Special StorySuccess Story

ഒരു മീന്‍പിടുത്തക്കാരന്റെ മകനായി ജനിച്ച് കേരളത്തിലെ അറിയപ്പെടുന്ന ട്രെയിനറായി മാറിയ സ്റ്റാന്‍ലി ബെന്‍ ഫ്രാന്‍സിസിന്റെ ജീവിത കഥ

ഈ കഥ ആര്‍ക്കും ജീവിത വിജയത്തിനായുള്ളു പ്രചോദനം പകരും

ജീവിതത്തില്‍ എന്താകണമെന്ന ചോദ്യത്തിന് സ്റ്റാന്‍ലി ബെന്‍ ഫ്രാന്‍സിസ് എന്ന സെല്‍ഫ് ഡെവലപ്‌മെന്റ് ട്രെയിനര്‍ക്ക് പറയാനുള്ളത് ഒരേയൊരു ഉത്തരം മാത്രമാണ് : ”അനുഭവങ്ങളില്‍ നിന്നും അറിവ് നേടുക, ആ അറിവ് കൊണ്ട് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുക”. അത്തരത്തില്‍ ഒട്ടനവധി പേര്‍ക്ക് ജീവിത വിജയത്തിനും ഏറ്റവും വലിയ ജീവിത മൂല്യത്തിനും ആവശ്യമായ അറിവ് പകര്‍ന്ന് കൊടുത്താണ് സ്റ്റാന്‍ലി ബെന്‍ ഫ്രാന്‍സിസ് എന്ന യുവാവ് ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ട്രെയിനര്‍ എന്ന നിലയിലേക്ക് സ്ഥാനം പിടിച്ചത്.

നിരവധി പേരാണ് ഇന്ന് ഈ ചെറുപ്പക്കാരന്റെ ട്രെയിനിങ് പ്രോഗ്രാമുകള്‍ക്കും സെഷന്‍സിനും വേണ്ടി കാതോര്‍ത്തിരിക്കുന്നത്. പറയുന്ന വാക്കുകളെല്ലാം ജീവിത അനുഭവത്തില്‍ നിന്നായതിനാല്‍ സൃഷ്ടിക്കുന്ന പ്രചോദനം ഓരോരുത്തരിലും വലിയ മാറ്റങ്ങള്‍ തന്നെയാണ് തീര്‍ക്കുന്നത്.
ജീവിതത്തില്‍ എപ്പോഴും വിജയിച്ചും നേട്ടങ്ങള്‍ കൊയ്തും ആരെയും അസൂയപ്പെടുത്തുന്ന തരത്തില്‍ കഴിവുകള്‍ പ്രദര്‍ശിപ്പിച്ച് അഭിനന്ദനങ്ങള്‍ വാരി കൂട്ടിയും മുന്നേറിയ ആളല്ല സ്റ്റാന്‍ലി ബെന്‍ ഫ്രാന്‍സിസ്. സ്റ്റാന്‍ലി നടന്ന വഴികളും അനുഭവിച്ച പ്രതിസന്ധികളും വ്യത്യസ്തമാണ്. ആ വ്യത്യസ്തമായ സാഹചര്യങ്ങള്‍ അതിജീവിക്കുമ്പോഴും സ്റ്റാന്‍ലി എന്ന യുവാവിന്റെ മനസ്സില്‍ ഒരിക്കലും കെടാത്ത ഒരു അഗ്‌നി ബാക്കി നില്‍പ്പുണ്ടായിരുന്നു.

ഏറ്റവും നന്നായി ജീവിക്കുക.

ഓര്‍മിക്കപ്പെടാവുന്ന തരം എന്തെങ്കിലും ബാക്കി വയ്ക്കുക.

ജീവിതത്തില്‍ തോറ്റ് പോകുമെന്ന് ഭയക്കുന്ന ആയിരങ്ങളെ വിജയത്തിലേക്ക് എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക.

സ്റ്റാന്‍ലി ബെന്‍ ഫ്രാന്‍സിസ് എന്ന ഈ സെല്‍ഫ് ഡെവലപ്‌മെന്റ് ട്രെയിനര്‍ക്ക് ഇത് കാശ് നേടാനുള്ള ഒരു ഉപാധിയല്ല. അറിവ് പകര്‍ന്ന് കാശ് വാരി കൂട്ടാനുള്ള മാര്‍ഗമോ ബിസിനസോ അല്ല. ഒരിക്കലും കെട്ട് പോകാത്ത തീവ്രമായ പാഷന്‍ ആണ്. അത് കൊണ്ട് തന്നെ രാവിലെ മുതല്‍ വൈകുന്നേരം വരെ എത്ര എത്ര സെഷന്‍സ് കൈകാര്യം ചെയ്താലും മടുപ്പോ തളര്‍ച്ചയോ സ്റ്റാന്‍ലിയെ പിടികൂടാറില്ല. അതിന് കാരണം ഈ മേഖലയോടുള്ള സ്റ്റാന്‍ലി ബെന്‍ ഫ്രാന്‍സിസിന്റെ അഗാധമായ പ്രണയമാണ്.

ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു മേഖലയാണ് ഈ മനുഷ്യന് ട്രെയിനിങ് മേഖല. ഒരു മീന്‍ പിടുത്തക്കാരന്റെ മകനായി ജനിച്ച സ്റ്റാന്‍ലി കടന്നുചെല്ലാത്ത മേഖലകള്‍ ഇല്ല. ജീവിതം മുന്നോട്ട് നയിക്കാന്‍ വേണ്ടി യാതൊരു മടിയുമില്ലാതെ സ്റ്റാന്‍ലി മധുരവും കയ്പും നിറഞ്ഞ യാഥാര്‍ഥ്യത്തിന്റെ പല ചേരുവകളും രുചിച്ചു. ചില കയ്‌പേറിയ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ കണ്ണ് നനയിക്കുകയും ചില അനുഭവങ്ങള്‍ അദ്ദേഹത്തിന് ആത്മവിശ്വാസം പകരുകയും ചെയ്തു.

