Success Story

അനുഭവങ്ങളെ പാഠങ്ങളാക്കി ജിബിന്‍സാബ് എന്ന ജിബി അബ്രഹാം

കര്‍മത്തിലും ദൈവത്തിലും പൂര്‍ണമായി വിശ്വാസം അര്‍പ്പിച്ച് അദ്ധ്വാനിച്ചാല്‍ ആര്‍ക്കു വേണമെങ്കിലും ഏത് ഉയരത്തിലും എത്താന്‍ സാധിക്കും – ആപ്തവാക്യം

ചില ജീവിതങ്ങള്‍ സിനിമകളെക്കാള്‍ സിനിമാറ്റിക്കാണെന്ന് നമുക്ക് പലപ്പോഴും തോന്നാറുണ്ട്. അത് അല്ലെങ്കിലും അങ്ങനെയാണല്ലോ. നമ്മുടെയെല്ലാം ജീവിതങ്ങളിലെ വളവുതിരിവുകളെ വെച്ച് നോക്കിയാല്‍ ജനാരവങ്ങള്‍ ഉണര്‍ത്തുന്ന പല കഥകള്‍ക്കും എന്തൊരു അച്ചടക്കവും പ്രവചനാ സാധ്യതയുമാണ്! അത്തരമൊരു ജീവിതമാണ് നിങ്ങള്‍ ഇവിടെ വായിച്ചറിയാന്‍ പോകുന്നത്. ഇതിലെ കഥയും കഥാപാത്രങ്ങളും ഒരു തരത്തിലും സാങ്കല്‍പ്പികമല്ല എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

ലളിതമായ ആരംഭം
1151-ാം ആണ്ട് ചിങ്ങം ഒന്നാം തീയതി എറണാകുളം ജില്ലയിലെ തിരുവാണിയൂരില്‍ ജിബി അബ്രഹാം ജനിച്ചു. അന്ന് സാധാരണ കുടുംബങ്ങളിലെ കുട്ടികള്‍ ചെയ്തിരുന്നതുപോലൈ ജിബിയും പഠനത്തിനൊപ്പം പാടത്ത് കൊയ്ത്തിനു പോവുക, റബ്ബര്‍കുറ്റി വെട്ടാന്‍ പോവുക, റബ്ബര്‍ വെട്ടാന്‍ സഹായിക്കുക, ചെങ്കല്ല് കയറ്റാന്‍ സഹായിക്കുക എന്നീ ലഘുജോലികള്‍ ചെയ്തിരുന്നു.

തിരുവാണിയൂര്‍ സെന്റ് ഫിലോമിനാസ് ഹൈസ്‌ക്കൂളില്‍ പത്താം തരം വരെയും 1992-ല്‍ മണിമലക്കുന്ന് ഗവണ്‍മെന്റ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും പഠിച്ച ജിബി 1995-ല്‍ പിറവം മാര്‍ കോറിലോസ് കോളേജില്‍ നിന്ന് ബിരുദവും നേടി. ബിരുദപഠനകാലത്ത് കോളേജ് സമയം കഴിഞ്ഞ് റെഡിമേയ്ഡ് നൈറ്റിയും ചുരിദാറും തയ്ക്കുന്ന ഒരു കടയില്‍ പാര്‍ട്ട് ടൈമായി ഡെലിവറി ജോലി ചെയ്യുമായിരുന്നു.

പഠനശേഷം തൊഴില്‍ മേഖലയിലേക്ക്
സുഹൃത്തുക്കളുടെ സഹായത്തോടെ ഫോര്‍ട്ട് കൊച്ചിയിലെ സീഗള്‍ ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജിബി ജോലി നേടി. സുഹൃത്തുക്കളുടെ സഹായമായിരുന്നു ജിബിയുടെ ധൈര്യവും പിന്‍ബലവും. കര്‍മം രക്തബന്ധങ്ങളെക്കാള്‍ ഇഴയടുപ്പമുള്ള സുഹൃത്ബന്ധങ്ങള്‍ സൃഷ്ടിക്കുമെന്ന് ജിബി തിരിച്ചറിഞ്ഞു.
ആദ്യ ശമ്പളമായ ആയിരം രൂപയും വാങ്ങി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ആരോ ജിബിയുടെ പോക്കറ്റടിച്ചു.

