മുക്തി ഫാര്‍മ; ആയുര്‍വേദത്തിന്റെ സുഗന്ധമുള്ള നാള്‍വഴികള്‍

ആയുര്‍വേദ ഉത്പന്നങ്ങളുടെ നിര്‍മാണ വിതരണ രംഗത്ത് കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷമായി സജീവമായ പേരാണ് മുക്തി ഫാര്‍മ. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിയായ ടി. ബിജുകുമാറിന്റെ ‘സ്വന്തം സംരംഭം’ എന്ന ആഗ്രഹവും ആയുര്‍വേദ മരുന്നുകളുടെ ഉത്പാദന-മാര്‍ക്കറ്റിംഗ് രംഗത്തെ അഞ്ചുവര്‍ഷ പ്രവൃത്തി പരിചയവും വിട്ടുവീഴ്ചയില്ലാത്ത പ്രയത്നവും ചേര്‍ത്ത് രൂപപ്പെടുത്തിയ മുക്തി ഫാര്‍മ വര്‍ഷങ്ങള്‍ക്കിപ്പുറം എത്തി നില്‍ക്കുന്നത് തങ്ങളുടെ പ്രവര്‍ത്തനമേഖലയിലെ അതുല്യമായ നേട്ടങ്ങളിലാണ്.
തുടക്കം
1996ല്‍ ചിറയിന്‍കീഴ് മുടപുരത്ത് പരിമിതമായ സാഹചര്യങ്ങളില്‍ ആരംഭിച്ച സംരംഭമാണ് മുക്തി ഫാര്‍മ. മുറിവെണ്ണ, കായത്തിരുമേനി എണ്ണ, കേശകമലം ഹെയര്‍ ഓയില്‍, സോനാ ഫെയര്‍നെസ്സ് ക്രീം എന്നിങ്ങനെ വെറും നാല് ഉത്പന്നങ്ങളുടെ ഉത്പാദന വിതരണത്തില്‍ നിന്ന് തുടങ്ങി ഇന്ന് 240ലേറെ ഉത്പന്നങ്ങളുടെ സമ്പൂര്‍ണ ഉത്പാദനവും വിതരണവും വിജയകരമായി കൈകാര്യം ചെയ്യുകയാണ് ഈ സംരംഭം. അതില്‍ എടുത്തു പറയേണ്ടത് ഇവയില്‍ 80 ഉത്പന്നങ്ങളുടെയും പേറ്റന്റ് അവകാശം മുക്തി ഫാര്‍മയ്ക്ക് തന്നെയാണ് എന്നതാണ്. പരമ്പരാഗത എണ്ണകള്‍ക്ക് തത്തുല്യമായ ഓയിന്മെന്റുകളാണ് അവയില്‍ പ്രധാനപ്പെട്ടത്. മുറിവെണ്ണയുടെയും നാല്പാമരാദി എണ്ണയുടെയുമടക്കം ഓയിന്മെന്റുകള്ക്ക് ആവശ്യക്കാരും ഏറെയാണ്.

ആദ്യകാലങ്ങളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രമാണ് മുക്തി ഫാര്‍മയുടെ ഉത്പന്നങ്ങള്‍ ലഭ്യമായിരുന്നത്. പിന്നീട് ആവശ്യാനുസരണം അവ ആയുര്‍വേദ ഡോക്ടര്‍മാരിലേക്കും നേരിട്ട് മാര്‍ക്കറ്റിലേക്കും എത്തിക്കുകയായിരുന്നു. തന്റെ ബി.ബി.എ ബിരുദത്തിന്റെ സാധ്യതകളും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ഉത്പാദന-മാര്‍ക്കറ്റിങ് വിഭാഗത്തില്‍ നേടിയ പ്രവൃത്തി പരിചയവും ബിജുകുമാര്‍ ഇതിനുവേണ്ടി പ്രയോജനപ്പെടുത്തി.
