കലയുടെ അതിജീവനം; ഒരു ജീവിത തപസ്യ
കലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹത്‌വ്യക്തിത്വങ്ങളെ നമുക്കേവര്‍ക്കും വലിയ ബഹുമാനവും സ്‌നേഹവുമൊക്കെയാണ്. വര്‍ധിച്ച ആരാധനയോടെയാണ് കലയെ ഉപാസിക്കുന്നവരെ നാം വീക്ഷിക്കുന്നത്. കലയുടെ നേര്‍രൂപങ്ങളായ നൃത്തത്തെയും സംഗീതത്തെയും ദൈവത്തിന്റെ വരദാനമായി കരുതുന്ന നമ്മുടെ സമൂഹത്തില്‍ കലാകാരന്മാര്‍ ദേവതുല്യരാണ്. അത്തരത്തില്‍, നൃത്തത്തെ നെഞ്ചോടു ചേര്‍ത്ത് ആരാധിക്കുന്ന സിന്ധു കലാമന്ദിര്‍ എന്ന കലാകാരിയുടെ കലാജീവിതത്തിലൂടെ ഒരു യാത്ര…
കഴിഞ്ഞ 25 വര്‍ഷമായി നൃത്തത്തെ തന്റെ ജീവനേക്കാള്‍ ഏറെ സ്‌നേഹിക്കുന്ന വ്യക്തിയാണ് കലാമന്ദിര്‍ ഡാന്‍സ് സ്‌കൂളിന്റെ സ്ഥാപകയായ സിന്ധു കലാമന്ദിര്‍. നിരവധി ജീവിത പ്രതിസന്ധികളോട് പൊരുതിയാണ് അവര്‍ ഇവിടം വരെ എത്തിയത്. ചെന്നൈ കലാക്ഷേത്രയില്‍ നിന്നും നൃത്തത്തില്‍ ബിരുദാനന്തബിരുദം നേടിയിട്ടുള്ള സിന്ധു, ഇപ്പോള്‍ ബാംഗ്ലൂര്‍ ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഭരതനാട്യത്തില്‍ Phd ചെയ്യുന്നു.
സിന്ധു കലാമന്ദിറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, ശാസ്തമംഗലം കൊച്ചാര്‍ റോഡില്‍ നടത്തപ്പെടുന്ന കലാമന്ദിര്‍ ഡാന്‍സ് സ്‌കൂള്‍ എന്ന നൃത്ത വിദ്യാലയത്തില്‍ 5ീല്‍പരം കുട്ടികള്‍ നൃത്തം അഭ്യസിക്കുന്നു. ഭാവിയിലെ നര്‍ത്തകരെ വളര്‍ത്തിയെടുക്കുക എന്നതാണ് കലാമന്ദിറിന്റെ ലക്ഷ്യം. ശരിയായ മാര്‍ഗനിര്‍ദേശം നല്കി, കലാകേരളത്തിനു അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ പ്രാപ്തമായ യുവതലമുറയെ വളര്‍ത്തിയെടുക്കുക എന്ന സ്വപ്നമാണ് കലാമന്ദിര്‍ ഡാന്‍സ് സ്‌കൂളിലൂടെ സിന്ധു കലാമന്ദിര്‍ നടപ്പിലാക്കുന്നത്.
(കലാമന്ദിര്‍ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അരങ്ങില്‍)
നൃത്തത്തോടുള്ള അതിയായ അഭിനിവേശം
പ്രഗത്ഭരായ നിരവധി ഗുരുക്കന്മാരുടെ ശിക്ഷണത്തിലാണ് നൃത്തത്തിന്റെ വിവിധ രൂപങ്ങള്‍, സിന്ധു കലാമന്ദിര്‍ അഭ്യസിച്ചത്്. നന്തന്‍കോട് വിനയചന്ദ്രന്‍, ജയന്‍ ഭാരതക്ഷേത്ര, കലാമണ്ഡലം സോണി, അനില്‍ നാട്യവേദ, കവിത, രാജി, ദര്‍ശന, ധനന്‍ ജയന്‍, വെങ്കിടേഷ് തൃശ്ശൂര്‍ എന്നീ പ്രമുഖരായ അധ്യാപകരുടെ കീഴിലാണ് നൃത്തം അഭ്യസിച്ചത്. അതിനു പുറമെ, സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നും സംഗീതത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കി.