അന്ന് കൂടെയുണ്ടായിരുന്ന ബിജു മാത്യു എന്ന സുഹൃത്ത് തന്റെ ശമ്പളത്തില്‍ നിന്നും 1000 രൂപ കൈയോടെ നല്‍കി സഹായിച്ചതും കഥകളി സംബന്ധിതമായ ഒരു പരിപാടി നടക്കുന്ന ഒരു ഹോട്ടലിലേക്കു ഗസ്റ്റുകളെ എത്തിച്ചതിന്റെ ഭാഗമായി ലഭിച്ച കമ്മീഷന്‍ തുകയില്‍ നിന്നും ആ കടം വീട്ടിയതും ജിബി ഇന്നും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

പിന്നീട് തൊടുപുഴ പാപ്പൂട്ടിഹാള്‍ എന്ന ഹോട്ടലില്‍ റിസപ്ഷനിസ്റ്റായും കോഴിക്കോട് രസ്‌ന സോഫ്റ്റ് ഡ്രിങ്ക്‌സിലും ജിബി ജോലി ചെയ്തു. സന്ദര്‍ഭവശാല്‍ ഗള്‍ഫിലെ കേറ്ററിങ് കമ്പനിയുടെ റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാനും അബുദാബി കെല്‍വിന്‍ (സൊഡക്‌സോ) കമ്പനിയില്‍ അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പറായി നിയമനം ലഭിക്കുകയും ചെയ്തു. ചിട്ടി വിളിച്ച തുകയുമായി വിദേശത്തേക്ക് പോകാനുള്ള മോഹവുമായി ജിബി അങ്ങനെ അന്നത്തെ ബോംബെയില്‍ എത്തി. വിസ വരാന്‍ ഒരാഴ്ച വൈകിയപ്പോള്‍ തട്ടിപ്പില്‍ അകപ്പെട്ടോ എന്ന് ഭയപ്പെട്ടെങ്കിലും ഗ്രൂപ്പ് വിസ ലഭിച്ചതോടെ ജിബിയും മറ്റുള്ളവരും 1999 മേയ് 11-ാം തീയതി അബുദാബിയിലേക്ക് പറന്നു.

അബുദാബി – പ്രവാസി ജീവിതം I
അവരുടെ തൊഴിലിടം ഒരു മിലിറ്ററി ക്യാംപിലെ പത്ത് പതിനായിരം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ക്യാന്റീന്‍ ആയിരുന്നു. പൊടി പിടിച്ച ക്യാന്റീന്‍ വൃത്തിയാക്കികഴിഞ്ഞ് ക്ലീനിങിലെ ജിബിയുടെ വൈദഗ്ധ്യം കണ്ട് ക്ലീനര്‍ ജോലി ഏറ്റെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. അത് ജിബിയെ ഒരുപാട് നിരാശപ്പെടുത്തി.

ആവശ്യാനുസരണം മാത്രം അദ്ധ്വാനിച്ചാല്‍ മാത്രമേ ജീവിതത്തില്‍ പുരോഗതി ലഭിക്കുകയുള്ളുവെന്നും കുറഞ്ഞ രീതിയിലോ ബൃഹത്തായോയാണ് അദ്ധ്വാനിക്കുന്നതെങ്കില്‍ അര്‍ഹമായ സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തപ്പെടില്ല എന്നുമൊക്കെ അന്നുമുതല്‍ ജിബി വിശ്വസിച്ചു തുടങ്ങി. പക്ഷെ ക്യാന്റീന്‍ സന്ദര്‍ശിച്ച മേലുദ്യോഗസ്ഥനെ തന്റെ ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ കാണിക്കാന്‍ ജിബിയ്ക്ക് അവസരം ലഭിച്ചതോടെ തന്റെ ലക്ഷ്യമായ സ്റ്റോര്‍കീപ്പര്‍ ജോലി തന്നെ അദ്ദേഹത്തിന് നേടിയെടുക്കാന്‍ സാധിച്ചു. വിദ്യാഭ്യാസത്തിന്റെ മാറ്റു കുറയാത്ത മൂല്യം അന്ന് ജിബി തിരിച്ചറിഞ്ഞു.

ആദ്യത്തെ തിരിച്ചടി
അനുജന് ഒരു അപകടം ഉണ്ടായപ്പോള്‍ അദ്ധ്വാനിച്ച് സ്വന്തമായൊരു വീടു പണിയാന്‍ സ്വരുക്കൂട്ടിയ പണം മുഴുവന്‍ ജിബിയ്ക്ക് ചിലവാക്കേണ്ടതായി വന്നു. വൈകാതെ കോണ്‍ട്രാക്ട് കാലാവധി അവസാനിച്ചതിനാല്‍ ജിബിയ്ക്കും സംഘത്തിനും തിരികെ നാട്ടില്‍ എത്തേണ്ടതായ ഒരു സാഹചര്യമുണ്ടായി.

മനസ്സും പ്രതീക്ഷകളും തകര്‍ന്ന ജിബിയ്ക്ക് അവിടെയുള്ള എച്ച്.ആര്‍ മാനേജരോട് നാട്ടില്‍ പോകേണ്ടതായി വന്നാല്‍ മുഖ്യമന്ത്രിയ്ക്ക് അടക്കം പരാതിപ്പെട്ട്, നിങ്ങളുടെ പേര് എഴുതി വെച്ചിട്ട് ആത്മഹത്യ ചെയ്യേണ്ടതായി വരുമെന്ന് പോലും പറയേണ്ടി വന്നു. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ മാനേജര്‍ ഖത്തര്‍ സൊഡക്‌സോയിലെ (ടേയ്‌സിര്‍) എച്ച്.ആര്‍ മാനേജര്‍ ജോയ് കല്ലേലിയുടെ സഹായത്തോടെ ജിബിയ്ക്ക് ജോലി തരപ്പെടുത്തി കൊടുത്തു.

ഖത്തര്‍ – പ്രവാസി ജീവിതം II
2000ത്തില്‍ ഖത്തറിലെത്തിയ ജിബിയ്ക്ക് കടലിന് നടുക്കുള്ള ഒരു റിഗ്ഗിലാണ് ജോലി ലഭിച്ചത്. ആറ് മാസത്തില്‍ ഒരിക്കല്‍ മാത്രമേ കരയില്‍ പോകാന്‍ കഴിയൂ. എട്ട് മാസം അവിടെ ജോലി ചെയ്തു.
കംപ്യൂട്ടറുകള്‍ പ്രചാരത്തില്‍ വന്ന ആ കാലത്ത് പ്രൊജക്ട് മാനേജരുടെയും കരയിലുള്ള ജയപ്രകാശ് എന്ന സുഹൃത്തിന്റെയും സഹായത്തോടെ, ടെലിഫോണിലൂടെ ജിബി കംപ്യൂട്ടര്‍ പരിജ്ഞാനം നേടി. എന്തെങ്കിലും നേടണം എന്ന ദൃഢനിശ്ചയമുണ്ടെങ്കില്‍ മാര്‍ഗ്ഗങ്ങള്‍ താനെ തെളിഞ്ഞു വരുമെന്ന് ജിബി അന്ന് മനസ്സിലാക്കി.

ജിബിയുടെ കംപ്യൂട്ടര്‍ പരിജ്ഞാനം തങ്ങളുടെ തൊഴിലിന് ഭീഷണിയാകുമെന്ന് ചില സഹപ്രവര്‍ത്തകര്‍ക്ക് തോന്നി തുടങ്ങിയപ്പോള്‍ അവര്‍ അദ്ദേഹത്തെ കരയിലേക്ക് അയയ്ക്കുകയും, എച്ച്.ആര്‍ മാനേജര്‍ ജിബിയ്ക്ക് മറ്റൊരു തൊഴിലിടം കണ്ടെത്തി കൊടുക്കുകയും ചെയ്തു. അത് ഖത്തറിലെ അല്‍കോര്‍ എന്ന പ്രദേശമായിരുന്നു. അവിടെ ഒരു ലേബര്‍ ക്യാംപ് തുടങ്ങി.

