭിനിവേശവും. അതുതന്നെയാണല്ലോ ഏതൊരു കലാകാരന്റെയും വിജയവും.