മൈലാഞ്ചിച്ചോപ്പുള്ള കരവിരുതിന്റെ കരുത്ത്
ലയ രാജന്‍
നോട്ട്ബുക്കിന്റെ ഒടുവിലെ പേജ്, വീട്ടിലെത്തുന്ന കല്യാണ ക്ഷണക്കത്ത്, കാലിയായ ഒരു കടലാസ് അങ്ങനെ കുത്തിവരയ്ക്കാന്‍ ഒരു സാധ്യത അവശേഷിക്കുന്ന എന്തിലും തന്റെ കലാവിരുത് പ്രകടമാക്കിയിരുന്ന ഒരു കൊച്ചുപെണ്‍കുട്ടി. വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ കൊച്ചുകുഞ്ഞുങ്ങള്‍ക്കൊപ്പമിരുന്ന് ആ പെണ്‍കുട്ടി, പണ്ടുമുതല്‍ തന്റേതായി കൊണ്ടുനടന്ന കലാവിരുതിനെ തനിക്കേറ്റവും സന്തോഷം തരുന്ന വരുമാന മാര്‍ഗമാക്കി മാറ്റുകയാണ്. വിവാഹശേഷം കുടുംബത്തോടൊപ്പം ബഹ്‌റൈനില്‍ സ്ഥിരതാമസമാക്കിയ, തൃശൂര്‍ പെരുമ്പിലാവ് സ്വദേശി ഷെറിന്‍ സിതാരയാണ് മൈലാഞ്ചിച്ചോപ്പ് മുതല്‍ റെസിന്‍ ആര്‍ട്ട് വരെയുള്ള തന്റെ ഇഷ്ടങ്ങളിലൂടെ വരുമാനം കണ്ടെത്തുന്നത്.
സ്‌കൂള്‍ പഠനകാലത്ത് നോട്ട്ബുക്കിന്റെ പിന്നില്‍ വരച്ചു തുടങ്ങിയ മൈലാഞ്ചിയോടുള്ള ഇഷ്ടം, കൈവെള്ളയിലെ ചുവപ്പ് മായാതെ കാക്കുന്നതില്‍ മാത്രമായി ഒതുക്കി നിര്‍ത്തുകയായിരുന്നു ആദ്യം സിതാര. പുതിയ ഡിസൈനുകള്‍ പഠിക്കാനുള്ള മാര്‍ഗങ്ങള്‍ വ്യാപകവും ജനകീയവുമല്ലാതിരുന്ന കാലത്ത് അതിന്റെ സാധ്യതകളെക്കുറിച്ചും വലിയ ധാരണയുണ്ടായിരുന്നില്ല. കുടുംബത്തിലെ ഒത്തുചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും മൈലാഞ്ചിയിടുന്നതില്‍ നിന്ന് അതിന്റെ അടുത്ത പടിയിലേക്ക് സിതാര കടക്കുന്നത് പത്താംക്ലാസ്സോടെയാണ്.
അമ്മയുടെ കയ്യില്‍ പുതിയ ഡിസൈനുകള്‍ വരച്ചു പഠിച്ച സിതാര പ്ലസ്ടു സമയത്തോടെ പതിയെ നാട്ടിലെ ബ്യൂട്ടിപാര്‍ലറുകളുടെ സഹായത്തോടെ വിവാഹാവശ്യങ്ങള്‍ക്ക് വേണ്ടി മൈലാഞ്ചിയിട്ട് തുടങ്ങി. വളര്‍ന്നു വരാന്‍ എല്ലാ പഴുതുകളും പയറ്റിനോക്കുന്ന ഒരു സംരംഭക എന്ന ശീര്‍ഷകത്തിലേക്ക് സിതാരയുടെ ആദ്യ ചുവടുകള്‍ അതായിരുന്നു.
വിവാഹശേഷം വിദേശത്തേക്ക് കുടിയേറിയ സിതാര, തന്റേതായ രീതിയില്‍ തന്റെ കരവിരുതുകളെ ഉപയോഗിക്കാനും വരുമാനമാര്‍ഗമാക്കി മാറ്റാനും ശ്രമിച്ചുകൊണ്ടേയിരുന്നു. നാട്ടില്‍ നിന്നും ഓര്‍ഗാനിക് ഹെന്ന കോണുകള്‍ ഉണ്ടാക്കാന്‍ പരിശീലിച്ച സിതാര, ബഹ്‌റൈനില്‍ തന്റെ ആദ്യത്തെ വിപുലമായ സംരംഭം എന്ന രീതിയില്‍ പരീക്ഷിച്ചത് ഓര്‍ഗാനിക് ഹെന്ന കോണുകളുടെ വില്‍പ്പനയായിരുന്നു.