ഇന്ന് സ്റ്റാന്‍ലി ബെന്‍ ഫ്രാന്‍സിസ് ഒരു ബ്രാന്‍ഡ് എന്ന മൂല്യത്തില്‍ നില്‍ക്കുന്ന വ്യക്തിയാണ്. എന്നാല്‍ അതിന് പിന്നില്‍ ഉള്ളത് ഒന്നോ രണ്ടോ ദിവസത്തെ പ്രയത്‌നവും ചുവടുമല്ല. ഒരുപാട് നാളുകള്‍ സ്റ്റാന്‍ലി ആര്‍ക്കും അറിയാത്ത ആരാലും അറിയപ്പെടാത്ത ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നു… വെറും സാധാരണ മനുഷ്യന്‍. വലിയ സമ്പത്തോ, സമ്പാദ്യമൊ, വരുമാനമോ ഒന്നും ഇല്ലാത്ത സാധാരണ മനുഷ്യന്‍. അവന്‍ തോറ്റ് പോകുമെന്ന് പലരും സ്റ്റാന്‍ലിയെ നോക്കി മുദ്ര കുത്തി. ജീവിതത്തില്‍ രക്ഷപ്പെടാത്തവനെന്നും പലരും സ്റ്റാന്‍ലിയെ അപമാനിച്ചു.പക്ഷെ സ്റ്റാന്‍ലി അതൊന്നും ചെവി കൊണ്ടില്ല.താന്‍ എന്തെങ്കിലും ആയി തീരുമെന്ന് കുട്ടിക്കാലത്തെ ആ മനുഷ്യന്‍ ഉറപ്പിച്ചിരുന്നു.

തന്റെ ഹൃദയത്തില്‍ സുവര്‍ണ മഷി കൊണ്ട് ഒരിക്കലും മറന്ന് പോകാതെ സ്റ്റാന്‍ലി അത് കുറിച്ചിടുകയും ചെയ്തു. ഇന്ന് ആ കളിയാക്കിയവര്‍ പോലും സ്റ്റാന്‍ലി ബെന്‍ ഫ്രാന്‍സിസിന്റെ വാക്കുകള്‍ക്ക് വേണ്ടി ശ്രദ്ധ പതിപ്പിക്കുന്നു.
അങ്ങനെയൊരു സ്റ്റാന്‍ലിയില്‍ നിന്നും ഒരുപാട് വ്യക്തികള്‍ക്ക് പ്രചോദനം പകരുന്ന ഒരു പ്രസംഗികനായി സ്റ്റാന്‍ലി വളരുന്നത് കെട്ട് പോകാത്ത, തോല്‍ക്കാന്‍ മനസ്സില്ലാത്ത ആത്മവിശ്വാസം കൊണ്ട് മാത്രമാണ്. തന്റെ ആറാം ക്ലാസ് മുതല്‍ പപ്പയെ സഹായിക്കാന്‍ വേണ്ടി സ്റ്റാന്‍ലി പപ്പയുടെ ജോലിയിലേക്ക് കടന്നു. തണുപ്പും ഇരുള്‍ നിറഞ്ഞതുമായ രാത്രികളില്‍ പപ്പയോടൊപ്പം മീന്‍ പിടിക്കാനും വെളുപ്പാന്‍ കാലത്ത് ആ മീനുകള്‍ വില്‍ക്കാനും സ്റ്റാന്‍ലി നിരന്തരം പോകുമായിരുന്നു.

തന്റെ പ്രായത്തിലെ കുട്ടികള്‍ രാത്രിയില്‍ പഠിച്ചും സുഖമായി ഉറങ്ങിയും സമയം ചിലവഴിക്കുമ്പോള്‍ രാത്രിയുടെ ഭീകരതയിലായിരുന്നു സ്റ്റാന്‍ലി എന്ന ആറാം ക്ലാസ്സുകാരന്‍. ആ പ്രായത്തിലെ കുട്ടികള്‍ ഇരുട്ട് കണ്ട് ഭയപ്പെടുമ്പോള്‍ ഇരുട്ടിനോടൊപ്പം സഞ്ചരിച്ചായിരുന്നു സ്റ്റാന്‍ലി ബെന്‍ ഫ്രാന്‍സിസിന്റെ തുടക്കം. സ്റ്റാന്‍ലി പഠിച്ചത് പാഠപുസ്തകങ്ങളില്‍ നിന്നായിരുന്നില്ല. ഇരുട്ട് നിറഞ്ഞ ജീവിതത്തില്‍ നിന്നുമായിരുന്നു. ആ കുട്ടി കണ്ട് ശീലിച്ചത് പാഠപുസ്തകത്തിലെയും ബാല ചിത്രങ്ങളിലെയും സൂര്യനെയോ, നക്ഷത്രങ്ങളെയോ ആയിരുന്നില്ല. അവന്‍ കൊണ്ട വെയിലും ചൂടും തണുപ്പുമെല്ലാം യാഥാര്‍ഥ്യമായിരുന്നു.

രാവിലെ ബക്കറ്റ് തലയില്‍ ചുമന്ന് മീനും കൊണ്ട് വരുമ്പോഴായിരുന്നു തന്റെ കൂട്ടുകാര്‍ സ്‌കൂളില്‍ പോകുന്നത് സ്റ്റാന്‍ലി കാണുന്നത്. അന്ന് അവര്‍ യാതൊരു മടിയും കൂടാതെ തന്നെ കളിയാക്കുമായിരുന്നുവെന്ന് സ്റ്റാന്‍ലി ഇന്ന് ഓര്‍ക്കുന്നു. ക്ലാസിലിരുന്ന് ഉറങ്ങിയിരുന്ന തന്നെ അധ്യാപകരും നിരന്തരം കളിയാക്കി. പക്ഷേ, ആ കളിയാക്കലുകള്‍ സ്റ്റാന്‍ലി എന്ന കുട്ടിയുടെ മനസ്സില്‍ തീര്‍ത്തത് മുന്നേറാനുള്ള ഇന്ധനമായിരുന്നു.