97-99 കാലഘട്ടങ്ങളില്‍ കേരളത്തിലും കേരളത്തിനു പുറത്തുമായി തിരുവനന്തപുരം ശ്രീ ചിത്ര ഹോം അവതരിപ്പിച്ച നിരവധി ബാലകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. വിവാഹശേഷവും തുടര്‍പഠനങ്ങളുമായി മുന്നോട്ട് പോയി. പഠനശേഷം തിരുവനന്തപുരത്തുള്ള നിരവധി സ്‌കൂളുകളില്‍ നൃത്ത അധ്യാപികയായി ജോലി ചെയ്തു. എം.ജി ശ്രീകുമാറിന്റെ ‘സരിഗമ’യില്‍ അദ്ധ്യാപികയായിരുന്നു. കൂടാതെ തിരുവനന്തപുരം സ്വാതിതിരുനാള്‍ സ്‌കൂളിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ നാല് വര്‍ഷമായി, നാലാംച്ചിറ സര്‍വോദയ സെന്‍ട്രല്‍ വിദ്യാലയത്തില്‍ നൃത്ത അധ്യാപികയാണ് സിന്ധു. സ്‌കൂള്‍ യുവജനോത്സവത്തിനു കുട്ടികളെ നൃത്തങ്ങള്‍ പഠിപ്പിക്കുകയും സംസ്ഥാന തലത്തില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കുന്ന തലത്തിലേയ്ക്ക് കുട്ടികളെ ഉയര്‍ത്തി കൊണ്ടു വരാനും സിന്ധുവിനു കഴിഞ്ഞു. വിവിധ സ്ഥലങ്ങളിലെ നൃത്ത മത്സരങ്ങളില്‍ വിധികര്‍ത്താവായും പങ്കെടുക്കാറുണ്ട്.
ഓണ്‍ലൈനിലും സാന്നിധ്യം
കോവിഡ് കാലത്ത് കലയെ തന്റെ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കണമെന്ന ആഗ്രഹം ഓണ്‍ലൈന്‍ നൃത്ത പഠനത്തിനു വഴിതെളിച്ചു. തന്റെ കഴിവുകളെ, ലോകത്തിന്റെ വിവിധ പല സ്ഥലങ്ങളില്‍ കലയെ സ്‌നേഹിക്കുന്നവര്‍ക്കിടയിലേക്ക് എത്തിക്കുന്നതിനായി പത്തോളം ഡാന്‍സുകള്‍ റെക്കോര്‍ഡ് ചെയ്ത് കലാമന്ദിര്‍ ഡാന്‍സ് സ്‌കൂളിന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തു. മൂകാംബിക ദേവിയ്ക്കുള്ള നൃത്താര്‍ച്ചന, എസ്പി സാറിനുള്ള സമര്‍പ്പണം, ശിവരാത്രി നൃത്താര്‍ച്ചന എന്നിവയെല്ലാം ഇതില്‍ പ്രധാനപ്പെട്ടതാണ്.
ഗുരുവായൂര്‍, മൂകാംബിക, ആറ്റുകാല്‍, ഉദിയന്നൂര്‍ തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ എല്ലാ വര്‍ഷവും കലാമന്ദിര്‍ ഡാന്‍സ് സ്‌കൂളിന്റെ നേതൃത്വത്തില്‍ നൃത്തം അവതരിപ്പിക്കാറുണ്ട്. ഈ വര്‍ഷം മൂകാംബിക, ആറ്റുകാല്‍, ഉദിയന്നൂര്‍ എന്നീ പ്രധാന ക്ഷേത്രങ്ങളില്‍ നൃത്തം അവതരിപ്പിക്കാന്‍ ഈ സ്‌കൂളിലെ കുട്ടികള്‍ക്ക് അവസരം കിട്ടി.
കൂടുതല്‍ വേദികള്‍ കുട്ടികള്‍ക്ക് നല്കുക എന്നതാണ് സിന്ധുവിന്റെ പ്രധാന ലക്ഷ്യം. സ്‌കൂള്‍ യുവജനോത്സവ വേദികളില്‍ ഇവിടുത്തെ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നുണ്ട്.
(കലാമന്ദിര്‍ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അരങ്ങില്‍)
നൃത്തമാണ് ജീവിതം
ചെറുപ്പം മുതല്‍തന്നെ, സിന്ധുവിന് നൃത്തത്തോടു അതിയായ താല്പര്യമുണ്ടായിരുന്നു. അത്‌കൊണ്ട് തന്നെ ഒരിക്കലും കലയെ ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു തൊഴിലായി കണ്ടിട്ടില്ല.
നൃത്തത്തോടു ആഭിമുഖ്യമുള്ള, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ സൗജന്യമായി സിന്ധു തന്റെ ഡാന്‍സ് സ്‌കൂളില്‍ പഠിപ്പിക്കുന്നു. ഈ കോവിഡ് കാലത്ത് വിദേശത്തു നിന്നും നിരവധി വീട്ടമ്മമാരും കുട്ടികളും ഈ സ്‌കൂളില്‍ ചേര്‍ന്ന് നൃത്തം പഠിക്കുന്നു.
(ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിയില്‍ നിന്നും ദക്ഷിണ സ്വീകരിക്കുന്നു)
മാതാപിതാക്കളാണ് തന്റെ ഡാന്‍സ് സ്‌കൂളിന്റെ ശക്തിയെന്ന് സിന്ധു കലാമന്ദിര്‍ പറയുന്നു. അവരുടെ നിര്‍ലോഭമായ പിന്തുണ എല്ലാ കാലത്തും ഉണ്ട്. കുട്ടികളുടെ കുറവുകള്‍ മനസിലാക്കി, ഓരോ കുട്ടിയേയും പ്രത്യേകമായി ശ്രദ്ധിക്കാന്‍ ശ്രമിക്കാറുണ്ട്. ഈ കോവിഡ് സമയത്തും കുട്ടികളില്‍ നൃത്തത്തോടുള്ള അവരുടെ താല്പര്യം കെടാതെ സൂക്ഷിക്കുന്നതിനായി വിവിധ തരം ഡാന്‍സ് ചലഞ്ചുകള്‍ കൊടുത്ത് അവരെ സജീവമാക്കി നിര്‍ത്താന്‍ കഴിഞ്ഞത് വലിയ ഒരു നേട്ടമാണ്. തന്റെ സ്ഥാപനത്തില്‍ വീടിന്റെ ഒരു അന്തരീക്ഷം സൂക്ഷിക്കാന്‍ സിന്ധു എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
(കലാമന്ദിര്‍ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍)
ക്ലാസുകള്‍ ഇപ്പോള്‍ കൂടുതലും ഓണ്‍ലൈന്‍ വഴി നടക്കുന്നതിനാല്‍, പഠിപ്പിക്കുന്നതില്‍ അതിന്റേതായ വെല്ലുവിളികള്‍ നേരിടുന്നുവെന്ന് സിന്ധു സമ്മതിക്കുന്നു. ഏതു കലയും പഠിക്കാന്‍ വേണ്ടത് നൂറു ശതമാനം നല്‍കുവാന്‍ കഴിയുമെന്ന ഉറപ്പുള്ള മനസ്സാണ്. പിന്തുണയായി കൂടെ ഒരു കൂട്ടം ഉണ്ടെങ്കില്‍ ഏതു കലയെയും അന്യം നിന്ന് പോവാതെ നമുക്ക് തിരിച്ചു കൊണ്ടുവരാമെന്ന് പ്രത്യാശയോടെ അവര്‍ പറയുന്നു.
(സിന്ധു മകള്‍ അഞ്ചുവിനൊപ്പം)
സിന്ധുവിന്റെ ഏറ്റവും വലിയ പിന്തുണയും പ്രചോദനവും പകരുന്നത് കുടുംബവും കൂട്ടുകാരുമാണ്. ഭര്‍ത്താവ് സിദ്ധാര്‍ഥ് പി.ജെ മാധ്യമ അധ്യാപകനായി ഒരു കോളേജില്‍ ജോലി നോക്കുന്നു. മകള്‍ അഞ്ചു പ്ലസ് ടു കഴിഞ്ഞു, ഡിഗ്രിയ്ക്ക് പഠിക്കാനൊരുങ്ങുന്നു. മകള്‍ അഞ്ചുവും ക്ലാസ്സെടുക്കാന്‍ സഹായിക്കാറുണ്ട് .ഏക സഹോദരന്‍ സതീഷ് KSEB-ല്‍ ഉദ്യോഗസ്ഥന്‍.
പ്രമുഖരായ നിരവധി വ്യക്തികള്‍ നവമാധ്യമങ്ങളിലൂടെ ഇവരുടെ പ്രയത്‌നത്തെ പിന്തുണയ്ക്കുന്നു. നിരവധി നല്ല സൗഹൃദങ്ങളുടെ തണലിലാണ് സിന്ധുവെന്ന കലാകാരി തന്റെ യാത്ര തുടരുന്നത്. ഇവരുടെയെല്ലാം നിര്‍ലോഭമായ സഹകരണം സദാ ഇവരുടെ കൂടെയുണ്ട്. അവരോടുള്ള സ്‌നേഹവും കടപ്പാടും നിത്യം ഹൃദയത്തില്‍ കാത്തു സൂക്ഷിക്കണമെന്ന സിന്ധുവിന്റെ നിശ്ചയദാര്‍ഢ്യം അവരുടെ ഹൃദയനൈര്‍മല്യത്തിന്റെ നേര്‍കാഴ്ചയാണ്. ഈ കലാകാരി ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ.