ചായക്കൂട്ടുകളില്‍ ജീവിതവിജയം കണ്ടെത്തി ഗീത് കാര്‍ത്തിക
നമുക്കെല്ലാം ഇഷ്ടവിനോദങ്ങളും കലാവൈഭവങ്ങളും ഉണ്ടാകാം. പക്ഷേ, പലര്‍ക്കും ജീവിത തിരക്കുകള്‍ക്കിടയില്‍ അവയ്ക്ക് ആവശ്യമായ പ്രാധാന്യം നല്‍കാനോ, അവയെ കുറിച്ച് കൂടുതല്‍ പഠിക്കാനോ സാധിക്കാറില്ല. അതുകൊണ്ടുതന്നെ കലാതാത്പര്യത്തെ ഉത്തേജിപ്പിക്കുന്നവരോട് നമുക്ക് കടുത്ത ആരാധന തോന്നാറുണ്ട്. അവരെ മാര്ഗദീപങ്ങളാക്കാന് ശ്രമിക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു തികഞ്ഞ ചിത്രകാരിയാണ് ഗീത് കാര്‍ത്തിക.
ചിത്രകലയെ ഒരു വിനോദമായി മാത്രം കണ്ടിരുന്ന ഗീതിനെ അയല്‍വാസിയും ചിത്രകാരനുമായ ഷെഫീക്ക് നല്കിയ ഓയില്‍ പെയിന്റിങ് – വാട്ടര്‍ കളര്‍ പരിശീലനമാണ് ചായക്കൂട്ടുകളുടെ ലോകത്തിലേക്ക് എത്തിച്ചത്. പിന്നീട്, തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നടന്ന പെയിന്റിങ് കോഴ്സില്‍ ചേര്‍ന്ന് അനിത ടീച്ചറില്‍ നിന്നും പ്രിന്‍സ് തോന്നക്കലില്‍ നിന്നും മ്യൂറല്‍ പെയിന്റിങ് അഭ്യസിച്ചു. അങ്ങനെയാണ് ഗീത് കാര്‍ത്തിക ചിത്രകലയെ ഹൃദയത്തോട് ചേര്‍ത്തതും.
അന്നത്തെ ക്ലാസ്സില്‍ വച്ച് പരിചയപ്പെട്ട സമാന ചിന്താഗതിക്കാരായ സോജ സോമന്റെയും നിരുപമ മിശ്രയുടെയുമൊപ്പം 2011-ല്‍ തിരുവനന്തപുരം മ്യൂസിയം ഹാളിലാണ് ഗീത് ആദ്യ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. പിന്നീട് നിരുപമ മിശ്രയ്ക്കൊപ്പം ഗീത് എറണാകുളത്തും ഡല്‍ഹിയിലും മറ്റും ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഒറ്റയ്ക്കും സുഹൃത്തുക്കളോടു സഹകരിച്ചും ഗീത് ചിത്രപ്രദര്‍ശനം നടത്തുന്നുണ്ട്.
കണ്ടംപ്രററിയും മ്യൂറല്‍ ആര്‍ട്ടും വളരെ വിദഗ്ധമായി ഗീത് കൈകാര്യം ചെയ്യുന്നുണ്ട്. പ്രിന്‍സ് തോന്നയ്ക്കല്‍ സംഘടിപ്പിച്ച മഹാഭാരതം ചിത്രപ്രദര്‍ശനത്തില്‍ ഗീത് പങ്കെടുത്തിരുന്നു. തന്റെ പുതിയ പ്രോജക്ടിലെ പ്രദര്‍ശനങ്ങള്‍ കൊറോണ സാഹചര്യം കാരണം ഗീത് നീട്ടി വെച്ചിരിക്കുകയാണ്. ബാംഗ്ലൂരിലും കോഴിക്കോടിലും ചിത്രപ്രദര്‍ശനങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍ ഗീത്.
മ്യൂറല്‍ ആര്‍ട്ടിലേക്ക് കടന്ന ഗീത് പലരും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കള്‍ച്ചറല്‍ തീമുകളുടെ വാര്‍പ്പുകളെ തച്ചുടച്ച് കണ്ടംപ്രററി തീമുകളില്‍ പരീക്ഷണങ്ങള്‍ നടത്തി വരികയാണ്. കടും നിറങ്ങളാണ് ഗീതിന്റെ മാന്ത്രികദണ്ഡ്. മനസ്സില്‍ വിരിയുന്ന ആശയത്തെ ക്യാന്‍വാസിലേക്ക് പകര്‍ത്തിയതിനുശേഷം അവയിലേക്ക് അനുയോജ്യ നിറങ്ങള്‍ ചാലിക്കുന്നതാണ് ഗീതിന്റെ ചിത്രരചനാ രീതി.
2013-ല്‍ കോവളം ആസ്ഥാനമാക്കി കേരള ആര്‍ട്ട് ഗ്യാലറി സ്ഥാപിക്കുകയും പിന്നീട് അത് കൈതമുക്കിലെ വീടിന് സമീപത്തുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇപ്പോഴും അത് സുഗമമായി നടത്തുന്നു. ഇതിനോടൊപ്പം ഗീത് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റര്‍ കൂടിയാണ് ഗീത് കാര്‍ത്തിക.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന MEYER എന്ന ഗൃഹോപകരണ കമ്പനിയുടെ കേരള ഫ്രാഞ്ചൈസിയാണ് ഗീത് എന്റര്‍പ്രൈസസ്. കഴിഞ്ഞ ഒരു വര്‍ഷമായി ഗീത് ബിസിനസ് മേഖലയിലും തന്റെ പ്രവീണ്യം തെളിയിച്ചിരിക്കുകയാണ്. വനിതകളെ ബിസിനസ്സ് മേഖലയിലേക്ക് കൊണ്ടുവരാനും അവര്‍ക്കൊരു വരുമാന മാര്‍ഗത്തിനുള്ള അവസരം സൃഷ്ടിക്കാനും തന്റെ സംരംഭത്തിലൂടെ ഗീത് കാര്‍ത്തിക നിരന്തരം ശ്രമിക്കുന്നു.