കളിയാക്കലുകളിലും,പരിഹാസത്തിലും തല കുനിച്ചു നടക്കാന്‍ ഒരിക്കലും സ്റ്റാന്‍ലി തയാറായിരുന്നില്ല. രാത്രിയില്‍ തെങ്ങിന്‍ ചുവട്ടിലൊ മര ചുവട്ടിലൊ ഒക്കെയായിരുന്നു സ്റ്റാന്‍ലിയുടെ ഉറക്കം. ശക്തമായ മഴ പെയ്യുമ്പോള്‍ ഉടുത്തിരിക്കുന്ന ലുങ്കി തലവഴി ഇട്ട് മൂടി പുതച്ചു കിടക്കും. മഴയും വെയിലും മഞ്ഞും കൊണ്ട് വളര്‍ന്ന സ്റ്റാന്‍ലി ജീവിതത്തിന്റെ നേര്‍കാഴ്ച്ചകള്‍ നിരന്തരം തിരിച്ചറിഞ്ഞു. പുസ്തകങ്ങള്‍ക്കും അപ്പുറമാണ് ജീവിതം എന്നും സിദ്ധാന്തങ്ങള്‍ക്കും ഉപരിയാണ് വിജയമെന്നും സ്റ്റാന്‍ലി പഠിച്ചത് അനുഭവം എന്ന ഗുരുവില്‍ നിന്നാണ്.

ആ ഒരു ജീവിത പാഠം സ്റ്റാന്‍ലി ബെന്‍ ഫ്രാന്‍സിസിനെ പിന്നെയും മുന്നോട്ടേക്ക് നയിച്ചു. പഠനത്തിന് പിന്നിലായ സ്റ്റാന്‍ലി പ്ലസ് വന്‍ പഠിച്ചത് ഓപ്പന്‍ സ്‌കൂളിലായിരുന്നു. അന്ന് അച്ഛനുമായി സൗന്ദര്യ പിണക്കത്തിലായിരുന്ന സ്റ്റാന്‍ലി താമസിച്ചത് കൊല്ലത്തെ അറിയപ്പെടുന്ന ഒരു ചേരിയില്‍ അമ്മാമ്മയുടെ ഒപ്പമായിരുന്നു. ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞയുടന്‍ സ്റ്റാന്‍ലി തന്റെ സുഹൃത്തിന്റെ ഒരു തട്ടുകടയില്‍ അന്ന് ജോലിക്ക് പോകുമായിരുന്നു. ഓരോ ഓഫീസുകളിലേക്ക് ചായ കൊണ്ട് കൊടുക്കാനും കടയിലേക്കുള്ള സാധനം വാങ്ങിക്കാനും വൈകിട്ട് നാല് മണി വരെ സ്റ്റാന്‍ലി ഓടി നടക്കും. അതിന് ശേഷം കുട്ടികള്‍ക്ക് ട്യൂഷന്‍ ക്ലാസ് എടുത്തു നല്‍കുന്നതിന് വേണ്ടി പോകും. അങ്ങനെയിരിക്കയാണ് കൊറിയര്‍ ബോയ് എന്ന ജോലിയില്‍ സ്റ്റാന്‍ലി പ്രവേശിക്കുന്നത്.

മാസം ആയിരം രൂപയാണ് ശമ്പളം പറഞ്ഞിരുന്നതെങ്കിലും ആ ശമ്പളം വെറും വാക്ക് മാത്രമായിരുന്നു. ഒരു രൂപ പോലും ശമ്പളം തരില്ല എന്ന് സ്റ്റാന്‍ലി മനസ്സിലാക്കിയത് ഒരു മാസം കഴിഞ്ഞിട്ടായിരുന്നു. അവിടെ നിന്നും പിന്നീട് ജോലി ചെയ്യാന്‍ സ്റ്റാന്‍ലിയെ പപ്പയുടെ ചേച്ചിയുടെ ഭര്‍ത്താവ് ഒരു വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടാക്കി.

ചുരുങ്ങിയ പ്രായത്തിനുള്ളില്‍ സ്റ്റാന്‍ലി പരീക്ഷിച്ചു നോക്കാത്ത തൊഴില്‍ മേഖലകള്‍ വളരെ ചുരുക്കമായിരുന്നു. MMV പഠിക്കാന്‍ പോയെങ്കിലും പാതി വഴിയില്‍ വെച്ച് ആ പഠനവും ഈ ചെറുപ്പക്കാരന് നിര്‍ത്തേണ്ടി വന്നു. പക്ഷേ, ജീവിതത്തോടുള്ള അതിയായ സ്‌നേഹവും മുന്നേറി പോകാനുള്ള അണയാത്ത കനലും സ്റ്റാന്‍ലിയെ നയിച്ചു കൊണ്ടേയിരുന്നു. ഒരിക്കല്‍ താന്‍ വിജയിക്കുമെന്ന് സ്റ്റാന്‍ലി നിരന്തരം തന്നെ ഓര്‍മപ്പെടുത്തി കൊണ്ടേയിരുന്നു.

അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിച്ചും ജീവിതത്തിന്റെ രസതന്ത്രം തിരിച്ചറിഞ്ഞും സ്റ്റാന്‍ലി തോറ്റ് കൊടുക്കാതെ നിരന്തരം ശ്രമിച്ചു കൊണ്ടേയിരുന്നു. എന്ത് ജോലിയും ചെയ്യാനുള്ള മനസ്സ് സ്റ്റാന്‍ലിയെ പിന്നീട് എത്തിച്ചത് ഒരു അഡ്വര്‍ടൈസ്‌മെന്റ് കമ്പനിയിലേക്കായിരുന്നു. ഒരു ഓഫീസ് ബോയ് ആയി സ്റ്റാന്‍ലി അവിടെ തൊഴില്‍ ആരംഭിച്ചു.