തികഞ്ഞ ഫലപ്രാപ്തിയുള്ള ഉത്പന്നങ്ങള്‍ക്ക് അതോടെ ആവശ്യക്കാര്‍ വര്‍ദ്ധിക്കുകയും മുക്തി ഫാര്‍മയുടെ ഉത്പന്നങ്ങള്‍ ജനപ്രിയമാവുകയും ചെയ്തു. പരാമ്പരാഗത മാര്‍ഗങ്ങളും അറിവുകളും ആധുനിക സാങ്കേതങ്ങളെ പ്രയോജനപ്പെടുത്തി മാര്‍ക്കറ്റിലെത്തിക്കുകയാണ് മുക്തി ഫാര്‍മയുടെ രീതി.

നാള്‍വഴി
1996ല്‍ സ്ഥാപിച്ച ഫാര്‍മസി, 2000ലാണ് ആദ്യമായി വിപുലീകരിക്കുന്നത്. അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി വി.സി.കബീര്‍ മാഷാണ് മുക്തി ഫാര്‍മ ഉദ്ഘാടനം ചെയ്തത്. 2007ല്‍ തിരുവനന്തപുരം കൈതമുക്കില്‍ മുക്തി ഹെല്‍ത്ത് കെയര്‍ സെന്റര്‍ എന്ന ആയുര്‍വേദ ചികിത്സാകേന്ദ്രം അന്നത്തെ ആഭ്യന്തര ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്താണ് ആരംഭിച്ചത്.
കൊച്ചുവേളി വ്യവസായ എസ്റ്റേറ്റ് ആസ്ഥാനമാക്കി ‘മുക്തി കേര കോക്കനട്ട് ഓയില്‍’ എന്ന പേരില്‍ വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നത് 2021-ലാണ്. കേരള വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുകയും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര് അനില്‍ ആദ്യ വിതരണം നടത്തുകയും അന്നത്തെ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനുമായിരുന്ന ചടങ്ങിലാണ് കൊച്ചുവേളിയിലെ വെളിച്ചെണ്ണ പ്ലാന്റ് ആരംഭിച്ചത്.
മുക്തി ഹെല്‍ത്ത് കെയര്‍ സെന്റര്‍
പ്രധാനമായും ആയുര്‍വേദ സൗന്ദര്യ ചികിത്സയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. അതേസമയം ഇവിടെ തലവേദന, ശരീരവേദന, നീര്‍ക്കെട്ട്, അമിതവണ്ണം മുതലായവയ്ക്കുള്ള ചികിത്സയും പ്രസവരക്ഷ, കിഴി, പഞ്ചകര്‍മ്മ മുതലായ സേവനങ്ങളും ലഭ്യമാണ്. അംഗീകൃത ഡോക്ടറിന്റെ സഹായത്തില്‍ മുഖക്കുരു, കറുത്ത പാടുകള്‍, താരന്, മുടികൊഴിച്ചില്‍ എന്നിവ അകറ്റുവാനുള്ള ചികിത്സകളും ഹെര്‍ബല്‍ ഫേഷ്യല്‍, ഹെയര്‍ സ്പാ, ഹൈഡ്രാഫേഷ്യല്‍ മുതലായ സൗന്ദര്യ പരിചരണ സേവനങ്ങളും മുക്തി ഹെല്‍ത്ത് കെയര്‍ സെന്റര്‍ ഒരുക്കിയിട്ടുണ്ട്. ആയുര്‍വേദ മാര്‍ഗങ്ങളും ഉത്പന്നങ്ങളും മാത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്.
