EntreprenuershipSuccess Story

പഠനത്തിനൊപ്പം സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന പെണ്‍കുട്ടി; പ്രചോദനമായി അന്‍ഷയുടെ The Frames For U

ആലപ്പുഴയുടെ സുന്ദര മണ്ണില്‍ നിന്ന് സ്വപ്‌നങ്ങള്‍ക്ക് ചിറകേകിയ യുവ സംരംഭകയാണ് അന്‍ഷ ഫാത്തിമ. പഠനത്തിനൊപ്പം സ്വന്തമായൊരു ബ്രാന്‍ഡ് ഉയര്‍ത്തി സാമ്പത്തിക സ്വാതന്ത്ര്യം നേടിയ ഈ യുവതി ഇന്ന് അനേകം പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസത്തിന്റെയും സ്വയം പര്യാപ്തതയുടെയും പ്രതീകമായി മാറിയിരിക്കുകയാണ്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഡിഗ്രി പഠനകാലത്ത് ഫീസിനും മറ്റാവശ്യങ്ങള്‍ക്കും ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ നല്ല സമയത്തിനായി കാത്തിരിക്കാതെ സ്വന്തം സംരംഭം തുടങ്ങാന്‍ ധൈര്യം കാണിച്ച പെണ്‍കുട്ടിയാണ് അന്‍ഷ. മറ്റാരുടെയും സഹായം തേടാതെ, സ്വന്തമായൊരു വഴിയൊരുക്കണമെന്ന ആത്മവിശ്വാസമാണ് അവളെ സംരംഭക ലോകത്തേക്ക് നയിച്ചത്.

ചെറുപ്പം മുതല്‍ ഗിഫ്റ്റുകള്‍ ഒരുക്കുന്നത് അന്‍ഷയുടെ വലിയ പാഷനായിരുന്നു. ആ പാഷനെ വെറും ഹോബിയായി നിര്‍ത്താതെ, ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോയതുകൊണ്ടാണ് ഇന്ന് അതൊരു ബ്രാന്‍ഡായി മാറാന്‍ വഴിയൊരുക്കിയത്.

ഫോട്ടോ ഫ്രെയിമുകള്‍, കസ്റ്റമൈസ്ഡ് ഗിഫ്റ്റ് ഹാംപേഴ്‌സ്, സര്‍പ്രൈസ് ഗിഫ്റ്റ് ബോക്‌സുകള്‍ തുടങ്ങി ഓരോ ഉത്പന്നവും കസ്റ്റമറുടെ ആവശ്യത്തിനും ബഡ്ജറ്റിനും അനുസരിച്ച് കസ്റ്റമൈസ് ചെയ്ത് നല്‍കുന്നതാണ് The Frames For U യുടെ പ്രധാന പ്രത്യേകത. സന്തോഷ ദിവസങ്ങള്‍ കൂടുതല്‍ മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെ, ജന്മദിനമായാലും എന്ത് പരിപാടി ആയാലും ചെറിയൊരു ‘സര്‍പ്രൈസാ’ണെങ്കില്‍ പോലും ഓരോ ഓര്‍ഡറും അന്‍ഷ ശ്രദ്ധയോടെയും ആത്മാര്‍ത്ഥതയോടെയും ഒരുക്കി നല്‍കുന്നു.

ബി.എസ്.സി റേഡിയോളജി വിദ്യാര്‍ത്ഥിനിയായ അന്‍ഷ പഠനവും സംരംഭവും ഒരുപോലെ സമന്വയിപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. പകല്‍ ട്രെയിനിങ്ങും, വൈകിട്ട് ഓര്‍ഡറുകളുടെ ഒരുക്കങ്ങളും രാത്രി പാക്കിങ്ങും… ഇങ്ങനെ സമയത്തെ കൃത്യമായി ഉപയോഗിച്ചുള്ള പരിശ്രമമാണ് ഇന്ന് ബ്രാന്‍ഡിന് ലഭിച്ച വിശ്വാസത്തിന്റെ അടിസ്ഥാനം.

ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് കൂടുതല്‍ ഓര്‍ഡറുകള്‍ എത്തുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ പരിധിയില്‍ മാത്രം ഒതുങ്ങാതെ, ആവശ്യമുള്ളപ്പോള്‍ നേരിട്ട് ഡെലിവറി ചെയ്യാനും അന്‍ഷ തയ്യാറാകുന്നു. മറ്റ് ജില്ലകളില്‍ നിന്നുള്ള അടിയന്തിര ഓര്‍ഡറുകള്‍പോലും വേഗത്തില്‍ എത്തിച്ച് നല്‍കാനുള്ള അവരുടെ ആത്മാര്‍ത്ഥതയാണ് ബ്രാന്‍ഡിനെ കൂടുതല്‍ വിശ്വസനീയമാക്കുന്നത്.

ഓണ്‍ലൈനിലെ വിജയത്തിന് പിന്നാലെ The Frames For U യെ ഒരു ‘ഫിസിക്കല്‍ ഷോപ്പാ’യി ഉയര്‍ത്താനുള്ള ഒരുക്കത്തിലാണ് അന്‍ഷ. കൂടുതല്‍ ആളുകളിലേക്ക് ബ്രാന്‍ഡിനെ എത്തിച്ച് ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകുക എന്നതാണ് അവളുടെ അടുത്ത ലക്ഷ്യം.

പ്രായം വിജയത്തിന് തടസ്സമല്ലെന്ന സന്ദേശമാണ് അന്‍ഷയുടെ കഥ നമ്മെ ഓര്‍മിപ്പിക്കുന്നത്. ഉറച്ച തീരുമാനവും നിരന്തര പരിശ്രമവും ഉണ്ടെങ്കില്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം. പാഷനെ ബ്രാന്‍ഡാക്കി ഉയര്‍ത്തിയ അന്‍ഷ ഇന്നൊരു യുവ സംരംഭകയെന്നതിനൊപ്പം സ്വയം നിലകൊള്ളാന്‍ ആഗ്രഹിക്കുന്ന ഓരോ പെണ്‍കുട്ടിക്കും പ്രചോദനമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button