Success Story

നാളികേരാസ്: സ്വന്തം കുഞ്ഞിനോടുള്ള കരുതലില്‍ പടുത്തുയര്‍ത്തിയ സംരംഭം

തന്റെ കുഞ്ഞിന് പുരട്ടേണ്ട വെളിച്ചെണ്ണ ശുദ്ധമായിരിക്കണമെന്ന ആഗ്രഹം സംരംഭകത്വത്തില്‍ എത്തിച്ചതിന്റെ അപൂര്‍വ പ്രചോദിത ജീവിതകഥയാണ് കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാളികേരാസ് ഫുഡ് പ്രൊഡക്ട്‌സിന്റെ സാരഥി ദീപകിന്റേത്.

പട്ടാളത്തില്‍ നിന്ന് വോളണ്ടറി റിട്ടയര്‍മെന്റ് സ്വീകരിച്ചതിനുശേഷം ബാംഗ്ലൂരില്‍ ഐ.ടി മേഖലയില്‍ ജോലിചെയ്തു വന്നിരുന്ന ദീപക് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് കുടുംബസമേതം നാട്ടിലേക്ക് തിരികെ വരുന്നതും തന്റെ നാടായ കതിരൂരില്‍ സ്ഥിരതാമസമാക്കുന്നതും. ദീപകിന്റെ ഭാര്യ ലിജി നേഴ്‌സാണ്.

നാട്ടിലെത്തിയ ദീപക് അച്ഛന്റെ കൊപ്ര ബിസിനസ്സില്‍ പങ്കാളിയായി. വെളിച്ചെണ്ണ വ്യാപാരത്തില്‍ നടന്നുവരുന്ന കള്ളക്കളികളും അവര്‍ ഉപയോഗിക്കുന്ന കൊപ്രയുടെ ഗുണനിലവാരവും മനസ്സിലാക്കാനും അത് ഇടയാക്കി. പ്രസവസമയത്ത് ലേബര്‍ റൂമില്‍ കുഞ്ഞിന് പുരട്ടാനായി ഉപയോഗിക്കുന്ന വെളിച്ചെണ്ണയെ കുറിച്ച് ചിന്തിച്ചപ്പോള്‍ മുതല്‍ വെളിച്ചെണ്ണയില്‍ കാണപ്പെടുന്ന ഈ ഗുണനിലവാര തകര്‍ച്ചയുടെ അപകടസാധ്യത ദീപകിനെ അസ്വസ്ഥനാക്കി തുടങ്ങി.

അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം പിറക്കുന്ന തന്റെ കുഞ്ഞിന് ജനിച്ചയുടന്‍ ദേഹത്ത് പുരട്ടാന്‍ നല്‍കേണ്ടത് തീരെ ശുദ്ധമല്ലാത്ത എണ്ണയാകുമല്ലോ എന്ന മനോവേദന, ദീപകിന്റെ ചിന്താമണ്ഡലത്തില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മികച്ച പ്രതിവിധിയുടെ സാധ്യതയാണ് ജനിപ്പിച്ചത്. കുടുംബത്തിലെ മുതിര്‍ന്നവരാല്‍ പലപ്പോഴും പറഞ്ഞുകേട്ടിട്ടുള്ള ഉരുക്കു വെളിച്ചെണ്ണയുടെ ഗുണങ്ങളാണ് പ്രതിവിധിയുടെ രൂപത്തില്‍ തെളിഞ്ഞത്!

അപ്പോഴേക്കും രണ്ട് വയസ്സായ ദീപകിന്റെ മകന്‍ പല അസുഖങ്ങളും അണുബാധകളുമൊക്കെ കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. കുഞ്ഞിന് ആവശ്യാനുസരണം നിറവും മുടിയും ഇല്ലാത്തതും ദീപകിനെ വേദനിപ്പിച്ചു. ഒരു വര്‍ഷത്തോളം ഉരുക്കുവെളിച്ചെണ്ണ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ കുഞ്ഞിന്റെ നിറവും മുടിവളര്‍ച്ചയും മെച്ചപ്പെട്ടു. ഒപ്പം, കുട്ടിയുടെ പ്രതിരോധശേഷിയും വര്‍ദ്ധിച്ചു.

