ബോഡി ആര്‍ട്ടിന്റെ ഒരിക്കലും മായാത്ത മുഖമുദ്രയായി ടാറ്റൂ ടെമ്പിള്‍ ട്രിവാന്‍ഡ്രം
ടാറ്റൂവും പിയേഴ്സിങ്ങും മലയാളിയുടെ സൗന്ദര്യബോധത്തിന്റെ ഭാഗമായത് ഈയടുത്ത കാലത്താണ്. കുറച്ചു കാലം കൊണ്ട് തന്നെ വലിയ പ്രചാരവും ബോഡി ആര്ട്ടിന് ലഭിച്ചു. നാട്ടിന്‍പുറങ്ങളില്‍ പോലും ഇന്ന് കൈത്തണ്ടയിലും കഴുത്തിലും പ്രിയപ്പെട്ടവരുടെ പേരോ മറ്റേതെങ്കിലും ചിഹ്നങ്ങളോ ടാറ്റൂ കുത്തിയ യുവാക്കളെ കാണാം. ബോഡി ആര്‍ട്ടിന്റെ പ്രചാരം കലാകാരന്മാര്ക്കും പുതിയൊരു മേഖലയിലേക്ക് വളരുവാന്‍ അവസരം നല്കുന്നു. ടാറ്റൂ ചെയ്യാനാഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുക്കുന്ന ഒന്നാമത്തെ ഓപ്ഷനാണ് ഇങ്കിങ് ട്രെന്‍ഡ് സെറ്ററായ സാബു സത്യന്റെ തിരുവനന്തപുരത്തെ ടാറ്റൂ ടെമ്പിള്‍ ട്രിവാന്‍ഡ്രം. കേരളത്തിലെ ഏറ്റവും മികച്ച ടാറ്റൂ ആര്‍ട്ടിസ്റ്റുകളെ സൃഷ്ടിച്ച സ്ഥാപനം കൂടിയാണിത്.
പത്തുപേരടങ്ങിയ ഒരു ടീമാണ് ടാറ്റൂ ടെമ്പിളിനെ നയിക്കുന്നത്. ഈ പത്തു പേരും ടാറ്റൂ ടെമ്പിളില്‍ നിന്നു തന്നെ പഠിച്ചിറങ്ങിയവരാണ്. 2016ല്‍ സാബു സ്ഥാപിച്ച ടാറ്റൂ ടെമ്പിള്‍ ട്രിവാന്‍ഡ്രം ചുരുങ്ങിയ കാലം കൊണ്ട് കോവിഡിനെയും അതിജീവിച്ച് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇങ്കിങ് സ്പോട്ടായി വളര്‍ന്നു. ഏഴു വര്‍ഷത്തിനിടയ്ക്ക് എണ്ണായിരത്തോളം ഉടലുകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കുവാന്‍ സാബു സത്യന് കഴിഞ്ഞു.
ടാറ്റൂവിങിനൊപ്പം പിയേഴ്സിങ്ങും അതീവപാടവത്തോടെ നിര്‍വഹിക്കുന്ന സ്ഥാപനത്തെ മേഖലയില്‍ ശ്രദ്ധേയമാക്കിയത് സാബു സത്യന് രൂപം നല്കിയ ടാറ്റൂ കോഴ്സുകളായിരുന്നു. കലാഭിരുചിയുള്ള ഏതൊരാള്‍ക്കും തെരഞ്ഞെടുക്കാനാകുന്ന ഏറ്റവും മികച്ച ഓപ്ഷനാണ് ബോഡി ആര്‍ട്ട്. ചിത്രകലയെ ഒരു ഹോബിയായി മാത്രമേ കൊണ്ടുനടക്കാനാകൂ എന്നു ചിന്തിക്കുന്നവര്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുവാന്‍ ബോഡി ആര്‍ട്ടിലെ ബ്രാന്‍ഡ് നെയിമുകളായ അജീഷ് ശിവരാജ്, ജെയ്സ് ആര് ജെയിംസ്, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ടാറ്റൂ ആര്‍ട്ടിസ്റ്റായ ഇരുപതു വയസ്സുകാരന് എംജെയ് എന്നിങ്ങനെയുള്ള കലാകാരന്മാര് ടാറ്റൂ ടെമ്പിളിലുണ്ട്.
