വീട്ടകങ്ങളില്‍ തളിരിട്ട ഇന്ദുലേഖയുടെ വിജയം
ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് ആഗ്രഹിച്ച കരിയര്‍ പിന്തുടരാനാകാതെ കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിപ്പോകുന്ന വീട്ടമ്മമാര്‍ കേരളത്തില്‍ ധാരാളമുണ്ട്. രാജ്യത്തിന് ഉപകാരപ്പെടേണ്ട മാനവ വിഭവശേഷിയാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. പക്ഷേ ഇഷ്ടപ്പെട്ട ഹോബിയെ ബിസിനസാക്കി വളര്‍ത്തിയും കൂട്ടായ്മകളിലൂടെ അതിനെ കരുപ്പിടിപ്പിച്ചും കുടുംബ ജീവിതത്തിന് ഇണങ്ങുന്ന ബിസിനസ് സംരംഭങ്ങള്‍ ബേക്കിങിന്റെയും ബോട്ടീക്കിന്റെയും ഹെര്‍ബല്‍ ഓയിലുകളുടെയും രൂപത്തില്‍ പടുത്തുയര്‍ത്തിയ വീട്ടമ്മമാരുടെ കഥകളും അനേകമാണ്. നെട്ടയം സ്വദേശി ഇന്ദുലേഖ തെരഞ്ഞെടുത്തത് ഇന്‍ഡോര്‍ പ്ലാന്റുകളുടെ സംരംഭക വഴിയാണ്.
മലയാളിയുടെ സൗന്ദര്യബോധത്തിനൊപ്പം ഇന്റീരിയര്‍ ഡിസൈനിങ് മേഖലയും കേരളത്തില്‍ വളര്‍ന്നു വന്നിട്ടുണ്ട്. ഇതിലെ ഒഴിച്ചുകൂടാത്ത വിഭാഗമാണ് വീട്ടിനുള്ളില്‍ വളര്‍ത്താവുന്ന അലങ്കാര ചെടികള്‍. അലങ്കാരത്തിന് മാത്രമല്ല, മാനസിക പിരിമുറുക്കം അകറ്റാനും വായു ശുദ്ധീകരിക്കാനും വിവിധ വിശ്വാസങ്ങള്‍ അനുസരിച്ചും വീട്ടകങ്ങളില്‍ വേഗം കണ്ണ് പതിയുന്നിടത്ത് ഇന്‍ഡോര്‍ പ്ലാന്റുകള്‍ വച്ചു പിടിപ്പിക്കുന്നവര്‍ ഇന്ന് അനവധിയാണ്.
സ്ഥലപരിമിതിയുള്ളതിനാല്‍ വീടിനുള്ളില്‍ തന്നെ പച്ചപ്പിന്റെ ഒരു തുണ്ട് ആഗ്രഹിക്കുന്നവരും ഇന്‍ഡോര്‍ പ്ലാന്റുകള്‍ സ്വന്തമാക്കാറുണ്ട്. തിരുവനന്തപുരത്ത് ഈ ട്രെന്‍ഡ് മനസ്സിലാക്കി ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്ക് ഒരിടം ആരംഭിച്ച ആദ്യത്തെ സംരംഭകരില്‍ ഒരാളാണ് ഇന്ദുലേഖ.
ജേര്‍ണലിസം ബിരുദവും എംബിഎയും പൂര്‍ത്തിയാക്കിയ ഇന്ദുലേഖ ആറു വര്‍ഷം മുമ്പാണ് പ്ലാന്റ്‌സ് ഇന്റീരിയോ എന്ന സ്ഥാപനം ആരംഭിച്ചത്. ഇഷ്ടപ്പെട്ട ഹോബിയെ ബിസിനസാക്കി വളര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. എക്‌സിബിഷനുകളിലൂടെയായിരുന്നു തുടക്കം. പിന്നീട് തിരുവനന്തപുരം സെന്‍ട്രല്‍മാളിലും ട്രാവന്‍കൂര്‍ മാളിലും എറണാകുളം ലുലുവിലും സ്വന്തമായി ഷോപ്പുകള്‍ തുറന്നുകൊണ്ട് ബിസിനസ് വിപുലപ്പെടുത്തി.
ആര്‍ക്കിടെക്റ്റ്‌സിനും ഇന്റീരിയര്‍ ഡിസൈനേഴ്‌സിനും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ചെറുകിട ഷോപ്പുകള്‍ക്കും സെറാമിക് പോട്ടുകളില്‍ ചെടികള്‍ ഹോള്‍സെയിലായി വിതരണം ചെയ്യുന്ന നിലയിലേക്ക് പിന്നീട് ഉയര്‍ന്നു. ഇപ്പോള്‍ കവടിയാറുള്ള സ്ഥാപനത്തില്‍ എത്തുന്ന ആവശ്യക്കാര്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ടതും അവര്‍ക്കിണങ്ങിയതുമായ ഇന്‍ഡോര്‍ പ്ലാന്റുകള്‍ നല്‍കുവാന്‍ പര്യാപ്തമാണ് ഇന്ദുലേഖയുടെ സംരംഭം.
സുഹൃത്തിന്റെ വീട്ടിലോ ഇന്റര്‍നെറ്റിലോ കണ്ട ചെടികള്‍ സ്വന്തമാക്കുവാന്‍ മാത്രമല്ല, ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട രീതിയില്‍ പരിപാലിക്കാനാകുന്ന സസ്യങ്ങള്‍ തെരഞ്ഞെടുക്കാനും ഇന്ദുലേഖയെ സമീപിക്കാം. വീട്ടിനുള്ളില്‍ വച്ച് തന്നെ പരിപാലിക്കാവുന്ന ടെറേറിയം ഉദ്യാനങ്ങളും ഇന്ദുലേഖ തയ്യാറാക്കി നല്‍കുന്നുണ്ട്. എങ്കിലും പ്ലാന്റ്‌സ് ഇന്റീരിയോയെ ശ്രദ്ധേയമാക്കുന്നത് വിദേശനിര്‍മിത സെറാമിക് പോട്ടുകളില്‍ ഓരോ ചെടിക്കും അനുയോജ്യമായ രീതിയില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ണിന്റെ മിശ്രിതത്തില്‍ വളരുന്ന അപൂര്‍വ സസ്യങ്ങളാണ്.
പ്ലാന്റ്‌സ് ഇന്റീരിയോയുടെ കളക്ഷന്‍ 60 രൂപ മുതല്‍ ആരംഭിക്കുന്നു. സംരംഭത്തിന്റെ അടുത്ത ഘട്ടമായി ലാന്‍ഡ്‌സ്‌കേപ്പിംഗിലേക്ക് കൂടി കടക്കുവാന്‍ തയ്യാറെടുക്കുകയാണ് ഇന്ദുലേഖ.
PLANTS INTERIO
MRA-F33, Mukkola-Vazhayila Road, Nettayam, Trivandrum-695 013
E-mail: plantsinterio@gmail.com
Mob: +91 6238750296, +91 9387975591