സ്റ്റോര്‍കീപ്പറായിട്ടായിരുന്നു നിയമനം. മോഞ്ജി ഹബരി എന്ന ഒരു ടുനീഷ്യന്‍ ഷെഫ് അദ്ദേഹത്തോടൊപ്പം അവിടെ ഉണ്ടായിരുന്നു. 50 പേരുമായി തുടങ്ങിയ ആ ക്യാംപ് അവരുടെ കഠിനാധ്വാനത്തിലൂടെ 2000 പേരുള്ള, സൊഡക്‌സോയുടെ ഏറ്റവും വലിയ ക്യാംപായി വളര്‍ന്നു. ജിബിയുടെ വൈദഗ്ധ്യം കാരണം സൊഡക്‌സോ അദ്ദേഹത്തിന് ഓണ്‍ ജോബ് ട്രെയിനിങ് നല്‍കുകയും ലൊക്കേഷന്‍ മാനേജറാക്കുകയും ചെയ്തു.

പിന്നീട് ഖത്തറിലെ ഏറ്റവും വലിയ ഗ്യാസ് കമ്പനിയായ ഖത്തര്‍ ഗ്യാസ് കമ്പനിയുടെ ക്യാറ്ററിങ് ഡിവിഷനിലേക്ക് ജിബിയേയും മോഞ്ജി ഹബരിയെയും സൊഡക്‌സൊ കമ്പനി നിയമിച്ചു. അവിടെ നിന്ന് അവര്‍ക്ക് അന്താരാഷ്ട്ര ക്വിസീനു(Cuisine)കളെ കുറിച്ചും പഞ്ചനക്ഷത്ര ഹോട്ടല്‍ മാനേജ്‌മെന്റിനെ കുറിച്ചും കൃത്യമായ ഗ്രാഹ്യവും പരിശീലനവും ലഭിച്ചു.

ഫിഡല്‍ കാസ്‌ട്രോ മുതല്‍ ആര്‍. കെ. നാരായണ്‍ വരെ പല ലോകോത്തര പ്രതിഭകള്‍ക്കും രാഷ്ട്രതലവന്മാര്‍ക്കും, ഖത്തറിലെ ഷെയ്ഖുമാര്‍ക്കുമെല്ലാം വിരുന്നൊരുക്കാനുള്ള സുവര്‍ണ്ണാവസരം അവര്‍ക്ക് ലഭിച്ചു. പിന്നീട് റാസ്ഗ്യാസ് എന്ന കമ്പനിയുടെ ക്യാറ്ററിങ് മേഖലയില്‍ അവര്‍ 5 വര്‍ഷത്തോളം ജോലി ചെയ്തു. 2008-ല്‍ ഇവര്‍ ഖത്തര്‍ ഫൗണ്ടേഷനിലേക്ക് ട്രാന്‍സ്ഫറായി. പ്ലസ് വണ്‍ മുതല്‍ പി.എച്ച്.ഡി വരെ പഠിപ്പിക്കുന്ന ആ കോളേജ് വ്യൂഹത്തിന്റെ ക്യാന്റീനില്‍ ജിബിയ്ക്ക് സ്തുത്യര്‍ഹമായ സേവനം കാഴ്ച വയ്ക്കുവാന്‍ സാധിച്ചു. കോണ്‍ട്രാക്ട് റദ്ദായതോടെ, 2010-ല്‍ തിരികെ നാട്ടിലെത്തി.

കേരളത്തിലെ ഹോട്ടലുകളിലേക്ക് ചുവടുമാറിയപ്പോള്‍..
2008-ല്‍ ഖത്തറില്‍ കഴിയുമ്പോള്‍ തന്നെ നാട്ടില്‍ ജിബി ഹോട്ടലുകളുടെ മാനേജ്‌മെന്റ് സര്‍വീസ് നടത്തി വരുന്നുണ്ടായിരുന്നു. ഡിഡി ഗ്രൂപ്പ് എന്ന പേരില്‍ ഒരു ടീം രൂപീകരിക്കുകയും ആദ്യകാലം മുതല്‍ ഒപ്പം ജോലി ചെയ്തിരുന്ന ആത്മാര്‍ത്ഥ സുഹൃത്ത് കൂടിയായ പ്രകാശ് കെ.എന്‍, ഗ്രൂപ്പിന്റെ CGM ആയി ചുമതലയേറ്റെടുക്കുകയും അതിനൊപ്പം സജിത്ത് രാധാകൃഷ്ണന്‍ അകൗണ്ട്‌സ് മാനേജറായി വരുകയും ചെയ്തതോടെ ഗ്രൂപ്പ് ശക്തിപ്പെട്ടു.

