Success Story

സംഗീത സപര്യയുടെ ആഴങ്ങളില്‍

ആതിര സാഗര്‍

‘ജപ കോടി ഗുണം ധ്യാനം
ധ്യാന കോടി ഗുണോ ലയഃ
ലയ കോടി ഗുണം ഗാനം
ഗാനാത്പരതരം നഹി’

സംഗീതം ഒരു സാഗരമാണ് എന്നാണ് നമ്മളില്‍ പലരും കേട്ടിട്ടുള്ളത്. എന്നാല്‍ സംഗീതം വെറുമൊരു സാഗരമല്ല. അനന്ത വിഹായസ്സിനപ്പുറത്തേക്കുള്ള ഒരു തപസ്യയാണെന്ന് സ്വന്തം അറിവിലൂടെ മാറ്റിക്കുറിക്കുകയാണ് തിരുവനന്തപുരം ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജിലെ മുന്‍ അധ്യാപകനും ആകാശവാണിയിലെ ബി ഹൈഗ്രേഡ് സംഗീത സംവിധായകനുമായ പ്രൊഫ. വെണ്‍പകല്‍ സുരേന്ദ്രന്‍.

തിരുവനന്തപുരം വെണ്‍പകലില്‍ എം ഭാസ്‌കരന്റെയും എ സരോജിനിയുടെയും മൂന്നാമത്തെ മകനായി ജനിച്ച സുരേന്ദ്രന്റെ ആദ്യ ഗുരു പ്രശസ്ത സംഗീതജ്ഞന്‍ പത്മശ്രീ നെയ്യാറ്റിന്‍കര വാസുദേവനാണ്. അദേഹത്തിന്റെ ശിക്ഷണത്തില്‍ ചെറുപ്പത്തിലെ സംഗീതത്തിന്റെ മര്‍മ്മപ്രധാനമായ അറിവുകള്‍ നേടി. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി സുരേന്ദ്രന്‍ കാണുന്നതും.

ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നിന്നും നാലുവര്‍ഷത്തെ ഗാനഭൂഷണം വിജയിച്ചശേഷം, ഗുരുവിന്റെ നിര്‍ദേശപ്രകാരം മദ്രാസ് സംഗീത കോളേജില്‍ നിന്ന് രണ്ടു വര്‍ഷത്തെ സംഗീത വിദ്വാന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. അന്ന് ഒപ്പം പഠിച്ചവരില്‍ പലരും പ്രശസ്തരായ വ്യക്തികളാണ്. പിന്നണിഗായിക എന്‍ ലതിക അതിലൊരാളാണ്.
1984 ല്‍ ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയും നീണ്ട 29 വര്‍ഷത്തെ സംഗീത അധ്യാപന ജീവിതത്തില്‍ നിന്നും 2012 ല്‍ വിരമിച്ച അദ്ദേഹം റിട്ടയര്‍മെന്റ് ജീവിതം വിരസമാക്കാതെ മുഴുവന്‍ സമയവും സംഗീതത്തിനായി മാറ്റിവെച്ചു.

ത്യാഗരാജസ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രികള്‍, സ്വാതിതിരുനാള്‍ തുടങ്ങിയ മഹാരഥന്മാരുടെ പാത പിന്തുടര്‍ന്നു സ്വന്തമായി കൃതികള്‍ രചിച്ചു, ഈണം നല്‍കി ആലപിക്കുന്നതിലൂടെ ‘വാഗ്ഗേയകാരന്‍’ എന്ന പദവിയിലേക്ക് കൂടി പ്രൊഫ. വെണ്‍പകല്‍ സുരേന്ദ്രന്‍ എത്തിച്ചേര്‍ന്നു. ചതുര്‍വേദങ്ങള്‍ അപഗ്രഥിച്ച് അതില്‍ സംഗീതാംശമുള്ളവയെ കുറിച്ച് കൂടുതല്‍ പഠനം നടത്തി.