സംരംഭം വിജയകരമായിരുന്നുവെങ്കിലും കോണ്‍ നിര്‍മാണത്തിന് ആവശ്യമായ സുഗന്ധതൈലങ്ങളുടെ മണം അലര്‍ജി പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴി വച്ചതോടെ വിപണനവശ്യങ്ങള്‍ക്ക് വേണ്ടി കോണുകള്‍ നിര്‍മിക്കുന്നത് സിതാര നിര്‍ത്തിവച്ചു. എന്നാലും ചെറിയ ഒത്തുചേരലുകള്‍ അടക്കമുള്ള ചടങ്ങുകള്‍ക്ക് വേണ്ടി സിതാര മൈലാഞ്ചി ഡിസൈന്‍ ചെയ്തു കൊടുത്തിരുന്നു.
കുഞ്ഞുങ്ങളെ തനിച്ചാക്കി മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന മെഹന്ദി ആര്‍ട്ടിനു പോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് പിന്നീട് കരകൗശല മേഖലയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇതിനിടെ കുറച്ചുകാലം ഓണ്‍ലൈന്‍ ആയി മെഹന്ദി ആര്‍ട്ട് ടീച്ചറായും സിതാര പ്രവര്‍ത്തിച്ചു.
ഗിഫ്റ്റ് ഹാമ്പറുകളും എക്‌സ്‌പ്ലോഷന്‍ ബോക്‌സുകളുമായിരുന്നു സിതാരയുടെ ആദ്യപരീക്ഷണങ്ങള്‍. ചാര്‍ട്ട് പേപ്പര്‍ അടിസ്ഥാനമാക്കി ഉണ്ടാക്കി വിജയിച്ച സാധനങ്ങള്‍ ആവശ്യാനുസരണം വിപണനത്തിനായി ഉണ്ടാക്കുകയാണ് സിതാരയുടെ പതിവ്. സാധാരണ എല്ലാവരും ചെയ്യുന്നവയില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തില്‍ നിന്നാണ് ഗിഫ്റ്റ് ഹാമ്പറും ചോക്ലേറ്റ് ബോക്‌സും കടന്ന് ജിപ്‌സം മോഡലിങ്ങിലേക്ക് തിരിയാമെന്ന് ചിന്തിക്കുന്നത്. എന്നാല്‍ പരിശീലനവും മറ്റു ചെലവുകളും കൈകാര്യം ചെയ്യാന്‍ വിചാരിച്ചതിലേറെ ബുദ്ധിമുട്ടായതുകൊണ്ട് അതിനുപകരം റെസിന്‍ ആര്‍ട്ടിലേക്ക് ശ്രദ്ധ മാറ്റുകയായിരുന്നു സിതാര. വിപണനവും മാര്‍ക്കറ്റിങ്ങും പൂര്‍ണമായും ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് നടത്തിവരുന്നത്.
നിലവില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും ഒരുപോലെ ഓര്‍ഡറുകളുള്ള സംരംഭകയാണ് രണ്ടുമക്കളുടെ അമ്മ കൂടിയായ ഷെറിന്‍ സിതാര. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയാണ് തന്റെ ബലം എന്ന് സിതാര പറയുന്നു. ജോലിയും വരുമാനവും സമ്മര്‍ദത്തില്‍ നിന്നും ഉണ്ടാകുന്നതാകരുത് എന്നാണ് സിതാരയുടെ പക്ഷം. തങ്ങള്‍ക്കിഷ്ടമുള്ള മേഖലയില്‍ നിന്നുകൊണ്ട് മനസ്സോടെ ചെയ്യുന്ന ജോലിക്ക് സന്തോഷം ബോണസ് ആണ് എന്ന് പറഞ്ഞ് അടുത്ത ആര്‍ട്ടിലേക്ക് കടക്കുകയാണ് ബികോം ബിരുദധാരി കൂടിയായ ഷെറിന്‍ സിതാര.