ഇരുവരുടെയും പ്രയത്‌നത്താല്‍, ഡിഡി ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സര്‍വീസസ് എന്ന പേരില്‍ ആലത്തൂരിലെ ഹോട്ടല്‍ ഗായത്രി ഇന്റര്‍നാഷണല്‍ നടത്തി വന്നിരുന്നു. ഇതിനിടയില്‍ 2010ല്‍ ഖത്തര്‍ കേന്ദ്രീകരിച്ചു പാര്‍ട്ണറായ അബ്ദുള്‍ റഹീമുമായി ചേര്‍ന്ന് കാറ്ററിങ്, റസ്റ്റോറന്റ്, റിയല്‍ എസ്റ്ററ്റ് എന്നീ മേഖലകളില്‍ മുതല്‍ മുടക്കി ഫാമിലിയുമായി ഖത്തറില്‍ സെറ്റില്‍ ചെയ്തു.

നാട്ടിലെ ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു ജിബിയുടെ പിന്നീടുള്ള പ്രയത്‌നം. 2012-ല്‍ ഹോട്ടല്‍ തീര്‍ത്ഥ ഇന്റര്‍നാഷണല്‍ (പയ്യോളി), ഹോട്ടല്‍ കല്ലേലീസ് പാര്‍ക്ക് (ചാലക്കുടി), റോയല്‍ ഗാര്‍ഡന്‍ (ഹരിപ്പാട്) എന്നീ ഹോട്ടലുകളില്‍ ഡിഡി ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് തുടങ്ങി. 2015 ഏപ്രില്‍ ഒന്നോടുകൂടി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിരവധി ബാറുകളും ഹോട്ടലുകളും അടപ്പിച്ചതോടുകൂടി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതിനാല്‍ ഡിഡി ഗ്രൂപ്പിന് സേവനങ്ങള്‍ അവസാനിപ്പിക്കേണ്ടതായി വന്നു.

സുഹൃത് ബന്ധത്തിന്റെ ദൃഡത (With CGM Prakash)

യൂറോപ്പ് – പ്രവാസി ജീവിതം III
2017-ല്‍ സ്‌പെയിനിലെ ബാഴ്‌സലോണിയയില്‍ ഭാര്യ നിരുത്സാഹപ്പെടുത്തിയെങ്കിലും ആത്മമിത്രവും ഡി ഡി ഗ്രൂപ്പ് ചെയര്‍മാനുമായ എല്‍ദോ ജോണുമായി ചേര്‍ന്നു ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് ചെയിന്‍ സ്ഥാപിച്ചു. ഡൈന്‍ ഇന്‍ ഡാര്‍ക്ക് എന്ന നൂതന ആശയം അവിടെ പ്രാവര്‍ത്തികമാക്കി.

യാതൊരു വെളിച്ചവുമില്ലാത്ത റെസ്റ്റോറന്റില്‍ അന്ധരെ പോലെ ആഹാരം കഴിക്കേണ്ടതിന്റെ വിസ്മയം ടൂറിസ്റ്റുകള്‍ക്കും ജനങ്ങള്‍ക്കും ഈ വിധത്തില്‍ അവര്‍ ഒരുക്കി കൊടുത്തു. ഡൈന്‍ ഇന്‍ ഡാര്‍ക്ക് ആശയം മാധ്യമശ്രദ്ധയും നേടിയിരുന്നു. ടെക്കില 44 ആയിരുന്നു അവരുടെ മറ്റൊരു റെസ്റ്റോറന്റ്.

പക്ഷെ നിര്‍ഭാഗ്യവശാല്‍ ബ്രെക്‌സിറ്റ് (Brexit) വന്നതോടെ ബാര്‍സലോണിയയില്‍ ടൂറിസ്റ്റുകളുടെ വരവ് കുറയുകയും ഭീകരാക്രമണം ഉണ്ടാവുകയും ചെയ്തു. കാലാവസ്ഥാ പ്രശ്‌നങ്ങള്‍കൂടി ഉണ്ടായതോടെ ഹോട്ടല്‍ ശൃംഖല ലീസിന് നല്‍കി ജിബി താല്‍കാലികമായി യൂറോപ്പിനോട് വിട പറഞ്ഞു.