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് മൂവായിരം സ്ക്വയര്‍ഫീറ്റില്‍ സ്ഥിതി ചെയ്യുന്ന പരിശീലനകേന്ദ്രവും ടാറ്റൂ/പിയേഴ്സിംഗ് സ്റ്റുഡിയോയും ചേര്‍ന്ന ടാറ്റൂ ടെമ്പിള്‍ ട്രിവാന്ഡ്രമാണ് ടാറ്റൂവിങിലെ പല ട്രെന്‍ഡുകളും ഇന്ത്യയില്‍ അവതരിപ്പിച്ചത്. റിയലിസ്റ്റിക് ടാറ്റൂവിങിലെ പുതിയ പ്രവണതകള്‍, ജിയോമെട്രിക്കല്‍ ടാറ്റൂ, ടിപ്പിള്‍ ആര്‍ട്ട് എന്നിവയില്‍ ടാറ്റൂ ടെമ്പിളിന് പകരം നില്ക്കുവാന് കേരളത്തില്‍ മറ്റൊരു സ്റ്റുഡിയോയില്ല. അതോടൊപ്പം ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ അധ്യാപകരുടെ ക്ലാസുകളിലൂടെ ഇങ്കിങിലെ പ്രതിഭകളുടെ പുതിയ തലമുറയെയും ടാറ്റൂ ടെമ്പിള്‍ സൃഷ്ടിക്കുന്നു.
ഒരിക്കലും മായാത്ത ഓര്‍മകള്‍ ചര്‍മത്തില്‍ വരയുവാനായി അനേകം പേര് സാബു സത്യനെ സമീപിക്കാറുണ്ട്. മനസ്സില്‍ കണ്ട ചിത്രം തൊലിപ്പുറത്ത് ആവിഷ്കരിക്കുമ്പോള്‍ അവരുടെ മുഖങ്ങളില്‍ വിരിയുന്ന സംതൃപ്തിയും സന്തോഷവും ഇങ്കിങ്ങിനു വേണ്ടി താന്‍ ഉപേക്ഷിച്ച ക്രൂയിസ് ഷിപ്പിലെ കരിയറിന് ഒരിക്കലും നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സാബു പറയുന്നു. അന്തരിച്ച സഖാവ് കോടിയേരി ബാലകൃഷ്ണന്റെ പത്നി വിനോദിനി ബാലകൃഷ്ണന് സഖാവിന്റെ ചിത്രം കൈത്തണ്ടയില്‍ പച്ചകുത്താന്‍ തെരഞ്ഞെടുത്തത് സാബുവിനെയാണ്. സാബുവിനെ സംബന്ധിച്ച് ഒരു കലാകാരന് എന്ന നിലയില്‍ ലഭിച്ച വലിയ ബഹുമതിയായിരുന്നു ഇത്.
ടാറ്റു ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്രത്തോളം ഓപ്ഷനുകള്‍ നല്കുന്ന മറ്റൊരു സ്റ്റുഡിയോ ഇന്ത്യയില്‍ തന്നെ അപൂര്‍വമാണ്. പെന്സിലിനു പകരം ടാറ്റൂ പെന്‍ കൊണ്ട് ചിത്രം വരയ്ക്കുന്നതല്ല ബോഡി ആര്‍ട്ടെന്ന് സച്ചിന് പറയുന്നു. വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട ടാറ്റൂവിലൂടെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന പ്രതിബദ്ധതയാണ് പച്ച കുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ടാറ്റൂ ആര്‍ട്ടിസ്റ്റിന്റെ ജോലി കലാകാരന്റെ ഭാവനയ്ക്കൊപ്പം സര്‍ജന്റെ സൂക്ഷ്മതയും ആവശ്യപ്പെടുന്നു. എങ്കിലും അര്‍പ്പണബോധത്തോടെ സമീപിച്ചാല്‍ ഏതൊരു കലാകാരനും ഈ ഏകാഗ്രത ഉണ്ടാക്കിയെടുക്കാമെന്നാണ് ടാറ്റൂ ആര്‍ട്ടിസ്റ്റ് സാബു സത്യന്റെ പക്ഷം.
ടാറ്റൂ അടിക്കാനെത്തുന്നവര്‍ റഫറന്‍സ് ചിത്രങ്ങള്‍ നല്‍കണമെന്ന് നിര്‍ബന്ധമില്ല. അവരുടെ മനസ്സില്‍ കാണുന്ന ചിത്രം ആവിഷ്കരിക്കാനാകുമ്പോഴാണ് പ്രൊഫഷണലായ ഒരു ബോഡി ആര്‍ട്ടിസ്റ്റ് ഉണ്ടാകുന്നത്. ഇങ്ങനെയുള്ള കലാകാരന്മാരുടെ ഒരു ടീം ഉണ്ടാക്കാന്‍ സാധിച്ചതാണ് തന്റെ വിജയത്തിന് കാരണമെന്ന് സാബു പറയുന്നു. പുതിയ ബ്രാഞ്ചുകള്‍ സ്ഥാപിച്ച് ബോഡി ആര്‍ട്ടിന്റെ പുതിയ തലങ്ങളിലേക്ക് വ്യാപിക്കുവാനും അങ്ങനെ പുതിയ കലാകാരന്മാരെ സൃഷ്ടിക്കാനുമുള്ള പരിശ്രമം ആരംഭിച്ചിരിക്കുകയാണ് ടാറ്റൂ ടെമ്പിള്‍ ട്രിവാന്‍ഡ്രം.