ആ ഒരു വര്‍ഷത്തിനിടെ സുഹൃത്തുക്കളുടെയിടയിലും ദീപക് ഉരുക്കു വെളിച്ചെണ്ണ വിതരണം ചെയ്തിരുന്നു. അങ്ങനെ ബാംഗ്ലൂരിലെ ഒരു സുഹൃത്തിനും അദ്ദേഹം വഴി മറ്റു പലര്‍ക്കും എണ്ണ കൊടുത്തപ്പോഴാണ് ഉരുക്കു വെളിച്ചെണ്ണ വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചുകൂടേയെന്ന് പ്രസ്തുത സുഹൃത്ത് ദീപകിനോട് ചോദിക്കുന്നത്.

നിര്‍മാണച്ചിലവ് കൂടുതലായതിനാല്‍ ആദ്യം ദീപകിന് വലിയ താത്പര്യം തോന്നിയില്ലെങ്കിലും ചെറുകിട അടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചു തുടങ്ങിയതോടെ ആവശ്യക്കാര്‍ വര്‍ദ്ധിച്ചു വന്നു. പല അനാവശ്യ കാര്യങ്ങള്‍ക്കും പണം ചിലവാക്കുന്ന സമൂഹം, നല്ലതെന്ന് ബോധ്യപ്പെട്ടാല്‍ വില അല്പം കൂടുതലാണെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായി ഉരുക്കു വെളിച്ചെണ്ണ വാങ്ങിക്കുമെന്ന് ദീപകിന് ബോധ്യപ്പെട്ടു. പാക്കേജിങും മെച്ചപ്പെടുത്തിയതോടെയാണ് നാളികേരാസ് ഫുഡ് പ്രൊഡക്ട്‌സിന് ഗൗരവമേറിയതും പഞ്ചായത്തിന്റെ പിന്തുണയോടെ ലൈസന്‍സ് സ്വന്തമാക്കി സ്ഥാപനം അക്ഷരാര്‍ത്ഥത്തിര്‍ തുടങ്ങിയതും.

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വ്യാപാര സാധ്യത കൂടി ഉപയോഗപ്പെടുത്തിയപ്പോള്‍, നിരാശപ്പെടുത്താത്ത അളവില്‍ ഓര്‍ഡറുകള്‍ നാളികേരാസ് വെര്‍ജിന്‍ കോക്കനട്ട് ഓയിലിന് ലഭിച്ചു തുടങ്ങി. തുടര്‍ന്ന്, മറ്റ് ഉത്പന്നങ്ങളിലേക്കും ദീപക് ശ്രദ്ധ ചെലുത്തി തുടങ്ങി. നാളികേര വെള്ളത്തിന്റെ സ്‌ക്വാഷ്, ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കുന്നതിന്റെ ഭാഗമായി കിട്ടുന്ന പീര ഉപയോഗിച്ചു ആരോഗ്യപ്രദമായ ചോക്ലേറ്റ്, ചമ്മന്തിപ്പൊടി എന്നിങ്ങനെ തനി നാടനും വ്യത്യസ്തവുമായ പ്രൊഡക്ടുകള്‍ നാളികേരാസ് ഫുഡ് പ്രൊഡക്ട്‌സ് പുറത്തിറക്കി. അധികം മൂക്കാത്ത നാളികേരം ഉപയോഗിച്ചു കുട്ടികള്‍ക്കായുള്ള ചിപ്പ്‌സും നാളികേരാസ് ഫുഡ് പ്രൊഡക്ട്‌സ് ഇപ്പോള്‍ പുറത്തിറക്കി തുടങ്ങിയിട്ടുണ്ട്.