ആയുര്‍വേദ മരുന്നുകളുടെയും മറ്റ് ഉത്പന്നങ്ങളുടെയും പ്രധാന ചേരുവയായ വെളിച്ചെണ്ണ, മായമില്ലാതെ വേണമെന്ന ആവശ്യമാണ് മുക്തി കേര കോക്കനട്ട് ഓയില്‍ യൂണിറ്റ് ആരംഭിക്കുന്നതിന് പിന്നില്‍. നിലവില്‍ ഫാര്‍മസിയിലെ എല്ലാ ഉത്പന്നങ്ങള്‍ക്കും ആവശ്യമായ വെളിച്ചെണ്ണ കമ്പനിയുടെ സ്വന്തം യൂണിറ്റില്‍ നിന്ന് തന്നെയാണ് ഉപയോഗിക്കുന്നത്. തികച്ചും ജൈവവും പ്രകൃതിദത്തവുമായ അസംസ്കൃത വസ്തുക്കളാണ് മുക്തി ഫാര്‍മയുടെ ഉത്പന്നങ്ങള്‍ നിര്‍മിക്കുവാന്‍ ഉപയോഗിക്കുന്നത്.
എന്തുകൊണ്ട് ആയുര്‍വ്വേദം?
ആയുര്‍വ്വേദം ഇന്ത്യയുടെ പരമ്പരാഗത ചികിത്സാ വിധിയും ജീവിതശൈലിയുമാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് മുക്തി ഫാര്‍മയുടെ സ്ഥാപകനായ ടി. ബിജുകുമാര്‍. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും വന്‍തോതില്‍ പിന്തുടര്ന്നുവരികയും ചെയ്യുന്ന ആയുര്‍വേദ വിധികളില്‍, ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ആയുര്‍വേദത്തിലൂടെ ആരോഗ്യസംരക്ഷണം ബാധ്യതകളില്ലാത്ത ഒരു ജീവിതശൈലിയാണ്.
ഭാവി
ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ബിജുകുമാര്‍ പറയുന്നു. കൂടുതല്‍ ഉത്പന്നങ്ങളിലേക്കും ചികിത്സാ രീതികളിലേക്കും സേവനങ്ങളിലേക്കും മുക്തി ഫാര്‍മയെ വളര്‍ത്താന്‍ അതുവഴി സാധിക്കും. നിലവില്‍ ആയുര്‍വേദ മെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ മകന് ഡോക്ടര്‍ അനൂപും ഒരുവര്‍ഷത്തെ പരിശീലനത്തിന് ശേഷം മുക്തിയുടെ ഭാഗമാകും.

ചാക്ക ഗവണ്മെന്റ് ഐ.ടി.ഐ സീനിയര്‍ ഇന്‍സ്ട്രക്ടറായ ഭാര്യ സിന്ധു റാണിയും ഗൈനക്കോളജിയില്‍ ഉപരിപഠനം നടത്തുന്ന മകള്‍ ഡോക്ടര്‍ ആതിരയുമടങ്ങുന്നതാണ് ബിജു കുമാറിന്റെ കുടുംബം. ആയുര്‍വേദ മെഡിസിന് മാനുഫാക്ചേഴ്സ് അസോസിയേഷന്, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് എന്നീ സംഘടനകളില്‍ സംസ്ഥാന ഭാരവാഹി ആയിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ലയണ്‍സ് ക്ലബ് തുടങ്ങി അനവധി സാമൂഹ്യ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
2012-13 ലെ ചേംബര്‍ ഓഫ് കോമേഴ്സ് ബിസിനസ് എക്സലന്‍സ് അവാര്‍ഡ്, കേരളകൗമുദി ആയുര്‍വേദ എക്സലന്‍സ് അവാര്‍ഡ്, വയലാര്‍ രാമവര്‍മ്മ സാംസ്കാരിക വേദി ബിസിനസ് എക്സലന്‍സ് അവാര്‍ഡ്, മെട്രോ മികച്ച സംരംഭക അവാര്‍ഡ്, നാദം കേരള ബിസിനസ് സംരംഭക അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ടി. ബിജുകുമാറിനെ തേടിയെത്തിയിട്ടുണ്ട്.