News Desk

വിലക്കയറ്റം; തകര്‍ന്നടിഞ്ഞ് വ്യവസായം

ന്യൂഡല്‍ഹി: രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നു. സാമ്പത്തിക മേഖലയ്ക്ക് ഇരുട്ടടിയായി വിലക്കയറ്റം രൂക്ഷമായി തുടരുകയും വ്യവസായമേഖല തകര്‍ന്നടിയുകയും ചെയ്യുന്നു. വിലക്കയറ്റത്തിന്റെ സൂചികയായ റീട്ടെയില്‍ നാണയപ്പെരുപ്പം നവംബറില്‍ മൂന്നുവര്‍ഷത്തെ ഉയരമായ 5.54 ശതമാനത്തിലേക്ക് കുതിച്ചുകയറി. ഒക്ടോബറില്‍ ഇത് 4.62 ശതമാനവും കഴിഞ്ഞവര്‍ഷം നവംബറില്‍ 2.33 ശതമാനവുമായിരുന്നു.

റീട്ടെയില്‍ നാണയപ്പെരുപ്പം നാല് ശതമാനത്തില്‍ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. ഒക്‌ടോബറില്‍ ഇത് പരിധിവിട്ടുയര്‍ന്നതിനാല്‍ ഇക്കഴിഞ്ഞ ധനനയ നിര്‍ണയ യോഗത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ കുറയ്ക്കാന്‍ വിസമ്മതിച്ചിരുന്നു. അടുത്തയോഗത്തിലും പലിശ കുറയില്ലെന്ന സൂചനയാണ് നാണയപ്പെരുപ്പത്തിന്റെ കുതിപ്പ് നല്‍കുന്നത്.

ഭക്ഷ്യോത്പന്നങ്ങളുടെ വില നിയന്ത്രണാതീതമായി കുതിക്കുന്നതാണ് റിസര്‍വ് ബാങ്കിനെ ആശങ്കപ്പെടുത്തുന്ന പ്രധാന ഘടകം. ഒക്ടോബറിലെ 7.89 ശതമാനത്തില്‍ നിന്നുയര്‍ന്ന് ഇത് കഴിഞ്ഞമാസം 10.01 ശതമാനത്തിലെത്തി. 2018 നവംബറില്‍ ഇത് നെഗറ്റീവ് 2.61 ശതമാനമായിരുന്നു.ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ നിന്ന് മാന്ദ്യം വിട്ടൊഴിഞ്ഞിട്ടില്ലെന്ന് വീണ്ടും ഉറപ്പാക്കി, ഒക്ടോബറില്‍ വ്യാവസായിക ഉത്പാദന (ഐ.ഐ.പി) വളര്‍ച്ച നെഗറ്റീവ് 3.8 ശതമാനത്തിലേക്ക് കൂപ്പുകുത്തി.

2018 ഒക്ടോബറില്‍ വളര്‍ച്ച പോസിറ്റീവ് 8.4 ശതമാനമായിരുന്നു. തുടര്‍ച്ചയായ മൂന്നാംമാസമാണ് ഉത്പാദന വളര്‍ച്ച ഇടിയുന്നത്. സെപ്തംബറില്‍ വളര്‍ച്ച മൈനസ് 4.3 ശതമാനമായിരുന്നു. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച 8.2 ശതമാനത്തില്‍ നിന്ന് 2.1 ശതമാനത്തിലേക്ക് ഇടിഞ്ഞതാണ് ഒക്ടോബറില്‍ പ്രധാന തിരിച്ചടിയായത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button