Success Story

Kevens Dreams; ഒരു കലാകാരന്റെ സംരംഭക വിജയം

ലോക്ക്ഡൗണും കോവിഡ് പ്രതിസന്ധിയും വളരെയധികം ബാധിച്ച ഒരു മേഖലയാണ് കലാരംഗം. നാടന്‍ കലകള്‍ തുടങ്ങി സ്റ്റേജ്, സീരിയല്‍, സിനിമ മേഖലകളിലെ നിരവധി പേരാണ് ഇന്ന് സാമ്പത്തിക മാനസിക പ്രതിസന്ധി നേരിടുന്നത്. കലയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ഇവരില്‍ പലരും ഈ അടച്ചിടലില്‍ കഷ്ടപ്പാടിന്റെയും പട്ടിണിയുടെയും വക്കിലാണ്…

ഇവിടെയാണ് പ്രമുഖ സീരിയല്‍ സിനിമ-സിറ്റ്‌കോം സംവിധായകന്‍ രാജേഷ് തലച്ചിറയും അദ്ദേഹത്തിന്റെ Kevens Dreams വ്യത്യസ്തമാകുന്നത്. ഇഷ്ട മേഖലയും ബിസിനസും എങ്ങനെ ഒരുമിച്ച് കൊണ്ട് പോകാമെന്ന് കാണിച്ച് തരുകയാണ് Kevens Dreams ലൂടെ രാജേഷ്. അങ്ങനെ അധികം ആരും പരിചയിച്ചിട്ടില്ലാത്ത ഒരു സംരംഭം ആണിത്.

സാറ്റലൈറ്റ് ചാനലുകള്‍ക്ക് പുറമെ നിരവധി പ്രാദേശിക ലോക്കല്‍ ചാനലുകള്‍ നമ്മുടെ കേബിള്‍ ടിവിയില്‍ ലഭിക്കുന്നുണ്ട്. ഓരോ പ്രദേശങ്ങളിലും ഗ്രാമങ്ങള്‍ക്കും അവരുടേതായ ചാനലുകള്‍ ഉണ്ട്. ഇത്തരം ചാനലുകള്‍ക്ക് HD ക്വാളിറ്റിയില്‍ സാറ്റലൈറ്റ് ചാനലുകളില്‍ ലഭിക്കുന്ന അത്രയും മികച്ച പ്രോഗ്രാമുകള്‍ ചെയ്ത് സംപ്രേഷണത്തിനായി അയച്ച് നല്‍കുന്നു. കല, ബിസിനസ്സ് എന്നീ രണ്ട് വിദൂരമായ മേഖലകളെ ഒരുമിച്ചുകൊണ്ട് പോകുന്ന ഈ സംരഭം വന്‍വിജയത്തോടെ ഈ കോവിഡ് കാലത്തും മുന്നോട്ട് പോകുന്നു.

20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രാജേഷ് തലച്ചിറ തിരുവനന്തപുരത്ത് എത്തുന്നതും കലാരംഗത്തേക്ക് ചുവടുവയ്ക്കുന്നതും. നിരവധി സീരിയലുകളില്‍ അസിസ്റ്റന്റ് ഡയറക്ടറായും പത്തോളം സീരിയലുകളില്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. എന്നാല്‍ ഇതിനിടയ്ക്ക് ഒരു അപകടം സംഭവിക്കുകയും കലാരംഗത്ത് നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതനായി തീരുകയും ചെയ്തു. ഈ അനുഭവമാണ് കലയോടൊപ്പം മറ്റൊരു ഉപജീവനമാര്‍ഗം വേണമെന്ന ചിന്തയില്‍ രാജേഷിനെ എത്തിച്ചത്. കലയില്‍ നിന്ന് മാറിനിന്നപ്പോള്‍ അത്ര വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടേണ്ടി വന്നത്.

അങ്ങനെയാണ് ഒന്നു രണ്ട് സുഹൃത്തുക്കളുമായി ആലോചിച്ച് ഒരു പരസ്യ നിര്‍മിത ഏജന്‍സി ആരംഭിച്ചത്. വളരെ മത്സരം നേരിടുന്ന മേഖലയും തുടക്കത്തിലുള്ള കമ്പനിയും ആയതിനാല്‍ ചെറിയ വരുമാനം ലഭിക്കുന്ന പരസ്യങ്ങള്‍ മാത്രമായിരുന്നു കിട്ടിയിരുന്നത്. പിന്നീട് പരസ്യങ്ങള്‍ ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടു.

ഈ പ്രതിസന്ധിയിലാണ് സുഹൃത്ത് സുനില്‍ വിക്രം ലോക്കല്‍ ചാനലുകള്‍ക്ക് പ്രോഗ്രാം ചെയ്ത് നല്‍കുന്ന സംരംഭത്തെകുറിച്ച് പറയുന്നത്. ഇതിനായി പാറശ്ശാല മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള കേബിള്‍ ഓപ്പറേറ്റര്‍മാരെ നേരിട്ടു കണ്ട് സംസാരിച്ചപ്പോള്‍ ഇത് ഒട്ടും എളുപ്പമല്ലെന്നും പ്രതീക്ഷിക്കുന്ന വരുമാനം ഉണ്ടാകില്ലെന്നും മനസിലായി. മികച്ച പ്രോഗ്രാം ചെയ്തു നല്‍കാനുള്ള പണച്ചിലവ് താങ്ങാന്‍ ഈ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കഴിയില്ലായിരുന്നു. എന്നാല്‍ പരീക്ഷണത്തിന് രാജേഷ് തയ്യാറായിരുന്നു.