ഒട്ടേറെ പ്രതിസന്ധികളെയും അപവാദ പ്രചരണങ്ങളെയും തോല്പിച്ചാണ് നാളികേരാസ് ഫുഡ് പ്രൊഡക്ട്‌സ് ഈ നിലയിലേക്ക് എത്തിയത്. തുടക്കക്കാലത്ത്, കോള്‍ഡ് പ്രെസ്സ്ഡ് ഉരുക്കു വെളിച്ചെണ്ണയുടെ ഉത്പാദകര്‍ നാളികേര വര്‍ജിന്‍ കോക്കനട്ട് ഓയില്‍ പോലെയുള്ള ഹോട്ട് പ്രെസ്സ്ഡ് ഉരുക്കു വെളിച്ചെണ്ണയെ കുറിച്ച് പറഞ്ഞു പരത്തിയ ആക്ഷേപങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

അതിനെത്തുടര്‍ന്ന്, ഫുഡ് ആന്‍ഡ് സേഫ്റ്റി ലാബില്‍ സാമ്പിള്‍ അയച്ച് പരിശോധിക്കുകയും കോക്കനട്ട് ഡെവലപ്പ്‌മെന്റ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഒരു ട്രെയിനിങില്‍ പങ്കെടുക്കുകയും അവര്‍ ഇതിന്റെ ഗുണനിലവാരം പരിശോധിക്കുകയും ചെയ്തു. ന്യൂട്രീഷണല്‍ ഫാക്ട്‌സും എഫ്.എസ്.എസ്.എ.ഐ പാരാമീറ്റര്‍ ടെസ്റ്റും ചെയ്തതിന്റെ അടിസ്ഥാനത്തില്‍, ഹോട്ട് പ്രെസ്സ്ഡ് വെളിച്ചെണ്ണയ്ക്കും കോള്‍ഡ് പ്രെസ്സ്ഡ് ഉരുക്കു വെളിച്ചെണ്ണയ്ക്കും തുല്യ ഗുണനിലവാരമാണെന്ന് തെളിയിക്കുകയും ചെയ്തു.

ബിസിനസ്സ് ഇത്ര വിജയിച്ചിട്ടും ഉരുക്കു വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നതിലെ പല ഘട്ടങ്ങള്‍ക്കായി പലതരം യന്ത്രങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടും, ഉരുക്കാനായി കുറച്ചു കൂടി വലുതെങ്കിലും ഓട്ടുരുളിയെതന്നെ ആശ്രയിച്ചുകൊണ്ട് ഇപ്പോഴും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും നാളികേരാസ് ഫുഡ് പ്രൊഡക്ട്‌സ് മുതിര്‍ന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

പലരും ബിസിനസ്സിന്റെ ആദ്യകാലത്ത് തന്നെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഭാര്യ ലിജി തന്ന പിന്തുണയാണ് തന്റെ ഈ സ്വപ്‌നത്തെ വിജയിപ്പിച്ചതെന്ന് ദീപക് സാക്ഷ്യപ്പെടുത്തുന്നു. പ്രാരംഭ കാലത്ത് നാളികേരപ്പാല്‍ ഓട്ടുരുളിയില്‍ പാകം ചെയ്യാനും ഭാര്യ ലിജിയാണ് ദീപകിനെ സഹായിച്ചത്. ടനവ് ആണ് ഇവരുടെ മകന്‍.

കുഞ്ഞുങ്ങള്‍ക്കായുള്ള കായപ്പൊടി (ഏത്തക്കപ്പൊടി) ഉള്‍പ്പെടെ കൂടുതല്‍ ഗുണമേന്മയുള്ള, പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ പിറവം ആഗ്രോ പാര്‍ക്കിന്റെ സഹായത്തോടെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകളിലാണ് നാളികേരാസ് ഫുഡ് പ്രൊഡക്ട്‌സ്. എല്ലാ വിജയാശംസകളും!

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button