‘മനുസ്മൃതിയിലെ അപശ്രുതികളാ’ണ് അദ്ദേഹം എഴുതിയ ആദ്യഗ്രന്ഥം. വൈകുണ്ഠസ്വാമികളുടെ ജീവചരിത്രത്തിലെ നാലാമത്തെ പുസ്തകം എഴുതിയതും അദ്ദേഹമാണ്. ഇനി പുറത്തിറങ്ങാനിരിക്കുന്ന ‘വേദാന്തവും സംഗീതവും’ എന്ന പുസ്തകത്തില്‍ സംഗീതത്തിന്റെ ഉല്‍പ്പത്തി മുതല്‍ ഇന്ന് നിലനില്‍ക്കുന്ന രീതികള്‍ വരെ പ്രതിപാദിക്കുന്നു. വോയിസ് കള്‍ച്ചറിങിന്റെ പല പ്രയോഗരീതികളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വേദാന്തം ഇല്ലാതെ സംഗീതവും സംഗീതം ഇല്ലാതെ വേദാന്തവുമില്ല എന്ന സന്ദേശത്തോടെയാണ് ഈ പുസ്തകം അവസാനിക്കുന്നത്.

10 സംഗീതകൃതികളുടെ സാരാംശമെടുത്ത് 10 കൃതികള്‍ ചിട്ടപ്പെടുത്തി ‘ദശോപനിഷത് കൃതിമാല’ എന്ന പേരില്‍ ഒരു പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതിന്റെ അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞ ഡോ. ഓമനക്കുട്ടി ടീച്ചറാണ്. അദ്ദേഹം രചിച്ചു ചിട്ടപ്പെടുത്തിയ ‘ഗണനായകം ശ്രീവിനായകം’ എന്ന കൃതി വളരെ പ്രസിദ്ധമാണ്. സ്വാതി തിരുനാള്‍ കൃതികള്‍ അപഗ്രഥിച്ച് അതിലെ മൂല്യങ്ങള്‍ കണ്ടെത്തി രചന നിര്‍വഹിച്ച മറ്റൊരു പുസ്തകമാണ് ‘സ്വാതി കൃതികളിലെ മൂല്യങ്ങളും മുഹന പ്രാസാദിവ്യവസ്ഥകളും’

നൂറോളം സംഗീതകൃതികള്‍ അദ്ദേഹം രചിച്ചു ചിട്ടപെടുത്തിയിട്ടുണ്ട് . പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. 25-ഓളം ലളിത ഗാനങ്ങള്‍ക്ക് സംഗീതം ചെയ്തിട്ടുണ്ട്. അദ്ദേഹം സംഗീതം നല്‍കി അനുപമ രവീന്ദ്രന്‍ രചിച്ച കേരള യൂണിവേഴ്‌സിറ്റിയില്‍ 2011 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഒന്നാമതായ ‘സാരസ്വതാ രുപമോ” എന്ന ലളിത ഗാനം വളരെ പ്രസിദ്ധമാണ്. ഈ ഗാനം ദേശീയ തലത്തിലും ഒന്നാംസ്ഥാനം നേടി.

1985 ല്‍ പ്രശസ്ത എഴുത്തുകാരന്‍ അഞ്ചല്‍ ദേവരാജന്‍ രചിച്ച് സുരേന്ദ്രന്‍ സംഗീതം നല്‍കിയ ‘നിന്‍ നീല നീള്‍മിഴി ആകാശമായതില്‍’ എന്ന ലളിത ഗാനം സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി
പത്തോളം ലളിതഗാനങ്ങള്‍ തന്റെ ശിഷ്യന്മാരെ കൊണ്ട് പാടിപ്പിച്ചു പുറത്തിറക്കിയിട്ടുണ്ട്. കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ കൊടുക്കാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

ആകാശവാണിയിലൂടെ ലളിതഗാനങ്ങള്‍ പഠിപ്പിക്കുകയും അനേകം പ്രശസ്ത ഗാനങ്ങള്‍ ആകാശവാണിക്കുവേണ്ടി സംഗീതം ചെയ്തിട്ടുണ്ട്; സ്വന്തമായി മ്യൂസിക് പ്രൊഡക്ഷനും ചെയ്യുന്നുണ്ട്. പേരിടാത്ത ഒരു മലയാള സിനിമയ്ക്ക് വേണ്ടി അഞ്ച് ഗാനങ്ങള്‍ പൂര്‍ത്തിയാക്കി.