സ്റ്റാന്‍ലിയുടെ ജീവിതത്തിന്റെ ഗതി മാറുന്നത് അവിടെ വച്ചായിരുന്നു. ബാങ്ക്, പത്രമോഫീസുകള്‍, ഇലക്ട്രിസിറ്റി ഓഫീസുകള്‍ എന്നിടങ്ങളില്‍ പോവുക. കൂടാതെ വര്‍ക്കേഴ്‌സിന്റെ ഒപ്പം ‘സൂപ്പര്‍വിഷന്’ പോവുക ഇതൊക്കെയായിരുന്നു പ്രധാനമായും അവിടെ സ്റ്റാന്‍ലിക്ക് ചെയ്യേണ്ടിയിരുന്നത്. മാസം രണ്ടായിരം രൂപയാണ് പറഞ്ഞിരുന്നതെങ്കിലും ആദ്യത്തെ മാസം രണ്ടായിരത്തി ഏഴുന്നൂറ് രൂപ കിട്ടിയതായി ഇന്നും സ്റ്റാന്‍ലി ഓര്‍ക്കുന്നു. അദ്ദേഹത്തിന് അത് അന്ന് നല്‍കിയത് വലിയ സന്തോഷമായിരുന്നു.

അങ്ങനെയിരിക്കെയാണ് തന്റെ മാനേജര്‍, മുതലാളിയുമായുള്ള വാക്ക് തര്‍ക്കത്തിന്റെ പേരില്‍ ജോലി നിര്‍ത്തി പോകുന്നത്. പിന്നീട് പല മാനേജര്‍മാര്‍ മാറി മാറി വന്നു. ഓഫീസിലെ പ്രധാനപ്പെട്ട ജോലികളെ കുറിച്ച് സ്റ്റാന്‍ലി വ്യക്തമായി പഠിക്കാനും അതില്‍ നിരീക്ഷണം നടത്താനും തുടങ്ങി. എല്ലാ ദിവസവും രാവിലെ എട്ട് മണിക്ക് വന്ന് വൈകിട്ട് 5.30 ന് വീട്ടില്‍ പോയിക്കൊണ്ടിരുന്ന സ്റ്റാന്‍ലി രാത്രി ഒന്‍പതിനും പത്തിനും വീട്ടില്‍ പോകാന്‍ തുടങ്ങി.

വളരെ വൈകിയാലും ജോലി പഠിക്കുക എന്നതില്‍ മാത്രമായി സ്റ്റാന്‍ലിയുടെ ചിന്ത. അഡ്മിന്‍ വര്‍ക്ക്, എക്‌സിക്യൂഷന്‍ വര്‍ക്ക്, കുഞ്ഞു കുഞ്ഞു മാര്‍ക്കറ്റിങ് വര്‍ക്ക്, രാത്രി ഇലക്ഷന്‍ വര്‍ക്ക് തുടങ്ങിയവ കഴിഞ്ഞു സ്റ്റാന്‍ലി വീടെത്തുന്നത് പിറ്റേന്ന് രാവിലെയൊക്കെ ആകാന്‍ തുടങ്ങി. അതൊക്കെ സ്റ്റാന്‍ലി തനിക്ക് വേണ്ടി തന്നെ ഇന്‍വെസ്റ്റ് ചെയ്യുന്ന സമയങ്ങള്‍ ആയിരുന്നു.

പതിയെ ആ കമ്പനിയുടെ മാനേജറും അസിസ്റ്റന്റ് ജനറല്‍ മാനേജറും ഒക്കെയായി സ്റ്റാന്‍ലി വളര്‍ന്നു. ഇപ്പോള്‍ അതേ സ്ഥാപനത്തില്‍ സ്റ്റാന്‍ലി പതിനാറ് വര്‍ഷം തികയ്ക്കുകയാണ്. ചെറുപ്രായത്തിലും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അനുഭവിച്ച കഷ്ടപ്പാടിന്റെയും അവഗണകളുടെയും ഫലമായി എന്തെങ്കിലും ആകണം, എന്തെങ്കിലും നേടണമെന്ന ആഗ്രഹം സ്റ്റാന്‍ലിന്റെ ഉള്ളില്‍ കത്തിജ്വലിച്ചുകൊണ്ടേയിരുന്നു.

ജീവിതത്തില്‍ ഇനിയും വിജയിക്കണമെങ്കില്‍ അറിവ് നേടണമെന്നും ജീവിത ഗതി മാറി ഒഴുകണമെന്നും സ്റ്റാന്‍ലി മനസ്സിലാക്കി. അതിനായി നിരന്തരം യൂട്യൂബില്‍ നിന്ന് മോട്ടിവേഷന്‍ സ്പീക്കേഴ്‌സിന്റെയും ട്രെയിനേഴ്‌സിന്റെയും ബിസിനസ്സ് കോച്ചുകളുടെയും ക്ലാസുകള്‍ കേള്‍ക്കാന്‍ ഈ യുവാവ് തുടങ്ങി.
ടോണി റോബിന്‍സ്, ലെസ് ബ്രൗണ്‍, എറിക് തോമസ്, നിക് വുജിക്, റോബിന്‍ ശര്‍മ , റോബര്‍ട് കിയോസാക്കി, ദീപക് ചോപ്ര തുടങ്ങിയവര്‍ നിരന്തരം സ്റ്റാന്‍ലി ബെന്‍ ഫ്രാന്‍സിസിന്റെ മനസ്സിലെ ജ്വാലയ്ക്ക് കരുത്ത് പകര്‍ന്ന് കൊടുത്തു കൊണ്ടേയിരുന്നു. അങ്ങനെയാണ് ഇത് തന്നെയാണ് തന്റെ മേഖലയെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി തനിക്ക് പ്രവര്‍ത്തിക്കണമെന്നും സ്റ്റാന്‍ലി തീരുമാനിക്കുന്നത്.

ഇന്ന് നൂറോളം സെഷന്‍സുകള്‍ സ്റ്റാന്‍ലി കൈകാര്യം ചെയ്തു. അതില്‍ ഏറിയ പങ്കും വളരെ സൗജന്യമായാണ് സ്റ്റാന്‍ലി എടുത്തു നല്‍കിയത് .ഇത് തനിക്ക് ഒരു ബിസിനസ് അല്ല എന്നതാണ് സ്റ്റാന്‍ലിയുടെ പക്ഷം. SK THINK N ACT എന്ന യുട്യൂബ് ചാനലിലൂടെയും സ്റ്റാന്‍ലി അറിവുകള്‍ മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കുന്നുണ്ട്. എംപ്ലോയീസ്, സ്‌കൂള്‍ കോളേജ് സ്റ്റുഡന്റസ്, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ക്കും സ്റ്റാന്‍ലി ക്ലാസുകള്‍ എടുത്തു നല്‍കുന്നുണ്ട്.

ഏറ്റവും കൂടുതല്‍ സ്റ്റാന്‍ലി ശ്രദ്ധ കൊടുക്കുന്നത് എംപ്ലോയീസിനാണ്. കാരണം അവരുടെ കഴിവുകള്‍ പലപ്പോഴും അവര്‍ തന്നെ മറന്ന് പോകുന്നു. സംരംഭകരേക്കാള്‍ സെല്‍ഫ് ഡെവലപ്‌മെന്റിന്റെ ആവശ്യം എംപ്ലോയിസിനാണ് എന്ന് മനസ്സിലാക്കിയാണ് സ്റ്റാന്‍ലി പ്രവര്‍ത്തിക്കുന്നത്.
സ്റ്റാന്‍ലി ബെന്‍ ഫ്രാന്‍സിസിന് ഏറെ പിന്തുണ നല്‍കി ഭാര്യയും ഒപ്പം തന്നെയുണ്ട്. തന്റെ ജീവിതത്തിലെ ഏത് സാഹചര്യവും മനസ്സിലാക്കി പെരുമാറുന്ന പ്രിയപ്പെട്ടവള്‍ കൂടിയാണ് തന്റെ ജീവിത വിജയത്തിന്റെ പിന്നിലെന്ന് അഭിമാനത്തോടെയാണ് സ്റ്റാന്‍ലി ബെന്‍ ഫ്രാന്‍സിസ് വ്യക്തമാക്കുന്നത്.

ഒരു മികച്ച എംപ്ലോയി ആകാനും മികച്ച എംപ്ലോയിയെ ലഭിക്കാനും എന്തൊക്കെയാണ് ആവശ്യമെന്ന ചോദ്യത്തിന് സ്റ്റാന്‍ലിയുടെ ഉത്തരങ്ങള്‍ വളരെ പഠനം നടത്തിയുള്ളതാണ്.
1. ചെയ്യുന്ന ജോലിയെ സ്‌നേഹിക്കുക.
2. ജോലി ചെയ്യാന്‍ വേണ്ട അറിവുകള്‍ നേടുക.
3. എന്തും ചെയ്യുന്നതിന് മുന്നേയും ചെയ്തതിന് ശേഷവും അതിനെക്കുറിച്ച് ഒന്ന് ചിന്തിക്കുക. ഒരു പക്ഷെ കരുതിയതുപോലെയുള്ള ഫലം വന്നില്ലെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് കണ്ടെത്തുക. ആ തെറ്റ് മനസിലാക്കി അത് ആവര്‍ത്തിക്കാതെ നോക്കുക.
4. നേരത്തെ പറഞ്ഞതുപോലെ സാമ്പത്തികമായി മുതല്‍ മുടക്കില്ലാതെ ജീവിതത്തില്‍ മുന്നേറാന്‍ കിട്ടുന്ന ഏറ്റവും വലിയ അവസരമാണ് ‘എപ്ലോയി’ എന്ന ലേബല്‍. അത് ഓരോരുത്തരും എങ്ങനെ ഉപയോഗിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോരുത്തരുടെയും ജീവിതത്തിന്റെ പോക്ക്.
5. കിട്ടിയ അവസരം നന്നായി ഉപയോഗിച്ചില്ലെങ്കില്‍ എപ്ലോയീ എന്ന നിലയില്‍ കൈയിലുള്ള ഏറ്റവും വലിയ വിലപ്പെട്ട ഇന്‍വെസ്റ്റ്‌മെന്റ് ആയ സമയമാണ് നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നതെന്ന് ഓര്‍ക്കുക.
6. ജോലി സ്ഥലങ്ങളിലുള്ള ചെറിയ ചെറിയ പ്രശ്ങ്ങള്‍ക്കോ, സമ്മര്‍ദ്ദങ്ങള്‍ക്കോ ജോലി ഉപേക്ഷിക്കുകയല്ല വേണ്ടത്. അതിനെയൊക്കെ എങ്ങനെ മറിക്കടക്കാമെന്നു ചിന്തിക്കുകയും, അതിനനുസരിച്ചു പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്. ഓരോ പ്രതിസന്ധിയും മറികടക്കുമ്പോള്‍ നാം അറിയാതെ നമ്മുടെ ശക്തി വര്‍ധിക്കുകയാണ്.
7. ഇപ്പോള്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ കിട്ടാത്തത് ഇനി പോകുന്ന സ്ഥാപനത്തില്‍ ലഭിക്കുമെന്ന് ഒരിക്കലും കരുതരുത്. അത്ചിലപ്പോള്‍ അക്കരപ്പച്ച മാത്രമായിരിക്കും. ഒട്ടുമിക്ക സ്ഥാപന ഉടമകളും പറയുന്ന ഒരു കാര്യമുണ്ട് നല്ല എംപ്ലോയീയെ കിട്ടാനില്ലെന്ന്. അതുപോലെ തന്നെയാണ് നല്ല എംപ്ലോയറിനെ കിട്ടാനും പാടാണ്.
8.ഓരോരുത്തരും അവരവരുടെ കഴിവുകള്‍ കണ്ടെത്തണം, അതിനു ശേഷം ആ കഴിവ് വികസിപ്പിക്കാനുള്ള അറിവ് എവിടുന്നു കിട്ടുമോ അത് മനസിലാക്കി കഴിവുകള്‍ വികസിപ്പിക്കണം. അങ്ങനെ കഴിവ് വികസിപ്പിക്കുമ്പോള്‍ നമ്മുടെ പ്രവര്‍ത്തത്തില്‍ മികവ് ഉണ്ടാകും, ആ മികവ് നമ്മുടെ മൂല്യം വര്‍ധിപ്പിക്കും, ആ മൂല്യം നമ്മുടെ വില വര്‍ധിപ്പിക്കാന്‍ സഹായിക്കും.
9. നമ്മുടെ കഴിവുകള്‍ കണ്ടെത്തുന്നതുപോലെ തന്നെ പ്രധാനമാണ് നമ്മുടെ കഴിവുകേടുകളും കണ്ടെത്തുന്നത്. അത് മനസിലാക്കി അത് ഇല്ലായ്മ ചെയ്യാന്‍ കഴിയുന്നതെല്ലാം ഇല്ലായ്മ ചെയ്യുക. കാരണം നമ്മുടെ ഒട്ടുമിക്ക കഴിവുകേടുകളും നമ്മുടെ കഴിവിനെ ഉപയോഗപ്പെടുത്താന്‍ തടസ്സം നില്‍ക്കുന്നതായിരിക്കും.
10. ആര് എന്തു തന്നെ പറഞ്ഞാലും (എത്ര അറിവുള്ള ആളാണെങ്കിലും) സ്വന്തം യുക്തിക്ക് നിരക്കാത്തത് ഒന്നും ചെയ്യാതിരിക്കുക.
തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമാണ് എന്നതാണ് സ്റ്റാന്‍ലി ബെന്‍ ഫ്രാന്‍സിസ് വ്യക്തമാക്കുന്നത്. അത് പോലെ തന്നെ ഒരു സ്ഥാപനമാണെങ്കിലും, ഒരു കുടുംബമാണെങ്കിലും, ഒരു വ്യക്തിയാണെങ്കിലും വിജയിച്ചു മുന്നേറണമെങ്കില്‍ സാമ്പത്തിക അച്ചടക്കവും വ്യക്തികളെ കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കേണ്ടത് കൂടിയാണ്.

