മേക്കപ്പ്മാന്‍ ഫാഷന്‍ ഐക്കണ്‍ ആയി മാറിയ കഥ

ഈ ജീവിതം സിനിമാ കഥയെ വെല്ലും….
കഠിനാധ്വാനവും പരിശ്രമവും തോല്‍ക്കാന്‍ തയ്യാറാകാത്ത മനസുമാണ് ഓരോ വ്യക്തിയേയും ജീവിത വിജയത്തിലേക്ക് നയിക്കുന്നത്. അത്തരത്തില്‍ നിരന്തര പരിശ്രമത്താല്‍ കരിയറില്‍ വിജയമെഴുതി തിളങ്ങുന്ന ഒരു വ്യക്തിയുണ്ട്. കഷ്ടപ്പാടുകളെ അതിജീവിച്ച് വിജയം എഴുതിയ ജിജോ തോമസ് എന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്…!
പത്തനംതിട്ട റാന്നി സ്വദേശിയായ ജിജോ തോമസിന്റെ ജീവിതം സിനിമയെ വെല്ലുന്ന ഒരു സിനിമാ കഥ പോലെയാണ്. കണ്ണീരും സന്തോഷവും പട്ടിണിയും സ്വപ്‌നവും വിജയവുമെല്ലാം ഒരു പോലെ ഒത്തു ചേര്‍ന്ന ഒരു സിനിമാ കഥ…

രണ്ടാം ക്ലാസില്‍ ജിജോ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. പിന്നീട് തന്നെയും ചേട്ടനെയും സഹോദരിയേയും വളര്‍ത്താന്‍ അമ്മ സൂസന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. തയ്യല്‍ ജോലികള്‍ ചെയ്തായിരുന്നു മൂന്ന് മക്കളെയും അമ്മ വളര്‍ത്തിയത്. ചെറുപ്പത്തില്‍ തന്നെ കലയോടും സിനിമയോടും ജിജോയ്ക്ക് അതിയായ താത്പര്യം ഉണ്ടായിരുന്നു. സിനിമയില്‍ എന്തെങ്കിലും ആകണമെന്നും അവിടെ തിളങ്ങണം എന്നും ജിജോ ഏറെ സ്വപ്‌നം കണ്ടിരുന്നു. അങ്ങനെയാണ് പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് എറണാകുളത്തേക്ക് ജിജോ വണ്ടി കയറുന്നത്.

റാന്നി പോലെ ഒരു പ്രദേശത്ത് നിന്നും സിനിമ ജീവിതം സ്വപ്‌നം കണ്ട് ഇറങ്ങിയ ആ ചെറുപ്പക്കാരനെ അന്ന് പലരും കളിയാക്കിയിരുന്നു. താരങ്ങള്‍ക്ക് വസ്ത്രങ്ങളും മറ്റും എടുത്തു നല്‍കുന്ന കോസ്റ്റ്യും ഡിപ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു ജിജോ ആദ്യം ജോലി ചെയ്തിരുന്നത്. അവിടെ വെച്ചാണ് റോണക്‌സ് എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ പരിചയപ്പെടുന്നത്.
ഒഴിവ് സമയങ്ങളില്‍ മേക്കപ്പ് എന്ന ലോകത്തിന്റെ ആദ്യാക്ഷരങ്ങളും സാധ്യതകളും ജിജോ റോണക്‌സില്‍ നിന്നും പഠിച്ചെടുത്തു. പക്ഷേ തുച്ഛമായ വേതനം കൊണ്ട് ജീവിതം കര കയറില്ലെന്നും അതിന് നല്ല ശമ്പളമുള്ള ജോലി വേണമെന്നും ജിജോ മനസ്സിലാക്കി. അങ്ങനെയാണ് ചേട്ടന്‍ ജോലി ചെയ്യുന്ന ബോംബൈയിലേക്ക് ജിജോ എത്തുന്നത്. എന്നാല്‍ സിനിമാ എന്ന സ്വപ്‌നം ജിജോയെ അപ്പോഴും വേട്ടയാടിക്കൊണ്ടേയിരുന്നു.

