EntreprenuershipSuccess Story

പാഷനെ പ്രൊഫഷനാക്കിയ റസ്‌റ്റോറന്റ് കണ്‍സള്‍ട്ടന്റിന്റെ വിജയഗാഥ

ഹോസ്പിറ്റാലിറ്റി രംഗത്ത് നിരവധി പ്രവര്‍ത്തനമേഖലകള്‍ ഉണ്ട്. എന്നാല്‍ പൊതുവേ അധികമാരും ചെന്നെത്താത്ത ഒരു ശാഖയാണ് റസ്‌റ്റോറന്റ് കണ്‍സള്‍ട്ടിംഗ് എന്നത്. പാചകം എന്ന തന്റെ പാഷനെ പിന്തുടര്‍ന്ന് ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് കടന്നുവന്ന്, റസ്‌റ്റോറന്റ് കണ്‍സള്‍ട്ടിംഗില്‍ പുതുവഴികള്‍ തീര്‍ക്കുന്ന യുവ സംരംഭകനാണ് റെയ്‌നോള്‍ഡ് മാത്യു. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ അഞ്ചുവര്‍ഷമായി റസ്‌റ്റോറന്റ് കണ്‍സള്‍ട്ടിംഗില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുകയാണ്.

ഒരു പാചകക്കാരന്‍ ആവുക എന്ന അടങ്ങാത്ത ആഗ്രഹമാണ് എല്ലാത്തിന്റെയും തുടക്കം. ബി.എസ്.ഡബ്യൂ ബിരുദം നേടിയ ശേഷമാണ് റെയ്‌നോള്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം ആരംഭിച്ചത്. കോഴ്‌സ് പൂര്‍ത്തിയാക്കിയശേഷം മുന്‍നിര ഹോട്ടലുകളില്‍ എട്ടു വര്‍ഷത്തോളം ഷെഫ് ആയി പ്രവര്‍ത്തിച്ചു. 2013 ല്‍ കൈരളി ടി.വിയുടെ ‘കിച്ചന്‍ മാജിക്’ എന്ന പാചക റിയാലിറ്റി ഷോയില്‍ പങ്കെടുത്തത് കരിയറില്‍ ഒരു വഴിത്തിരിവായി. പാചകരംഗത്ത് സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം അവിടെ നിന്നാണ് ലഭിച്ചത്.

റസ്‌റ്റോറന്റുകളുടെ റെനവേഷന്‍ ഉള്‍പ്പെടെ ഇതുവരെ 50 നു മുകളില്‍ പ്രൊജക്റ്റുകള്‍ ഏറ്റെടുത്തിട്ടുണ്ട്. നമ്മുടെ നാട്ടില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആരംഭിക്കപ്പെടുന്ന ഒരു സംരംഭമാണ് റസ്‌റ്റോറന്റുകള്‍. എന്നാല്‍ ഇതില്‍ നല്ലൊരു ശതമാനവും വിജയിക്കുന്നില്ല. അവിടെയാണ് റസ്‌റ്റോറന്റ് കണ്‍സള്‍ട്ടിംഗിന്റെ പ്രാധാന്യം. അതില്‍ തന്നെ ഏറെ വ്യത്യസ്തവും പ്രായോഗികമായ രീതിയാണ് റെയ്‌നോള്‍ഡ് അവലംബിക്കുന്നത്.

റസ്‌റ്റോറന്റ്, കഫെ, ക്ലൗഡ് കിച്ചന്‍, സെന്‍ട്രല്‍ കിച്ചന്‍, കോഫി ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് കണ്‍സള്‍ട്ടിംഗ് നല്‍കി വരുന്നത്. ഇത്തരത്തില്‍ ഏതെങ്കിലും ഒരു സ്ഥാപനം ആരംഭിക്കുന്നതിനു മുന്നോടിയായി വിശദമായ പഠനം അനിവാര്യമാണ്. തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലം, അവിടുത്തെ സംസ്‌കാരം, ഭക്ഷണരീതി, നിലവിലുള്ള റസ്‌റ്റോറന്റുകളുടെ മെനു തുടങ്ങിയ നിരവധി കാര്യങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിച്ച് വേണം മുന്നോട്ടുപോകാന്‍.

ഒരു സ്ഥാപനം തുടങ്ങുക മാത്രമല്ല, പ്രവര്‍ത്തനം തുടങ്ങി മൂന്നുമാസം വരെ അവര്‍ക്കൊപ്പം നിന്ന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുന്നു. പാചകത്തില്‍ ഉള്‍പ്പെടെ സഹായം നല്‍കും. റസ്‌റ്റോറന്റ് രംഗവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന വിദഗ്ധരുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധം ഓരോ പ്രോജക്ടുകളിലും ഉപകരിക്കാറുണ്ട്. ഷെഫ് പിള്ള തന്നെയാണ് റോള്‍ മോഡല്‍.

മുന്‍കാലങ്ങളെ അപേക്ഷിച്ച് നിരവധി കുട്ടികളാണ് ഇപ്പോള്‍ ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്തേക്ക് കടന്നുവരുന്നത്. പൂര്‍ണമായ താല്‍പര്യവും അര്‍പ്പണബോധവുമാണ് ഈ മേഖലയില്‍ ഏറ്റവും പ്രധാനം. എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ചതിനു ശേഷം മാത്രം കോഴ്‌സുകള്‍ തെരഞ്ഞെടുക്കുക. ഹോട്ടല്‍ മാനേജ്‌മെന്റിലെ ഏതു ശാഖയിലാണ് തനിക്ക് ശോഭിക്കാന്‍ കഴിയുക എന്ന തിരിച്ചറിവും വേണം. ആദ്യത്തെ ഒരു മൂന്നുവര്‍ഷത്തെ കഷ്ടപ്പാട് എന്തായാലും ഉണ്ടാകും. എന്നാല്‍ അതിനുശേഷം റിട്ടയര്‍മെന്റ് ഇല്ലാത്തതും നാട്ടിലും വിദേശത്തുമായി അനന്ത സാധ്യതകളുമുള്ള രംഗമാണ് അവര്‍ക്ക് മുന്നില്‍ തുറക്കുക.

ഷെഫ് എന്ന നിലയില്‍ നാടന്‍ വിഭവങ്ങള്‍ ഒരുക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന റെയ്‌നോള്‍ഡിന് വലിയൊരു സ്വപ്‌നം കൂടി മുന്നിലുണ്ട്. സ്വന്തം നാട്ടില്‍ കേരളത്തിലെ തനത് വിഭവങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഒരു റസ്‌റ്റോറന്റ് ആരംഭിക്കുക എന്നത്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വൈകാതെ അത് യാഥാര്‍ത്ഥ്യമാകും.

https://www.facebook.com/ChefReynold007?rdid=SM1Ixo42QA9lSrFP&share_url=https%3A%2F%2Fwww.facebook.com%2Fshare%2F163MLjyXDr%2F#

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button