ഈ രണ്ടു കാര്യങ്ങളില്‍ വീഴ്ച്ചയും വീട്ടുവീഴ്ചയും വരുത്തിയാല്‍ വേറെ എന്തുതന്നെ ചെയ്താലും മുന്നേറാന്‍ കഴിയില്ല എന്നതും സ്റ്റാന്‍ലി വ്യക്തമാക്കുന്നു.
ഒരു സ്ഥാപനത്തെ സമ്പാദിച്ചു മൂന്നുതരത്തിലുള്ള മുന്‍ഗണകള്‍ അവിടെ ഉണ്ടായിരിക്കുമെന്നും സ്ഥാപന ഉടമയുടെ മുന്‍ഗണന, സ്ഥാപനത്തിന്റെ മുന്‍ഗണന, എംപ്ലോയിയുടെ മുന്‍ഗണന ഇങ്ങനെ മൂന്ന് രീതിയില്‍ സ്റ്റാന്‍ലി അത് വേര്‍തിരിക്കുന്നു.

എപ്പോഴാണോ സ്ഥാപനത്തിന്റെ മുന്‍ഗണന മനസിലാക്കി അതിനുവേണ്ടി സ്ഥാപന ഉടമയും എംപ്ലോയീയും പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത് അന്നുമുതല്‍ സ്ഥാപനത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല. ഏത് സ്ഥാപനമായാലും അവിടെ സ്ഥാപന ഉടമയുടെ മുന്‍ഗണനക്കോ, എംപ്ലോയീയുടെ മുന്‍ഗണനക്കോ ഒരു പ്രസക്തിയുമില്ല. കാരണം സ്ഥാപനം ഉണ്ടെങ്കിലേ മുതലാളിയും തൊഴിലാളിയും ഉള്ളൂ.

സ്ഥാപനത്തിന് വായും നാക്കും മൂക്കും ഒന്നുമില്ലാത്തതുകൊണ്ടു പലപ്പോഴും സ്ഥാപന ഉടമയുടെ മുന്‍ഗണനയാണ് സ്ഥാപനത്തിന്റെ മുന്‍ഗണന എന്ന് കരുതി എംപ്ലോയിമാര്‍ പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും സ്ഥാപന ഉടമയുടെയും സ്ഥാപനത്തിന്റെയും മുന്‍ഗണനകള്‍ വ്യത്യസ്തമായിരിക്കും എന്നതാണ് പഠനത്തിലൂടെ സ്റ്റാന്‍ലി പറയുന്നത് .

സ്റ്റാന്‍ലി ബെന്‍ ഫ്രാന്‍സിസുമായി നടത്തിയ ഇന്റര്‍വ്യൂവിലെ ചില ചോദ്യങ്ങളും അതിന് ലഭിച്ച മികച്ച ഉത്തരങ്ങളും ഇവിടെ നല്‍കുന്നു
1. മികച്ച എംപ്ലോയീസിനെ കിട്ടാനില്ലാ എന്നത് ഇന്ന് പല എംപ്ലോയറുടെയും പരാതിയാണ്. മികച്ച എംപ്ലോയീസിനെ കിട്ടാന്‍ എന്താണ് ചെയ്യേണ്ടത് ?
മികച്ച എംപ്ലോയീയെക്കിട്ടാന്‍ എംപ്ലോയര്‍ മികച്ച എംപ്ലോയര്‍ ആയാല്‍ മതി. ഉറപ്പായും സ്ഥാപനത്തില്‍ ഉള്ള 20% എംപ്ലോയീസ് മികച്ചവര്‍ ആയിക്കൊള്ളും.