വീണ്ടും കേരളത്തിന്റെ മണ്ണിലേക്ക്
പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുമതി നല്‍കിയതോടെ, ഖത്തറിലായിരുന്ന ജിബി തിരികെ കേരളത്തിലെത്തി, പ്രവര്‍ത്തന നിരതനായി. ജിബി ഹോട്ടല്‍ ഇന്ദ്രിയ (വയനാട് – കല്‍പ്പറ്റ), ഹോട്ടല്‍ കല്ലേലീസ് പാര്‍ക്ക് (ചാലക്കുടി), ഹോട്ടല്‍ ഡയാന (കൂത്താട്ടുകുളം) എന്നീ ഹോട്ടലുകള്‍ അദ്ദേഹം നിലവില്‍ നടത്തിവരുന്നു.

കുടുംബം


2002-ല്‍ ജിബി ബീന കെ മത്തായിയെ വിവാഹം ചെയ്തു. 2007-ല്‍ അവര്‍ ഖത്തറില്‍ സ്ഥിരതാമസമാക്കി. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനില്‍ ബീന നേഴ്‌സാണ്. ഇവര്‍ക്ക് 2005-ല്‍ ബെനെറ്റ് ജിബി അബ്രഹാമും, 2009-ല്‍ ഡിയോണ്‍ ജിബി അബ്രഹാമും, 2011-ല്‍ ഡാനില്‍ ജിബി അബ്രഹാമും ജനിച്ചു.
ജീവിതത്തിലും കരിയറിലും തന്റെ എല്ലാവിധ ഉയര്‍ച്ചകളുടെയും പിന്നില്‍ ‘നമുക്ക് ഒന്നിച്ച് മുന്നേറാം’ എന്നു പറഞ്ഞ് ധൈര്യം പകരുന്ന ബീനയാണെന്ന് ജിബി അഭിമാനത്തോടെ പറയുന്നു. ജീവിതത്തില്‍ നമ്മളെ രക്ഷിക്കാന്‍ ദൈവം ചിലരെ അയയ്ക്കുമെന്നും തന്റെ ആ മാലാഖ ഭാര്യ ബീനയാണെന്നും ജിബി തിരിച്ചറിയുന്നു. മാതാപിതാക്കളെ കരുതേണ്ടത് എല്ലാവരുടെയും കടമയാണെന്നും ജിബി വായനക്കാരെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

ഡിഡി ഗ്രൂപ്പ്
ജിബിയും അദ്ദേഹത്തിന്റെ ആത്മമിത്രങ്ങളായ 24 സഹപാഠികളും ചേര്‍ന്നാണ് ഡി ഡി ഗ്രൂപ്പ് രൂപീകരിച്ചത്. അതിന്റെ ചെയര്‍മാനായി എല്‍ദോജോണും എം.ഡി ആയി ജിബിയും കോര്‍ഡിനേറ്ററായി ഏ.പി ഏലിയാസും രക്ഷാധികാരിയായി ബിനോയ് കുര്യാക്കോസുമാണ് ഡി ഡി ഗ്രൂപ്പിനെ നയിക്കുന്നത്. ഡിഡി ഗ്രൂപ്പ് പല ബിസിനസ്സുകാരെയും പിന്തുണയ്ക്കാറുണ്ട്. ബേക്കറികളും കണ്ണട കടകളുമൊക്കെ ഇവര്‍ നടത്തിവരുന്നുണ്ട്.