പരാജയ ഭീതി മുന്നില്‍ കണ്ട് സംരംഭവുമായി മുന്നോട്ട് പോയി. മികച്ച ഒരു പ്രോഗ്രാം അമ്പതോളം ചാനലുകള്‍ക്കായി നല്‍കി, മാസവരുമാനം കിട്ടുന്ന രീതിയില്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് താങ്ങാന്‍ കഴിയുന്ന നിരക്കില്‍ പ്രോഗ്രാം ചെയ്യാന്‍ ആരംഭിച്ചു. ഈ സംരംഭമാണ് ഇന്ന് മികച്ച പ്രോഗ്രാമുകള്‍ ചെയ്യുന്ന Kevens Dreams.

ACV, ADN Gold, Comx TV തുടങ്ങിയ ചാനലുകളില്‍ മൂന്നു സീരിയലുകള്‍ ഇപ്പോള്‍ പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്. Blackies എന്ന മഞ്ജു പത്രോസ്, സിമി സാബു എന്നിവര്‍ ചെയ്യുന്ന യൂട്യൂബ് ചാനല്‍, Village Foodies യൂട്യൂബ് ചാനല്‍ എന്നിവ Kevens Dreams.-ന്റേതാണ്. ചിങ്ങം ഒന്നിന് M Life News എന്ന ഓണ്‍ലൈന്‍ ന്യൂസ് ചാനലും രാജേഷും സുഹൃത്തുക്കളും ചേര്‍ന്ന് പുറത്തിറക്കുന്നുണ്ട്.

ബിസിനസ്സും കലയും ഒരുപോലെ സന്തോഷം നല്‍കുന്നു രാജേഷിന്. ഒരുപക്ഷേ അവ രണ്ടും ബന്ധപ്പെടുത്തി ചെയ്യുന്നത് കൊണ്ടാവും. അളിയന്‍ VS അളിയന്‍ എന്ന അമൃത ചാനലില്‍ സംപ്രേഷണം ചെയ്ത സിറ്റ്‌കോം രാജേഷിന് ഒരുപാട് അംഗീകാരങ്ങള്‍ നേടിക്കൊടുത്ത പ്രോഗ്രാമാണ്. കേരള സര്‍ക്കാരിന്റേത് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളാണ് ഈ പ്രോഗ്രാമിനെ തേടിയെത്തിയത്. ഇപ്പോള്‍ ഇതിന്റെ രണ്ടാം ഭാഗം അളിയന്‍സ് കൗമുദി ചാനലില്‍ സംപ്രേഷണം നടത്തി വരുന്നു.

പ്രശസ്തരായ നിരവധി വ്യക്തികള്‍ രാജേഷിനെ ഇതിലൂടെ അനുമോദിച്ചു. ലൈവ് ഓഡിയോ റെക്കോര്‍ഡ് ചെയ്ത് രണ്ട് ക്യാമറകള്‍ ഉപയോഗിച്ചുള്ള രീതിയിലാണ് രാജേഷ് ചിത്രീകരണം നടത്തുന്നത്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രശസ്തമായ ലക്ഷകണക്കിന് കാഴ്ചക്കാരുള്ള Abhi Weds Mahi, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ആമിര്‍ തുടങ്ങിയവ രാജേഷിന്റെ പ്രശസ്തമായ പ്രോഗ്രാമുകളാണ്. സ്വന്തമായി ഒരു സിനിമ അത് തന്നെയാണ് രാജേഷിന്റെ ഏറ്റവും വലിയ സ്വപ്‌നം. റിയലിസ്റ്റിക് സിനിമകളോടാണ് താല്‍പര്യം കൂടുതല്‍.

ചെറിയ മുതല്‍മടക്കില്‍ ആരംഭിച്ച Kevens Dreams. എന്ന തന്റെ സംരംഭത്തിനെ സാറ്റലൈറ്റ് ചാനലുകള്‍ക്ക് ഉള്‍പ്പെടെ പ്രോഗ്രാമുകള്‍ ചെയ്യുന്ന ഒരു കമ്പനിയായി ഉയര്‍ത്തുക എന്ന ലക്ഷ്യതിനായി തയ്യാറെടുക്കുകയാണ് രാജേഷ്. ഉള്ളടക്കത്തിലെ ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാത്ത പ്രോഗ്രാമുകള്‍ ആണ് Kevens Dreams. ചെയ്യുന്നത്. ഈ സംരംഭത്തിലൂടെ നിരവധി സുഹൃത്തുകളും പരിചയക്കാരും രാജേഷിന് ലഭിച്ചു. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന 15 ഓളം പേര്‍ക്ക് ആണ് Kevens Dreams തൊഴില്‍ നല്‍കുന്നത്. ഇത്തരത്തില്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം യുവാക്കളാണ് കമ്പനിയുടെ വിജയമെന്ന് രാജേഷ് അടിവരയിട്ടു പറയുന്നു.

ഏത് കാര്യത്തിന് ഇറങ്ങിയാലും കഠിനപ്രയത്‌നം ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ ജീവിത വിജയം നേടാനാകുമെന്ന് സ്വന്തം ജീവിതത്തിലൂടെ രാജേഷ് സാക്ഷ്യപ്പെടുത്തുന്നു. വിജയത്തിന് കുറുക്കുവഴികള്‍ ഒന്നും തന്നെയില്ല; പ്രതീക്ഷകള്‍ക്ക് അതീതമായിരിക്കും എപ്പോഴും വിജയം. ഇത് തന്നെയാണ് ജീവിതം രാജേഷിനെ പഠിപ്പിച്ചതും. കൊട്ടാരക്കര തലച്ചിറ സ്വദേശിയായ രാജേഷിന് പിന്തുണയേകി കുടുംബം ഒപ്പമുണ്ട്. അതുതന്നെയാണ് രാജേഷിന്റെ ശക്തിയും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button