2. മികച്ച എംപ്ലോയീസിനെ കിട്ടാത്തത് എന്തുകൊണ്ടാണ് ?
സ്ഥാപനത്തിന്റെ മുന്‍ഗണയനുസരിച്ചായിരിക്കില്ല സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. സ്ഥാപനത്തിന്റെ മുന്‍ഗണനയാണ് എന്നു തെറ്റിദ്ധരിച്ചു സ്ഥാപനഉടമയുടെ മുന്‍ഗണ അനുസരിച്ചായിരിക്കും സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

3. സ്ഥാപനത്തിന്റെ മുന്‍ഗണന അനുസരിച്ചാണോ സ്ഥാപന ഉടമയുടെ മുന്‍ഗണന അനുസരിച്ചാണോ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് എങ്ങനെയാണ് നമുക്ക് മനസിലാക്കാന്‍ സാധിക്കുക ?
അതിന് പ്രധാനമായും രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
ഒന്ന്, സ്ഥാപനത്തില്‍ സാമ്പത്തിക അച്ചടക്കമോ, എംപ്ലോയീസിനു അച്ചടക്കമോ ഉണ്ടാകില്ല. ചുരുക്കി പറഞ്ഞാല്‍ ചോദിക്കാനും പറയാനും അങ്ങനെ ആരും ഉണ്ടാകാത്ത അവസ്ഥ.
രണ്ട്, സ്ഥാപനത്തിന് രണ്ടു തരത്തിലുള്ള കസ്റ്റമര്‍ ആയിരിക്കും ഉണ്ടായിരിക്കുക. Direct Customer & Indirect Customer. Direct Customer. എന്നാല്‍ Indirect Customer സ്ഥാപനത്തിന്റെ ഉല്‍പ്പന്നമോ സേവനമോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന ആളുകള്‍ ആയിരിക്കും. എന്നാല്‍ Indirect Customer സ്ഥാപനത്തിന്റെ ഉത്പന്നമോ സേവനമോ Direct Customer നെ കൊണ്ട് ഉല്‍പന്നം വാങ്ങിപ്പിക്കുകയോ, സേവനം ഉപയോഗിപ്പിക്കുകയോ ചെയ്യുന്ന സ്ഥാപനത്തിലെ എംപ്ലോയി ആയിരിക്കും.

സ്ഥാപന ഉടമ സ്വയം വളരണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടു, എപ്പോഴും ചിന്തിക്കുന്നത് Direct Customer നെ കുറിച്ച് മാത്രമായിരിക്കും. അവരെ എങ്ങനെ നിലനിര്‍ത്താം, അവരെ എങ്ങനെ പരിചരിക്കാം, എങ്ങനെ കൂടുതല്‍ Direct കസ്റ്റമേഴ്‌സിനെ കൂട്ടാം എന്നൊക്കെയായിരിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പരിചരണം നല്‍കേണ്ടത് സ്ഥാപനത്തിന്റെ Indirect Customer ആയ സ്ഥാപനത്തിലെ എംപ്ലോയീസിന് ആണ് എന്ന് അവര്‍ മനസിലാക്കില്ല. അവരെ പരിചരിച്ചാല്‍ മാത്രമേ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായDirect Customers നു വേണ്ട പരിചരണം അവര്‍ നല്‍കുകയുള്ളു. കാരണം സ്ഥാപനത്തിന്റെ Direct Customersനു വേണ്ട പരിചരണം നല്‍കുന്നത് Indirect കസ്റ്റമേഴ്‌സ് ആയ എംപ്ലോയീസ് ആണ്. അവര്‍ക്കു സ്ഥാപനത്തില്‍ നിന്ന് കിട്ടാത്ത പരിചരണം സ്ഥാപനത്തിന്റെ കസ്റ്റമേഴ്‌സിന് നല്‍കണമെന്ന് പറഞ്ഞാല്‍ അത് നടക്കാത്ത കാര്യമാണ്.

ഒട്ടുമിക്ക എംപ്ലോയീസിനും തന്റെ എംപ്ലോയറെ വിശ്വാസം കാണില്ല. തന്റെ എംപ്ലോയീസിന്റെ വിശ്വാസം നേടാന്‍ ആദ്യം ചെയ്യേണ്ടത് തന്റെ എംപ്ലോയീസിന് നല്‍കേണ്ട ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഒരു ദിവസം പോലും വൈകാതെ കൊടുക്കുക എന്നതാണ്. കാരണം ഒട്ടുമിക്ക എംപ്ലോയീസും ഈ ഒരു വരുമാനം കൊണ്ടുമാത്രം ജീവിക്കുന്നവരും മറ്റുള്ളവരെ ജീവിക്കാന്‍ സഹായിക്കുന്നവരുമായിരിക്കും. അത് വൈകുമ്പോള്‍ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റും, അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റുമ്പോള്‍ സ്ഥാപനത്തിന്റെ കണക്കുക്കൂട്ടലുകളും തെറ്റും.