മനസില്‍ നിറഞ്ഞു നില്‍ക്കുന്ന ആ സ്വപ്‌നങ്ങള്‍ നേടാന്‍ ജിജോ നിരന്തരം സുഹൃത്തുക്കളായി സിനിമാക്കാരെ വിളിക്കും, വിശേഷങ്ങള്‍ ചോദിക്കും.അങ്ങനെയാണ് റോണക്‌സ് ഒരിക്കല്‍ തന്റെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കാന്‍ ജിജോയെ ക്ഷണിക്കുന്നത്. ജീവിതത്തിന്റെ മറ്റൊരു പാഠം ജിജോ പഠിക്കുന്നത് ഇങ്ങനെയാണ്. പിന്നീട് കുറേ നാള്‍ ജിജോ സിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു.
മേക്കപ്പ് എന്ന മേഖലയില്‍ വൈദഗ്ധ്യവും ആത്മവിശ്വാസവും നേടിയതോടെ അതേ മേഖലയില്‍ ഒരു ബിസിനസ് ആരംഭിക്കണം എന്ന് ജിജോ തീരുമാനിച്ചു. അങ്ങനെയാണ് ജോ െ്രെബഡല്‍ ഫാമിലി സലൂണിന് ജിജോ തുടക്കം കുറിക്കുന്നത്. തന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ഒരു തീരുമാനം ആയിരുന്നു അതെന്ന് ജിജോ ഇന്ന് ഓര്‍മിക്കുന്നു.

ജോലിയില്‍ പാഷന്‍ ഉണ്ടായിരുന്ന ജിജോ ഹെയര്‍ സ്‌റ്റൈലിങ് പഠിക്കുകയും ആ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഭാര്യ സ്മിതയുടെ ജോലിയുടെ ഭാഗമായാണ് ലണ്ടനിലേയ്ക്ക് ജിജോ എത്തുന്നത്. ലണ്ടനിലും നിരവധി വര്‍ക്കുകള്‍ ജിജോ ഏറ്റെടുത്തു. അവിടെ നിന്നാണ് ലണ്ടന്‍ ഫാഷന്‍ വീക്കിന്റെ 5 സീസന്‍ ഭാഗമായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജിജോ മാറുന്നത്.
ലോകത്തിലെ വിവിധ മോഡലുകള്‍ക്കും അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കും മുന്നില്‍ ആത്മവിശ്വാസത്തോടെ തലയുയര്‍ത്തിയാണ് ഇന്ന് ജിജോ നില്‍ക്കുന്നത്. സിനിമയിലെ ആര്‍ട്ടിസ്റ്റുകളുടെ മുഖത്ത് മേക്കപ്പ് ചെയ്ത് പഠിച്ചതിന്റെ ആത്മവിശ്വാസമാണ് ജിജോയെ ലണ്ടനിലെ മേക്കപ്പ്മാന്‍ ആയി നില്‍ക്കാന്‍ ഊര്‍ജം പകരുന്നത്. അതിന് കരുത്തേകിയത് സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയുള്ള ജീവിതം ആയിരുന്നുവെന്നും ജിജോ പറയുന്നു.

സെലിബ്രിറ്റി മേക്കപ്പ്മാന്‍ എന്നതിലുപരി ഇന്ന് ഒരു മോഡല്‍ കൂടിയാണ് ജിജോ തോമസ് എന്ന ചെറുപ്പക്കാരന്‍. ലണ്ടനിലെ റാംപ് വാക്കില്‍ പങ്കെടുക്കുന്ന മോഡല്‍ ആകാനും ജിജോയ്ക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനുള്ള ശ്രമത്തിലാണ് ജിജോ ഇപ്പോള്‍. പട്ടിണി കിടക്കുമ്പോഴും യാത്രയുമായി ബന്ധപ്പെട്ട് ബസ് സ്റ്റാന്റുകളില്‍ കിടന്ന് ഉറങ്ങുമ്പോഴും ഫാഷന്‍ ലോകമായ ലണ്ടനിലേക്ക് ഈ നിലയില്‍ ഒരിക്കലും എത്തുമെന്ന് ജിജോ കരുതിയിരുന്നില്ല.

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സമയം ചേട്ടന്‍ ഷിജു ആയിരുന്നു ജിജോയെ ഏറെ സഹായിക്കുയും പിന്തുണയ്ക്കുകയും ചെയ്തിരുന്നത്. അഞ്ചു വര്‍ഷത്തോളമായി സഹോദരി ജിനു ആണ് റാന്നിയിലെ ജോ ബ്രൈഡല്‍ ഫാമിലി സലൂണ്‍ നോക്കി നടത്തുന്നത്. പട്ടിണി കിടന്ന യുവാവില്‍ നിന്നും ജീവിതത്തോട് പൊരുതി സ്വപ്‌നങ്ങള്‍ നേടിയെടുത്തു വിജയിച്ച വ്യക്തിത്വം കൂടിയാണ് ജിജോ തോമസ്… കളിയാക്കിയ മനുഷ്യരെ കൊണ്ട് കൈയടിപ്പിച്ച വ്യക്തിത്വം!