ഒരു പദവിയില്‍ എത്തിയാല്‍ കൂടെയുള്ളവരെയും കൈപിടിച്ചുയര്‍ത്തണം എന്ന മനുഷ്യസ്‌നേഹമാണ് ഈ ഗ്രൂപ്പിന്റെ ഉത്ഭവത്തിന്റെ കാരണം. അവര്‍ പഠിച്ചിരുന്ന തിരുവാണിയൂര്‍ സെന്റ് ഫിലോമിനാസ് ഹൈസ്‌ക്കൂളിന്റെ ഗ്രൗണ്ടില്‍ ഒരു സ്റ്റേജ് പണിതു നല്‍കി അവിടെ വച്ച് അവരെ പഠിപ്പിച്ചിരുന്ന അദ്ധ്യാപകരെ ആദരിച്ചുകൊണ്ട് ഒരു പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടത്താന്‍ കഴിഞ്ഞത് അവര്‍ എന്നും തങ്ങളുടെ കിരീടത്തിലെ പൊന്‍തൂവലായി കണ്ട് അഭിമാനിക്കുന്നുണ്ട്.

‘വൃദ്ധരാം ജനങ്ങളെ മൂലയ്ക്കിരുത്തും നേരം സാധുക്കളാം ഈ ഗുരുക്കളെ പൊന്നാട അണിയിക്കുന്നു, ആദരിക്കുന്നു. എന്തു ഞാന്‍ ചൊല്ലേണ്ടു ഈ നിമിഷങ്ങളില്‍! നന്ദി മാത്രം മക്കളേ. നന്ദി. പ്രാര്‍ത്ഥനയോടെ ദൈവത്തോട്’, എന്ന് അവരുടെ മലയാള അദ്ധ്യാപിക ആ സദസ്സില്‍ ചൊല്ലിയത് ഇന്നും അവരുടെ മനസ്സില്‍ ഒരു മനോഹര ഓര്‍മയാണ്. ഈ കൊറോണ ലോക്ക്ഡൗണ്‍ കാലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ഭക്ഷണ കിറ്റുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് ടിവിയും ടാബുമൊക്കെ എത്തിക്കാന്‍ ഡിഡി ഗ്രൂപ്പിന് സാധിച്ചു.

തന്നാലാകും വിധം കഷ്ടപ്പെടുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ ആദ്ദേഹം എന്നും മുന്‍പന്തിയിലായിരുന്നു. 2017 ആഗസ്റ്റ് മാസത്തെ പ്രളയം ബാധിച്ച ആളുകള്‍ക്ക് സ്വന്തം വീട് തുറന്നു നല്‍കി അതില്‍ 15-ഓളം ആളുകളെ താമസിപ്പിച്ചത്, പരിചരിച്ചത്.. അതെല്ലാം എന്നും ഒരു നല്ല ഓര്‍മയായായി ഇന്നും ജിബി സൂക്ഷിക്കുന്നു.

ഇതിനിടയില്‍ ചലച്ചിത്ര രംഗത്തെ സംവിധായകനും സുഹൃത്തുമായ കണ്ണന്‍ താമരക്കുളം വഴി മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ‘ചാക്കോയും മേരിയും’ എന്ന സീരിയലില്‍ മാര്‍ക്ക് ആന്റണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജിബിയാണ്. കണ്ണന്‍ താമരകുളത്തിന്റെ തന്നെ പൂതിയ സിനിമയിലും അദ്ദേഹം അഭിനയിച്ചു. മറ്റു പല സിനിമകളിലും സീരിയലുകളിലും പ്രസക്തമായ വേഷങ്ങള്‍ ചെയ്യാനുള്ള അവസരങ്ങള്‍ ജിബിയെ തേടിയെത്തുന്നുണ്ട്.

ചെറുപ്പകാലത്തു തന്റെ പള്ളിയായ പഴുക്കാമറ്റം സെന്റ് മേരിസ് ചര്‍ച്ചിലെ ശുശ്രൂഷക്കാരനായി ജീവിച്ച ജിബിയുടെ ജീവിതത്തിലെ എല്ലാ ഉയര്‍ച്ചകള്‍ക്കും നന്മകള്‍ക്കും ആ പള്ളിയില്‍ നിന്നും കിട്ടിയ മാതാവിന്റെ അനുഗ്രഹം നിദാനമായി. ജീവിതം പല തവണ തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സധൈര്യം മുന്നേറി വിജയത്തിന്റെ പൊന്‍കതിരുകള്‍ കൊയ്യുന്ന ജിബി അബ്രഹാം എല്ലാവര്‍ക്കും ഒരു വലിയ പാഠപുസ്തകമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button