ഒട്ടുമിക്ക സ്ഥാപനങ്ങളിലും മികച്ച എംപ്ലോയിയെ അല്ല നോക്കുന്നത്. മികച്ച അടിമകളെയാണ്. അതായത് സ്ഥാപന ഉടമ എന്താണോ പറയുന്നത് അത് എല്ലാം ശരിയാണെന്നു തലകുലുക്കി സമ്മതിക്കുകയും അത് അക്ഷരംപ്രതി അനുസരിക്കുകയും ചെയ്യുന്ന, ‘കീ’ കൊടുക്കുമ്പോള്‍ തുള്ളുന്ന പാവകളെ. പല സ്ഥാപനങ്ങളിലെയും മികച്ച എംപ്ലോയി അവിടുത്തെ മികച്ച അടിമയായിരിക്കും (ഇവര്‍ക്ക് സ്വന്തമായി തീരുമാനങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടാകില്ല, കാരണം അവര്‍ ആഗ്രഹിക്കുന്നത് മികച്ച എംപ്ലോയി എന്ന ലേബല്‍ ആയിരിക്കും).

ഓരോ എംപ്ലോയിയുടെയും കഴിവുകള്‍ മനസിലാക്കി അതിനനുസരിച്ചുള്ള പദവികള്‍ അവര്‍ക്കു നല്‍കണം. അതേ നല്‍കാവൂ (പല സ്ഥാപനങ്ങളിലും മികച്ച എംപ്ലോയീസിനെ കിട്ടാനില്ലാത്തതിനാല്‍ ആരെയെങ്കിലും ഇരുത്തി ആ പദവി അലങ്കരിക്കാന്‍ ശ്രമിക്കാറുണ്ട്). കഴിവുള്ളവര്‍ക്ക് അവരുടെ പ്രവൃത്തി മേഖലയില്‍ അവരുടേതായ സ്വാതന്ത്ര്യം നല്‍കണം. സ്വന്തം അഭിപ്രായങ്ങള്‍ പറയാനും തീരുമാനങ്ങളെടുക്കാനും നടപ്പിലാക്കാനും അവസരം നല്‍കണം.

ശമ്പള വര്‍ദ്ധന ഓരോ എംപ്ലോയിയുടെയും പ്രവര്‍ത്തനം നോക്കി ആകരുത്, അവരുടെ പ്രവര്‍ത്തനത്തിന്റെ ഫലം നോക്കി ആകണം (പല സ്ഥാപനങ്ങളിലും ഫലം നോക്കാതെ ഒന്നുകില്‍ എല്ലാ എംപ്ലോയീസിനും ഒരു നിശ്ചിത തുക കൂട്ടും, അല്ലെങ്കില്‍ സ്ഥാപന ഉടമയുടെ ഇഷ്ടത്തിനോ, അപ്പോഴുള്ള മാനസികാവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും)
ഈ രണ്ടുരീതിയും മികച്ച ഫലം കാഴ്ച വയ്ക്കുന്ന എംപ്ലോയീസിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. മികച്ച പ്രവര്‍ത്തനത്തിലൂടെ ഫലം നല്‍കുന്നവര്‍ക്കും, പ്രത്യേകിച്ച് ഫലം നല്‍കാത്തവര്‍ക്കും എല്ലാര്‍ക്കും ഒരുപോലെ ആണെങ്കില്‍ ഞാന്‍ മാത്രം എന്തിനു കൂടുതലായി ചെയ്യണമെന്ന് ചിന്തിക്കും.

സ്ഥാപനത്തിന് താങ്ങാന്‍ കഴിയാത്ത ബാധ്യത ഉണ്ടെങ്കില്‍ അതിനു കാരണം സ്ഥാപനത്തിലെ എംപ്ലോയീസിന്റെ മികവില്ലായ്മ അല്ലായെന്നതും, സ്ഥാപനത്തിന് സാമ്പത്തിക അച്ചടക്കം ഉണ്ടായിരുന്നില്ലാ എന്നും മനസിലാക്കണം.

4. ഏതൊരു സ്ഥാപനത്തിന്റെയും ഗ്രാഫ് ഉയര്‍ന്നു തന്നെ പോകാന്‍ എന്താണ് ചെയ്യേണ്ടത് ?
സ്ഥാപനത്തിന്റെ ആണെങ്കിലും ഒരു വ്യക്തിയുടെ ആണെങ്കിലും ഗ്രാഫ് ഉയര്‍ന്നു തന്നെ പോകാന്‍, പ്രവൃത്തിയിലെ തെറ്റുകള്‍ കണ്ടെത്തുക, അത് ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് വേണ്ടത്. അതിന് ഈ മൂന്നുകാര്യങ്ങള്‍ ഇടക്ക് മനസിലാക്കുന്നത് നന്നായിരിക്കും .
നാം ഇപ്പോള്‍ എവിടെയാണ് ?
എവിടെയാണ് എത്തിച്ചേരേണ്ടത് ?
അവിടെ എത്തിച്ചേരാനുള്ള വഴി എന്താണ് ?
ഈ മൂന്നുകാര്യങ്ങളിലും വ്യക്തത ഉള്ള വ്യക്തി ആണെങ്കിലും സ്ഥാപനം ആണെങ്കിലും ഗ്രാഫ് മുകളിലോട്ടു തന്നെ പോവുകയുള്ളൂ.

തന്റെ ജീവിതത്തില്‍ നിന്നും താന്‍ പഠിച്ച പാഠങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ടും സ്ഥാപനങ്ങളേയും എംപ്ലോയികളെയും കൃത്യമായി പഠിച്ചു കൊണ്ടുമാണ് ഓരോ സെഷന്‍സുകളും സ്റ്റാന്‍ലി ബെന്‍ ഫ്രാന്‍സിസ് എന്ന സെല്‍ഫ് ഡെവലപ്മെന്റ് ട്രെയിനര്‍ കൈകാര്യം ചെയ്യുന്നത്. തനിക്ക് ജീവിതത്തില്‍ ലഭിച്ച എല്ലാ അനുഗ്രഹങ്ങളും ദൈവം നല്‍കിയതാണ് എന്ന വിശ്വാസം തന്നെയാണ് അദ്ദേഹത്തെ ഇപ്പോഴും ഉയരങ്ങളിലേക്ക് നയിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button