നാടന്‍ പാട്ടുമുതല്‍ ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, കവിത എന്നിവയെല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യം തെളിയിച്ച വ്യക്തിയാണ് പ്രൊഫ. വെണ്‍പകല്‍ സുരേന്ദ്രന്‍. ഓരോ ഗാനത്തിനെയും ആഴത്തില്‍ പഠിച്ച് അതിന്റെ ഭാവങ്ങള്‍ കണ്ടെത്തി മൂല്യമുള്ള ഗാനങ്ങള്‍ മാത്രമേ അദ്ദേഹം പുറത്തിറക്കാറുള്ളൂ. വെണ്‍പകല്‍ സുരേന്ദ്രന്‍ എന്ന യുട്യൂബ് ചാനലില്‍ അദേഹത്തിന്റെ ക്ലാസ്സിക്കല്‍ സംഗീതം, കവിതകള്‍, 10 ലളിതഗാനങ്ങള്‍, രചിച്ച കൃതികള്‍ തുടങ്ങിയവ ലഭ്യമാണ്.

2008 മുതല്‍ എല്ലാ വര്‍ഷവും നെയ്യാറ്റിന്‍കര വെണ്‍പകല്‍ പൊറ്റയില്‍ ക്ഷേത്രത്തില്‍ അദ്ദേഹത്തിന്റെ പരിശ്രമത്താല്‍ പത്ത് ദിവസത്തെ നവരാത്രി സംഗീതോത്സവം നടത്തിവരുന്നു. ശ്രീ സ്വാതിതിരുനാള്‍ കോളേജിലെ പ്രഗത്ഭരായവരെല്ലാം ഈ 10 ദിവസം ഇവിടെ കച്ചേരികള്‍ നടത്താറുണ്ട്. അദ്ദേഹം ജനിച്ചുവളര്‍ന്ന വെണ്‍പകലിനെ ഒരു ശാസ്ത്രീയസംഗീത കേന്ദ്രമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

മികച്ച സംഗീത സംവിധായകനുള്ള ഫേസിന്റെ അവാര്‍ഡ്, എം ജി ആര്‍ അവാര്‍ഡ്, വെണ്‍പകല്‍ പൊറ്റയില്‍ ശ്രീദേവി ക്ഷേത്രത്തില്‍ നിന്ന് ഷഡ്കാലത്തില്‍ (6 കാലത്തില്‍) വര്‍ണ്ണം പാടി ഷഡ്കാല ശ്രേഷ്ഠ അവാര്‍ഡ്, വെണ്‍പകല്‍ വെള്ളംകുളം ദേവിക്ഷേത്രത്തില്‍ നിന്ന് കൈപ്പള്ളി കൃഷ്ണപിള്ള അവാര്‍ഡ്, മഹാകവി കൈപ്പള്ളില്‍ കൃഷ്ണപിള്ളയുടെ 10 കീര്‍ത്തനങ്ങള്‍ ശാസ്ത്രീയ സംഗീതമാക്കി സ്വരപ്പെടുത്തി, ചിട്ടപ്പെടുത്തി യുട്യൂബില്‍ പ്രസിദ്ധീകരിച്ചതിനു വെണ്‍പകല്‍ തിട്ടച്ചല്‍ ശ്രീധര്‍മ്മ ശാസ്തക്ഷേത്രത്തില്‍ നിന്ന് സ്‌പെഷ്യല്‍ കൈപ്പള്ളില്‍ കൃഷ്ണപിള്ള അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന്റെ സംഗീത സപര്യയ്ക്ക് ലഭിച്ച അംഗീകാരങ്ങളാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button